മുംബൈ: വിമാനാപകടത്തിൽ മരിച്ച മുതിർന്ന നേതാവ് അജിത് പവാറിന്റെ സ്വപ്നം യാഥാർഥ്യമാക്കാനൊരുങ്ങി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടികൾ. രണ്ട് എൻസിപികളും തമ്മിലുള്ള ലയനം അടുത്ത മാസം പകുതിയോടെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണു റിപ്പോർട്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു മത്സരിച്ച ഇരുവിഭാഗവും ഒന്നിക്കാൻ തീരുമാനമായിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത്താണ് ലയനത്തിന് മുൻകൈ എടുത്തതെന്ന് നേതാക്കൾ പറയുന്നു.
ഡിസംബർ-ജനുവരി മാസങ്ങളിൽ പിതൃസഹോദരനും എൻസിപി (എസ്പി) അധ്യക്ഷനുമായ ശരദ് പവാറുമായി അജിത് പലവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു.
ലയനത്തിന് ഇരുവിഭാഗവും തീരുമാനമെടുക്കുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംയുക്ത പത്രസമ്മേളനത്തിലൂടെ ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കാനായിരുന്നു ഇരുനേതാക്കളും തീരുമാനിച്ചിരുന്നത്.
ലയനത്തിന് അന്തിമരൂപം നൽകുന്നതിനായി ഇരുപക്ഷത്തെയും നേതാക്കൾ അടുത്തയാഴ്ച യോഗം ചേരുമെന്നാണ് വിവരം. അതേസമയം, അജിത് പവാർ പക്ഷത്തെ ചില നേതാക്കൾക്കു പെട്ടെന്നുള്ള ലയനത്തിൽ താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. ശരദ് പവാർ പക്ഷത്തുള്ളവരാണ് പെട്ടെന്നുള്ള ലയനത്തിന് ആവശ്യമുയർത്തുന്നത്.
ഒന്നാകുന്ന എൻസിപിയെ നയിക്കാൻ ശരദ് പവാറിനെകൂടാതെ മൂന്ന് നേതാക്കളുടെ പേരുകൾ കേൾക്കുന്നുണ്ട്. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ, സുപ്രിയ സുലെ, പ്രഫുൽ പട്ടേൽ എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
രാജ്യസഭാ എംപിയായ സുനേത്ര പവാറിനെ പാർട്ടി അധ്യക്ഷയായും നിയമസഭാ കക്ഷി നേതാവായും നിയമിക്കണമെന്നാണ് എൻസിപിക്കുള്ളിലെ പൊതുവായ വികാരം. ഇതു നടന്നില്ലെങ്കിൽ, പ്രഫുൽ പട്ടേൽ നേതൃസ്ഥാനത്തേക്കു വരാനാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്.
1999-ൽ കോൺഗ്രസിൽനിന്ന് വേർപിരിഞ്ഞാണ് ശരദ് പവാർ എൻസിപി സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ സഹോദരന്റെ മകൻ അജിത് പവാർ 2023 ജൂലൈയിൽ പാർട്ടി പിളർത്തി ഭരണകക്ഷിയായ മഹായുതിയിൽ ചേർന്ന് സർക്കാർ രൂപവത്കരിച്ചു. ശരദ് പവാറിന്റെ അടുത്ത അനുയായികളായ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, ദിലീപ് വൽസെ-പാട്ടീൽ എന്നിവരും അജിത്തിനൊപ്പം പാർട്ടി വിട്ടിരുന്നു.
അജിത് പവാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ എൻസിപി നേതാവ് അങ്കുഷ് കക്കഡെ, കഴിഞ്ഞ മാസം ശരദ് പവാറിന്റെ ജന്മദിനത്തിൽ (ഡിസംബർ 12) അദ്ദേഹത്തിന് ‘സമ്മാനമായി’ ഇരുവിഭാഗങ്ങളെയും ലയിപ്പിക്കാൻ അജിത് പവാർ ആഗ്രഹിച്ചിരുന്നെങ്കിലും അത് നടന്നില്ലെന്ന് സൂചിപ്പിച്ചിരുന്നു.
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനു പിന്നാലെ ഭാവികാര്യങ്ങൾ തീരുമാനിക്കാൻ എൻസിപിയുടെ മുതിർന്ന നേതാക്കൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി.
തെക്കൻ മുംബൈയിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷയിലായിരുന്നു കൂടിക്കാഴ്ച. ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, സംസ്ഥാന അധ്യക്ഷൻ സുനിൽ താത്കറെ, മുൻ മന്ത്രി ധനഞ്ജയ് മുണ്ടെ, ഛഗൻ ഭുജ്ബൽ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാംഗവുമായ സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കണമെന്ന് എൻസിപി മന്ത്രി നർഹരി സിർവാൾ ആവശ്യമുന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഇതുവരെ പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
Tags : NCP merger Ajit Pawar Nationalist Congress Party