ന്യൂഡൽഹി: ആഗോള ചിപ്പ് നിർമ്മാണ രംഗത്തെ ഭീമന്മാരായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ് തന്റെ ഇന്ത്യ സന്ദർശനം റദ്ദാക്കി. അടുത്ത ആഴ്ച ഇന്ത്യയിൽ നടക്കാനിരിക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ' പങ്കെടുക്കാൻ അദ്ദേഹം എത്തില്ലെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. അപ്രതീക്ഷിത കാരണങ്ങളാലാണ് യാത്ര റദ്ദാക്കിയതെന്നാണ് വിശദീകരണം.
ഫെബ്രുവരി 16 മുതൽ 20 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്മിറ്റിൽ ജെൻസൻ ഹുവാങ് മുഖ്യപ്രഭാഷണം നടത്തേണ്ടതായിരുന്നു. ഹുവാങ്ങിന് പകരം എൻവിഡിയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയ് പുരി ഉച്ചകോടിയിൽ കമ്പനിയെ പ്രതിനിധീകരിക്കും. യാത്ര റദ്ദാക്കിയെങ്കിലും ഇന്ത്യയിലെ വളർന്നുവരുന്ന എഐ ആവാസവ്യവസ്ഥയോടുള്ള കമ്പനിയുടെ പ്രതിബദ്ധത തുടരുമെന്ന് എൻവിഡിയ വ്യക്തമാക്കി.
ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭരണസംവിധാനങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ചർച്ച ചെയ്യാനാണ് ഈ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഉൾപ്പെടെയുള്ള പ്രമുഖരും ഇതിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എഐ ഉച്ചകോടി ഉദ്ഘാടനം ചെയ്യുന്നത്.
Tags : Jensen Huang Nvidia CEO AI Summit