ശ്രീനഗർ: ജമ്മു കാഷ്മീരിൽ നിയന്ത്രണരേഖ മറികടന്ന് വീണ്ടും പാക്കിസ്ഥാൻ ഡ്രോണുകൾ. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് അതിർത്തിയിൽ പാക് ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നത്.
സാംബ, പൂഞ്ച്, രജൗരി സെക്ടറുകളിലാണ് പുതിയതായി ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്. സുരക്ഷാ ഭീഷണികൾ നേരിടുന്നതിനായി ഡ്രോൺ സാന്നിധ്യം കണ്ടെത്തിയ മേഖലകളിൽ അതീവ ജാഗ്രതയിലാണ് സുരക്ഷാസേന.
സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം കേസോ മഹാൻസൻ ഗ്രാമത്തിലാണ് സംശയാസ്പദമായ രീതിയിൽ ഡ്രോൺ കണ്ടത്. ഇതിന് പിന്നാലെ പൂഞ്ചിലെ ദേഗ്വാർ ഗ്രാമത്തിന് മുകളിൽ രാത്രി 7:30-ഓടെ പത്ത് മിനിറ്റോളം ഡ്രോൺ പോലുള്ള വസ്തു പ്രത്യക്ഷപ്പെട്ടു. ഉടൻ തന്നെ ഇന്ത്യൻ സൈന്യം വെടിയുതിർക്കുകയും പ്രതിരോധ നടപടികൾ ആരംഭിക്കുകയും ചെയ്തു.
ഇതിന് തൊട്ടുപിന്നാലെ രജൗരി സെക്ടറിലും ഡ്രോണുകളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടു. ഇന്ത്യയുടെ ഭാഗത്തെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനായി പാക്കിസ്ഥാൻ അയക്കുന്ന ചെറിയ ഡ്രോണുകളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് തെരച്ചിലും നടക്കുന്നുണ്ട്.
Tags : Pak drone LoC Pakistan Jammu and Kashmir