ന്യൂഡൽഹി: സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിൽ ഇൻഡിഗോ അധികൃതരെ വിളിപ്പിച്ചു വിശദീകരണം തേടാൻ വ്യോമയാനത്തിനായുള്ള പാർലമെന്ററി സമിതിയും തീരുമാനിച്ചതായി സൂചന.
പൈലറ്റുമാർക്കുള്ള പുതിയ ഡ്യൂട്ടിസമയ ചട്ടങ്ങൾ നടപ്പാക്കാൻ ആവശ്യമായ സമയം ലഭിച്ചിട്ടും എന്തുകൊണ്ടാണു സർവീസുകൾ റദ്ദാക്കപ്പെട്ടത് എന്നതിലാണ് വിശദീകരണം തേടുക. പ്രതിസന്ധി ഇത്രത്തോളം തീവ്രമായതിലും കൂട്ട റദ്ദാക്കൽ മുൻകൂട്ടി കാണാത്തതിലും വിശദീകരണം തേടി വ്യോമയാന മന്ത്രാലയ, ഡിജിസിഎ ഉദ്യോഗസ്ഥരെയും പാർലമെന്ററി സമിതി വിളിപ്പിക്കുമെന്നാണ് സൂചന.
അതിനിടെ, ഇത്തരമൊരു പ്രതിസന്ധി എങ്ങനെ ഉടലെടുത്തുവെന്നതിൽ കേന്ദ്രത്തിൽനിന്ന് ഡൽഹി ഹൈക്കോടതി വ്യക്തത തേടി. എന്തുകൊണ്ടാണ് ഇത്തരമൊരു സ്ഥിതി ഉണ്ടായതെന്നും ആരൊക്കെയാണ് ഉത്തരവാദിയെന്നും ചോദിച്ച കോടതി വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടന്നവരെക്കുറിച്ചല്ല, സന്പദ് വ്യവസ്ഥയ്ക്കുണ്ടാകുന്ന നഷ്ടമാണു പ്രശ്നമെന്നും ചൂണ്ടിക്കാട്ടി. കൂട്ട റദ്ദാക്കലിനിടയിൽ മറ്റു കന്പനികൾ ടിക്കറ്റ് നിരക്ക് അകാരണമായി ഉയർത്തിയതിനെയും ഹൈക്കോടതി ചോദ്യം ചെയ്തു. വിഷയത്തിൽ കേന്ദ്രത്തിന്റെ പ്രതികരണം 20നകം സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
സിപിഎമ്മിന്റെ രാജ്യസഭാംഗമായ എ.എ. റഹീം വിഷയം ഇന്നലെ പാർലമെന്റിൽ ഉന്നയിച്ചു. സർക്കാരിന്റെ നവലിബറൽ നയങ്ങളുടെയും സ്വകാര്യവത്കരണത്തിന്റെയും വ്യോമയാനമേഖലയുടെ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിന്റെയും പ്രതിഫലനമാണു പ്രതിസന്ധിയെന്ന് റഹീം ചൂണ്ടിക്കാട്ടി.
1500 കിലോമീറ്ററിനു മുകളിലുള്ള വിമാനയാത്രയിൽ ടിക്കറ്റ് നിരക്കിന് 18,000 രൂപ സർക്കാർ പരിധി വച്ചിട്ടും ഡൽഹി-തിരുവനന്തപുരം ടിക്കറ്റിന് 64,783 രൂപ ഈടാക്കിയെന്ന് സ്വന്തം അനുഭവത്തിൽനിന്ന് റഹീം രാജ്യസഭയിലെ ശൂന്യവേളയിൽ പറഞ്ഞു.
Tags : Parliamentary committee explanation IndiGo officials IndiGo Airlines