ന്യൂഡൽഹി: 2000 രൂപയ്ക്കു താഴെയുള്ള "അജ്ഞാത’സംഭാവനകൾ സ്വീകരിക്കാൻ രാഷ്ട്രീയ പാർട്ടികളെ അനുവദിക്കുന്ന ആദായനികുതി നിയമത്തിലെ വ്യവസ്ഥയുടെ സാധുത ചോദ്യം ചെയ്തു സുപ്രീംകോടതിയിൽ ഹർജി.
രാഷ്ട്രീയഫണ്ടിംഗിന്റെ നിർണായക വിവരം വോട്ടർമാരിൽനിന്നു മറച്ചുവയ്ക്കുന്നത് തെരഞ്ഞെടുപ്പ് നടപടികളുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നതാണെന്ന് ഹർജിയിൽ പറയുന്നു.
ഹർജിയിൽ പ്രതികരണം തേടി കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും രാജ്യത്തെ പ്രമുഖ രാഷ്ട്രീയകക്ഷികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. രാഷ്ട്രീയപാർട്ടികൾക്ക് 2000 രൂപയ്ക്കു താഴെയുള്ള അജ്ഞാത സംഭാവനകൾ കറൻസി രൂപത്തിൽ സ്വീകരിക്കാൻ അനുവദിക്കുന്ന ആദായനികുതി നിയമത്തിലെ സെക്ഷൻ 13എ (ഡി) എന്ന വ്യവസ്ഥയെയാണു ഹർജിക്കാരൻ ചോദ്യം ചെയ്യുന്നത്.
സന്പന്നനായ ഒരാൾക്ക് വലിയ തുക 2000 രൂപയായി വിഭജിച്ച് വിവിധ വഴികളിലൂടെ ഒരേ രാഷ്ട്രീയപാർട്ടിക്കായി നൽകാൻ കഴിയുമെന്ന് വ്യവസ്ഥയുടെ പഴുതായി ഹർജിയിൽ പറയുന്നു. സംഭാവന നൽകുന്നവരുടെയും അവരുടെ ഉദ്ദേശ്യങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾ നൽകാതിരിക്കുന്നതിലൂടെ, വോട്ട് ചെയ്യുന്പോൾ യുക്തിപരവും ബുദ്ധിപരവും പൂർണമായി അറിവുള്ളതുമായ തീരുമാനമെടുക്കുന്നതിൽനിന്ന് വോട്ടർമാരെ തടയുകയാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.
ഹർജി പരിഗണിച്ച ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് രാഷ്ട്രീയ പാർട്ടികൾക്കു രജിസ്ട്രേഷൻ അനുവദിക്കുന്പോഴും തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്പോഴും ഒരു രാഷ്ട്രീയപാർട്ടിയും പണമായി തുക സ്വീകരിക്കാൻ പാടില്ലെന്ന വ്യവസ്ഥ മുന്നോട്ടു വയ്ക്കണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചിട്ടുണ്ട്.
കേസ് മൂന്നാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി ലിസ്റ്റ് ചെയ്യാമെന്നും കോടതി അറിയിച്ചു. ഹർജിയിൽ കേന്ദ്രസർക്കാരിനും കമ്മീഷനും പുറമെ ബിജെപി, കോണ്ഗ്രസ്, സിപിഎം തുടങ്ങിയ പാർട്ടികൾക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
Tags : political parties