ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മുകാഷ്മീരിൽ നിന്ന് 10 പേരെ എൻഐഎ അറസ്റ്റ് ചെയ്തു. പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഇതിൽ ഒരാൾ സർക്കാർ ജീവനക്കാരനാണെന്നും അന്വേഷണസംഘം പറഞ്ഞു.
അറസ്റ്റിലായ ലക്നോ സ്വദേശി ഡോക്ടര്‍ ഷഹീന് ജെയ്ഷേ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. ആരീഫാ ബീവിയുമായി ഡോക്ടര്‍ ഷഹീൻ സമ്പർക്കത്തിലായിരുന്നുവെന്ന് ഏജൻസികൾ വ്യക്തമാക്കി.
ജെയ്ഷേ വനിതാ സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി എൻഐഎ തെരച്ചിൽ തുടരുകയാണ്. രണ്ടിലേറെ ഡോക്ടർമാർ കൂടി ഈ ശൃംഖലയിലുണ്ടെന്നാണ് നിഗമനം.
ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണംതന്നെയാണെന്ന് ബുധനാഴ്ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വസതിയിൽ വിളിച്ചുചേർത്ത സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടെ (സിസിഎസ്) അടിയന്തര യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് സ്ഫോടനം രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണമാണെന്നതിൽ വ്യക്തത വരുത്തിയത്.
Tags : delhi Blast red fort arreste nia delhi police