ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണമെന്ന് കേന്ദ്രസർക്കാർ. ചെങ്കോട്ട സ്ഫോടനത്തില്‍ കേന്ദ്രമന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. രണ്ടുമിനിറ്റ് നേരം മൗനം ആചരിച്ചു.
ഡൽഹിയിൽ ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനപ്രവർത്തിയാണ്. യുക്തിരഹിതമായ അക്രമ പ്രവൃത്തിയാണ് നടന്നതെന്നും കേന്ദ്ര മന്ത്രിസഭ വിലയിരുത്തി.
ഭീകരവാദത്തോട് ഒരു സന്ധിയുമില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഏജൻസികളോട് ആഴത്തിൽ അന്വേഷണം നടത്താനും നിർദ്ദേശം നല്കി. ലോകരാജ്യങ്ങൾ നൽകിയ പിന്തുണയ്ക്കും കേന്ദ്രം നന്ദി അറിയിച്ചു.
ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും ഗൂഢാലോചനയിൽ ഭാഗമായവരെയും കണ്ടെത്താൻ ശക്തവും വേഗത്തിലുമുള്ള അന്വേഷണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നൽകി. ഭീകരവാദികളെ സ്പോൺസർ ചെയ്തവരെ അടക്കം കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഉന്നതതലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. രക്ഷാദൗത്യത്തിൽ ഏർപ്പെട്ട സേനകളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പ്രവർത്തികളെ മന്ത്രിസഭ അഭിനന്ദിക്കുകയും ചെയ്തു.
Tags : Red Fort blast Delhi Blast Attack NIA Delhi Police