ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി അറസ്റ്റിൽ. ഹാപ്പൂരിൽനിന്ന് ഡോ. ഷഹീനുമായി ബന്ധമുള്ള ഡോ. ഫറൂഖാണ് പിടിയിലായത്.
അല്‍ഫലാ സർവകലാശാലയിലെ നാല് പേരും പിടിയിലായിട്ടുണ്ട്. ഹാപ്പൂരിലും നുഹുവിലും പരിശോധന തുടരുകയാണ്. തുർക്കിയിൽ പോയ ഡോക്ടർക്കായും അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
ഡോ. ഷഹീന് സഈദ് ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയിലെ ഉന്നതരുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പ്രത്യേകിച്ചും ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യ ആഫിറാബീവിയുമായി ഡോ. ഷഹീന് അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജയ്ഷിന്റെ വനിതാവിഭാഗമായ ജമാ അത്ത് ഉൽ മൊമിനാത്തിന്റെ ഇന്ത്യൻ വിഭാഗം രൂപീകരിക്കാനുള്ള ചുമതല ഡോ. ഷഹീനായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോ.അദീലിന്റെ സഹോദരന് മുസഫറിനും പാക് ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്.
ഡോ. അദീല്‍ അറസ്റ്റിലായതിനു പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്കു കടന്നതായാണു റിപ്പോർട്ട്. ഇയാള്‍ക്കായി ജമ്മു കാഷ്മീർ പോലീസ് ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ്. മുസഫറിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. ഉമര്‍ നബിക്കൊപ്പം മുസഫര്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Tags : Dr. Shaheen Delhi blast Red Fort blast