ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തോടെ പുറത്തുവന്ന വൈറ്റ് കോളർ ഭീകര ശൃംഖലയുടെ ഭാഗമായ ഡോക്ടർമാർ സമൂഹമാധ്യമങ്ങളിൽ ഭീകര ആശയങ്ങൾ പിന്തുടരാൻ തുടങ്ങിയത് 2019ലാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം നടപ്പാക്കുന്നതിന്റെ രീതികൾ പുതിയ ദിശയിലേക്കു കടക്കുന്നതിന്റെ സൂചനകളാണ് കാണുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പാക്കിസ്ഥാനിലുള്ള ഭീകരർ ഇന്ത്യയിലുള്ളവരെ ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിച്ച് പരിശീലിപ്പിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഫേസ്ബുക്കിലും എക്സിലുമാണ് റിക്രൂട്ടർമാർ ആദ്യം കണ്ടെത്തിയത്. പിന്നീട് ടെലഗ്രാമിലെ സ്വകാര്യ ഗ്രൂപ്പുകൾ മസ്തിഷ്ക പ്രക്ഷാളനത്തിനു വേദിയാകുകയായിരുന്നു.
സ്ഫോടകവസ്തുക്കൾ ഉണ്ടാക്കുന്നതെങ്ങനെയെന്ന് പഠിക്കാൻ യൂട്യൂബും ഉപയോഗിച്ചിട്ടുണ്ട്.
റിക്രൂട്ട് ചെയ്യപ്പെട്ടശേഷം സിറിയയിലും അഫ്ഗാനിലുമുള്ള ഭീകരസംഘടനകളിൽ ചേരാനാണു ഡോക്ടർമാർ ആഗ്രഹിച്ചതെങ്കിലും ഇന്ത്യയിൽ തുടരാനും ഉൾപ്രദേശങ്ങളിൽ സ്ഫോടനങ്ങൾ നടത്താനും അവർ നിർദേശിക്കുകയായിരുന്നുവെന്നാണ് വിവരം.
Tags : Red Fort blast