ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരർ ഒരു ആഗോള കോഫി കന്പനിയുടെ ബ്രാഞ്ചുകളിലും സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തിയിരുന്നതായി റിപ്പോർട്ട്.
ഒരു യഹൂദ പൗരൻ സ്ഥാപകനായിട്ടുള്ള പ്രസിദ്ധ കന്പനിയുടെ ഇന്ത്യൻ നഗരങ്ങളിലെ ബ്രാഞ്ചുകൾ തകർത്ത് ഗാസയിലെ ഇസ്രയേൽ അഭിനിവേശത്തിന് രാഷ്ട്രീയസന്ദേശം നൽകാൻ ഭീകരർ ലക്ഷ്യമിട്ടുവെന്നാണ് അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ടു പിടിയിലായ ‘വൈറ്റ് കോളർ തീവ്രവാദ ശൃംഖല’ എന്നറിയപ്പെടുന്ന ഡോക്ടർമാരുടെ സംഘം കഴിഞ്ഞ നാലു വർഷമായി സജീവമായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
ദേശീയ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടനുസരിച്ച്, ഈ കോഫി കന്പനിയുടെ ആഗോള വിപുലീകരണ സമയത്ത് കന്പനിയുടെ സിഇഒ യഹൂദനായതിനാൽ ഈ കോഫി ബ്രാൻഡിനെ യഹൂദ സ്വാധീനത്തിന്റെ പ്രതീകമായാണു ഭീകരർ കണ്ടിരുന്നത്. കന്പനിയുടെ ബ്രാഞ്ചുകളിൽ ആക്രമണം നടത്തിയാൽ ഗാസയിലെ ഇസ്രയേലിന്റെ സൈനിക സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ സന്ദേശം നൽകാമെന്ന് ഭീകരർ കണക്കുകൂട്ടി.
എന്നാൽ ചെങ്കോട്ട സ്ഫോടനം നടത്തിയ ഉമർ നബിയുമായി ഭീകരാക്രമണം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ച് ചില ഭീകരർക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന് ചെങ്കോട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പിടിയിലായ ഡോക്ടർമാരായ മുസമ്മിൽ അഹ്മദ് ഗനായി, അദീൽ അഹ്മദ് റാത്തർ, ഷഹീൻ സയീദ് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. ജനങ്ങളുള്ള സ്ഥാപനങ്ങൾക്കു പകരം ഭീകരാക്രമണ പദ്ധതി ജമ്മു കാഷ്മീരിലെ സുരക്ഷാസേനയെ ലക്ഷ്യമിടുന്നതു മാത്രമായിരിക്കണമെന്നായിരുന്നു ചില ഭീകരരുടെ വാദം.
അതേസമയം അൽ ക്വയ്ദയുടെ ഇന്ത്യൻ ഘടകമായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദിനെ പുനരുജ്ജീവിപ്പിക്കാനും സംഘം ലക്ഷ്യമിട്ടിരുന്നെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഏറ്റെടുത്ത ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടർമാരടക്കം ഇതുവരെ ഒന്പത് പേരെയാണ് അറസ്റ്റ് ചെയ്തത്.
Tags : Red Fort blast Delhi bomb blast Chenkotta blast terrorists global coffee company