ന്യൂഡൽഹി: രാജ്യം 2005ൽ പത്മഭൂഷണ് നൽകി ആദരിച്ച മുതിർന്ന മാധ്യമപ്രവർത്തകനും 22 വർഷം ബിബിസിയുടെ ഡൽഹി ബ്യൂറോ ചീഫുമായിരുന്ന മാർക്ക് ടുള്ളി (90) അന്തരിച്ചു. നീണ്ട കാലം ബിബിസിയുടെ ഇന്ത്യയിൽനിന്നുള്ള ശബ്ദമായിരുന്നു ടുള്ളി.
1935 ഒക്ടോബറിൽ കോൽക്കത്തയിൽ ജനിച്ച ബ്രിട്ടീഷ് വംശജനായ ടുള്ളി ‘നോ ഫുൾ സ്റ്റോപ്പ്സ് ഇൻ ഇന്ത്യ’, ‘ഇന്ത്യ ഇൻ സ്ലോ മോഷൻ’, ‘ദി ഹാർട്ട് ഓഫ് ഇന്ത്യ’ തുടങ്ങി ഇന്ത്യയെ സംബന്ധിക്കുന്ന നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം, ഭോപ്പാൽ വാതകദുരന്തം, ബാബ്റി മസ്ജിദ് തകർക്കൽ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തുടങ്ങി ഇന്ത്യൻ ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ലോകരാജ്യങ്ങൾക്കു മുന്നിൽ എത്തിച്ച വ്യക്തിയാണദ്ദേഹം. 2001ൽ ലണ്ടൻ സ്വദേശിനി മാർഗരറ്റിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ നാലു മക്കളുണ്ട്. ഇന്ത്യയിൽ വനിതാ സുഹൃത്ത് ജിലിയാൻ റൈറ്റിനൊപ്പമായിരുന്നു കഴിഞ്ഞുവന്നത്.
ബ്രിട്ടീഷ് ഭരണകാലത്തു ജനിച്ച ടുള്ളിയുടെ പിതാവ് ബ്രിട്ടീഷുകാരനും വ്യാപാരിയുമായിരുന്നു. അമ്മ ബംഗാൾ സ്വദേശിനിയായിരുന്നതിനാൽ ചെറുപ്പത്തിലേ ടുള്ളി ഹിന്ദിയിൽ പ്രാവീണ്യം നേടി. ഒന്പതാം വയസിൽ ബ്രിട്ടനിലേക്കു പോയ ടുള്ളി കേംബ്രിജ് സർവകലാശാലയിൽനിന്ന് ചരിത്രത്തിലും ദൈവശാസ്ത്രത്തിലും പഠനം പൂർത്തിയാക്കി 1956ൽ ഇന്ത്യയിൽ തിരിച്ചെത്തി. ബിബിസി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിട്ടാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽനിന്ന് പുറത്താക്കിയെങ്കിലും ഒന്നര വർഷത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം ബിബിസിയുടെ ബ്യൂറോ ചീഫ് എന്ന പദവി ഏറ്റെടുത്തു. 1994ൽ അദ്ദേഹം ബിബിസിയിൽനിന്ന് രാജിവച്ചു.
Tags : journalist Mark Tully passes away