ചെന്നൈ: വോട്ടർപട്ടിക തീവ്രപരിഷ്കരണം(എസ്ഐആർ) മൂലമുള്ള അധികജോലിഭാരവും ആൾക്ഷാമവും തങ്ങളുടെ മാനസികനില തകരാറിലാക്കുന്നുവെന്നു ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ റവന്യു ഉദ്യോഗസ്ഥർ ഇന്ന് എസ്ഐആർ ജോലികൾ ബഹിഷ്കരിക്കും. തമിഴ്നാട് ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഓഫ് റവന്യു എംപ്ലോയീസിന്റെ നേതൃത്വത്തിലാണ് ബഹിഷ്കരണം.
ബിഎൽഒമാരുടെ എണ്ണം വർധിപ്പിക്കുക, ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അർധരാത്രിവരെ നീളുന്ന യോഗങ്ങൾ അവസാനിപ്പിക്കുക, ദിവസം മൂന്നു മീറ്റിംഗുകൾ എന്നതു ചുരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു പ്രക്ഷോഭം. തിടുക്കത്തിൽ എസ്ഐആർ നടപടികൾ ആരംഭിച്ചതാണ് പ്രശ്നങ്ങൾക്കു കാരണമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
തഹസിൽദാർമാർ, വില്ലേജ് അഡിമിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ, വില്ലേജ് അസിസ്റ്റന്റുമാർ, സർവേയർമാർ, ഇൻസ്പെക്ടർമാർ, ഓഫീസ് അസിസ്റ്റന്റുമാർ എന്നിവർ പ്രക്ഷോഭത്തിൽ പങ്കെടുക്കും. ഡിസംബർ നാലിന് എസ്ഐആർ നടപടികൾ അവസാനിപ്പിക്കണം.
Tags : SIR work Revenue employees Tamil Nadu boycott SIR work