ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷൻ ഉൾപ്പെടെയുള്ള രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങൾ സമീപകാലത്തായി നിരന്തരം സമ്മർദം നേരിടുന്നതായി രാജ്യസഭ പ്രതിപക്ഷനേതാവും കോണ്ഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ.
ജനാധിപത്യം നിലനിൽക്കുന്നതിനും അഭിവൃദ്ധി പ്രാപിക്കുന്നതിനും ഭരണഘടനാസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതു പൗരന്മാരുടെ കടമയാണെന്നും 16-ാമത് സമ്മതിദാന അവകാശ ദിനത്തിൽ അദ്ദേഹം പറഞ്ഞു.
വോട്ട് ചോരിയിലൂടെയും കൃത്യമായ പദ്ധതിയില്ലാതെ നടപ്പാക്കിയ വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തി (എസ്ഐആർ) ലൂടെയും ദീർഘകാലമായി വിലമതിക്കപ്പെട്ടിരുന്ന രാജ്യത്തിന്റെ ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതായും ഖാർഗെ ആരോപിച്ചു.
ജനങ്ങളുടെ കൂട്ടായ ശബ്ദത്തിനു രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്താൻ കഴിയുമെന്നതിന്റെ ഓർമപ്പെടുത്തലാണ് സമ്മതിദാന അവകാശദിനമെന്നും സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിൽ ഖാർഗെ ചൂണ്ടിക്കാട്ടി. സ്വതന്ത്രവും നീതിയുക്തവും ഭയരഹിതവുമായ ഒരു തെരഞ്ഞെടുപ്പിന് രാജ്യത്തെ ജനങ്ങൾ അർഹരാണ്. ശുദ്ധമായ വോട്ടർപട്ടികയും തുല്യതയുമാണ് ഇതിനാവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Election Commission under pressure