ന്യൂഡൽഹി: സവർക്കർ പുരസ്കാരം ഏറ്റുവാങ്ങാൻ തെരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ എത്തിയത് എം. ജയചന്ദ്രൻ മാത്രം. ശശി തരൂർ, വി. മുരളീധരൻ, റിട്ടയേർഡ് ഡിജിപി ജേക്കബ് തോമസ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായ മറ്റ് മലയാളികൾ. ഇവർ ആരും പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയില്ല. പുരസ്കാരങ്ങൾ വിതരണം ചെയ്യേണ്ടിയിരുന്ന കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗും ചടങ്ങിൽ പങ്കെടുത്തില്ല.
ഡൽഹിയിലാണ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുന്നത്. ശശി തരൂര്‍ എംപിക്ക് എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ സവര്‍ക്കര്‍ പുരസ്ക്കാരം പ്രഖ്യാപിച്ചതിനെ ചൊല്ലി വിവാദം ഉയർന്നിരുന്നു. ഓപ്പറേഷന് സിന്ദൂറിലെ നയതന്ത്ര യാത്രയിലടക്കം പങ്കെടുത്തത് പരിഗണിച്ചാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്നാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ വ്യക്തമാക്കുന്നത്.
എന്നാല്‍ ഇങ്ങനെയൊരു പുരസ്കാരത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ അറിഞ്ഞതെന്നാണ് തരൂര്‍ പറയുന്നത്. അവാര്‍ഡിന്റെ സ്വഭാവം എന്തെന്നോ, തരുന്ന സംഘടന ഏതെന്നോ അറിവില്ലാത്തതിനാല്‍ ഈ അവാര്‍ഡ് വാങ്ങുമോയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും തരൂര്‍ എക്സില്‍ കുറിച്ചിരുന്നു.
ഒരു മാസം മുന്‍പ് തരൂരിനെ നേരിട്ട് കണ്ട് ക്ഷണിച്ചതാണെന്നും അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങാമെന്ന് സമ്മതിച്ചതാണെന്നും എച്ച്ആര്‍ഡിഎസ് പ്രതികരിച്ചു. ഡൽഹിയിലെ വസതിയിലെത്തിയാണ് വിളിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാകുമെന്നും തരൂരിനെ ആക്രമിക്കാൻ ഇല്ലെന്നും എച്ച്ആര്‍ഡിഎസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു.
Tags : Savarkar Award M. Jayachandran Malayali sasi tharoor