പനാജി: നാവികസേനയുടെ അത്യാധുനിക എംഎച്ച്-60 ആര് ഹെലികോപ്റ്റര്‍ ഐഎന്‍എസ്-335ന്റെ രണ്ടാം ബാച്ച് കമ്മീഷന് ചെയ്തു.
ഗോവയിലെ ഐഎന്‍എസ് ഹന്‍സ നാവികതാവളത്തില്‍ നടന്ന ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠിയുടെ സാന്നിധ്യത്തില്‍ വാട്ടര്‍ സല്യൂട്ട് നല്കി.
എംഎച്ച്60 ആര് ഹെലികോപ്റ്റര്‍ പശ്ചിമ കടല്‍ത്തീരത്ത് ഉള്‍പ്പെടുത്തിയത് നാവികസേനയുടെ പ്രധാന നാഴികക്കല്ലാണെന്നു നാവികസേനാ മേധാവി പറഞ്ഞു. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്, വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് രാഹുല്‍ വിലാസ് ഗോഖലെ, അസിസ്റ്റന്റ് ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് (എയര്‍) ജനക് ബെവ്ലി, ഗോവ ഏരിയ ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഒരേസമയം വിവിധ ദൗത്യങ്ങള്‍ നിര്‍വഹിക്കാമെന്നതാണ് എംഎച്ച്-60ആറിന്റെ സവിശേഷത. അന്തര്‍വാഹിനികളെയും കപ്പലുകളെയും ആക്രമിക്കല്‍, തെരച്ചില്‍, നിരീക്ഷണം തുടങ്ങിയവ ഇതില്‍ പ്രധാനമാണ്.
Tags : MH-60R helicopter Second batch Navy commissioned INS Hansa