ചായ്ബാസ: തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മുതിർന്ന നേതാവ് അനൽ ദാ ഉൾപ്പെടെ 15 മാവോയിസ്റ്റുകളെ ജാർഖണ്ഡിലെ പടിഞ്ഞാറൻ സിംഗ്ബും ജില്ലയിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചു. സിആർപിഎഫ് കോബ്ര യൂണിറ്റിന്റെ കിരിബുരു സ്റ്റേഷൻ പരിധിയിയിലെ സാരന്ത വനമേഖലയിലുള്ള കുംദിയിൽ സിആർപിഎഫ് കോബ്ര യൂണിറ്റിലെ 1500 ഓളം സേനാംഗങ്ങൾ നടത്തിയ സൈനികനീക്കത്തിലാണ് മാവോയിസ്റ്റുകളെ തുടച്ചുനീക്കിയത്.
പാർഥിം മാജി എന്ന അനൽ ദാ ഉൾപ്പെടെ 15 മാവോയിസ്റ്റുകളെ മൃതദേഹം കണ്ടെത്തിയതായി സൈന്യം സ്ഥിരീകരിച്ചു. സ്ഫോടകവസ്തുക്കളുടെ വലിയശേഖരവും കണ്ടെത്തി. ഇന്നലെ രാവിലെ ആറുമണിയോടെ തുടങ്ങിയ ഏറ്റുമുട്ടൽ രാത്രിവരെ തുടർന്നു.
സാരന്ത വനമേഖലയിൽ ചൊവ്വാഴ്ച മുതൽ നക്സൽ വിരുദ്ധനടപടികൾ തുടങ്ങിയിരുന്നു. എന്നാൽ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അനൽദായും സംഘവും വനമേഖലയിൽ ഉണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെത്തുടർന്നാണ് പരിശോധന തുടങ്ങിയത്. ഗിരിദിഹിലെ പിർതാൻഡിൽ കഴിഞ്ഞിരുന്ന അനൽ ദാ 1987 മുതൽ വിധ്വംസക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നയാളാണ്.
ജാർഖണ്ഡിൽ മാവോയിസ്റ്റുകളുടെ അവസാന രണ്ട് ശക്തികേന്ദ്രങ്ങളായാണ് സാരന്തയെയും കൽഹാനെയും സുരക്ഷാസേന വിലയിരുത്തുന്നത്. നേരത്തെ ബുദ പഹാഡ്, ഛത്ര, ലത്തേഹാർ, ഗുംല, ലോഹർദാഗ, റാഞ്ചി, പരസ്നാഥ് എന്നിവിടങ്ങളിലെ മാവോയിസ്റ്റ് ആധിപത്യം സുരക്ഷാസേന അവസാനിപ്പിച്ചിരുന്നു.
ഈവർഷം മാർച്ച് 21 നകം മാവോയിസ്റ്റ് ഭീഷണിയിൽ നിന്ന് രാജ്യത്തെ മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ പലതവണ ആവർത്തിച്ചിരുന്നു. 2001 മുതൽ 2025 വരെ ജാർഖണ്ഡിൽ 11,000 മാവോയിസ്റ്റുകളാണ് പിടിയിലായത്. 250 ലേറെപ്പേർ കൊല്ലപ്പെട്ടു. 350 ഓളം പേർ സുരക്ഷാസേനയ്ക്കു മുന്പാകെ കീഴടങ്ങി എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Tags : Security forces kill Maoists