ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഉൾപ്പെട്ട ഡോക്ടർമാരടക്കം നാലു പ്രധാന പ്രതികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഭീകരാക്രമണ കേസ് ഏറ്റെടുത്തശേഷം എൻഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം ഇതോടെ ആറായി.
കഴിഞ്ഞ പത്തിനുണ്ടായ ചെങ്കോട്ട സ്ഫോടനത്തിൽ ചാവേറായി കൊല്ലപ്പെട്ട ഉമർ നബിയുടെ കൂട്ടാളികളായ ഇവരെ നേരത്തേ ജമ്മു കാഷ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പ്രിൻസിപ്പൽ ജഡ്ജി അഞ്ജു ബജാജ് ചന്ദ്ര പത്തു ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു.
ശ്രീനഗറിൽ പോലീസ് കസ്റ്റഡിയിലായിരുന്ന നാലു പ്രതികളെയും പട്യാല ഹൗസ് കോടതി ജഡ്ജിയുടെ വാറന്റിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ അറസ്റ്റ് ചെയ്തത്. 15 പേരുടെ മരണത്തിനും നിരവധി പേർക്കു പരിക്കേൽക്കുന്നതിനും കാരണമായ കാർ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്യുന്നതിലും ധനസഹായം നൽകുന്നതിലും സുഗമമാക്കുന്നതിലും നേരിട്ടു നിർണായക പങ്ക് വഹിച്ചവരാണു വെള്ളക്കോളർ ഭീകര ഗ്രൂപ്പിലെ അംഗങ്ങളായ പ്രതികളെന്ന് എൻഐഎ അറിയിച്ചു.
ഫരീദാബാദ് അൽ ഫല മെഡിക്കൽ കോളജിലെ ഡോക്ടർമാരും ഭീകരാക്രമണത്തിലെ പ്രധാന പങ്കാളികളുമായ ജമ്മു കാഷ്മീരിലെ പുൽവാമ സ്വദേശി മുസമിൽ ഷക്കീൽ ഗനായ്, അനന്ത്നാഗ് സ്വദേശി അദീൽ അഹമ്മദ് റാത്തർ, യുപിയിലെ ലക്നോ സ്വദേശി ഷഹീൻ സയീദ് എന്നിവരെയും ഷോപ്പിയാൻ സ്വദേശി മുഫ്തി ഇർഫാൻ അഹമ്മദ് വാഗയ് എന്നയാളെയുമാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ജമ്മു കാഷ്മീരിൽനിന്നുള്ള അമീർ റാഷിദ് അലിയെയും ജാസിർ ബിലാൽ വാനി എന്ന ഡാനിഷിനെയും എൻഐഎ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹി ഭീകരാക്രമണ കേസ് ഭീകരവിരുദ്ധ ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറിയതിനു ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട അറസ്റ്റുകളാണിത്. സ്ഫോടനത്തിന് ഉപയോഗിച്ച കാറിന്റെ രജിസ്ട്രേഡ് ഉടമയാണ് അമീർ. ബോംബ് നിർമാണത്തിനും സ്ഫോടനത്തിനും സാങ്കേതികസഹായവും ലോജിസ്റ്റിക്കൽ സഹായവും നൽകിയത് ഡാനിഷാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെയും ഡിജിറ്റൽ തെളിവുകളുടെയും ഫോറൻസിക് വിശകലനത്തിന്റെയും അടിസ്ഥാനത്തിലും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്ന് എൻഐഎ വ്യക്തമാക്കി.
ഡോ. ഗനായി, ഡോ. സയീദ് എന്നിവരുൾപ്പെടെയുള്ള പ്രതികൾ ഫരീദാബാദിലെ വാടക ഫ്ലാറ്റിൽ താമസിച്ചാണ് 2,900 കിലോ അമോണിയം നൈട്രേറ്റ്, മറ്റു സ്ഫോടകവസ്തുക്കൾ, രാസവസ്തുക്കൾ, ടൈമറുകൾ, അത്യാധുനിക തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ തുടങ്ങിയവ ശേഖരിച്ചു വൻ ഭീകരാക്രമണ പദ്ധതി തയാറാക്കിയത്. ഗൂഢാലോചനയുടെ മുഴുവൻ രൂപരേഖകളും കൂട്ടിച്ചേർക്കാനും കമാൻഡ് ശൃംഖല കണ്ടെത്താനുമാണ് എൻഐഎയുടെ പ്രാഥമിക ശ്രമം.
Tags : Six people in NIA custody Delhi suicide attack Delhi blast Red Fort blast Chenkota blast