ന്യൂഡൽഹി: ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കവും നിയന്ത്രിക്കുന്നതിന് സ്വയംഭരണാധികാരമുള്ള നിഷ്പക്ഷ സ്ഥാപനം ആവശ്യമാണെന്ന അഭിപ്രായം ആവർത്തിച്ച് സുപ്രീംകോടതി.
ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾ പിന്തുടരുന്ന "സ്വയം നിയന്ത്രണ'രീതിയുടെ ഫലപ്രാപ്തിയിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. "ഇന്ത്യ ഗോട്ട് ലാറ്റന്റ്' എന്ന യുട്യൂബ് ഷോയിൽ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട എഫ്ഐആറുകൾക്കെതിരേ ഷോ നടത്തിപ്പുകാരൻ രണ്‍വീർ അലഹബാദിയയും കൂട്ടരും സമർപ്പിച്ച ഹർജിയിലാണു സുപ്രീംകോടതി നിലപാട് അറിയിച്ചത്.
"അശ്ലീലം' എന്നു കരുതാവുന്ന ഓണ്‍ലൈൻ ഉള്ളടക്കം ലഭ്യമാക്കുന്നതിന് സാധാരണ മുന്നറിയിപ്പുകൾക്കുപുറമെ ആധാർ ഉപയോഗിച്ചുള്ള പ്രായപരിധി പരിശോധന നടപ്പാക്കണമെന്ന അഭിപ്രായവും വാദത്തിനിടയിൽ കോടതി പ്രകടിപ്പിച്ചു. കോടതിയുടെ നിർദേശം മാത്രമാണിത്. മറ്റു വിദഗ്ധ മാർഗങ്ങൾ ഉണ്ടെങ്കിൽ നിർദേശിക്കാം. അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാരത്തിനും തടസമാകുന്നുവെങ്കിൽ ആ വിഷയം പിന്നീട് പരിഗണിക്കും. ഉത്തരവാദിത്വമുള്ള സമൂഹം കെട്ടിപ്പടുക്കേണ്ടതുണ്ട്.
മിക്ക പ്രശ്നങ്ങൾക്കും അതിലൂടെ പരിഹാരമുണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായങ്ങൾക്കായി സർക്കാർ കരട് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കാനും ജുഡീഷൽ, പ്രസ്തുത മേഖലയിലെ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപവത്കരിക്കാനും ബെഞ്ച് നിർദേശിച്ചു. അതോടൊപ്പം ഭിന്നശേഷിയുള്ളവരെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിന് കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നും ബെഞ്ച് പറഞ്ഞു.
സുപ്രീംകോടതി ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്നും പങ്കാളികളുമായി കൂടിയാലോചന നടക്കുന്നുണ്ടെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയെ അറിയിച്ചു. ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിന് നിലവിലുള്ള നിയമങ്ങൾ ബലപ്പെടുത്തുന്നതിനെയും പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിനെയുംകുറിച്ച് കേന്ദ്രസർക്കാർ പരിശോധിച്ചുവരികയാണ്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്രമം നിറഞ്ഞതും അശ്ലീലവുമായ ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്നതിന് ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശം ദുരുപയോഗം ചെയ്യുന്നുവെന്ന ആശങ്ക സമൂഹത്തിൽ വർധിച്ചുവരുന്നതായി കേന്ദ്രസർക്കാർ നേരത്തേ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
നിലവിലെ നിയമത്തിൽ ചില നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ദോഷകരമായ ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് കർശനവും ഫലപ്രദവുമായ നിയമ ചട്ടക്കൂട് പ്രാബല്യത്തിൽ വരുത്തുന്നതിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
Tags : Supreme Court Social media Social media should be regulated Digital Flatform Online flatform