ന്യൂഡൽഹി: റാഗിംഗിനും ക്രൂരമർദനത്തിനുമിരയായ വിദ്യാർഥി മരിച്ച സംഭവത്തിൽ അധ്യാപകനും മൂന്ന് വിദ്യാർഥികൾക്കുമെതിരെ പോലീസ് കേസെടുത്തു. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ സർക്കാർ കോളജിൽ നടന്ന സംഭവത്തിൽ ഇന്നലെയാണ് പോലീസിന് പരാതി കിട്ടിയത്.
പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് അധ്യാപകനും മൂന്ന് വിദ്യാർഥികൾക്കുമെതിരെ കേസെടുത്തത്. വിദ്യാർഥികളായ ഹർഷിത, ആകൃതി, കോമോലിക, പ്രൊഫ. അശോക് കുമാർ എന്നിവരാണ് പ്രതികൾ. ലൈംഗിക അതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഡിസംബർ 26നാണ് 19കാരിയായ വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചത്.
മാസങ്ങളോളം വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരിക്കുന്നതിന് മുൻപ് ആശുപത്രി കിടക്കയിൽ വിദ്യാർഥി താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലുധിയാനയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മകളുടെ ദുരവസ്ഥയിൽ മാനസികമായി തളർന്നുപോയതിനാലും ചികിത്സയ്ക്ക് പ്രാധാന്യം കൊടുത്തതിനാലുമാണ് ഇത്രയും കാലം പരാതി നൽകാതിരുന്നതെന്നാണ് അതിജീവിതയുടെ അച്ഛൻ വ്യക്തമാക്കിയത്.
Tags : Student dies ragging case filed teacher three students