ന്യൂഡൽഹി: അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് പൂജ്യം തീരുവയെന്നും 500 ബില്യണ്‍ ഡോളർ (ഏകദേശം 45 ലക്ഷം കോടി രൂപ) മൂല്യമുള്ള അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങുമെന്നുമുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം വിശദീകരിക്കാനാകാതെ കേന്ദ്രസർക്കാർ. ഇന്ത്യയുടെ മൊത്തം പ്രതിരോധ ബജറ്റിനുപോലും 7.85 ലക്ഷം കോടിയാണു പുതിയ ബജറ്റിലുള്ളത്.
അമേരിക്കയിലേക്ക് 40 ബില്യണ്‍ ഡോളറിന്റെ (366 ലക്ഷം കോടി രൂപ) കയറ്റുമതി ഇന്ത്യ നടത്തുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചപ്പോഴും ട്രംപിന്റെ അവകാശവാദം തള്ളിയിട്ടില്ല. ഇതിൽ 10 ബില്യണ്‍ ഡോളറിന്റെ (90,000 കോടി) കയറ്റുമതിക്ക് പൂജ്യം തീരുവയും ബാക്കി 30 ബില്യണ്‍ ഡോളറിന്റെ (2.7 ലക്ഷം കോടി) ഉത്പന്നങ്ങൾക്ക് 25 ശതമാനവും തീരുവയെന്നുമാണ് അമേരിക്ക നൽകുന്ന സൂചന. ഇക്കാര്യത്തിലും കൃഷി, ക്ഷീര ഇനങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവയുടെ കാര്യത്തിലും ഇപ്പോഴും വ്യക്തതയില്ല. ഇന്ത്യൻ പാലുത്പന്നങ്ങളുടെയും സെൻസിറ്റീവ് കാർഷിക ഇനങ്ങളുടെയും ഇറക്കുമതി പൂർണമായി തടയുമെന്ന ഉറപ്പ് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഇന്നലെ പാർലമെന്റിലും നൽകിയിട്ടില്ല.
ഇന്ത്യൻ ഉത്പന്നങ്ങൾക്കു പരസ്പര തീരുവ 25ൽനിന്ന് 18 ശതമാനമായി അമേരിക്ക കുറച്ചുവെന്നതാണ് ഇരുരാജ്യങ്ങളും വ്യക്തമാക്കിയത്. ഉടനടി ഇതു പ്രാബല്യത്തിൽ വന്നു. റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നതിനു പിഴയായി ചുമത്തിയ 25 ശതമാനം അധിക തീരുവയും നീക്കം ചെയ്തു. റഷ്യൻ എണ്ണ ഇന്ത്യ ഇനി വാങ്ങില്ലെന്ന് മോദി തനിക്കു വാഗ്ദാനം ചെയ്തതായി ട്രംപ് പറഞ്ഞതും കേന്ദ്രത്തിനു ക്ഷീണമായി. പകരം അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുമെന്നുകൂടി ട്രംപ് അറിയിച്ചതും ഇന്ത്യ നിഷേധിച്ചിട്ടില്ല.
ഇന്ത്യൻ ഇറക്കുമതിയുടെ തീരുവ 18 ശതമാനമായി കുറയ്ക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും തിരിച്ച് അമേരിക്കയിൽ നിന്നുള്ള ഇറക്കുമതിക്ക് ഏതൊക്കെ ഇനത്തിന്, എത്ര തീരുവ കുറയ്ക്കാൻ സമ്മതിച്ചു എന്നതിനെക്കുറിച്ചുള്ള അവ്യക്തത നിലനിൽക്കുന്നു. പതിറ്റാണ്ടുകളായി ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ റഷ്യയുമായുള്ള എണ്ണ വ്യാപാരം ഇന്ത്യ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ അവകാശവാദവും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
കാപ്പി, ചായ, വാഴപ്പഴം, ഓറഞ്ച്, തക്കാളി, പ്രകൃതിവിഭവങ്ങൾ, പഴച്ചാറുകൾ തുടങ്ങിയ ഏകദേശം 2,000 ഉത്പന്നങ്ങൾക്കു നികുതി കുറയ്ക്കാനോ പൂജ്യം തീരുവ നൽകാനോ അമേരിക്കയുടെ അലൈൻഡ് പാർട്ണർമാർക്കു സാധ്യതയുള്ള തീരുവ അഡ്ജസ്റ്റ്മെന്റ്സ് (പിടിഎഎപി) പ്രകാരം അർഹതയുണ്ട്. ഇതനുസരിച്ചാണ് 10 ബില്യണ്‍ ഡോളർ വിലമതിക്കുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് യുഎസിലേക്ക് സീറോ ഡ്യൂട്ടി എൻട്രി ലഭിച്ചേക്കാമെന്നു പറയുന്നത്.
ട്രംപ് പ്രഖ്യാപിച്ചതുപോലെ അഞ്ചു വർഷത്തിനുള്ളിൽ അമേരിക്കയുടെ 500 ബില്യണ്‍ ഡോളറിന്റെ സാധനങ്ങൾ ഇന്ത്യ വാങ്ങുമോയെന്നതിലും കേന്ദ്രസർക്കാർ വ്യക്തത വരുത്തിയട്ടില്ല. നിരവധി അമേരിക്കൻ കാർഷിക, വ്യാവസായിക ഉത്പന്നങ്ങളുടെ തീരുവ പൂർണമായി ഇന്ത്യ ഒഴിവാക്കുമെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമിസണ് ഗ്രീർ എക്സിലെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ഈ അവകാശവാദം ഇതുവരെ ഇന്ത്യൻ അധികാരികൾ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
Tags : Center unable to explain US announcements India-US trade deal Trade agreement