ന്യൂഡൽഹി: കമ്മ്യൂണിസ്റ്റ് സർക്കാർ ഉള്ളിടത്തോളം കാലം കേരളത്തിൽ നിക്ഷേപത്തിന് യാതൊരു സാധ്യതയുമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിൽ 3500 കോടി രൂപയുടെ നിക്ഷേപമുള്ള ഒരു വ്യവസായ ഗ്രൂപ്പ് അവിടെ നിന്നു മറ്റൊരിടത്തേക്കു മാറി.
നിക്ഷേപകരെ സ്വാധീനിക്കാൻ മറ്റു സംസ്ഥാനങ്ങൾ ശ്രമിക്കുന്പോൾ കേരളത്തിൽ അതു സംഭവിക്കുന്നില്ലെന്നും നിർമല കുറ്റപ്പെടുത്തി. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിലാണ് കേരളത്തെ നിർമല രൂക്ഷമായി വിമർശിച്ചത്. പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെ ഉൾപ്പെടെ രൂക്ഷമായി വിമർശിക്കുന്നതായിരുന്ന നിർമലയുടെ മറുപടിപ്രസംഗം.
നാളികേരത്തിനും കശുവണ്ടിക്കും ചന്ദനമരത്തിനുമുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ കേരളത്തെക്കൂടി ഉദ്ദേശിച്ചുള്ളതാണ്. കേരളത്തിനു നാളികേര സന്പത്ത് വികസിപ്പിക്കുന്നതിനുള്ള പദ്ധതി ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കശുവണ്ടിക്കായി വികസിപ്പിക്കുന്ന പദ്ധതിയുടെ 75 ശതമാനം ഗുണഭോക്താതാവ് കേരളമായിരിക്കുമെന്നും നിർമല വ്യക്തമാക്കി. ചന്ദന മരത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അതു വ്യാപിപ്പിക്കാനുള്ള പദ്ധതി കേരളത്തിനുംകൂടിയുള്ളതാണെന്നും നിർമല വ്യക്തമാക്കി.
എന്നാൽ, കേരളത്തിലെ ഏറെക്കാലത്തെ ആവശ്യമായ എയിംസ് ഉൾപ്പെടെയുള്ള വിഷയത്തിൽ നിർമല മൗനം പാലിക്കുന്നതാണ് മറുപടിപ്രസംഗത്തിൽ കണ്ടത്. സംസ്ഥാനങ്ങൾക്കുള്ള ആകെ ബജറ്റ് വിഹിതം ഇക്കുറി 25.44 ലക്ഷം കോടി ആയിരിക്കുമെന്നും കഴിഞ്ഞ സാന്പത്തിക വർഷത്തിൽനിന്ന് 2.7 ലക്ഷം കോടിയുടെ വർധനവാണിതെന്നും നിർമല വ്യക്തമാക്കി.
രാഷ്ട്രീയവിഷയങ്ങൾ ഉൾപ്പെടെ പരാമർശിച്ചുകൊണ്ടായിരുന്നു കേരളത്തിനെതിരേ നിർമല വിമർശനങ്ങൾ ഉന്നയിച്ചത്. ഒരു ലക്ഷം ജനസംഖ്യ എടുത്താൽ പട്ടികജാതി- പട്ടികവർഗത്തിനെതിരേ ഏറ്റവും കൂടുതൽ കുറ്റകൃത്യം നടക്കുന്നത് കേരളത്തിലാണ്. നിലവിൽ സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെ കീഴിൽ 399 സഹകരണ സ്ഥാപനങ്ങൾ ഇല്ലാതായി. കേരളത്തിൽ 125 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായും നിർമല ആരോപിച്ചു.
Tags : communist government LDF Government no investment opportunity Kerala Union Finance Minister nirmala sitharaman