ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്നു സുപ്രീംകോടതി. സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തള്ളി. സമയപരിധി ലംഘിച്ചാൽ ബില്ലുകൾക്കു സമ്മതം ലഭിച്ചുവെന്ന് (ഡീംഡ് അസെന്റ്) കണക്കാക്കിയതായി പ്രഖ്യാപിക്കുന്നത് ഭരണഘടനയുടെ അന്തഃസത്തയ്ക്കു വിരുദ്ധമാണെന്നും പരമോന്നത കോടതി നിരീക്ഷിച്ചു.
എന്നാൽ, ബില്ലുകൾ അനിശ്ചിതകാലത്തേക്കു തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ല. വിശദീകരിക്കാനാകാത്ത കാലതാമസം വരുത്തി ബില്ലുകൾ പിടിച്ചുവയ്ക്കുന്നതു ഫെഡറൽ തത്വങ്ങൾക്കെതിരാണെന്നു സുപ്രീംകോടതി വ്യക്തമാക്കി. ബില്ലുകൾ പിടിച്ചുവയ്ക്കുകയല്ല, നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണു വേണ്ടത്. ഇതിനായി പരിമിതമായ ജുഡീഷൽ അവലോകന അധികാരം പ്രയോഗിക്കാൻ കോടതിക്കു കഴിയുമെന്ന് ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.
നിയമനിർമാണ പ്രക്രിയയെ തടസപ്പെടുത്തുന്ന തരത്തിൽ ഗവർണറുടെ ഭാഗത്തുനിന്ന് ദീർഘമായതോ വിശദീകരിക്കാനാകാത്തതോ ആയ കാലതാമസം ഉണ്ടായാൽ സമയബന്ധിതമായി തീരുമാനമെടുക്കാൻ ഗവർണറോട് കോടതിക്കു നിർദേശിക്കാം. ബില്ലിന്റെ മെറിറ്റിനെക്കുറിച്ച് ഒന്നും നിരീക്ഷിക്കാതെയാകണം ഇത്. ബില്ലുകളിൽ ഗവർണർ ഭരണഘടനാപരമായ തീരുമാനമെടുക്കണം. തീരുമാനമെടുക്കുന്പോൾ ഗവർണർക്കു വിവേചനാധികാരം ഉപയോഗിക്കാം.
ഭരണഘടനയുടെ അനുച്ഛേദം 143 പ്രകാരം രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രത്യേക റഫറൻസിനു മറുപടിയായാണു വിധി. ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണു പത്തു ദിവസം വാദം കേട്ട് ഇന്നലെ വിധി പ്രഖ്യാപിച്ചത്. തമിഴ്നാട് ഗവർണർ കേസിൽ, രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകളിൽ നടപടിയെടുക്കാൻ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധിന്യായത്തിനു തൊട്ടുപിന്നാലെ, കഴിഞ്ഞ മേയിലാണു രാഷ്ട്രപതിയുടെ റഫറൻസ് ഉണ്ടായത്. ഭരണഘടനയുടെ അനുച്ഛേദം 200/201 പ്രകാരമുള്ള ബില്ലുകൾക്ക് അനുമതി നൽകുന്നതിലുള്ള രാഷ്ട്രപതിയുടെയും ഗവർണറുടെയും തീരുമാനങ്ങൾക്കു സമയപരിധി നിശ്ചയിക്കാൻ കോടതിക്കു കഴിയില്ല. സമയപരിധി ലംഘിച്ചാൽ ബില്ലുകൾക്ക് "കണക്കാക്കിയ സമ്മതം’ പ്രഖ്യാപിച്ച് ഇത്തരം ബില്ലുകൾ പാസായതായി കണക്കാക്കുന്ന കോടതികളുടെ ആശയം ഭരണഘടനയുടെ ആത്മാവിനു വിരുദ്ധമാണ്.
തമിഴ്നാട് ഗവർണർ തടഞ്ഞുവച്ച ബില്ലുകൾ പാസായതായി കണക്കാക്കാമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി അധികാരവിഭജന സിദ്ധാന്തത്തിനെതിരാണ്. ഗവർണർക്കു മാത്രമുള്ള ചുമതലകളുടെ കൈയടക്കലാണിത്. എക്സിക്യൂട്ടീവിന്റെ പ്രവർത്തനങ്ങൾ ജുഡീഷറി ഏറ്റെടുക്കുന്നതും മാറ്റി സ്ഥാപിക്കുന്നതുമാണ് ഇതെന്ന നിഗമനത്തിലെത്തുന്നതിൽ ഒരു മടിയുമില്ല. നമ്മുടെ ലിഖിത ഭരണഘടനയുടെ പരിധിക്കുള്ളിൽ ഇത് അനുവദനീയമല്ലെന്നും കോടതി പറഞ്ഞു.
കാലാവധി തീരുന്നതിനു തൊട്ടുമുന്പ് പ്രധാന വിധി
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സ്ഥാനത്തുനിന്ന് ഞായറാഴ്ച വിരമിക്കുന്ന ജസ്റ്റീസ് ബി.ആർ. ഗവായിയുടെ അവസാന പ്രവൃത്തിദിവസത്തിനു തലേന്നാണ് സുപ്രധാന വിധിപ്രസ്താവമുണ്ടായത്. സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി തള്ളുകയും ഗവർണർമാരുടെ വിവേചനാധികാരം സ്ഥാപിക്കുകയും ചെയ്തതിലൂടെ ആഗ്രഹിച്ച വിധിതീർപ്പ് ഉണ്ടായെന്നതിൽ കേന്ദ്രസർക്കാരിന് ആശ്വസിക്കാം.
പുതിയ ചീഫ് ജസ്റ്റീസ് സുര്യകാന്ത് തിങ്കളാഴ്ച ചുമതലയേൽക്കും. കഴിഞ്ഞ മേയ് 14 മുതലാണ് ഗവായ് ചീഫ് ജസ്റ്റീസായി പ്രവർത്തിച്ചത്.
Tags : Governor Suprem Court Suprem Court of India Assembly Niyamasabha bills