ലക്നോ: ഉത്തർപ്രദേശിലെ പടക്കനിർമാണശാലയിൽ സ്ഫോടനം. അപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്ന്പേർക്ക് പരിക്കേറ്റു.
ബരാബങ്കി ജില്ലയിലെ ടികൈത്നഗർ പ്രദേശത്തെ സരായ് ബരായ് ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ലക്നോവിലെ ട്രോമ സെന്ററിലേക്ക് മാറ്റി. ഫാക്ടറി പ്രവർത്തനങ്ങളിലുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥിക നിഗമനം.
പോലീസ് റിപ്പോർട്ട് അനുസരിച്ച്, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തൊഴിലാളികൾ യൂണിറ്റിനുള്ളിൽ പതിവ് ജോലിചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിയിൽ നിന്നുമുണ്ടായ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിശമന സേനാംഗങ്ങളുടെ മണിക്കൂറുകളുടെ ശ്രമഫലമായാണ് തീ കെടുത്തിയത്.
ഫാക്ടറി അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും സ്ഫോടനത്തിനുശേഷം തീ ആളിക്കത്തിയതാണ് അപകട തീവ്രത വർധിക്കാൻ കാരണമായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനുരാഗ് സിംഗ് സ്ഥിരീകരിച്ചു. പടക്കനിർമാണശാലയുടെ ലൈസൻസ് ഈ വർഷം മാർച്ചിൽ അവസാനിച്ചിരുന്നുവെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. സ്ഫോടനത്തിൽ ഫാക്ടറി ഉടമ ഖാലിദിനും സഹോദരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Tags : Uttar Pradesh Barabanki firecracker factory blast Two killed three injured