ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ ട്രെയിനായ വന്ദേ ഭാരത് സ്ലീപ്പറിന്റെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു. ഗോഹട്ടി-കോൽക്കത്ത റൂട്ടിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുകയെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്.
സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു. എന്നാൽ എന്നുമുതലാണ് സർവീസ് ആരംഭിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണ ഓട്ടമടക്കമുള്ള എല്ലാ പരിശോധനകളും വിജയകരമായി പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു. ലോകോത്തര സൗകര്യങ്ങളും സുരക്ഷയും പ്രദാനം ചെയ്യുന്ന യാത്രാനുഭവമാവും വന്ദേ ഭാരത് സ്ലീപ്പറിന്റേതെന്ന് മന്ത്രി പറഞ്ഞു.
16 കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലുള്ളത്. 11 ത്രീ-ടയർ എസി കോച്ചുകൾ, നാല് ടു-ടയർ എസി കോച്ചുകൾ, ഒരു ഫസ്റ്റ് എസി കോച്ചുള്ള ട്രെയിനിൽ ആകെ 823 യാത്രക്കാര്‍ക്കു സഞ്ചരിക്കാനാകും.
Tags : Vande Bharat Vande Bharat sleeper Prime Minister flag off