ഷിക്കാഗോ: ഫെയ്സ്ബുക് മാർക്കറ്റ് പ്ലേസ് വഴിയുള്ള ഒരു പഴയ ട്രക്ക് വിൽപനയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന്, ആറ് മാസം ഗർഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ 19കാരൻ പിടിയിലായി.
ഷിക്കാഗോയിലെ വെസ്റ്റ്മോണ്ട് സ്വദേശിയായ നെദാസ് റെവുക്കാസ് (Nedas Revuckas) ആണ് അറസ്റ്റിലായത്. 30കാരിയായ എലിസ മൊറാലസിനെ സ്വന്തം അപ്പാർട്മെന്റിൽ വച്ചാണ് പ്രതി കൊലപ്പെടുത്തിയത്.
യുവതിക്ക് 70 തവണ കുത്തേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിനുശേഷം തെളിവ് നശിപ്പിക്കാനായി ഇയാൾ അപ്പാർട്മെന്റിന് തീയിടുകയും വീട്ടിലെ വളർത്തുനായയെ ഉപദ്രവിക്കുകയും ചെയ്തു.
എലിസയുടെ ഭർത്താവ് വിറ്റ 1994 മോഡൽ ഫോർഡ് റേഞ്ചർ ട്രക്ക് വാങ്ങിയത് നെദാസ് ആയിരുന്നു. എന്നാൽ വാഹനത്തിൽ അതൃപ്തനായിരുന്ന ഇയാൾ, ലൈസൻസ് പ്ലേറ്റ് മാറ്റുന്നതിനായി എലിസയെ കാണാനെത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്.
കൊലപാതകം, കവർച്ച, തീയിടൽ, മൃഗങ്ങളോടുള്ള ക്രൂരത എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി നിലവിൽ ഡ്യൂപേജ് കൗണ്ടി ജയിലിലാണ്.
Tags : pregnant woman killing in Chicago