ബംഗളൂരു: ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബംഗളൂരുവിനു കീഴിലുള്ള ആസ്ട്രോനോമി സെന്ററും ഫിസിക്സ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ദക്ഷിണ മേഖല ജ്യോതിശാസ്ത്ര സംഗമം (RAM - XI) വിജയകരമായി സമാപിച്ചു.
"റിസർച്ച് ഇൻ ആസ്ട്രോണോമി: ഓപ്പർച്യൂണിറ്റീസ് ആൻഡ് ചാലഞ്ചസ്' എന്ന പ്രമേയത്തിൽ ഫെബ്രുവരി അഞ്ച് മുതൽ ഏഴ് വരെ നടന്ന ഈ ത്രിദിന സമ്മേളനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരെയും യുവ ഗവേഷകരെയും ഒരുമിപ്പിച്ച പ്രധാന ശാസ്ത്രീയ വേദിയായി.
സംഗമം പ്രശസ്ത ജ്യോതിശാസ്ത്രജ്ഞയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസികസിന്റെ മേധാവിയുമായ പ്രഫ. അന്നപൂർണി സുബ്രമണ്യം ഉദ്ഘാടനം ചെയ്തു.
ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോനോമി ആസ്ട്രോഫിസിസ് പ്രഫ. രഞ്ജീവ് മിശ്ര അധ്യക്ഷനായ യോഗത്തിൽ സർവകലാശാല ഡീൻ പ്രഫ. ടി. വി ജോസഫ് ഫിസിക്സ് വിഭാഗം മേധാവി പ്രഫ. ബി. മനോജ് എന്നിവർ സന്നിഹിതരായിരുന്നു.
.jpeg1770627105.jpg)
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 100 ഗവേഷകർ സമ്മേളനത്തിൽ പങ്കെടുത്തു. ജ്യോതിശാസ്ത്രവും ആകാശഗവേഷണവും സംബന്ധിച്ച നൂതന വിഷയങ്ങളിൽ പ്രമുഖ ശാസ്ത്രജ്ഞർ പ്രഭാഷണങ്ങൾ നടത്തി.
ഗുരുത്വതരംഗങ്ങൾ, നക്ഷത്രജനനം, കോസ്മോളജി, ഗാലക്സികളുടെ വികാസം, സോളാർ ഫിസിക്സ്, മെഷീൻ ലേണിംഗ് തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയായി. ഡോ. അജിത് പരമേശ്വരൻ, പ്രഫ. അജിത് കെമ്പാവി, പ്രഫ. ബിശ്വജിത് പോൾ, പ്രഫ. ശങ്കരസുബ്രമണ്യൻ, ഡോ.കെ. ദൃശ്യ തുടങ്ങിയ പ്രശസ്ത ശാസ്ത്രജ്ഞർ ക്ഷണിത പ്രഭാഷണങ്ങൾ നടത്തി.
യുവ ഗവേഷകർക്ക് അവരുടെ പഠനഫലങ്ങൾ അവതരിപ്പിക്കാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും അവസരം നൽകിയ സമ്മേളനം, ദക്ഷിണേന്ത്യയിലെ ജ്യോതിശാസ്ത്ര ഗവേഷണ രംഗത്ത് പുതിയ സഹകരണങ്ങൾക്കും സാധ്യതകൾക്കും വഴിതെളിച്ചതായി സംഘാടകരായ അരുൺ കെനാത്, വി. ജിതേഷ് എന്നിവർ അഭിപ്രായപ്പെട്ടു.