ന്യൂഡൽഹി: ഫരീദാബാദ് അതിരൂപതയുടെ നേതൃത്വത്തിലുള്ള സാന്തോം ബൈബിൾ കണ്വൻഷൻ ഡൽഹി തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ശനി, ഞായർ ദിവസങ്ങളിലാണ് കൺവൻഷൻ.
ഫരീദാബാദ് അതിരൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. ജലന്തർ രൂപത ബിഷപ് ഡോ. ജോസ് തെക്കുംചേരികുന്നേലിന് സ്വീകരണം നൽകും. വചനപ്രഘോഷണത്തിന് ഷംഷാബാദ് ആർച്ച്ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടനും ധ്യാനഗുരു ഫാ. സാജു ഇലഞ്ഞിയിലുമാണ് നേതൃത്വം നൽകുന്നത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചുമുതൽ 8.30 വരെ ജീസസ് യൂത്ത് മിനിസ്ട്രിയുടെ സഹായത്തോടെ കിരണ്‍ 2k25 എന്ന പ്രത്യേക പരിപാടി ക്രമീകരിച്ചിട്ടുണ്ട്. വിശുദ്ധ കുർബാനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും മധ്യസ്ഥ പ്രാർഥനയ്ക്കും കുന്പസാരത്തിനുമുള്ള സജ്ജീകരണങ്ങൾ കണ്വൻഷൻ ദിവസങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
സീറോമലബാർ സഭയുടെ അതിരൂപതയായി ഫരീദാബാദ് രൂപതയെ ഉയർത്തിയതിന്റെ ചടങ്ങുകൾ ശനിയാഴ്ച വൈകുന്നേരം നടക്കും. അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി നിലവിലെ ആർച്ച്ബിഷപ്പായ മാർ കുര്യാക്കോസ് ഭരണികുളങ്ങര ചുമതലയേൽക്കുന്ന സ്ഥാനാരോഹണച്ചടങ്ങ് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ കാർമികത്വത്തിൽ നടക്കും.
കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരി, കിരണ്‍ റിജിജു, ജോർജ് കുര്യൻ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയവർ പങ്കെടുക്കും.
Tags : Bible Convention