ലിവര്‍പൂള്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് എക്സാര്‍ക്കേറ്റിന്റെ അധ്യക്ഷനായി നിയമിതനായ ഡോ. കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷകള്‍ ഡിസംബര്‍ ആറിന് യുകെയിലെ ലെക്സറ്ററിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടക്കും.
സ്ഥാനാരോഹണ ശുശ്രൂഷകളുടെ സുഗമമായ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി സഭാധ്യക്ഷന് കര്‍ദിനാള്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ നിലവില്‍ വന്നു.
യുകെ റീജിയണിന്റെ കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ഫാ. കുര്യാക്കോസ് തടത്തിലിനെ സഭാ സൂനഹദോസിന്റെ ശിപാര്‍ശ പ്രകാരം ലെയോ പതിനാലാമന്‍ മാര്‍പാപ്പ മെത്രാന് സ്ഥാനത്തേക്ക് ഉയര്‍ത്തിയിരുന്നു.
നിയുക്ത മെത്രാന്റെ അഭിഷേകം നവംബര്‍ 22ന് സഭാ ആസ്ഥാനമായ പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ സഭാ അധ്യക്ഷന്റെയും ഇതര മെത്രാന്മാരുടെയും സഹകാര്മികത്വത്തില് നടന്നു.
ഡിസംബര്‍ ആറിന് ലെക്സറ്ററിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. മലങ്കര കത്തോലിക്കാ സഭയിലെ ഇതര മെത്രാപ്പോലീത്തമാരും കത്തോലിക്കാ സഭയിലെ യൂറോപ്പിലെ മെത്രാന്മാരും സ്ഥാനാരോഹണ ശുശ്രൂഷകളില്‍ പങ്കെടുക്കും.
സ്ഥാനാരോഹണ ശുശ്രൂഷകളുടെ ക്രമീകരണങ്ങള്‍ക്കായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ രക്ഷാധികാരിയായും കൂരിയ ബിഷപ് ഡോ. ആന്റണി മാര്‍ സില്‍വാനിയോസ് ചെയര്‍മാനായും റവ.ഡോ. ലൂയിസ് ചരുവിള പാപ്പി ജനറല്‍ കണ്‍വീനറായും റോണി ജോസഫ് ജനറല്‍ സെക്രട്ടറിയായും യൂറോപ്പിലെ വിവിധ മിഷനുകളിലെ വികാരിമാര്‍, കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവരുള്‍പ്പെടെ 101 അംഗ സംഘാടകസമിതി നിലവില്‍വന്നു.
യൂറോപ്പിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സ്ഥാനാരോഹണ ശുശ്രൂഷകളില്‍ പങ്കെടുക്കും. പരിപാടികളുടെ വിജയത്തിനായി വന്‍ ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്. യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ ഒരു പ്രധാന നാഴികക്കല്ലായാണ് സ്ഥാനാരോഹണ ശുശ്രൂഷയെ വിശ്വാസ സമൂഹം കാണുന്നത്.
Tags : Bishop Kuriakose Mar Osthathios Metropolitan December 6 Europe