വത്തിക്കാന്‍ സിറ്റി: ലോകം ക്രിസ്മസ് ആഘോഷങ്ങളിലേക്കു പ്രവേശിക്കവെ, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ക്രിസ്മസ് ട്രീയും പുൽക്കൂടും അനാവരണം ചെയ്തു.
ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റ് പ്രസിഡന്റ് സിസ്റ്റർ റാഫേല പെട്രിനിയും ക്രിസ്മസിന് ട്രീയും പുല്‍ക്കൂടും ഒരുക്കി നൽകിയ പ്രതിനിധികളും വിവിധ ഇറ്റാലിയന്‍ രൂപതകളില്‍നിന്നുള്ള വിശ്വാസികളും പങ്കെടുത്ത ചടങ്ങിലാണ് ട്രീയും പുല്‍ക്കൂടും പ്രകാശിപ്പിച്ചത്.
സിസ്റ്റർ റാഫേല പെട്രിനിയാണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. വടക്കൻ ഇറ്റലിയിലെ ബോൾസാനോ രൂപതയെ പ്രതിനിധീകരിച്ച് ബിഷപ് ഇവോ മ്യൂസറും ഗവർണറേറ്റിന്റെ സെക്രട്ടറി ജനറൽമാരായ ആർച്ച്ബിഷപ് എമിലിയോ നാപ്പയും ബിഷപ് ജ്യുസെപ്പെ പുഗ്ലിസി-അലിബ്രാണ്ടിയും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ഇറ്റലിയിലെ ബോൾസാനോ പ്രവിശ്യയിൽനിന്നു കൊണ്ടുവന്ന 88 അടി ഉയരമുള്ള മരമാണ് ക്രിസ്മസ് ട്രീയായി ഉപയോഗിച്ചത്. ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്‍ന്നാണ് പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്.
പ്രദേശത്തിന്റെ തനിമ തെളിഞ്ഞുനിൽക്കുന്ന വിധത്തിലാണ് തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരം. 2026 ജനുവരി 11 വരെ പുല്‍ക്കൂടും ട്രീയും വത്തിക്കാന്‍ ചത്വരത്തില്‍ പ്രദര്‍ശിപ്പിക്കും.
Tags : Christmas Celebration Vatican City