എഡ്മന്റൺ: കാനഡയിലെ എഡ്മന്റിണിലുള്ള വിവിധ കേരളീയ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ എഡ്മന്റൺ എക്യുമെനിക്കൽ ഫെലോഷിപ് (ഇഇഎഫ്) പത്താം വാർഷികാഘോഷവും "ക്രിസ്ബെൽസ് 2025' ക്രിസ്മസ് സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
മിറേജ് ബാങ്ക്വറ്റ് ഹാളിൽ നടന്ന സംഗമത്തിൽ കാനഡയിലെ സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു. ഫോർട്ട് സസ്കാച്വൻ എം.പി ഗാർനെറ്റ് ജീനിയസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
അദ്ദേഹത്തിന്റെ ഭാര്യ ഡോ. റബേക്ക ജീനിയസ് വിശിഷ്ടാതിഥിയായിരുന്നു. ഇഇഎഫ് പ്രസിഡന്റ് റവ. ഫാ. തോമസ് പൂതിയോട്ട് അധ്യക്ഷത വഹിക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു.

ഒരു പതിറ്റാണ്ടിന്റെ പ്രവർത്തന മികവ് അടയാളപ്പെടുത്തിക്കൊണ്ട് സംഘടനയുടെ പുതിയ വെബ്സൈറ്റ് ഗാർനെറ്റ് ജീനിയസ് എംപി പ്രകാശനം ചെയ്തു. പത്താം വാർഷികത്തോടനുബന്ധിച്ച് ദാമ്പത്യ ജീവിതത്തിൽ സുവർണ ജൂബിലി പിന്നിട്ട ദമ്പതികളെ ചടങ്ങിൽ ആദരിച്ചു.
വിവിധ സഭകളിൽ നിന്നുള്ളവർ അവതരിപ്പിച്ച കലാപരിപാടികൾ, ഡോർ പ്രൈസുകൾ, വിഭവസമൃദ്ധമായ സ്നേഹവിരുന്ന് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സെക്രട്ടറി ഫാ. സെറാ പോൾ സ്വാഗതവും ട്രഷറർ ഫാ. മാത്യു പി. ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.
2025-27 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ തോമസ് ചെറിയാൻ, ബോബി മാത്യു സക്കറിയ, ദീപക് ഐസക്, ക്രിസ്ബെൽസ് കൺവീനർ റവ. തോമസ് കുരുവിള, കമ്മിറ്റി അംഗങ്ങളായ റവ. ജോൺ സി. എബ്രഹാം, റവ. ഡീ ജോബിൻ ചാക്കോ, ജോൺസൺ കുരുവിള, ജോർജ്ജ് അമ്മനേത്ത്, എബി നെല്ലിക്കൽ, ഷാജി മാത്യു, ടി.പി. ജോയ്, ജോർജ്ജ് പുലിക്കോടൻ എന്നിവരും വിവിധ ഇടവകകളിൽ നിന്നുള്ള വൊളന്റിയർമാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.