ബെൻസേലം: മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ അനുഗ്രഹീതവുമായ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമപ്പെരുന്നാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഭക്ത്യാദരപൂർവം കൊണ്ടാടുന്നു.
ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട്, ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. ഷിബു വേണാട് മത്തായി, റവ. ഫാ. കെ.പി. വർഗീസ് എന്നിവർ ചേർന്ന് പെരുന്നാൾ കൊടിയേറ്റ് നടത്തി.
വെള്ളിയാഴ്ച വൈകുന്നേരം 6.45 ന് സന്ധ്യാ നമസ്ക്കാരവും ഏഴിന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും അതിനെത്തുടർന്ന് പള്ളിയിൽ നിന്നും കുരിശടിയിലേക്ക് പ്രദിക്ഷണവും പരിശുദ്ധന്റെ മധ്യസ്ഥതയിൽ അഭയം തേടിയുള്ള മധ്യസ്ഥ പ്രാർഥനയും നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്.
ശനിയാഴ്ച വൈകുന്നേരം മൂന്നിന്, പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷം പൂർത്തീകരിച്ച കെ.പി. വർഗീസ് അച്ചന്റെ പൗരോഹിത്യ ഗോൾഡൻ ജൂബിലി ആഘോഷം നടക്കും. തുടർന്ന് അഞ്ചിന് ഡിന്നർ. ആറ് മുതൽ സന്ധ്യാ നമസ്കാരവും സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.

പെരുന്നാളിന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്കാരം, അതിനെത്തുടർന്ന് 9.30 ന് ഓർത്തഡോക്സ് സഭയുടെ അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും ഉണ്ടായിരിക്കും.
അതിനെത്തുടർന്ന്, 11.30ന് മുത്തുക്കുടകളും കുരിശുകളും കാതോലിക്കേറ്റ് പതാകയും വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ റാസ പള്ളിയുടെ കുരിശടിയിലേക്ക് പുറപ്പെടും. റാസ, തിരികെ പള്ളിയിലെത്തിയ ശേഷം പരിശുദ്ധന്റെ മധ്യസ്ഥതയിൽ അഭയം തേടിയുള്ള മധ്യസ്ഥപ്രാർഥനയും ആശീർവാദവും നടക്കും. 12.30ന് വിഭവസമൃദ്ധമായ പെരുന്നാൾ സദ്യയോടുകൂടി പെരുന്നാൾ ചടങ്ങുകൾക്ക് സമാപനം കുറിക്കും.
വികാരി റവ.ഫാ. ഷിബു വേണാട് മത്തായി, സെക്രട്ടറി ജോർജ് എം. മാത്യു, ട്രഷറാർ അലക്സ് തങ്കച്ചൻ, അസോസിയേറ്റ് മിനിസ്റ്റർ സീന മാത്യു എന്നിവർക്കൊപ്പം, ഈ വർഷത്തെ പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി, ഡോ. ജോ വി ജോൺ, ബിനുമോൻ യോഹന്നാൻ എന്നിവർ പെരുന്നാൾ കോഓർഡിനേറ്റേർമാരായുള്ള വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
Tags : Feast St Gregorios Church Bensalem