ബര്‍ലിന്‍: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ചൊവ്വാഴ്ച തന്റെ 70-ാം പിറന്നാൾ ആഘോഷിച്ചു. നിലവിൽ യൂറോപ്യന്‍ യൂണിയനിലെ 27 രാഷ്ട്രത്തലവൻമാരിൽ ഏറ്റവും പ്രായം കൂടിയ ആളാണ് മെർസ്.
യുദ്ധാനന്തര ജർമനിയുടെ ആദ്യ ചാൻസലറായിരുന്ന കോൺറാഡ് അഡനൗവറിന് ശേഷം 70-ാം വയസിൽ പദവിയിലിൽ ഇരിക്കുന്ന ആദ്യ ചാൻസലർ കൂടിയാണ് മെർസ്. 1949-ൽ 73-ാം വയസിൽ ചാൻസലറായ കോൺറാഡ് അഡനൗവർ 87-ാം വയസു വരെ പദവിയിൽ തുടർന്നിരുന്നു.
ജനപ്രീതിയിൽ നേരിയ ഇടിവ് സംഭവിച്ചെങ്കിലും മെർസിന്റെ പ്രായം അദ്ദേഹത്തിന്റെ ഭരണത്തിന് ഒരു തടസമായി ആരും കാണുന്നില്ല. ഫോർസ പോളിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 52 ശതമാനം പേരും മെർസിന്റെ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തി.
ഈ വർഷം മേയ് ആറിനാണ് ജർമനിയുടെ പത്താമത്തെ ചാൻസലറായി മെർസ് അധികാരമേറ്റത്. പാർട്ടി നേതാക്കൾ ഒരുക്കിയ ആഘോഷങ്ങൾക്ക് ശേഷം, മെർസ് ഭാര്യ ഷാർലറ്റിനും മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം സ്വകാര്യമായി ജന്മദിനം ആഘോഷിച്ചു.
Tags : German Chancellor Friedrich Merz Birthday Celebration