ദമാം: "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ 2025' മെഗാഷോയിൽ പങ്കെടുക്കാൻ ദമാമിൽ എത്തിച്ചേർന്ന ഗായിക കെ.എസ്. ചിത്രയ്ക്ക് നവയുഗം സാംസ്കാരികവേദി ദമാം വിമാനത്താവളത്തിൽ സ്വീകരണം നൽകി.
നവയുഗം ഭാരവാഹികളും സംഘാടക സമിതിയും പ്രവാസി കുടുംബങ്ങളും അടക്കം നല്ലൊരു ജനക്കൂട്ടം തന്നെ കെ.എസ്. ചിത്രയെയും ടീമിനെയും സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഭർത്താവ് വിജയശങ്കറിനൊപ്പമാണ് കെ.എസ്. ചിത്ര എത്തിയത്. കെ.എസ്. ചിത്രയെക്കൂടാതെ ഗായകരായ അഫ്സൽ, ശ്രീരാഗ് ഭരതൻ എന്നിവരും ഓർക്കസ്ട്ര ടീമുമാണ് കേരളത്തിൽ നിന്നും ഇന്ന് രാവിലത്തെ ഫ്ലൈറ്റിൽ ദമാം വിമാനത്താവളത്തിൽ എത്തിയത്.
അനാമിക ഉൾപ്പെടെ മറ്റുള്ള കലാകാരൻമാർ വൈകുന്നേരത്തെ ഫ്ലൈറ്റിൽ എത്തും. ഇ.ആർ. ഇവന്റ്സുമായി സഹകരിച്ച് നവയുഗം നടത്തുന്ന "റിഥം - ട്യൂൺസ് ഓഫ് ഇന്ത്യ 2025' പ്രോഗ്രാം ഡിസംബർ അഞ്ച് വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മുതൽ ദമാം ലൈഫ് പാർക്കിലാണ് അരങ്ങേറുന്നത്.
പ്രഫഷണൽ സംഗീതത്തോടൊപ്പം, നൃത്തപ്രകടനങ്ങളും നിറയുന്ന മെഗാ ഷോ രാത്രി 10 വരെ നീണ്ടു നിൽക്കും. ദമാം ലൈഫ് പാർക്കിൽ നടക്കുന്ന പരിപാടിയുടെ പ്രധാന സ്റ്റേജ് ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.
Tags : K.S. Chithra Dammam NRI News