ഡബ്ലിൻ: അയർലൻഡിലെ യുവജന സംഘടനയായ യംഗ് ഫിൻ ഗെയ്ലിന്റെ ദേശീയ ഉപാധ്യക്ഷനായി കുരുവിള ജോർജ് അയ്യങ്കോവിൽ ഔദ്യോഗികമായി നിയമിതനായി. നിലവിലെ ഉപാധ്യക്ഷനായിരുന്ന കയോലൻ മഗ്വയർ രാജിവച്ചതിനെ തുടർന്നാണ് നിയമനം.
ഫിൻ ഗെയ്ലിന്റെ ഭരണഘടനയിലെ ആർട്ടിക്കിൾ അഞ്ച് അനുസരിച്ചാണ് നിയമനം നടന്നത്. ദേശീയ സമ്മേളനത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ സ്ഥാനാർഥിക്ക് ഉപാധ്യക്ഷ പദവിയിലേക്കുള്ള അവകാശമെന്ന വ്യവസ്ഥ പ്രകാരമാണ് കുരുവിളയെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
അവസാന ദേശീയ സമ്മേളനത്തിൽ അംഗങ്ങളിൽ നിന്ന് ഏറ്റവും ശക്തമായ പിന്തുണ നേടിയ വ്യക്തിയായിരുന്നു അദ്ദേഹം. ഈ നിയമനത്തോടൊപ്പം, കുരുവിളയെ ഭരണകക്ഷിയായ ഫിൻ ഗെയ്ലിന്റെ നാഷനൽ എക്സിക്യൂട്ടീവ് കൗൺസിലിലേക്കും നാമനിർദേശം ചെയ്യും.
ഇത് പാർട്ടിയുടെ ഏറ്റവും ഉയർന്ന തീരുമാനാധികാര സമിതിയാണ്. മൂന്ന് ഭരണകാലങ്ങളായി അയർലൻഡിന്റെ ഭരണകക്ഷിയായി പ്രവർത്തിക്കുന്ന ഫിൻ ഗെയ്ൽ, രാജ്യത്തിന്റെ നയരൂപീകരണത്തിലും സർക്കാരിന്റെ ദിശ നിർണയത്തിലും നിർണായക പങ്ക് വഹിക്കുന്ന ശക്തമായ രാഷ്ട്രീയ സംഘടനയാണ്.
കുരുവിള ജോർജ് അയ്യങ്കോവിൽ മുമ്പ് യങ് ഫിൻ ഗെയ്ലിന്റെ നാഷണൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഘടനയുടെ ആഭ്യന്തര ഭരണസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും ദേശീയതല ഏകോപനം മെച്ചപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമായിരുന്നു.
പൊതുസേവന രംഗത്ത്, ഡബ്ലിനും സമീപ കൗണ്ടികളിലെയും പീസ് കമ്മിഷണറായി നീതിമന്ത്രാലയം അദ്ദേഹത്തെ നിയമിച്ചിരുന്നു. രാജ്യമെമ്പാടുമുള്ള അംഗങ്ങൾ നൽകിയ വിശ്വാസത്തിന് ഞാൻ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. ഫിൻ ഗെയ്ലിന്റെ ഭരണഘടന പ്രകാരമുള്ള ഈ ഉത്തരവാദിത്വം വലിയ ബഹുമതിയാണ്. യുവജനങ്ങളുടെ ശബ്ദം പാർട്ടിയുടെ ഏറ്റവും ഉയർന്ന തലത്തിൽ ശക്തമായി ഉയർത്താൻ ഞാൻ പ്രതിജ്ഞാബദ്ധനാണെന്ന് നിയമനത്തിന് പിന്നാലെ കുരുവിള പ്രതികരിച്ചു.
Tags : Kuruvila George National Vice President Young Fine Gael