കുവൈറ്റ് സിറ്റി: കുവൈറ്റിൽ മണി എക്സ്ചേഞ്ച് കമ്പനികളിലൂടെ ഉപഭോക്താക്കൾ നടത്തുന്ന പ്രതി ദിന കാഷ് ഇടപാടുകളുടെ പരമാവധി പരിധി കുവൈറ്റ് സെൻട്രൽ ബാങ്ക് കുറച്ചു. ഇതനുസരിച്ച് ഒരു ഉപഭോക്താവിന് ഒരു ദിവസം നടത്താവുന്ന പരമാവധി കാഷ് ഇടപാട് ഇനി മുതൽ 1,000 ദിനാർ ആയിരിക്കും.
നേരത്തെ ഇത് 3,000 ദിനാർ ആയിരുന്നു. വിദേശത്തേക്കുള്ള പണമയക്കലും കറൻസി വാങ്ങൽ - വിൽപ്പന ഇടപാടുകളും ഈ പരിധിയിൽ ഉൾപ്പെടും. കാഷ് ഇടപാടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിന്റെയും പണം വെളുപ്പിക്കൽ, ഭീകര ധനസഹായം തുടങ്ങിയ അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിന്റെയും ഭാഗമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
എന്നാൽ, 1,000 ദിനാറിന് മുകളിലുള്ള ഇടപാടുകൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ഡെബിറ്റ് ചെയ്തോ, സെൻട്രൽ ബാങ്ക് അംഗീകരിച്ച മറ്റ് ബാങ്കിംഗ് പേയ്മെന്റ് മാർഗങ്ങൾ വഴിയോ നടത്താവുന്നതാണ്.