മയാമി: അമേരിക്കൻ മലയാളികളുടെ ക്രൈസ്തവ ആത്മീയ യാത്രയ്ക്ക് പുതിയ അധ്യായം കുറിച്ചുകൊണ്ട് ഷിക്കാഗോ സീറോമലബാർ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച മലയാളി കത്തോലിക്കാ വൈദിക മഹാസംഗമം "കൊയ്നോനിയ 2025' മയാമിയിൽ വിജയകരമായി സമാപിച്ചു.
ഈ മാസം 18, 19 തീയതികളിലായി കോറൽ സ്പ്രിംഗ്സിലെ സെന്റ് എലിസബത്ത് ആൻ സെറ്റൺ കത്തോലിക്കാ പള്ളിയിൽ നടന്ന സംഗമത്തിൽ സീറോമലബാർ, സീറോമലങ്കര, ലത്തീൻ റീത്തുകൾ, ക്നാനായ സഭ, വിവിധ സന്യാസ സഭകൾ എന്നിവയിൽ നിന്നായി നൂറ്റിഅൻപതോളം വൈദികർ പങ്കെടുത്തു.
മയാമി ആർച്ച് ബിഷപ് തോമസ് വെൻസ്കി, പെൻസിക്കോള ബിഷപ് വില്യം എ. വാക്ക്, ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോയ് ആലപ്പാട്ട്, ബിഷപ് എമിറിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്, വികാരി ജനറൽമാരായ ഫാ. ജോൺ മേലേപ്പുറം, ഫാ. തോമസ് കടുകപ്പള്ളി എന്നിവർ ഉൾപ്പെടെയുള്ള അതിഥികളെ കേരള തനിമയിൽ താലപ്പൊലിയുടേയും ചെണ്ടവാദ്യങ്ങളുടേയും അകമ്പടിയോടെയാണ് സ്വീകരിച്ചത്.
ബിഷപ് ജോയ് ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ ബിഷപ്പുമാരും 150 വൈദികരും ചേർന്ന് മലയാളത്തിൽ അർപ്പിച്ച കുർബാന അർപ്പിച്ചു. ആർച്ച്ബിഷപ് തോമസ് വെൻസ്കി "കൊയ്നോനിയ' ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും അമേരിക്കൻ സമൂഹത്തിന് മലയാളി വൈദികർ നൽകുന്ന ശുശ്രൂഷകളെ പ്രശംസിക്കുകയും ചെയ്തു.

സമ്മേളന വേദിയിൽ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന് എപ്പിസ്കോപ്പൽ ഓർഡിനേഷൻ സിൽവർ ജൂബിലി ആശംസകൾ അർപ്പിക്കുകയും ആദരിക്കുകയും ചെയ്തു. കൂട്ടായ ബലിയർപ്പണത്തിന്റെയും വിശ്വാസ ഐക്യത്തിന്റെയും ഈ സംഗമം, ഭാവിയിലെ സഭയുടെ ദൗത്യങ്ങൾക്ക് വഴികാട്ടിയാകുമെന്ന് ബിഷപ് മാർ ജോയ് ആലപ്പാട്ട് പ്രത്യാശ പ്രകടിപ്പിച്ചു.
പൊതുസമ്മേളനത്തിൽ സീറോമലബാർ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ക്നാനായ വികാരി ജനറൽ ഫാ. തോമസ് മുളവനാൽ, ഇന്ത്യൻ കോൺസിൽ ജനറൽ അറ്റ്ലാന്റാ രമേശ് ബാബു ലക്ഷ്മൺ തുടങ്ങിയവരുടെ ആശംസാ സന്ദേശം എൽഇഡി സ്ക്രീനിൽ പ്രദർശിപ്പിച്ചു.
2026 ജൂലൈ ഒമ്പത് മുതൽ 12 വരെ തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന സീറോമലബാർ രൂപതാ സിൽവർ ജൂബിലി കൺവൻഷന്റെ കിക്ക് ഓഫ് വേദിയിൽ നടത്തപ്പെട്ടു. സിൽവർ ജൂബിലി കൺവൻഷൻ ഗാനം പാടി പൊതുസമ്മേളനം സമാപിച്ചു.

തുടർന്ന് മയാമി ഔവർ ലേഡി ഓഫ് ഹെൽത്ത് ഫൊറോന ദേവാലയത്തിലെ പ്രതിഭാധനരായ നൂറ്റി ഇരുപത്തിയഞ്ചോളം കലാകാരന്മാർ ചേർന്ന് "പാവനം' എന്ന പേരിൽ അവതരിപ്പിച്ച സ്റ്റേജ് ഷോയും ശ്രദ്ധേയമായിരുന്നു.
പൊതുസമ്മേളനത്തിൽ "കൊയ്നോനിയ 2025' ചെയർമാനും ഔവർ ലേഡി ഓഫ് ഹെൽത്ത് വികാരിയുമായ ഫാ. ജോർജ് ഇളമ്പാശേരി ആമുഖ പ്രസംഗവും വികാരി ജനറലും പ്രീസ്റ്റ് ഗാദറിംഗ് സഹ രക്ഷാധികാരിയുമായ വികാരി ജനറൽ ഫാ. ജോൺ മേലേപ്പുറം സ്വാഗതവും ജനറൽ കൺവീനർ ജോഷി ജോസഫ് കൃതജ്ഞതയും അർപ്പിച്ചു.
ദീപാ ദീപു പരിപാടികളുടെ എംസീയുമായിരുന്നു. മലയാളി പ്രീസ്റ്റ് സമ്മേളനം വിജയകരമാക്കുന്നതിന് വിവിധ കമ്മിറ്റി ചെയർമാന്മാരും കൈക്കാരൻമാരും പള്ളിക്കമ്മിറ്റി അംഗങ്ങളും അനേകം വൊളന്റിയേഴ്സും സഹകരിച്ചു.
Tags : conference catholic priests miami