മെൽബൺ: ഭാരതീയ സംസ്കാരത്തിൽ അലിഞ്ഞ അമര മേളം കടല്‍ കടന്നു കംഗാരു നാട്ടിലും എത്തിച്ചേർന്നു. ഓസ്ട്രേലിയയിലെ മെൽബൺ സൗത്ത് സീറോമലബാർ സെന്റ് തോമസ് പാരീഷിന്റെ കീഴിൽ രൂപം കൊണ്ട സാന്തോം ബീറ്റ്സ് എന്ന ചെണ്ട മേള ട്രൂപ്പിന്റെ മേള അരങ്ങേറ്റം 2025ലെ ഇടവക തിരുനാൾ ദിനമായ നവംബർ ഒമ്പതിന് ദേവാലയാങ്കണത്തിൽ നടന്നു.
ഇടംതലയും വലംതലയും ഇലത്താളവും ചേർന്നൊരു വാദ്യ വിസ്മയ മേളം തിരുനാൾ മധ്യസ്ഥ വിശുദ്ധരുടെ മുൻപിൽ ഉയർന്നപ്പോൾ സദസ് മനസുകൊണ്ട് നാട്ടിലെ ദേവാല തിരുനാൾ അങ്കണങ്ങളിലേക്കു യാത്ര ചെയ്തിട്ടുണ്ടാകും എന്നത് തീർച്ചയാണ്.
താളവും കൊട്ടും ചേര്‍ന്ന് 28 ഓളം വരുന്ന കലാകാരന്മാരുടെ മനസിലും കെെയിലും ചെണ്ടമേളത്തിന്റെ ശ്രാവ്യ ഭംഗി പിറന്നപ്പോൾ പതികാലത്തിലെ പ്രയോഗങ്ങള്‍, കൈശുദ്ധി, നേരുകോല്‍ക്കനം, മനോധര്‍മ്മം ഇതെല്ലാം സമന്വയിക്കുകയായി.

മെൽബൺ സൗത്തിൽ പുതുതായി നിർമിച്ച് കൂദാശ ചെയ്യപ്പെട്ട മാർ തോമ ശ്ലീഹായുടെ നാമധേയത്തിലുള്ള ദേവാലയത്തിലെ ആദ്യ തിരുനാളായ നവംബർ ഒമ്പതിന് നടന്ന തിരുനാൾ ആഘോഷങ്ങളിൽ മുഖ്യ കാർമികനായിരുന്ന താമരശേരി രൂപതാധ്യക്ഷൻ റെമിജിയൂസ് ഇഞ്ചനാനി പിതാവിന്റെയും ഇടവക വികാരി റവ.ഫാ. ഫ്രാൻസിസ് കോലഞ്ചേരി അച്ചന്റെയും സഹവികാരി റവ.ഫാ. സജി ഞവരക്കാട്ട് അച്ചന്റെയും അനുഗ്രഹാശിസുകളോടെ വിശുദ്ധരുടെ മുൻപിൽ ആദരവോടെ മേളം അവതരിപ്പിച്ചു ചെണ്ടക്കാരന്റെ സര്‍ഗാത്മകതയുടെ അതിരില്ലാത്ത ആഘോഷമാക്കി ഈ അരങ്ങേറ്റത്തെ മാറ്റുവാൻ സാന്തോം ബീറ്റ്സിനെ സഹായിച്ചത് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയായ പ്രസിദ്ധ ചെണ്ട അധ്യാപകനായ പോരൂർ ഹരികൃഷ്ണൻ മാഷാണ്.
ശബ്ദവിന്യാസങ്ങളുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തി കൊടുമുടിയോളം ഉയരത്തിലേക്ക് തായമ്പകയുടെ നാദസാധ്യതകളെ കലാപരമായി ഉയർത്തി കൊട്ടുവാൻ ടീം അംഗംങ്ങളുടെ ആത്മാർഥമായ സമർപ്പണവും ത്യാഗവും ഒപ്പം ഹരികൃഷ്ണൻ മാഷിന്റെ മൂന്നു മാസത്തോളം നീണ്ട ചിട്ടയായ ഓൺലൈൻ പരിശീലനവും കാരണമായി ആസ്വാദകമനസിന്റെ വിശാലത കൂടുതല്‍ തിരിച്ചറിഞ്ഞു ടീം കോഓർഡിനേറ്റർമാരായ ക്ളീറ്റസ് ആന്റണിയുടെയും വിനോജ് വർഗീസിന്റെയും ലീഡ് ജോജന്റെയും നേതൃത്വത്തിൽ അജി മാത്യു, അരുൺ ജോർജ്, ബിജു, ക്രിസ് ജോബി, സൈജോ ഫിലിപ്പ്, ഡേവിസ് ജോസ്, ജെ.ജെ. എബിൻ, വി.പി. ജിയോ, ഗിബ്സൺ മാത്യു, ജിജോ പൗലോസ്, ജോമോൻ വർഗീസ്, ജോബിൻ ജേക്കബ്, ജോമിൻ, ജിമ്മി സെബാസ്റ്റ്യൻ, മെൽബിൻ, മിൽട്ടൺ, നെൽസൺ, രാജീവ് ജോർജ്, റോയ് എബ്രഹാം, ഷിജു, ഷൈജു ദേവസി, സിജോ ജെയിംസ്, വിൻസെന്റ് ജോർജ്, ലിബി എബ്രഹാം നെടി എന്നീ ഇടവക അംഗങ്ങൾ ആണ് ശാലീനതയും രൗദ്രവും ഒരുപോലെ സന്നിവേശിപ്പിച്ചു താളമൊരുക്കാൻ തായമ്പക തോളിലേറ്റിയത്.
Tags : Melbourne Santhome Beats Australia