ബെര്‍ലിന്‍: കേരള സര്‍ക്കാരിന്റെ ജര്‍മനിയിലേയ്ക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍വിന്‍ പദ്ധതിയുടെ ഭാഗമായി ജോലി, തൊഴില്‍ പഠനം തുടങ്ങിയ കാര്യങ്ങള്‍ക്കായി ജര്‍മനിയിലെ വിവിധ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്താന്‍ നോര്‍ക്ക സിഇഒ അജിത് കോളശേരി, ലോക കേരളസഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ് ഐഎഎസ് എന്നിവര്‍ ബെര്‍ലിനിലെത്തി.
ചൊവ്വാഴ്ച വൈകുന്നേരം സംസ്കാര ജര്‍മനി സംഘടനയുടെ നേതൃത്വത്തില്‍ മലയാളികളുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. നോര്‍ക്കയുടെ ട്രിപ്പിള്‍വിന്‍ പദ്ധതിയിലൂടെ ആയിരിത്തിലധികം നഴ്സുമാര്‍ ജര്‍മനിയിലെ 13 സംസ്ഥാനങ്ങളിൽ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നുണ്ടന്ന് അജിത് കോളശേരി പറഞ്ഞു.

ഇനിയും പുതിയ മേഖലകളെക്കൂടി ചേര്‍ത്ത് പദ്ധതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും സിഇഒ പറഞ്ഞു. നോർക്കയുടെ പുതിയ പദ്ധതിയായ നോർക്ക കെയറിനെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.
ലോക കേരളസഭയുടെ ആവശ്യകതയെപ്പറ്റിയും പ്രവാസികള്‍ കേരളത്തിന്റെ ഭാവിയില്‍ ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കാന്‍ ലോക കേരളസഭ പോലുള്ള ഒരു പ്ലാറ്റ്ഫോമിൽ ചേരേണ്ടതിന്റെ പ്രാധാന്യവും ആസിഫ് കെ. യൂസഫ് വിശദീകരിച്ചു.
സംസ്കാര പ്രതിനിധികളെ കൂടാതെ ബര്‍ലിന്‍ മലയാളി അസോസിയേഷന് ഭാരവാഹികളും പങ്കെടുത്തു. അത്താഴവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
Tags : Norka Sangham Germany NRI News