കുവൈറ്റ് സിറ്റി: ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള "റൈസിംഗ് ഭാരത്' പ്രവാസി മഹോത്സവം ജനുവരി 30ന് അഹമദി ഡിപിഎസ് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെയും കുവൈറ്റിലെയും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും. സാംസ്കാരിക സമ്മേളനം, കലാ-സാംസ്കാരിക പരിപാടികൾ എന്നിവ മഹോത്സവത്തെ ശ്രദ്ധേയമാക്കും.
കുവൈറ്റിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്ക് "പ്രവാസി സമ്മാൻ 2026' പുരസ്കാരങ്ങൾ നൽകി ആദരിക്കും.

ഇന്ത്യയിലെ സമുന്നത സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നൽകുന്ന പി.പി. മുകുന്ദൻ പുരസ്കാരം ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റ് ഈ വർഷം മുതൽ നൽകും.
മഹോത്സവത്തിന്റെ ഭാഗമായി "പ്രഗ്യാ' എന്ന പേരിൽ സ്മരണികയും പ്രകാശനം ചെയ്യും. വാർത്താസമ്മേളനത്തിൽ വാർഷിക പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.
ഭാരതീയ പ്രവാസി പരിഷത്തിന്റെ പ്രസിഡന്റ് സുധീർ വി. മേനോൻ, ജനറൽ സെക്രട്ടറി ഹരി ബാലരാമപുരം, ജോയിന്റ് സെക്രട്ടറി രാജ് ഭണ്ഡാരി, മീഡിയ സെക്രട്ടറി സുജിത് സുരേശൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.