ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (മാഗ്) 2026ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന "ടീം യുണൈറ്റഡ്' പാനലിൽ നിന്ന് പ്രമുഖ യുവജന - കായിക സംഘാടകനായ സന്തോഷ് ആറ്റുപുറം (മാത്യു തോമസ്) ജനവിധി തേടുന്നു.
ഹൂസ്റ്റണിലെ കായിക പ്രേമികൾക്കിടയിൽ സുപരിചിതനായ സന്തോഷ്, നിലവിൽ ഫോമ നാഷണൽ സ്പോർട്സ് കോഓർഡിനേറ്ററായും (2024-2026) സേവനമനുഷ്ഠിക്കുന്നു. 2024-ൽ മാഗിന്റെ സ്പോർട്സ് കോഓർഡിനേറ്ററും ബോർഡ് അംഗവുമായിരുന്നു.
കൂടാതെ, സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ക്രിക്കറ്റ് ക്ലബിന്റെ പ്രസിഡന്റായും (2023-2024) പ്രവർത്തിച്ചിട്ടുണ്ട്. എംഡി ആൻഡേഴ്സൺ കാൻസർ സെന്ററിൽ സ്റ്റേഷനറി എൻജിനിയറായ അദ്ദേഹം, ഷുഗർലാൻഡ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകയിലെ സജീവ അംഗം കൂടിയാണ്.
ഹൂസ്റ്റണിൽ യുവാക്കൾക്കായി നിരവധി കായിക ടൂർണമെന്റുകളും പരിപാടികളും സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള സന്തോഷ്, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.
"നേരാണ് പാത, നന്മയാണ് ലക്ഷ്യം' എന്ന മുദ്രാവാക്യവുമായി എത്തുന്ന ടീം യുണൈറ്റഡിന്റെ പ്രവർത്തനങ്ങൾക്ക് സന്തോഷിന്റെ സ്ഥാനാർഥിത്വം കരുത്തുപകരും.
റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയവർ അണിനിരക്കുന്നു.
ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.