കുവൈറ്റ് സിറ്റി: തനിമ കുവൈറ്റ് 19-ാം ദേശീയ വടംവലി മത്സരവും 13-ാം പേൾ ഓഫ് ദ സ്കൂൾ അവാർഡ് ദാനവും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സൻസീലിയ എവർ റോളിംഗ് ട്രോഫിക്കായുള്ള വടംവലി മത്സരം അബ്ബാസിയ ഇന്റിഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓപ്പൺ ഫ്ലഡ്ലെെറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയാണ് നടക്കുക.
പ്രശസ്ത മലയാള സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ സ്മരണാർഥം മത്സരം നടക്കുന്ന വേദിക്ക് എം.ടി. നഗർ എന്ന് നാമകരണം ചെയ്തിട്ടുണ്ട്. മത്സരവേദി വ്യവസായിയും ആറാം ഡാൻ ബ്ലാക്ക് ബെൽറ്റ് (ജപ്പാൻ) കരാട്ടെ വിദഗ്ധനുമായ സുരേഷ് കാർത്തിക് ഉദ്ഘാടനം ചെയ്യും.
പൊതുസമ്മേളനത്തിൽ പോർച്ചുഗീസ് ഇന്റർനാഷണൽ വോളിബോൾ താരം ജോസെ പെട്രോ ഗോമസ്, എൻആർഐ ടഗ് ഓഫ് വാർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഹർവിന്ദർ സിംഗ് എന്നിവർക്കൊപ്പം കുവൈറ്റ് സാംസ്കാരിക പൗരപ്രമുഖരും വിവിധ വ്യവസായികളും പങ്കെടുക്കും.
കുവൈറ്റിലെ 24 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന-പഠനേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്ക് ഡോ. എ.പി.ജെ. അബ്ദുൽ കലാം "പേൾ ഓഫ് ദി സ്കൂൾ' അവാർഡുകളും യുഐഎസിലെ ഏഴാം ക്ലാസിലെ മികച്ച വിദ്യാർഥിക്ക് നൽകുന്ന "ബിനി മെമ്മോറിയൽ അവാർഡും' വിതരണം ചെയ്യും.
മലേഷ്യയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ കുവൈറ്റ് നാഷണൽ ടഗ് ഓഫ് വാർ ടീമിന് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. 20 ടീമുകൾ പങ്കെടുക്കുന്ന ഇത്തവണത്തെ വടംവലി മമാങ്കത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30ൽ പരം താരങ്ങളും മത്സരിക്കും.
ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടക്കുന്ന ഈ മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച താരങ്ങൾക്ക് ഇന്ത്യയിലെ ദേശീയ മത്സരങ്ങളിൽ കുവൈറ്റിനെ പ്രതിനിധീകരിക്കാനുള്ള അവസരവും ലഭിക്കും.
വാർത്താസമ്മേളനത്തിൽ ഓണത്തനിമ കൺവീനർ ബിനിൽ സ്കറിയ, പ്രോഗ്രാം കൺവീനർ ജേക്കബ് വർഗീസ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ബാബുജി ബത്തേരി, തനിമ സ്പോർട്സ് കൺവീനർ ജിൻസ് മാത്യു, തനിമ ജനറൽ കൺവീനർ ജോജിമോൻ തോമസ്, തനിമ ഓഫീസ് സെക്രട്ടറി ജിനു കെ. അബ്രഹാം, തനിമ ട്രഷറർ റാണാ വർഗീസ്, ഓണത്തനിമ ജോയിന്റ് കൺവീനർ ഡൊമിനിക് ആന്റണി, ഓണത്തനിമ ഫിനാൻസ് കൺവീനർ ഷാജി വർഗീസ്, തനിമ ജോയിന്റ് കൺവീനർ വിജേഷ് വേലായുധൻ, എൻആർഐ ടഗ് ഓഫ് വാർ ഫെഡറെഷൻ ജനറൽ സെക്രെട്ടറി ഡി.കെ. ദിലീപ്, തനിമ ലേഡീസ് വിംഗ് കൺവീനർ ഉഷ ദിലീപ്, മീഡിയ കൺവീനർ മുബാറക് കാമ്പ്രത്ത് എന്നിവർ പങ്കെടുത്തു.
Tags : thanima kuwait tug of war nri news