പ്രിസ്റ്റൺ: യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തിൽ യുകെയിലെ ഫാഷൻ രംഗത്ത് തരംഗമായി മാറിയ മാണിക്കത്ത് ഇവന്റ്സുമായി ചേര്‍ന്ന് നോർത്ത് വെസ്റ്റിലെ പ്രിസ്റ്റൺ പാർക്ക് ഹാൾ ഹോട്ടൽ ആൻഡ് സ്പായിൽ വച്ച് യുക്മ "ശ്രേഷ്ഠ മലയാളി 2025' പുരസ്കാരദാനവും - മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ ആൻഡ് സൗന്ദര്യമത്സരവും ഈ മാസം 22ന് സംഘടിപ്പിക്കപ്പെടുന്നു.
മാണിക്കത്ത് ഇവന്റ്സ് സംഘടിപ്പിക്കുന്ന "മിസ് & മിസിസ് മലയാളി യുകെ 2025' എന്ന പരിപാടിയ്ക്കൊപ്പമാവും യുക്മയുടെ അവാർഡ് ദാനവും മറ്റ് പരിപാടികളും നടക്കും. ഒരു ദിവസം മുഴുവൻ നീണ്ടു നില്ക്കുന്ന സംഗീത - നൃത്ത ഇനങ്ങൾക്കൊപ്പം വൈവിധ്യമാർന്ന നിരവധി പരിപാടികളും കോർത്തിണക്കി ഒരൊറ്റ മത്സരത്തിനപ്പുറം മിസിസ് മലയാളി യുകെ, മിസ് മലയാളി യുകെ, മിസ് ടീൻ മലയാളി യുകെ, ലിറ്റിൽ മലയാളി മങ്ക ആൻഡ് ശ്രീമാൻ, മലയാളി ശ്രീമാൻ യുകെ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലാണ് മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുളളത്.
"മിസ് ആൻഡ് മിസിസ് മലയാളി യുകെ 2025' എന്ന പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയിൽ മലയാള സിനിമാ മേഖലയിലെ സെലിബ്രിറ്റി അതിഥികളായ പ്രേമും സ്വാസികയും പങ്കെടുക്കുകയും ഫൈനലിസ്റ്റുകളുമായി വേദി പങ്കിടുകയും ചെയ്യും. കമൽ രാജ് മാണിക്കത്താണ് ഈ ഷോ സംവിധാനം ചെയ്ത് ആശയരൂപീകരണം നടത്തിയിരിക്കുന്നത്.
തെരഞ്ഞെടുത്ത വിഭാഗങ്ങൾക്കുളള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. യുകെയിലുടനീളമുള്ള ഏതൊരു മലയാളിക്കും മലയാളി അഭിമാനത്തിന്റെ ഈ ഐക്കണിക് ആഘോഷത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഫാഷൻ, വിനോദം എന്നിവ നിറഞ്ഞ ഒരു മുഴുവൻ ദിവസത്തെ പരിപാടിയിൽ നൃത്തസംവിധാന പ്രകടനങ്ങൾ, അതിശയിപ്പിക്കുന്ന ഫാഷൻ ഷോ, സെലിബ്രിറ്റികളുടെ അവതരണങ്ങൾ, പ്രഫഷണൽ പ്രൊഡക്ഷൻ എന്നിവ ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 07774966980. ഈ വർഷത്തെ യുക്മ ദേശീയ കലാമേളകളുടെ കലാതിലകം - കലാപ്രതിഭ പട്ടങ്ങള്‍ ലഭിച്ചവരെയും ആദരിക്കും. ഇതോടൊപ്പം യുക്മ കേരളാപൂരം 2025 വള്ളംകളി മത്സരങ്ങളിലെ ജേതാക്കളേയും വേദിയിൽ ആദരിക്കും. കൂടാതെ യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ "യുക്മ ഫോർച്യൂൺ ലോട്ടറി - 2025' പദ്ധതിയുടെ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനവും അന്നേ ദിവസം നടത്തപ്പെടും.
യുകെയിലെ പ്രവാസി മലയാളി സമൂഹത്തിൽ നിന്നും വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളതും പ്രവാസി മലയാളികൾക്കിടയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കിയവർ, ജീവകാരുണ്യ - സന്നദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിവരുന്നതും മലയാളികൾക്കിടയിൽ വിവിധ സഹായങ്ങൾ നല്‍കിയിട്ടുള്ളതുമായ ഏതാനും ചില ആളുകളെ കൂടി ആദരിക്കുന്നതിനും യുക്മ ലക്ഷ്യമിടുന്നുണ്ട്.
യുക്മയുടെ അംഗ അസോസിയേഷൻ ഭാരവാഹികൾ, യുക്മ പ്രതിനിധികൾ, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർക്ക് ആദരിക്കുന്നതിന് അർഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദമായ വിവരങ്ങൾ ബയോഡേറ്റ സഹിതം നൽകാവുന്നതാണ്.
യുക്മ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സബ് കമ്മിറ്റി ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങൾ അയയ്ക്കേണ്ടത് സെക്രട്ടറിയുടെ ഇ-മെയിലിലാണ് ([email protected]). ലഭിക്കേണ്ട അവസാന തീയതി 15 നവംബർ 2025 വൈകുന്നേരം അഞ്ച് വരെ.
കുര്യൻ ജോർജ്