District News
ചാലക്കുടി: കോടശേരി പഞ്ചായത്ത് പരിധിയിലെ മേച്ചിറയിലും പരിസര പ്രദേശങ്ങളിലും ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ഏർപ്പെടുത്തിയിരുന്ന നിർമാണ നിയന്ത്രണങ്ങളിൽനിന്ന് ജനവാസ മേഖലകളെ ഒഴിവാക്കിയതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. ജിയോ ളജിക്കൽ സർവേ ഓഫ് ഇന്ത്യ സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങളിലെ നിർമാണ വിലക്ക് പിൻവലിച്ചത്.
നിർമാണനിയന്ത്രണംമൂലം പ്രദേശത്തെ ജനങ്ങൾ നേരിട്ട പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സനീഷ്കുമാർ ജോസഫ് എം എൽ എ സർക്കാ രിലേക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനത്തിനു വഴിതെളിഞ്ഞത്. വിഷയം തുടർച്ചയായി നിയമസഭയലും അവതരിപ്പിച്ചി രുന്നു. കഴിഞ്ഞ എട്ടുവർഷമായി പ്രദേശവാസികൾ നേരിട്ടിരുന്ന പ്രശ്നമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.
2018 ലെ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട് സംസ്ഥന ദുരന്ത നിവാരണ അഥോറിറ്റിയുടെ ഉരുൾപൊട്ടൽ ഉപദേശകസമിതി നടത്തിയ പഠന റിപ്പോർട്ടിന്റെ അടി സ്ഥാനത്തിലാണു നിർമാണനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
District News
എഴുകോൺ : കൊല്ലം തിരുമംഗലം ദേശീയപാതയോരത്ത് എഴുകോൺ പഞ്ചായത്ത് അറിയാതെ ബസ് വെയ്റ്റിംഗ് ഷെഡിന്റെ നിർമാണം പൊടിപൊടിക്കുന്നു. നിലവിൽ ബസ് വെയ്റ്റിംഗ് ഷെഡ് ഉള്ളതിന് സമീപം തന്നെയാണ് യാത്രക്കാർക്കും കാൽനടയാത്രക്കാർക്ക് അസൗകാര്യമുണ്ടാക്കി നടപ്പാത കൈയേറി പുതിയ ബസ് വെയ്റ്റിംഗ് ഷെഡ് നിർമിക്കുന്നത്.
ഇതിനായി ഫൗണ്ടേഷനും ബേസ്മെന്റും ഇതിനകം കെട്ടിക്കഴിഞ്ഞിട്ടുണ്ട്. ചീരങ്കാവ് ജംഗ്ഷനിൽ കൊല്ലം ഭാഗത്തേക്ക് ഇപ്പോൾ ഒരു ഷെഡ് നിലവിലുണ്ട്. എന്നാൽ അതിനു സമീപത്തായി വീണ്ടും ഒരു ഷെഡ് അതേ ദിശയിൽ ഫൗണ്ടേഷൻ ഇട്ടിരിക്കുകയാണ്. എഴുകോൺ റെയിൽവേ സ്റ്റേഷന് മുന്നിൽ ഫുട്പാത്ത് മൊത്തം കവർന്ന് വെള്ളക്കെട്ടുള്ള ഭാഗത്തും ബസ് വെയ്റ്റിംഗ് ഷെഡ് പണിയുകയാണ്.
ഇതെല്ലാം ചില നേതാക്കളുടെ പേരെഴുതി വെക്കാനാണെന്നാണ് ആക്ഷേപം ഉയരുന്നത്.എഴുകോൺ കോളന്നൂർ ഭാഗത്ത് സ്വകാര്യ സ്കൂളിന് മുമ്പിൽ റോഡിനു വീതിയില്ലാത്ത സ്ഥലത്ത് നടപ്പാത മുഴുവനും കവർന്ന് വെയ്റ്റിംഗ് ഷെഡ് ഉണ്ടാക്കുകയാണ്.
ഇതെല്ലാം ജനങ്ങൾക്ക് ഉപകാരമല്ലാത്തതും റോഡ് അപകടങ്ങൾ ഉണ്ടാക്കുന്നതുമായിട്ടും അധികൃതർ ഇക്കാര്യത്തിൽ കണ്ണടയ്ക്കുകയാണ്. ഇത്തരം നിർമാണ പണികൾ ഒന്നും പഞ്ചായത്ത് അറിഞ്ഞുകൊണ്ടല്ല ചെയ്യുന്നതെന്നാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറയുന്നത്.
ചില നേതാക്കളുടെ പേരെഴുതി വെക്കാൻ ചില രാഷ്ട്രീയ പാർട്ടികളാണ് ഇതിനു പിന്നിലെന്നും നടപ്പാത കൈയേറി നടത്തുന്ന ഇത്തരം അതിക്രമങ്ങൾക്ക് എതിരെ നടപടി വേണമെന്നാണ് തിരുമംഗലത്തെയും കോളന്നൂരിലെയും നാട്ടുകാർ ആവശ്യപ്പെടുന്നത്.
District News
റാന്നി: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. അടുത്ത സെപ്റ്റംബറോടെ കെട്ടിടം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനാകുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.
കിഫ്ബി മുഖേന 15.6 കോടി രൂപ ചെലവഴിച്ചാണ് പുതിയ മൂന്നു നില കെട്ടിടം നിര്‍മിക്കുന്നത്. പുതിയ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലത്തിന്റെ അപര്യാപ്തത നിര്‍മാണം അനിശ്ചിതമായി നീളാനിടയായി. ഇതിനുവേണ്ടി 56 സെന്റ് സ്ഥലമാണ് 3.73 കോടി രൂപയ്ക്ക് സ്വകാര്യ വ്യക്തികളില്‍ നിന്ന് വിലയയ്ക്കു വാങ്ങിയത്. സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വൈകിയതു നിര്‍മാണം വൈകാന്‍ ഇടയാക്കി. പൊതുമേഖല സ്ഥാപനമായ ഹെറ്റ്സിനാണ് നിര്മാണച്ചുമുതല.
17,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിനുള്ളില്‍ ഓപ്പറേഷന് തിയേറ്റർ, ഫിസിയോതെറാപ്പി യൂണിറ്റ്, ദന്ത പരിശോധന യൂണിറ്റ്, പാലിയേറ്റീവ് കെയർ, രോഗികള്‍ക്കുള്ള കിടപ്പുമുറികള്‍, വാര്‍ഡുകൾ, ലാബ്സൗകര്യങ്ങള്‍, മരുന്ന് സൂക്ഷിക്കുവാന്‍ ഉള്ള സ്ഥലം, രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ എത്തുന്നവര്‍ക്ക് വിശ്രമസ്ഥലങ്ങൾ, ലിഫ്റ്റ് സംവിധാനം ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
District News
കോയന്പത്തൂർ: ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്ക് പങ്കെടുക്കുന്നതിനായി കോയമ്പത്തൂരിൽ പാരാലിമ്പിക് സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നതിന് ഭരണാനുമതി ലഭിച്ചു.
കോർപറേഷൻ വെസ്റ്റ് സോണിലെ വാർഡ് നമ്പർ 33 ലെ ജീവ നഗർ പ്രദേശത്താണ് കോംപ്ലക്സ് നിർമിക്കുക. ഏകദേശം 1.10 ഏക്കർ സ്ഥലത്ത് 9.90 കോടി രൂപ ചെലവിൽ ഇൻഡോർ സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നതിനാണ് ഭരണാനുമതിയായത്.
ജിംനേഷ്യം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക കാത്തിരിപ്പ് മുറികൾ, ടോയ്ലറ്റുകൾ, യോഗ കേന്ദ്രം, പ്രഥമശുശ്രൂഷാ കേന്ദ്രം, കാണികൾക്ക് ഇരിപ്പിട സൗകര്യം, കഫറ്റീരിയ എന്നിവയുൾപ്പെടെ വിവിധ സൗകര്യങ്ങളുള്ള അന്താരാഷ്ട്ര നിലവാരമുള്ള സ്പോർട്സ് കോംപ്ലക്സാണ് ലക്ഷ്യമിടുന്നത്. പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നു കോർപ്പറേഷൻ കമ്മീഷണർ ശിവഗുരു പ്രഭാകരൻ പറഞ്ഞു.
District News
പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ സെക്യൂരിറ്റി കാബിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. കളക്ടറേറ്റില്‍ ജോലി ചെയ്യുന്ന നാലു സുരക്ഷാജീവനക്കാര്‍ക്കുള്ള വിശ്രമകേന്ദ്രം എന്ന നിലയിലാണ് സെക്യൂരിറ്റി കാബിന് നിര്‍മിച്ചിരിക്കുന്നത്.
കളക്ടറേറ്റ് പ്രവേശന കവാടത്തിനു സമീപത്തായാണു കാബിൽ നിർമിച്ചത്. വിശ്രമസങ്കേതത്തില്‍ ഫാനും ആഹാര സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും ചായ, കോഫി എന്നിവ നിര്‍മിക്കുന്നതിനുമായുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കളക്ടറേറ്റിന്റെ പ്രവേശന കവാടത്തിനു സമീപം ഒരു മേശയും കസേരയും മാത്രമായിരുന്നു ഇതുവരെ സുരക്ഷാജീവനക്കാര്‍ക്ക് ആശ്രയമായി ഉണ്ടായിരുന്നത്. പകുതിവഴിയില്‍ നിര്‍മാണം നിലച്ചിരുന്ന കാബിന്റെ നിർമാണം ഒരാഴ്ച മുമ്പാണ് പൂര്‍ത്തീകരിച്ചത്.
International
ബാങ്കോക്ക്: തായ്ലാൻഡിൽ ട്രെയിനിന് മുകളിൽ ക്രെയിൻ തകർന്നുവീണുണ്ടായ അപകടത്തിൽ 28 പേർ മരിച്ചു. 64 പേർക് പരിക്കേറ്റു.
നിർമാണം നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന ക്രെയിനാണ് തകർന്ന് വീണത്. ക്രെയിൻ വീണതിന് പിന്നാലെ ട്രെയിനിലെ ചില ബോഗികളിൽ തീപിടിത്തമുണ്ടാവുകയും ചെയ്തു.
195 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തകർ ട്രെയിനിൽ നിന്നും മുഴുവൻ യാത്രക്കാരേയും പുറത്തിറക്കി. അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം സംബന്ധിച്ച് അന്വേഷണം നടത്താൻ തായ്ലാൻഡ് സർക്കാർ ഉത്തരവിട്ടുണ്ട്.
ബാങ്കോക്കിൽ നിന്ന് വടക്ക്-കിഴക്കൻ പ്രവിശ്യയായ ഉബോൺ റാചാതാനിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ചൈനയുടെ സാങ്കേതിക സഹായത്തോടെ നിർമിക്കുന്ന ആകാശ റെയിലിന്റെ നിർമാണത്തിന് വേണ്ടിയാണ് ക്രെയിൻ കൊണ്ട് വന്നത്.
Kerala
തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അന്തരിച്ച കെ.എം. മാണിയുടെ പേരിൽ സ്മാരകം നിർമിക്കുന്നതിനായി കവടിയാറിൽ ഭൂമി അനുവദിച്ചു. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കെ.എം. മാണി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷൻ സ്ഥാപിക്കുന്നതിനായി, കെ.എം. മാണി ഫൗണ്ടേഷനു തിരുവനന്തപുരം കവടിയാറിൽ 25 സെന്റ് ഭൂമിയാണ് അനുവദിച്ചത്. ജല അഥോറിറ്റിയുടെ കൈവശമുള്ള ഭൂമി ആർ ഒന്നിന് 100 രൂപ നിരക്കിൽ 30 വർഷത്തേക്കു പാട്ടത്തിനു നൽകും.
കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനും ഭൂമി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. തലശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയിലാണ് കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ ഭൂമി പാട്ടത്തിനു നൽകും.
ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്ക്കോ നല്കാന് പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷനു സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടുള്ളത്.
District News
ഒറ്റപ്പാലം: നഗരസഭയുടെ സാംസ്കാരികനിലയ നിർമാണം വേഗത്തിലാക്കാൻ തീരുമാനം. നിർമാണപ്രവൃത്തികൾ സ്തംഭിച്ച അവസ്ഥയിലായിരുന്നു കിടന്നിരുന്നത്. ഇതിനാണ് പരിഹാരമാവുന്നത്. നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ ധാരണയായതിനെ തുടർന്ന് മൂന്നാംനിലയിലെ ബാൽക്കണിയുടെ കോൺക്രീറ്റിംഗ് നടത്തി. ഇത് പൂർത്തിയായതോടെ മേൽക്കൂരയുടെ നിർമാണമാണ് ഇനി നടത്തുന്നത്.
പുതിയ മോഡലിലുള്ള ഷീറ്റ് മേയാനാണ് പദ്ധതി. സംസ്ഥാന ബജറ്റിൽനിന്നുള്ള 5.30 കോടിരൂപ ചെലവിലാണ് സാംസ്കാരികനിലയം പണിയുന്നത്. ഈസ്റ്റ് ഒറ്റപ്പാലം പാലത്തിനടുത്ത നഗരസഭാ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന് സമീപത്തായാണ് ആധുനികരീതിയിലുള്ള സാംസ്കാരികനിലയം നിർമിക്കുന്നത്. നഗരസഭയുടെ 62 സെന്റിൽ മൂന്നുനിലകെട്ടിടമാണ് നിർമിക്കുന്നത്.
കെട്ടിടത്തിന് ഏകദേശം 25,000 ചതുരശ്രയടി വിസ്തീർണമുണ്ടാകും. കോൺഫറൻസ് ഹാൾ, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സ്ഥലം, ലൈബ്രറി, വിശാലമായ പാർക്കിംഗ് ഏരിയ എന്നിവയുമുണ്ടാകും. ബാൽക്കണിയുൾപ്പെടെ 1,000 പേരെ ഉൾക്കൊള്ളാനാകും. രാഷ്ട്രീയ -സാംസ്കാരിക പരിപാടികൾ ഉൾപ്പെടെ നടത്താൻ കഴിയും.
ഒറ്റപ്പാലത്ത് നഗരസഭയുടെ ഓപ്പൺ ഓഡിറ്റോറിയമുണ്ടെങ്കിലും കൂടുതൽ ആളുകളെ ഉൾക്കൊള്ളാനാകില്ല. ബസ്സ്റ്റാൻഡിനോട് ചേർന്നുകിടക്കുന്ന ഓഡിറ്റോറിയം ഇടുങ്ങിയതും പാർക്കിംഗ് സൗകര്യം ഇല്ലാത്തതുമാണ്. ഈ പോരായ്മ മുന്നിൽക്കണ്ടാണ് പി. ഉണ്ണി എംഎൽഎയായിരുന്ന കാലത്ത് എല്ലാ സൗകര്യത്തോടുംകൂടിയ സാംസ്കാരിക നിലയമെന്ന പദ്ധതിക്ക് രൂപംകൊടുക്കുന്നത്.
2019-ൽ ഭരണാനുമതിയായ പദ്ധതിയുടെ നിർമാണം വർഷങ്ങളായി വിവിധ കാരണങ്ങളാൽ നീളുകയായിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരമായത്. അടിയന്തര പ്രാധാന്യത്തോടെ കെട്ടിട നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.
District News
നെടുമ്പാശേരി: പുതുതായി നിർമിക്കുന്ന പുറയാർ റെയിൽവേ മേൽപ്പാലത്തിന്റെ പൈലിംഗ് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദ് അലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശേരി, വൈസ് പ്രസിഡന്റ് സജീന ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൗഷാദ് പാറപ്പുറം, ഷെരീഫ് ഹാജി എന്നിവർ സന്നിഹിതരായിരുന്നു.
മേൽപ്പാലത്തിന് 34.90 കോടി രൂപയാണ് നിർമാണ ചെലവ്. സ്ഥലം ഏറ്റെടുക്കാൻ 18.81 കോടി രൂപയും മുടക്കിയിട്ടുണ്ട്. 627 മീറ്റർ ആണ് മേൽപ്പാലത്തിന്റെ നീളം. 10.15 മീറ്റർ വീതിയുണ്ട്. രണ്ടു വരി ഗതാഗതത്തിന് കഴിയും വിധമാണ് പാലം നിർമിക്കുന്നത്.
അപ്പ്രോച്ച് റോഡിന്റെ നീളം 290 മീറ്ററും വീതി അഞ്ചു മീറ്ററുമാണ്. സർവീസ് റോഡും ഉണ്ടായിരിക്കും. റോഡ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ് പാലത്തിന്റെ നിർമാണ ചുമതല.
District News
വൈക്കം: നിർദിഷ്ട തുറവൂർ-പമ്പ സംസ്ഥാന പാതയുടെ ഭാഗമായ നേരേകടവ്- മാക്കേക്കടവ് കായൽപാലം നിർമാണവുമായി ബന്ധപ്പെട്ട അവസാന ഗർഡറും ഇന്നലെ നേരേകടവ് ഭാഗത്ത് സ്ഥാപിച്ചു. പാലത്തിന് ആകെ 22 സ്പാനുകളാണുള്ളത്.
ഇതിൽ 20ാം സ്പാനിന്റെ മേൽത്തട്ട് കോൺക്രീറ്റിംഗിനുള്ള ജോലികൾ പുരോഗമിക്കുന്നതിനൊപ്പം നേരേകടവ് ഭാഗത്തെ 150 മീറ്റർ അപ്രോച്ച് റോഡ് നിർമിക്കുന്നതിനുള്ള സംരക്ഷണഭിത്തി കെട്ടുന്നതിനുമുള്ള നടപടികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
മാക്കേക്കടവിൽ അപ്രോച്ച് റോഡ് നിർമാണനടപടികൾ ഉടൻ ആരംഭിക്കും. പാലത്തിന്റെ കൈവരികൾ നിർമിക്കുന്ന ജോലികൾ മാക്കേക്കടവിലെ യാഡിൽ പുരോഗമിക്കുകയാണ്. അടുത്ത മാസം അവസാനത്തോടെ നിർമാണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.
11.23 മീറ്റർ വീതിയിലാണ് നേരേകടവ് - മാക്കേക്കടവ് പാലം നിർമിക്കുന്നത്. 98.09 കോടി രൂപ ചെലവിൽ സംസ്ഥാന പൊതുമരാമത്ത് പാലം വിഭാഗമാണ് നിർമാണം നടത്തുന്നത്. വർഷങ്ങൾ നീണ്ട കേസുകളും തർക്കങ്ങളുമായി നിലച്ച നിർമാണം 2024 മാർച്ചിലാണ് പുനരാരംഭിച്ചിത്.
നേരേകടവ് മുതൽ ഉദയനാപുരംവരെ നീളുന്ന രണ്ടര കിലോമീറ്റർ റോഡിന് നിലവിൽ നാലു മീറ്റർ വീതി മാത്രമാണുള്ളത്. റോഡിന്റെ വശങ്ങളിൽനിന്നു ഭൂമി ഏറ്റെടുത്ത് 11 മീറ്റർ വീതിയിൽ നിലവിലുള്ള കലുങ്കുകൾ പുതുക്കിപ്പണിത് ആധുനിക നിലവാരത്തിലുള്ള റോഡ് നിർമിക്കുന്നതിന് ഏകദേശം 85 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ പദ്ധതി സർക്കാരിന്റെ സജീവ പരിഗണനയിലാണ്. വരുന്ന ബജറ്റിൽ ഈ പദ്ധതി സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള റോഡിന്റെ പരമാവധി വീതിയിൽ ബിഎംആൻഡ് ബിസി നിലവാരത്തിൽ മറ്റ് അനുബന്ധ പ്രവർത്തികളടക്കം പൂർത്തീകരിക്കാൻ ആവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് എംഎൽഎ പറഞ്ഞു.
ഇന്നലെ രാവിലെ നേരേകടവിൽ പാലത്തിന്റെ അവസാന ഗർഡർ സ്ഥാപിക്കുന്നതിന്റെ സന്തോഷം പങ്കിടാൻ മുൻ എംപി എ.എം. ആരിഫ്, എംഎൽഎമാരായ സി.കെ.ആശ, ദലീമ തുടങ്ങിയവർ എത്തിയിരുന്നു.
District News
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിലെ അതിജീവിതർക്ക് കൽപ്പറ്റ എൽസ്റ്റണ്‍ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ ടൗണ്‍ഷിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു.
ടൗണ്‍ഷിപ്പിലെത്തി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ 250 വീടുകളുടെ വാർപ്പാണ് പൂർത്തിയായത്. നിർമാണ മേഖലയിലെ അഞ്ച് സോണുകളിലും ദ്രുതഗതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. എസ്റ്റേറ്റ് ബംഗ്ലാവിൽ സൂക്ഷിച്ചിരിക്കുന്ന നിർമാണ സാമഗ്രികളുടെ പരിശോധനയും മന്ത്രി വിലയിരുത്തി. ടൗണ്‍ഷിപ്പിലെ അഞ്ച് സോണുകളും മന്ത്രി സന്ദർശിച്ചു.
District News
പുൽപ്പള്ളി: ഗ്രാമപ്പഞ്ചായത്തിലെ വേലിയന്പം കവലയിൽ നിർമാണം പൂർത്തിയാക്കിയ ലോമാസ്റ്റ് ലൈറ്റ് പ്രവർത്തിപ്പിക്കാൻ നടപടിയായില്ലെന്ന പരാതിയുമായി നാട്ടുകാർ.
2025 മാർച്ച് 31ന് നിർമാണം പൂർത്തിയാക്കിയ വേലിയന്പം കവലയിലെ ലോമാസ്റ്റ് ലൈറ്റാണ് ഒന്‍പത് മാസം കഴിഞ്ഞിട്ടും തെളിയാതെ കിടക്കുന്നത്. ഇവിടെ നിന്നും 100 മീറ്റർമാറി വേലിയന്പം സ്കൂളിന് സമീപം സ്ഥാപിച്ച ലൈറ്റിന്റെ നിർമാണ പ്രവൃത്തി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് 2022-2023 വാർഷിക പദ്ധതിയിലാണ് 1,80,952 രൂപ എൽഇഡി ലോമാസ്റ്റ് ലൈറ്റ് നിർമിക്കാൻ അനുവദിച്ചത്. നിർമാണം പൂർത്തിയാക്കിയിട്ടും ലൈറ്റ് തെളിയിക്കാൻ നടപടി വൈകാൻ കാരണം ജനപ്രതിനിധികൾ തമ്മിലുള്ള ശീതസമരമാണെന്നും പലതവണ എംഎൽഎയോടും മറ്റ് ജനപ്രതി പ്രതിനിധികളോടും പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു.
വന്യമൃഗശല്യം ഏറെ അനുഭവപ്പെടുന്ന നെയ്ക്കുപ്പ വനാതിർത്തിയോട് ചേർന്നാണ് വേലിയന്പം. പകൽ സമയത്തുപോലും ആനശല്യം ഏറെ അനുഭവപ്പെടുന്ന മേഖലയായിട്ടുപോലും ലൈറ്റ് തെളിയിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ തയാറാകത്തതിനെതിരേ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
District News
പുനലൂർ: പുനലൂർ പട്ടണത്തിൽ കല്ലടയാറിനു കുറുകെയുള്ള റെയിൽവേ പാലത്തിനു സമാന്തരമായി കാൽനടക്കാർക്കുള്ള നടപ്പാതയുടെ നിർമാണം പൂർത്തിയാകുന്നു. സംസ്ഥാന ഹൈവേയിൽ പുനലൂർ ഹൈസ്കൂൾ ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന പാലം മറുകരയിൽ ഭരണിക്കാവ് റോഡിൽ മൂർത്തിക്കാവിനു സമീപത്താണ് അവസാനിക്കുന്നത്.
പാലത്തിലൂടെ വിദ്യാർഥികളടക്കം നിരവധി യാത്രക്കാർ സ്ഥിരമായി സഞ്ചരിക്കാറുണ്ട്. ഹൈസ്കൂൾ ജംഗ്ഷനിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണിക്കാവ് ഭാഗത്തു നിന്ന് എത്തുന്ന വിദ്യാർഥികൾ റെയിൽവേ പാലത്തിലൂടെയാണ് വന്നുപോകുന്നത്. ഇല്ലെങ്കിൽ തിരക്കേറിയ റോഡിലൂടെ ഒരു കിലോമീറ്ററിലധികം നടക്കേണ്ടതുണ്ട്.
ട്രെയിൻ വരുമ്പോൾ കാൽനടക്കാർക്കു കയറിനിൽക്കാൻ പാലത്തോട് ചേർന്ന് ഇരുഭാഗത്തും പലയിടത്തും പ്ലാറ്റ്ഫോം ഉണ്ടെങ്കിലും ഇതു സുരക്ഷിതമല്ലാതായതോടെയാണ് വശത്തായി പ്രത്യേകം നടപ്പാത നിർമിക്കണമെന്ന ആവശ്യം ഉയർന്നത്.
രണ്ടര അടി വീതിയിൽ സുരക്ഷിതമായ ഉയരത്തിൽ കൈവരിയോടെയാണ് ലോഹത്താലുള്ള നടപ്പാത നിർമിക്കുന്നത്. അടുത്തതന്നെ പാതയുടെ നിർമാണം പൂർത്തിയാകും.
ലൈൻ വൈദ്യുതീകരണം പൂർത്തിയായതോടെ ഇതുവഴി കൂടുതൽ ട്രെയിനുകൾ സർവിസ് നടത്താനുള്ള ആലോചനയിലാണ് റെയിൽവേ.ഇതുകൂടി മുന്നിൽകണ്ടാണ് സുരക്ഷയുടെ ഭാഗമായി നടപ്പാത നിർമിക്കാൻ റെയിൽവേ അധികൃതർ തയാറായത്.
District News
ആലുവ: വലിയ ആഘോഷത്തോടെ ഏഴുമാസം മുമ്പ് തറക്കല്ലിട്ട ആലുവ മാർക്കറ്റ് സമുച്ചയ നിർമാണം നിലച്ചു. 11 മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര- സംസ്ഥാന പദ്ധതിയാണ് ഒന്നര മാസമായി മുടങ്ങിക്കിടക്കുന്നത്.
പൈലിംഗ് പ്രവർത്തനം പോലും പൂർത്തിയാക്കാതെ ഒന്നര മാസത്തിലേറെയായി പദ്ധതി നിശ്ചലാവസ്ഥയിലാണ്.
പൈലിംഗിനായി നീക്കിയ മണ്ണും മണലുമെല്ലാം കൂമ്പാരമായെന്നും അവ നീക്കം ചെയ്ത ശേഷമേ പൈലിംഗ് പുനരാരംഭിക്കാൻ കഴിയൂവെന്നുമാണ് കരാറുകാരൻ പറയുന്നത്. ഇതിന് കരാർ ട്രേഡ് യൂണിയനുകളാണ് എടുത്തിരിക്കുന്നത്. പൈലിംഗ് ജോലികൾക്കു ശേഷമുള്ള നിർമാണം ഊരാളുങ്കൽ സൊസൈറ്റി നേരിട്ട് ചെയ്യും.
മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവർത്തിച്ച് 11 മാസത്തിനകം കെട്ടിടം ഉയർത്തുമെന്ന ഫിഷറീസ് മന്ത്രി സജി ചെറിയാൻ ആലോചനായോഗത്തിൽ പറഞ്ഞെങ്കിലും പദ്ധതിയുടെ പൈലിംഗ് പോലും പൂർത്തീകരിക്കാനായിട്ടില്ല. തെരഞ്ഞെടുപ്പ് തിരക്കുകളിലും മുങ്ങിയതോടെ പദ്ധതി പ്രദേശത്ത് ഇപ്പോൾ നാഥനില്ലാത്ത അവസ്ഥയിലാണ്.
District News
കൊട്ടിയം: ഉമയനല്ലൂരിൽ വീടി െ ന്റ ടെറസിന് മുകളിൽ പ്രവർത്തിച്ചിരുന്ന പരസ്യ ബോർഡ് നിർമാണ സ്ഥാപനം കത്തിനശിച്ചു.കഴിഞ്ഞദിവസം രാത്രി ഒൻപതോടെയാണ് തീപിടുത്തമുണ്ടായത്.
ഉമയനല്ലൂർ ജംഗ്ഷനടുത്ത് നിസാറി െ ന്റ ഉടമസ്ഥതയിലുള്ള വീടി െ ന്റ ടെറസിൽ ഷെമീർ എന്നയാൾ നടത്തി വന്ന ബോർഡ് നിർമാണ ശാലയാണ് കത്തിനശിച്ചത്.തീ പിടിക്കുമ്പോൾ ജീവനക്കാർ ആരുമില്ലായിരുന്നു.
ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ നീക്കം ചെയ്യാൻ കഴിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും കൊട്ടിയം പോലീസുരക്ഷാപ്രവർത്തനം നടത്തി. കൊല്ലത്തു നിന്നും രണ്ടു യൂണിറ്റ് ഫയർ ഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
District News
കോന്നി: അരുവാപ്പുലം- ഐരവണ്‍ പാലത്തിന്റെ നിര്‍മാണ പുരോഗതി കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു വിലയിരുത്തി.
12.25 കോടി രൂപ ചെലവില്‍ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിര്‍മാണജോലികള്‍ പുരോഗമിക്കുന്നത്.
പാലത്തിന്റെ മുഴുവന്‍ തൂണുകളുടെയും നിര്‍മാണം പൂര്‍ത്തിയായിരുന്നു. രണ്ടു തൂണുകളെ ബന്ധിപ്പിച്ച് ഡക്ക് സ്ലാബും പൂര്‍ത്തിയാക്കി.
നദിയില്‍ വെള്ളം കുറഞ്ഞ സാഹചര്യത്തില്‍ മൂന്നു തൂണുകളും പരസ്പരം ബന്ധിപ്പിക്കുന്ന ബീമുകളുടെയും സ്ലാബിന്റെയും നിര്‍മാണം ക്രിസ്മസിനു ശേഷം ആരംഭിക്കും.
അപ്രോച്ച് റോഡിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. 12 മീറ്റര്‍ വീതിയില്‍ ഏറ്റെടുത്ത റോഡ് സംരക്ഷണഭിത്തികളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് മണ്ണ് നിക്ഷേപിച്ച് എര്‍ത്ത് വര്‍ക്ക് പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
പാലത്തിനു ആകെ 183.7 മീറ്റര്‍ നീളവും ഇരുവശത്തും 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതയോടും കൂടി ആകെ 11 മീറ്റര്‍ വീതിയുമാണുള്ളത്.
പാലത്തിന് നദിക്കു കുറുകെ മൂന്ന് സപാനുകളും ഇരുകരകളിലുമായി ആറ് ലാന്‍ഡ് സപാനുകളുമാണുള്ളത്.ഇവയില്‍ ഒരു ലാന്‍ഡ് സപാന്‍ ഐരവണ്‍ ഭാഗത്തും അഞ്ച് ലാന്‍ഡ് സ്്പാനുകള് അരുവാപ്പം ഭാഗത്തുമാണുള്ളത്.
പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അജിത്ത്, അസി.എന്‍ജിനിയര്‍ ഷീജ തോമസ്, കരാര്‍ കമ്പനി എംഡി രാജീവ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ഷേമ ശേഖര്‍, അരുവാപ്പുലംഗ്രാമപഞ്ചായത്തഗം ധനേഷ്, തുടങ്ങിയവര്‍ എംഎല്‍എയ്ക്കൊപ്പം ഉണ്ടായിരുന്നു.
Kerala
കൊച്ചി: വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വയനാട് പ്രകൃതി സംരക്ഷണ സമിതി നല്കിയ ഹര്‍ജിയാണ് തള്ളിയത്.
തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ അനുമതികളും പൂർത്തിയാക്കിയാണ് നിർമ്മാണം തുടങ്ങിയതെന്നും ഹൈക്കോടതി അറിയിച്ചു.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഈ വർഷം ഓഗസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കര പാതയുടെ നിര്‍മാണ ഉദ്ഘാടനം നിർവഹിച്ചത്.
Kerala
കൊച്ചി: പ്രകൃതിയെ തകര്‍ക്കാതെ പരിസ്ഥിതിക്ക് അനുയോജ്യമായി കെട്ടിട നിര്‍മാണം നടത്തണമെന്ന് പത്മശ്രീ ജേതാവും ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് സ്ഥാപകനുമായ ആര്‍ക്കിടെക്ട് ഡോ. ജി. ശങ്കര്‍.
കേരള മാനേജ്മെന്റ് അസോസിയേഷന്റെ ഇന്‍സൈറ്റ് എക്സ് സീരീസിന്റെ 12-ാമത് എഡിഷനില്‍ ‘ഹരിത കെട്ടിടങ്ങള്‍ക്കപ്പുറം; സുസ്ഥിരതയെന്നാല്‍ ജീവിതരീതി’ എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദിലീപ് നാരായണന് സ്വാഗതവും ലേഖ ബാലചന്ദ്രന് നന്ദിയും പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം കലൂരിൽ മെട്രോ നിർമാണത്തിനിടെ വീണ്ടും പൈപ്പ് പൊട്ടി. കലൂർ സ്റ്റേഡിയം റോഡില്‍ മുഴുവൻ വെള്ളം കെട്ടിക്കിടക്കുകയാണ്. പൈപ്പ് പൊട്ടിയതിന് പിന്നാലെ ഉമാ തോമസ് എംഎൽഎയുടെ നേതൃത്വത്തില്‍ കോൺഗ്രസ് പ്രവർത്തകര്‍ റോഡ് ഉപരോധിച്ചു.
ഈ രാത്രിയില്‍ അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കില്ലെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള മറുപടിയെന്നും ആളുകൾ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും ഉമാ തോമസ് പറഞ്ഞു.
കൂടാതെ, കുടിവെള്ളം ഇല്ലാത്തവരുടെ വീടുകളിലേക്ക് വെള്ളം എത്തിക്കേണ്ടത് കെഎംആർഎലിന്റെ ഉത്തരവാദിത്വമാണെന്നും ഇത് വലിയ വീഴ്ചയാണ്, കുളിക്കാനോ കുടിക്കാനോ വെള്ളമില്ലാത്ത അവസ്ഥയിലാണ് ആളുകൾ എന്നും ഉമാ തോമസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ദേശീയപാത നിർമാണം നടക്കുന്നതെങ്കിൽ സംസ്ഥാന സർക്കാരിനും ഇടപെടാൻ നിയമങ്ങൾ ഏറെയുണ്ട്. കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരും നിയമങ്ങൾ പ്രയോഗിക്കാതിരുന്നതാണ് സംസ്ഥാനത്തു സുരക്ഷിതത്വമില്ലാതെ ദേശീയപാത നിർമിക്കുന്നതിനെ തുടർന്ന് അടിക്കടി അപകടങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്.
കളക്ടർമാർക്കും പോലീസിനും തൊഴിൽ വകുപ്പിനും ദേശീയപാത വിഭാഗത്തിനും മലിനീകരണ നിയന്ത്രണ ബോർഡിനും അടക്കം നിർമാണത്തിലെ അപാകതകളും സുരക്ഷിതത്വമില്ലായ്മയും പൊടിശല്യവും തടയാൻ നിയമത്തിൽ ഒട്ടേറെ വ്യവസ്ഥകളുണ്ട്. നിർമാണ സൈറ്റുകളിലെ സുരക്ഷ ഉറപ്പാക്കാൻ 1996ലെ ബിസിഒഡബ്ല്യു നിയമപ്രകാരം തൊഴിൽ വകുപ്പിനും ദേശീയപാതയുടെ സുരക്ഷയ്ക്ക് കേരള ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ജില്ലാ കളക്ടർമാർക്കും പൊതുമരാമത്ത് വകുപ്പിനും ഇടപെടാനാകും.പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കളക്ടർ അധ്യക്ഷനായ ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിക്കും ഇടപെടാനാകും.
നിർമാണം നടക്കുന്പോഴും സുരക്ഷിതമായ ഗതാഗത സൗകര്യം ഒരുക്കേണ്ടതുണ്ടെന്നാണ് വിവിധ സുപ്രീംകോടതി വിധികൾ വ്യക്തമാക്കുന്നത്. ഇതിന്റെ നഗ്നമായ ലംഘനമാണ് കൊല്ലം കൊട്ടിയത്തെ ദേശീയപാത നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നത്. നാട്ടുകാർ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥ തലത്തിൽ സുരക്ഷ പരിശോധിക്കാൻ തയാറാകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരേയും കേസ് അടക്കമുള്ള നിയമ നടപടി സ്വീകരിക്കാൻ പോലീസിനു കഴിയും.
ദേശീയപാത കേന്ദ്ര പട്ടികയിലാണ് ഉൾപ്പെടുത്തിയതെങ്കിലും പൊതു ക്രമം (പബ്ലിക് ഓർഡർ), പോലീസ്, റോഡ് സുരക്ഷാ നടപ്പാക്കൽ എന്നിവയെല്ലാം സംസ്ഥാനത്തിന്റെ ചുമതലയിലാണ് വിഭാവനം ചെയ്യുന്നത്.
ഭാരതീയ ന്യായ സംഹിത പ്രകാരം അശ്രദ്ധമൂലമുണ്ടാകുന്ന മരണം, ജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ, പൊതുവഴിയിൽ അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കരാറുകാർക്കും എൻജിനീയർമാർക്കും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരേ എഫ്ഐആർ ഇട്ട് പോലീസിന് കേസെടുക്കാം. അസ്ഥിരമായ മണ്‍തിട്ടകൾ, വേലികെട്ടാത്ത കുഴികൾ, വെളിച്ചമില്ലാത്ത വഴിതിരിച്ചുവിടലുകൾ തുടങ്ങിയ അപകട സാഹചര്യങ്ങളിൽ ജില്ലാ/സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് ഉത്തരവിടാനാകും.
അപകടങ്ങൾ ഒഴിവാക്കാനും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും റോഡ് സുരക്ഷ ഉറപ്പാക്കാനും പോലീസിനുള്ള കടമകളും നിയമത്തിൽ പറയുന്നുണ്ട്.എന്നാൽ, കേരളത്തിലെ പോലീസ് ഹെൽമറ്റും സീറ്റ് ബെൽറ്റും പിടിച്ച് സംസ്ഥാന സർക്കാരിന് പൈസ ഉണ്ടാക്കാനുള്ള നടപടി മാത്രമാണ് സ്വീകരിക്കുന്നതെന്ന വിമർശനവും സംസ്ഥാനത്തു വ്യാപകമാണ്.
സുരക്ഷിതമല്ലാത്ത പാതകളിൽ ഗതാഗതം നിയന്ത്രിക്കേണ്ടതും ബാരിക്കേഡുകളും സൈനേജുകളും ലൈറ്റിംഗ് തുടങ്ങിയവ നിർബന്ധമാക്കേണ്ടതും പോലീസിന്റെ അധികാര പരിധിയിൽ വരുന്നവയാണ്. ഇതോടൊപ്പം കേരള റോഡ് സുരക്ഷാ അഥോറിറ്റി ആക്ട് അനുസരിച്ച് സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും ഇവിടെ സംസ്ഥാന സർക്കാരും സ്വീകരിച്ചിട്ടില്ലെന്നതു വ്യക്തമാണ്.
Kerala
കൊച്ചി: മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ അടിപ്പാതകളുടെ നിര്‍മാണം ഇഴയുന്നതില്‍ ഹൈക്കോടതി ഹൈവേ അഥോറിറ്റിയില്‍നിന്ന് റിപ്പോര്‍ട്ട് തേടി. പണി പൂര്‍ത്തിയാക്കേണ്ട സമയപരിധിയടക്കം അറിയിക്കാനാണു നിര്‍ദേശം. കരാര്‍ കമ്പനിയോടും വിശദീകരണം തേടിയിട്ടുണ്ട്.
അറ്റകുറ്റപ്പണി വളരെ സാവധാനമാണു നടക്കുന്നതെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആമ്പല്ലൂരില്‍ 2024 സെപ്റ്റംബറില്‍ തുടങ്ങിയ പണികള്‍ ഇപ്പോഴും പ്രാരംഭദശയില്ത്തന്നെയാണെന്നു കളക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു.
തുര്‍ന്നാണ് കരാറിലെ സമയപരിധി അറിയിക്കാന്‍ ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയത്. ഹര്‍ജികള്‍ ഒമ്പതിനു വീണ്ടും പരിഗണിക്കും.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കൊരട്ടിയില്‍ ഉള്‍പ്പെടെ ട്രാഫിക് ഗാര്‍ഡുകള്‍ കുറവാണെന്നും കളക്ടര്‍ അധ്യക്ഷനായ മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. ആവശ്യത്തിനു വെളിച്ചവും സിഗ്നലുമില്ല .
ഇതു സംബന്ധിച്ച് ദേശീയപാത അഥോറിറ്റിക്കു നോട്ടീസയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ആകെ 16 ട്രാഫിക് വാര്‍ഡന്മാരാണുള്ളത്.
50 പേരെക്കൂടി ലഭ്യമാക്കാന്‍ സംസ്ഥാന അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു പോരായ്മകളും പരിഹരിക്കുമെന്നും വിശദീകരിച്ചു. ഇക്കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കി, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തുടർന്ന് കോടതി ഹൈവേ അഥോറിറ്റിയോടു നിര്‍ദേശിച്ചു.
Kerala
കൊച്ചി: ആലുവ-മൂന്നാര്‍ ദേശീയപാതയിലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള റോഡ് നിര്‍മാണത്തിലെ സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. നിര്‍മാണം നടക്കുന്നത് റവന്യു ഭൂമിയിലാണോ വനഭൂമിയിലാണോയെന്നു സര്‍ക്കാര്‍ തീരുമാനിക്കണമെന്നു കോടതി ആവശ്യപ്പെട്ടു.
വനഭൂമിയിലെന്ന് ആദ്യം അറിയിച്ചശേഷം പിന്നീട് റവന്യു ഭൂമി എന്നു തിരുത്തിയ സര്‍ക്കാര്‍ നിലപാടിലും കോടതി സംശയം പ്രകടിപ്പിച്ചു. ദേശീയപാതാ വികസനം നടക്കേണ്ട ഭൂമിയുടെ യഥാര്‍ഥ ഉടമസ്ഥത റവന്യു വകുപ്പിനാണോ വനം വകുപ്പിനാണോ എന്നു വ്യക്തമാക്കി ചീഫ് സെക്രട്ടറി വിജ്ഞാപനമിറക്കണമെന്നും കോടതി നിര്‍ദേശിച്ചു.
റിസര്‍വ് വനമല്ലെന്നാണ് ഉത്തരവെങ്കില്‍ പാത വീതികൂട്ടുന്ന നടപടിയുമായി ദേശീയപാതാ അഥോറിറ്റിക്കു മുന്നോട്ടുപോകാം. അതേസമയം, കോടതിയുടെ അന്തിമ തീര്‍പ്പില്‍ ഇതു വനമാണെന്നു കണ്ടെത്തിയാല്‍ വനസംരക്ഷണ നിയമം ലംഘിച്ചതിനുള്ള പ്രത്യാഘാതങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നേരിടേണ്ടിവരുമെന്നും ചീഫ് ജസ്റ്റീസ് നിതന്‍ ജാംദാര്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
ഡിസംബര്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കും. മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കണമെന്നാവശ്യപ്പെട്ടു തൊടുപുഴ സ്വദേശി എം.എന്‍. ജയചന്ദ്രന് ഫയല്‍ ചെയ്ത ഹര്‍ജിയും ദേശീയപാതാ അഥോറിറ്റിയുടെ റിവ്യൂ ഹര്‍ജിയുമാണ് കോടതി പരിഗണിക്കുന്നത്. 13 കിലോമീറ്റര്‍ ദൂരത്തില്‍ പാതയുടെ വികസനം നടത്തുന്നത് വനഭൂമിയിലാണെന്ന ആക്ഷേപം ഒരു വശത്തുണ്ട്. പാതയുടെ അപര്യാപ്തത കാരണമുള്ള ഗതാഗതക്കുരുക്കും സുരക്ഷാപ്രശ്നവും മറുഭാഗത്തുണ്ടെന്നും പറഞ്ഞ കോടതി സന്തുലിതമായ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.
മണ്ണിടിച്ചിലും മറ്റു പരിസ്ഥിതിപ്രശ്നങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണം. അടയാളപ്പെടുത്തിയ പ്രദേശത്തു മാത്രമേ നിര്‍മാണം നടത്താവൂവെന്നും കോടതി നിര്‍ദേശിച്ചു.