Kerala
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഏര്‍പ്പെടുത്തിയ സ്വരാജ് മാധ്യമ പുരസ്കാരം ദീപിക പാലക്കാട് ബൂറോ ചീഫ് എം.വി. വസന്തിന്.
കഴിഞ്ഞ ഓഗസ്റ്റില്‍ ദീപികയില്‍ പ്രസിദ്ധീകരിച്ച "കൊഴിയരുത് പൊന്‍വസന്തം’ എന്ന വാര്ത്താപരമ്പരയ്ക്കാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഈ മാസം 19ന് കണ്ണൂര്‍ ആന്തൂരില്‍ സംഘടിപ്പിക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ മന്ത്രി പിണറായി വിജയന് സമ്മാനിക്കും.
2003 മുതല്‍ ദീപികയില്‍ പ്രവര്‍ത്തിക്കുന്ന വസന്ത് 2016ലെ സംസ്ഥാന സര്‍ക്കാരിന്റെ ജനറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന് യുവപ്രതിഭ പുരസ്കാരം, സംസ്ഥാന സര്‍ക്കാര്‍ ബി.ആര്. അംബേദ്കര്‍ അവാര്‍ഡ്, സംസ്ഥാന ശിശുക്ഷേമ സമിതി മാധ്യമ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
പാലക്കാട് ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളിനു സമീപം വിഎസ്എ ഭവനത്തില്‍ റിട്ടയേഡ് സെയില്‍സ് ടാക്സ് അസിസ്റ്റന്റ് കമ്മീഷണര്‍ ഐ. വാസുവിന്റെയും കെ. ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: സുനന്ദ. മക്കള്‍: ശ്രീനന്ദ (ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് സ്കൂള്‍,) ശ്രീരുദ്ര (യംഗ് വേള്‍ഡ് സ്കൂള്‍ ചിറ്റൂര്‍).
Kerala
കോട്ടയം: നിഷ്പക്ഷമായി തങ്ങളുടെ പത്രധർമം നിർവഹിക്കുന്ന ദീപികയുടെ പ്രസക്തിയേറുന്ന കാലഘട്ടമാണിതെന്ന് മതാന്തര സംവാദങ്ങൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രിഫെക്ട് കർദിനാൾ മാർ ജോർജ് കൂവക്കാട്.
എന്താണു സത്യമെന്ന് അറിയാൻ വയ്യാത്ത ഇക്കാലത്ത് നമുക്ക് വിശ്വസിക്കാവുന്ന ദീപസ്തംഭങ്ങൾ കുറവാണ്. അവിടെയാണ് ദീപികയുടെ പ്രസക്തിയേറുന്നതെന്നും കർദിനാൾ പറഞ്ഞു. ദീപിക കോട്ടയം കേന്ദ്ര ഓഫീസില്‍ പുതുതായി നിർമിച്ച സ്റ്റുഡിയോയുടെ വെഞ്ചരിപ്പും ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മാർ ജോർജ് കൂവക്കാട്.
കേരള സഭയിലെ നമ്മുടെ പൂർവികന്മാരുടെ ദീർഘവീക്ഷണവും സമൂഹത്തോടുള്ള അവരുടെ പ്രതിബദ്ധതയുമാണ് ദീപികയുടെ സ്ഥാപനം. ലാഭേച്ഛ കൂടാതെ നന്മചെയ്തുകൊണ്ടും മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ടുമുള്ള പത്രധർമമാണ് ദീപികയുടേത്. ഇത് അങ്ങേയറ്റം ആദരവോടെയാണു താൻ കാണുന്നത്. ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും പറയാറുണ്ടായിരുന്നു, മാധ്യമങ്ങൾക്കുവേണ്ടത് ഇടർച്ചയുള്ള വാർത്തകളാണെന്ന്.
അതേ ആൾക്കാർ വായിക്കാറുള്ളു. അത്തരമൊരു കാലഘട്ടത്തിൽ സത്യം അറിയിക്കാനുള്ള ദൗത്യമാണ് ദീപിക നിറവേറ്റുന്നത്. ലാഭം നോക്കുകയായിരുന്നെങ്കിൽ ഇതൊക്കെ വിറ്റൊഴിഞ്ഞ് എന്നേ സുരക്ഷിതമാകാമായിരുന്നു. ചില മൂല്യങ്ങൾക്കുവേണ്ടിയാണ് പ്രതിസന്ധികളിലും പിടിച്ചുനിന്നത്. സമൂഹനന്മയ്ക്കുവേണ്ടി പ്രവർത്തിക്കാനും അവരെ ഉണർത്താനുമാണ് ദീപിക ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്ഥാപക പിതാക്കന്മാർ മുതലുള്ളവരുടെ സാമൂഹിക പ്രതിബദ്ധതയാണതെന്നും കർദിനാൾ പറഞ്ഞു.
ദീപികയുടെ ഡിജിറ്റല്‍ പ്ലാറ്റ് ഫോം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായാണ് കോട്ടയത്തു പുതിയ സ്റ്റുഡിയോ തുറന്നത്. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖ സന്ദേശം നൽകി. ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍, ചീഫ് കോര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍, ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്) ഫാ. രഞ്ജിത്ത് ആലുങ്കല്‍, കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, ചിത്രകാരൻ കൂടിയായ ഫാ. ജേക്കബ് കൂരോത്ത് തുടങ്ങിയവർ പങ്കെടുത്തു.
Editorial
കൽപ്പറ്റയിൽ 16കാരനെ വളഞ്ഞിട്ടു മർദിച്ച ഗുണ്ടകൾക്കു കുട്ടികളുടെ എന്തെങ്കിലും ലക്ഷണമുണ്ടോ? ആ ഭയാനകദൃശ്യം മുഴുവൻ കാണാൻ മുതിർന്നവർക്കുപോലും, പ്രത്യേകിച്ച്, മക്കളുള്ളവർക്കു സാധ്യമല്ല. ഈ അക്രമിസംഘത്തിനു നാളെ കൊലയാളിസംഘമാകാനുള്ള ലക്ഷണങ്ങളെല്ലാമുണ്ട്. പക്ഷേ, കൽപ്പറ്റ കുറ്റവാളികളിൽ ഒരാളൊഴികെ ആർക്കും പ്രായപൂർത്തിയായിട്ടില്ല. ശിക്ഷ ഉപദേശത്തിലും നല്ലനടപ്പിലും തീരും. അതായത്, പ്രായപൂർത്തിയാകാത്ത വേട്ടക്കാരെ സംരക്ഷിക്കാൻ നിയമമുണ്ട്. പക്ഷേ, പ്രായപൂർത്തിയാകാത്ത ഇരകൾക്ക് ആരുമില്ല. അവരിനിയും തല്ലു കൊള്ളും, ചിലപ്പോൾ കൊല്ലപ്പെടും.
കൽപ്പറ്റ മാത്രമല്ല, കേരളത്തിന്റെ മുക്കും മൂലയും ഇത്തരം കുട്ടിക്കുറ്റവാളികളും മയക്കുമരുന്നടിമകളും ഭരിച്ചുതുടങ്ങിയത് സർക്കാരോ നിയമസംവിധാനങ്ങളോ അറിഞ്ഞിട്ടില്ല. കൊടുംക്രൂരരായ ‘പൊന്നുമക്കളെ’യും അവരെ ഇവ്വിധമാക്കി അഴിച്ചുവിട്ട മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരെയും വിട്ടയയ്ക്കുന്പോൾ, ഇരകൾ അനീതിക്കിരയാകുകയാണ്. ഈ ഏർപ്പാട് പുനഃപരിശോധിക്കണം. കുറ്റകൃത്യമുണ്ട്, കുറ്റവാളിയില്ല എന്ന ദുരവസ്ഥ മാറണം.
കഴിഞ്ഞ 21നു വൈകുന്നേരം മൂന്നിനാണ് സംഭവം. ഇരട്ടപ്പേരു വിളിച്ചതിനാണ് ഫോണിലൂടെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി 16കാരനെ ഇടിച്ചും ചവിട്ടിയും വടിയൊടിയുവോളം തല്ലിയും വീഴ്ത്തിയത്. ക്രൂരത അതിരുകടന്നപ്പോൾ ദൃശ്യം പകർത്തിക്കൊണ്ടിരുന്നയാൾ മതിയെന്നു പറയുന്നുണ്ട്. പക്ഷേ, അക്രമികൾക്കു മതിയായില്ല. ഷൂസിട്ടു മുഖത്തു ചവിട്ടുന്നതും മർദിക്കുന്നവരുടെ ഓരോരുത്തരുടെയും കാലു പിടിപ്പിച്ചു മാപ്പു പറയിക്കുന്നതും ദൃശ്യത്തിലുണ്ട്. മാപ്പു പറയുമ്പോഴും മർദിക്കുകയാണ്. കുറ്റവാളികൾതന്നെ ദൃശ്യം പ്രചരിപ്പിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. അറസ്റ്റിലായ കൽപ്പറ്റ സ്വദേശി മുഹമ്മദ് നാഫി ഒഴികെയുള്ള മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. ജുവനൈൽ നിയമപ്രകാരം നടപടിയെടുക്കും. സംഭവം ചർച്ചയായതോടെ മേപ്പാടിയിലെ ആശുപത്രിയിൽ ചികിത്സ തേടി രക്ഷപ്പെടാൻ ശ്രമിച്ച നാഫിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ നേതൃത്വത്തിൽ പത്താം ക്ലാസുകാരനെ മർദിക്കുന്ന മറ്റൊരു ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
മർദിക്കുന്നവർ മാപ്പു പറയിക്കുന്നതിനൊപ്പം ഹല്ലേലുയ്യയും യേശുക്രിസ്തുവിന്റെ നാമവുമൊക്കെ ഏറ്റു ചൊല്ലിക്കുന്നതും പോലീസ് അന്വേഷിക്കേണ്ടതാണ്. കുറ്റവാളികൾക്കു മതപരമായ ദുരുദ്ദേശ്യമുണ്ടെങ്കിൽ അതു കൂടുതൽ ഗൗരവമുള്ളതാണ്. ഇല്ലെങ്കിൽ മതസ്പർധ പരത്താൻ തക്കം പാർത്തിരിക്കുന്നവർക്കു ദുർവ്യാഖ്യാനത്തിന് അവസരമുണ്ടാകും.
ദിവസങ്ങൾക്കു മുന്‍പാണ് എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂരിൽ ഒന്‍പതാം ക്ലാസുകാരനെ സഹപാഠികൾ പോലീസ് എയ്ഡ് പോസ്റ്റിലിട്ടു മർദിക്കുന്ന ദൃശ്യം പുറത്തുവന്നത്. രാവിലെ സ്കൂളിലേക്കു പോകാനായി പൈങ്ങോട്ടൂർ ബസ് സ്റ്റാൻഡിൽ ബസിറങ്ങിയ വിദ്യാർഥിയെ സഹപാഠികളും മറ്റൊരു സ്കൂളിലെ രണ്ടു വിദ്യാർഥികളും, ഉപയോഗിക്കാതെ കിടന്ന എയ്ഡ്പോസ്റ്റിലേക്കു കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. ചോരയൊലിപ്പിച്ചു ക്ലാസിലെത്തിയ വിദ്യാർഥിയെ, മാതാപിതാക്കളെ വിളിച്ചുവരുത്തി അധികൃതർ ആശുപത്രിയിലേക്കു വിട്ടു. തുടർന്നു പോലീസെത്തി കേസെടുത്തെങ്കിലും ഇരുകൂട്ടരുടെയും മാതാപിതാക്കൾ ഒത്തുതീർപ്പിലെത്തി. പക്ഷേ, അക്രമികൾതന്നെ ദൃശ്യം പുറത്തുവിട്ടതോടെ കുട്ടിയുടെ മാതാപിതാക്കൾ ക്രൂരത തിരിച്ചറിഞ്ഞ് വീണ്ടും പോലീസിനെ സമീപിക്കുകയായിരുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതുകൊണ്ടു മാത്രം ചിലതു ശ്രദ്ധിക്കപ്പെടുന്നുവെന്നേയുള്ളൂ. സ്കൂളുകളിൽ ഉൾപ്പെടെ നാടാകെ കുട്ടിക്കുറ്റവാളി സംഘങ്ങൾ പെരുകുകയാണ്. ഉത്തരവാദിത്വമില്ലാത്തവരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായ മാതാപിതാക്കളാണ് പ്രധാന ഉത്തരവാദികൾ. പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിയാതെ, കുറ്റം ചെയ്യുന്നവരെ ന്യായീകരിക്കാനും സംരക്ഷിക്കാനും വെന്പൽകൊള്ളുന്ന പക്വതയില്ലാത്ത അധ്യാപകരും ഉത്തരവാദികളാണ്. ഇവരാരും മർദനത്തിനിരയാകുന്ന കുട്ടികളുടെ മാനസികാഘാതങ്ങൾ തിരിച്ചറിയുന്നില്ല.
കേരളം അതിഗുരുതരമായൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ട്. ഇവിടത്തെ ചില രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും നടത്തിയിരുന്ന ഗുണ്ടായിസം മയക്കുമരുന്നടിക്കുന്ന പ്രായപൂർത്തിയാകാത്തവർ ഏറ്റെടുത്തിരിക്കുന്നു. സഹജീവിയെ ആക്രമിക്കാൻ ഇപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ആവശ്യമില്ല. മദ്യവും മയക്കുമരുന്നും വിതരണം ചെയ്യുന്നവർ വിദ്യാലയങ്ങളെ വലയം ചെയ്തിരിക്കുകയാണ്. അധ്യാപകർ ഭീതിയിലും നിസഹായതയിലുമായി. നാട്ടിൻപുറങ്ങളിൽപോലും ഈ കുട്ടിക്കുറ്റവാളികളെ നേരിടാൻ മുതിർന്നവർക്കും ഭയമാണ്. ഇത്തരക്കാരെ പേടിച്ച് ഉത്സവങ്ങളും പെരുന്നാളുകളും നടത്താനാകാത്ത സ്ഥിതിയായി. ചോദ്യംചെയ്താൽ സംഘം ചേർന്ന് ആക്രമിക്കും. മക്കളുടെ തോന്ന്യാസങ്ങളെ നിസാരമായി കണ്ട് അവഗണിച്ചിരുന്ന മാതാപിതാക്കൾക്കും നിയന്ത്രണം നഷ്ടമായി.
അധോലോകങ്ങളെ ലജ്ജിപ്പിക്കും വിധമുള്ള ക്രൂരതകൾക്കു മടിക്കാത്തവരെ പ്രായപൂർത്തിയായില്ലെന്ന പേരിൽ സംരക്ഷിക്കുന്ന നിയമങ്ങൾ അഴിച്ചുപണിയേണ്ടതാണ്. രാജ്യത്തെ നടുക്കിയ ‘നിർഭയ’ കൂട്ടമാനഭംഗ-കൊലപാതക കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ വിട്ടയയ്ക്കരുതെന്ന ഹർജിയുമായി 2015ൽ, ഡൽഹി വനിതാ കമ്മീഷൻ സമീപിച്ചപ്പോൾ സുപ്രീംകോടതി പറഞ്ഞത്, അയാളെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക പങ്കുവയ്ക്കുന്നെന്നും പക്ഷേ, നിലവിലുള്ള നിയമത്തിനപ്പുറത്തേക്കു പോകാൻ തങ്ങൾക്കാകില്ലെന്നുമാണ്. വനിതാ കമ്മീഷന്റെ ഹർജിയെ പിന്തുണയ്ക്കുന്നുവെന്നു ബോധിപ്പിച്ച സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്, ആദ്യം നിയമം ഉണ്ടാക്കൂ എന്നാണ്.
വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. വിദ്യാർഥിസംഘടനാ ഗുണ്ടായിസ ന്യായീകരണവും അക്രമം കുത്തിനിറച്ച പുതുതലമുറ സിനിമകളും പക്വതയുള്ളതും അച്ചടക്കത്തിൽ വളർന്നതുമായ കുട്ടികളെപ്പോലും എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കണം. മനുഷ്യർ ചോരയൊലിച്ചും പേവിഷബാധയേറ്റും നരകിക്കുന്പോൾ, അവരെ കടിച്ചുകുടഞ്ഞ നായ്ക്കൾക്കുവേണ്ടി കണ്ണീരൊലിപ്പിക്കുന്നവർ, കേരളത്തെ മുൾമുനയിൽ നിർത്തുന്നതിനു തുല്യമാണ് സ്ഥിതി. പ്രായപൂർത്തിയാകാത്ത വേട്ടക്കാരെ സംരക്ഷിക്കാൻ നിയമമുണ്ട്.
അവർ ചവിട്ടിക്കൂട്ടുന്ന പ്രായപൂർത്തിയാകാത്തവരും അല്ലാത്തവരുമായ ഇരകൾക്കു നീതിയില്ല. അനീതിയുടെ നൈയാമിക സംരക്ഷണമാണിത്. കാലഹരണപ്പെട്ട നിയമങ്ങളാണ് കോടതികളെയും നിസഹായരാക്കുന്നത്. കുട്ടികളുടെ ചെറിയ കുറ്റങ്ങൾക്ക് കഠിനശിക്ഷ നൽകണമെന്നല്ല, അവരുടെ സംഘടിതമായ കൊടുംക്രൂരതകൾക്ക് പ്രായക്കുറവിന്റെ ഇളവു നൽകി ഇരകളെ വീണ്ടും ശിക്ഷിക്കരുതെന്നാണ് പറയാനുള്ളത്. കൊടുംകുറ്റവാളികൾക്ക് പ്രായപൂർത്തിയാകാത്തതിനു നാട്ടുകാരെന്തു പിഴച്ചു?
District News
കൊച്ചി: സത്യത്തിനും സമൂഹത്തിനും വേണ്ടി എന്നും നിലകൊള്ളുന്ന പത്രമാണ് ദീപികയെന്നു ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്. കൊച്ചിയിൽ ദീപികയുടെ 139-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീപികയുമായി തനിക്ക് അടുത്ത ബന്ധമാണെന്നും ഗവർണർ പറഞ്ഞു. തന്റെ 75-ാം പിറന്നാൾ ദീപികയ്ക്കൊപ്പം ആഘോഷിക്കാൻ സാധിച്ചതിന്റെ സന്തോഷവും ഗവർണർ പങ്കുവെച്ചു.
കലൂർ ഐഎംഎ ഹാളിലാണ് ദീപികയുടെ 139-ാം വാർഷികാഘോഷം നടന്നത്. ചടങ്ങിൽ ഗവർണർ ദീപിക ഐക്കൺ അവാർഡുകൾ വിതരണം ചെയ്തു. ഹൈബി ഈഡൻ എംപി, കൊച്ചി മേയർ വി.കെ. മിനിമോൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മുൻ മന്ത്രി ടി.യു. കുരുവിള, ടോക് എച്ച് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ടെലി ജോസ്, കാൻകെയർ സീനിയർ കെയർ ഫൗണ്ടർ ഡോ.ബോബി സാറ തോമസ്, എയു സ്മോൾ ഫിനാൻസ് ബാങ്ക് റീജണൽ ഹെഡ് പി. അഭിലാഷ്, ഹെയർ ക്രാഫ്റ്റ് എയ്സ്തെറ്റിക് ക്ലിനിക്ക് ഫൗണ്ടർ സെബാസ്റ്റ്യൻ ബെൻസി, എംഎജിജെ ഹോസ്പിറ്റൽ ഡയറക്ടർ റവ. തോമസ് കരോണ്ടുകടവിൽ എന്നിവർ ദീപിക ഐക്കൺ അവാർഡുകൾ ഏറ്റുവാങ്ങി.
SUNDAY DEEPIKA
കഴിഞ്ഞ നവംബർ ഒന്നിന് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോ ഷെയർ ചെയ്തു. പനവേലിലെ തന്റെ ഫാം ഹൗസിൽ കൗബോയ് ലുക്കിൽ ഒരു കുതിരയ്ക്കു സമീപം നിൽക്കുന്ന ചിത്രം.
അതിനു താഴെ ഗായകൻ മാൻ പാനുവിനെ പേരെടുത്തുപറഞ്ഞ് അദ്ദേഹത്തിന്റെ പാട്ടിനെക്കുറിച്ച് സൽമാൻ എഴുതി- "ഒരുപാടു കാലത്തിനുശേഷം ഒരു അതിശയകരമായ പാട്ട്.. അഭിനന്ദനങ്ങൾ! ഇത് എന്റെ സിനിമയിലെ പാട്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു...'
"നൗ ഐ ആം ഡണ്‍!' എന്നായിരുന്നു ഗായകന്റെ ഹൃദയപൂർവമുള്ള മറുപടി. ഐ ആം ഡണ്‍ എന്നാണ് ആ പാട്ടിന്റെ പേരും.
ആരാണ് മാൻ പാനു?
ഉത്തരാഖണ്ഡിൽ 2000 ജൂലൈ അഞ്ചിനാണ് മാൻ പാനു എന്ന ഗായകന്റെ ജനനം. കുമയൂണ്‍ സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. ഇരുപത്തിരണ്ടാം വയസിൽ ഹൈടെക് പ്രോഓഡിയോ ഇന്ത്യ എന്ന കന്പനിയിൽ മാർക്കറ്റിംഗ് ഇന്റേണ്‍ ആയി പ്രവർത്തിച്ചുതുടങ്ങി. തുടർന്ന് ഏതാണ്ടു മൂന്നുകൊല്ലം മുംബൈയിലെ ഫർ സ്റ്റുഡിയോയിൽ അസിസ്റ്റന്റ് മ്യൂസിക് പ്രൊഡ്യൂസറായിരുന്നു.
പിന്നീട് സംഗീതനിർമാണ സ്ഥാപനമായ സോയീയിൽ ഗായകനും ഗാനരചയിതാവുമായി. കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള എട്ടുമാസക്കാലമാണ് അവിടെയുണ്ടായിരുന്നത്. സെപ്റ്റംബറിൽ അയാൾ ഒരു പാട്ടുണ്ടാക്കി. വാർണർ മ്യൂസിക് ഇന്ത്യയുടെ ഐ-പോപ്സ്റ്റാർ വോള്യം 1ൽ ഉൾപ്പെട്ട ആ ഗാനം ചെവികളിൽനിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകി. ഇതേ ഗാനത്തെയാണ് സൽമാൻ ഖാൻ ഇൻസ്റ്റഗ്രാമിൽ വാഴ്ത്തിയത്. പിന്നെയത് ദശലക്ഷങ്ങളുടെ പ്രിയഗാനമായി.
ലാളിത്യം, വൈകാരികമായ ആഴം, പാനുവിന്റെ സുന്ദരശബ്ദം- ഇത്രയും കാരണങ്ങളാണ് പാട്ടു പറന്നതിനു പിന്നിൽ. വന്പൻ ആരാധകവൃന്ദമാണ് മാൻ പാനുവിന് ഇപ്പോൾ ഉള്ളത്. ഐ-പോപ്സ്റ്റാർ റിയാലിറ്റി ഷോയിൽ ആദിത്യ രിഖാരി നയിക്കുന്ന ടീമിലെ മത്സരാർഥിയാണ് പാനു.
ഹാർട്ട്ബ്രേക്ക് ആൻതം
വിരഹഗാനങ്ങൾക്ക് എല്ലാ ഭാഷകളിലും എല്ലാ കാലത്തും ആരാധകരുണ്ട്. വ്രണിതഹൃദയങ്ങൾ ദുഃഖഗാനങ്ങൾ കേട്ടാണ് ആശ്വസിക്കാറെന്ന് പഠനങ്ങൾപോലും വന്നു. പാനുവിന്റെ പാട്ട് ഒരു ഇമോഷണൽ ബ്രേക്കിംഗ് ഫ്രീ കഥയാണ് പറയുന്നത്. വിരഹത്തിലും ആത്മവിശ്വാസം നഷ്ടപ്പെട്ടുപോയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
നിന്നെ ഞാൻ ഓർമിക്കാറില്ല, നീ പോയതിൽ എനിക്കു വിഷമവുമില്ല എന്നാണ് വരികളുടെ തുടക്കം. നിന്നെയിപ്പോൾ കാത്തിരിക്കാറില്ലെന്നും മനസിൽ ഒരു ചോദ്യവും ബാക്കിയില്ലെന്നും ഹൃദയം തകർത്തയാളോട് ഗായകൻ പറയുന്നു. ഐ-പോപ്സ്റ്റാർ പ്ലാറ്റ്ഫോമിൽ പുഞ്ചിരിക്കുന്ന മുഖത്തോടെ മാൻ പാടുന്നതു കാണുന്പോൾ പ്രണയപരാജയമൊക്കെ ഇത്രവലിയ സംഭവമാണോ എന്നു തോന്നും. ജീവിതാനുഭവങ്ങളെയാണ് താൻ വരികളും ഈണങ്ങളുമാക്കുന്നതെന്ന് അയാൾ പറയുന്നു.
തന്റെ പഴയഗാനങ്ങളിൽനിന്ന് തീർത്തും വിഭിന്നമായി ഈ പാട്ടിനെ ഒരുക്കാൻ പാനുവിനു കഴിഞ്ഞിട്ടുണ്ട്. മിനിമലിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്നതാണ് ഓർക്കസ്ട്രേഷൻ. ഹൃദയമിടിപ്പിനെ ഓർമിപ്പിക്കുന്ന ബീറ്റുകൾ. ഒരുപക്ഷേ ഒറ്റയ്ക്കിരുന്നു വീണ്ടും കേൾക്കാൻ തോന്നിപ്പിക്കും അത്.
പാട്ടുകേട്ട് ഒരാൾ എഴുതിയ കമന്റ് ഇങ്ങനെ: "വെറുതെ കരഞ്ഞുകൊണ്ടിരിക്കുന്നതിനു പകരം ഇങ്ങനെ പറയാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് തോന്നിപ്പിക്കുന്നു, ഓരോ വരികളും...' പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ ടിക് ടോക് വീഡിയോകളും മറുപടി പതിപ്പുകളും ഫീമെയിൽ വേർഷനുകളും നിറയുകയാണ് സോഷ്യൽ മീഡിയയിൽ.
ഏക് ദിൻ കാ രാജാ
പെട്ടെന്ന് എവിടെനിന്നോ വന്ന് ഒറ്റ പാട്ടുകൊണ്ട് വൈറലാവുകയും പിന്നീട് എവിടെയും കാണാതാവുകയും ചെയ്ത ഒട്ടേറെ ഗായകരുണ്ട്. ഓ, ഇങ്ങനെയൊരു ഹിറ്റ് പാട്ടുണ്ടായിരുന്നല്ലോ എന്ന് ഓർമിച്ചാലും അതിനുപിന്നിൽ ആരായിരുന്നുവെന്ന് അറിയാത്തവിധം.
എന്നാൽ ഐ ആം ഡണ്‍ കേട്ടിടത്തോളം മാൻ പാനു മറവിയിലേക്കു മായാൻ സാധ്യത കുറവാണ്. ഒരുദിവസത്തേക്കു മാത്രമുള്ള രാജാവല്ല, പാട്ടിന്റെ രാജകുമാരനാണ് അയാളെന്നു ചുരുക്കം.
Kerala
ദീപികയുടെ മ്യൂസിക് ചാനലായ ദീപിക മ്യൂസിക് ഒഫീഷ്യൽ വഴി പൊതുജനങ്ങൾക്കായി സംസ്ഥാന തലത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് കരോൾ ഗാന മത്സരം സംഘടിപ്പിക്കുന്നു.
കരോൾ ഗാന മത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ പുത്തൻ അനുഭവമായിരിക്കും കരോൾ 2025. ഇടവകകൾ, സ്ഥാപനങ്ങൾ, കൂട്ടായ്മകൾ, സംഘടനകൾ തുടങ്ങി എല്ലാവർക്കും പങ്കെടുക്കാം. ഒന്നാം സമ്മാനം പതിനായിരം രൂപ, രണ്ടാം സമ്മാനം അയ്യായിരം രൂപ, മൂന്നാം സമ്മാനം മൂവായിരം രൂപ.
ഉണ്ണീശോ, വെള്ളിമേഘങ്ങൾ, മഞ്ഞിൽ നിലാവിൽ എന്നീ ഗാനങ്ങളിൽ ഏതുവേണമെങ്കിലും മത്സരത്തിനായി തെരഞ്ഞെടുക്കാം. പാട്ടുകളുടെ കരോക്കെകൾ Deepi ka Music official , DCL DEEPIKA എന്നീ യൂട്യൂമ്പ് ചാനലുകളിൽ ലഭ്യമാണ്. കരോക്കെ വീഡിയോകളുടെ ഡിസ്ക്രിപ്ഷനിൽ അതതു ഗാനത്തിന്റെ വീഡിയോ ലിങ്കുകളും നൽകിയിട്ടുണ്ട്. ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണുകയയും ഗാനങ്ങൾ കേട്ടുപഠിക്കുകയും ചെയ്യാം. പങ്കെടുക്കുന്നവരുടെ എണ്ണം എത്രവേണമെങ്കിലുമാവാം.
ആറു പേരിൽ കുറയരുത്. നൂറു മാർക്കിലായിരിക്കും മൂല്യനിർണയം. 60 മാർക്ക് ഗാനാലാപനത്തിനും 20 മാർക്ക് ഡ്രസ് കോഡ് ക്രിസ്മസ് അലങ്കാരങ്ങൾ, വീഡിയോ ക്വാളിറ്റി എന്നിവയ്ക്കുമായിരിക്കും. നിങ്ങളുടെ വീഡിയോ Deepika Music official പാനലിൽ അപ് ലോഡു ചെയ്ത ശേഷം മൂല്യനിർണയം നടത്തുന്ന ദിവസം വരെയുള്ള വ്യൂസ്, ലൈക്ക്, കമന്റ്, സബ്സ്ക്രിപ്ഷൻ എന്നിവയ്ക്കെല്ലാം കൂടി 20 മാർക്കും ലഭിക്കും. 7034023252 എന്ന വാട്സ് ആപ്പ് നമ്പറിലേക്കോ deepikamusic @deepika. com എന്ന ഇ മെയിലിലേക്കോ മത്സരത്തിനായുള്ള വീഡിയോകൾ അയയ്ക്കാം.
വീഡിയോയോടൊപ്പം അഡ്രസും ഫോൺ നമ്പറും കൃത്യമായി ചേർത്തിരിക്കണം. വീഡിയോകൾ അയയ്ക്കേണ്ട അവസാന തീയതി ജനുവരി 15 ആണ്.
SUNDAY DEEPIKA
ആരാണ് നമ്മുടെ ജീവിതകഥ എഴുതുന്നത്? നമ്മൾതന്നെയോ അതോ ദൈവമോ? ദൈവവചനം പറയുന്നു: ""നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതുകരം പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്, ഭയപ്പെടേണ്ട. ഞാൻ നിന്നെ സഹായിക്കും'' (ഏശയ്യാ 41:13). ദൈവമാണ് നമ്മുടെ വലതുകരം പിടിച്ചിരിക്കുന്നതെങ്കിൽ നാം പോകുന്ന വഴി അവിടന്ന് തീരുമാനിക്കുന്നതുപോലെ ആയിരിക്കുമെന്നു വ്യക്തം. നാം അതിനു സഹകരിക്കണമെന്നു മാത്രം.
ഞാൻ എഴുതുന്ന ചിന്താവിഷയങ്ങളിൽ സാധാരണ എന്റെ വ്യക്തിപരമായ ജീവിതാനുഭവങ്ങൾ നേരിട്ടു വിവരിക്കാറില്ല. എന്നാൽ ഇത്തവണ ഒരനുഭവം പങ്കുവയ്ക്കുകയാണ്. അതിന് ഒരു കാരണം ഞാൻ പൗരോഹിത്യം സ്വീകരിച്ചിട്ട് ഈ ഡിസംബർ 17ന് അന്‍പതു വർഷം പൂർത്തിയാകുന്നു എന്നതാണ്. അതുപോലെ, ദീപികയിൽ തുടർച്ചയായി ഞാൻ ചിന്താവിഷയം എഴുതാൻ തുടങ്ങിയിട്ട് ഈ മാസം 40 വർഷം തികയുന്നു എന്നതും.
ഞാൻ വൈദികനാകാൻ ആഗ്രഹിച്ചത് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ മിഷൻ പ്രവർത്തനം ചെയ്യാനായിരുന്നു. എന്നാൽ ദൈവം എന്നെ കൈപിടിച്ചു നടത്തിയത് പൗരോഹിത്യവും പത്രപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകാൻ വേണ്ടിയും. അതിന്റെ സൂചന തുടക്കത്തിലേ ഉണ്ടായിരുന്നു. അന്നതു മനസിലായില്ലെങ്കിലും. എന്നാൽ ഇന്നു തിരിഞ്ഞുനോക്കുന്പോൾ എത്ര അദ്ഭുതകരമായാണ് ദൈവം എന്റെ വഴികൾ പ്ലാൻ ചെയ്തത് എന്നു മനസിലാകുന്നു.
1965 മേയ് മാസത്തിൽ എസ്എസ്എൽസി പരീക്ഷാഫലം അറിഞ്ഞദിവസം. അന്നാണ് ഞാൻ വൈദികനായി മിഷണറിയാകുവാൻ തീരുമാനിച്ച വിവരം എന്റെ അമ്മയെ അറിയിച്ചത്. ഞാൻ വൈദികനാകുന്നതിനോട് അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ അത് സിഎംഐ സമൂഹത്തിലായിരിക്കണമെന്ന് അമ്മ ആഗ്രഹിച്ചു. അതിനു കാരണം എന്നെ ദൂരദേശത്തേക്ക് അയയ്ക്കുന്നതിനുള്ള അമ്മയുടെ വൈമനസ്യവും വൈദികരോടുള്ള സഭാംഗങ്ങളോടുള്ള പരിചയവുമായിരുന്നു.
അമ്മയുടെ ആഗ്രഹം മാനിച്ച് സിഎംഐ സമൂഹത്തിൽതന്നെ ചേരാമെന്നു ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് പരീക്ഷാഫലം അറിഞ്ഞതിന്റെ പിറ്റേദിവസം എന്റെ പിതാവ് എന്നെയുംകൂട്ടി കുര്യനാട് സിഎംഐ ആശ്രമത്തിലെത്തിയത്. ആശ്രമാധിപനായിരുന്ന മണ്ണനാൽ ക്ലെയോഫാസച്ചന് എന്റെ പിതാവിനെ പരിചയമുണ്ടായിരുന്നു. തന്മൂലം കാര്യങ്ങൾക്ക് വേഗം തീരുമാനമായി. പ്രൊവിൻഷ്യലച്ചനെ കാണാനായി കോട്ടയത്തേക്കു പോകണമെന്നും അതിനായി പിറ്റേദിവസം രാവിലെ കൊവേന്തയിലെത്തണമെന്നും അദ്ദേഹം അറിയിച്ചു.
പിറ്റേന്നു രാവിലെ കൊവേന്തയിലെത്തുന്പോൾ ദീപികയുടെ ബോർഡ് വച്ച ഒരു വെളുത്ത അംബാസഡർ കാർ ആശ്രമത്തിന്റെ പോർട്ടിക്കോയിൽ കിടക്കുന്നുണ്ടായിരുന്നു. ആ കാറിലാണ് അക്കാലത്ത് കുര്യനാട് ആശ്രമത്തിലെ സെമിനാരി വിദ്യാർഥികളുടെ അസിസ്റ്റന്റ് റെക്ടറായിരുന്ന കുളത്തിനാൽ എയിഡനച്ചൻ എന്നെ പ്രൊവിൻഷ്യൽ ഹൗസിലേക്കു കൊണ്ടുപോയത്. പള്ളിവാതുക്കൽ ജയിംസച്ചനായിരുന്നു അന്നു കോട്ടയം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ. അദ്ദേഹം അന്നു സിഎംഐയിലെ വൈദിക വിദ്യാർഥിയായി എന്നെ സ്വീകരിച്ചു.
ദീപികയുടെ കാറിൽ സിഎംഐ സഭയിൽ ചേരാനെത്തിയത് ഒരു യാദൃച്ഛിക സംഭവമായിരുന്നോ? ഇന്നു പിന്തിരിഞ്ഞുനോക്കുന്പോൾ ദൈവം എന്നെക്കുറിച്ചെഴുതിയ കഥയുടെ ഒരു ഭാഗംതന്നെയായിരുന്നു ദീപികയുടെ കാറിലുള്ള ആ യാത്രയെന്ന് ഞാൻ മനസിലാക്കുന്നു. ആ കഥയുടെ ഭാഗമായിട്ടാണ് ഫിലോസഫി ബിരുദം പൂർത്തിയാക്കിയശേഷം പ്രായോഗിക പരിശീലനത്തിനായി ദീപികയുടെ കെട്ടിടത്തിൽതന്നെ പ്രവർത്തിച്ചിരുന്ന ദീപിക ബുക്ക് ഹൗസിൽ സേവനത്തിനെത്തിയതും പിന്നീട് വൈദികനായതിനുശേഷം ദീപികയിലെ സേവനത്തിന് ഒരുക്കമായി 1977ൽ ഉന്നതപഠനത്തിനായി അമേരിക്കയിൽ പോയതും.
1981ൽ അമേരിക്കയിലെ പഠനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ദീപികയുടെ എക്സിക്യുട്ടീവ് എഡിറ്ററായിട്ടായിരുന്നു നിയമനം. പിന്നീട് വിവിധ കാലഘട്ടങ്ങളിലായി മൂന്നുതവണ ചീഫ് എഡിറ്ററായി. മൂന്നാം തവണത്തെ നിയമനം മൂന്നുമാസമേ നീണ്ടുനിന്നുള്ളൂ. അതിനു കാരണം സിഎംഐ സഭയുടെ പ്രിയോർ ജനറാളായി 2008ൽ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു.
ഇതെല്ലാം ദൈവത്തിന്റെ അനന്തപരിപാലനയിൽ സംഭവിച്ച കാര്യങ്ങളാണ്. എന്നാൽ ഇതു വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. എന്റെ പൗരോഹിത്യജീവിതം ദീപികയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നത്. ഇതോടൊപ്പം എടുത്തുപറയേണ്ട ഒരു കാര്യം കഴിഞ്ഞ നാല്പതു വർഷമായി ആഴ്ചതോറും ദീപികയിൽ ഞാൻ ചിന്താവിഷയം എഴുതുന്നു എന്നതാണ്.
എക്സിക്യുട്ടീവ് എഡിറ്ററായി ദീപികയിൽ സേവനംചെയ്യുന്പോഴാണ് 1986ൽ ചിന്താവിഷയം എന്ന പംക്തി ഞാൻ ഏറ്റെടുക്കുന്നത്. ദീപികയിൽനിന്ന് എനിക്ക് മാറ്റങ്ങളുണ്ടായപ്പോഴും ബംഗളൂരു ക്രൈസ്റ്റ് കോളജിൽ പഠിപ്പിച്ചപ്പോഴും ഗവേഷണ പഠനത്തിനായി വീണ്ടും അമേരിക്കയിൽ പോയപ്പോഴും സിഎംഐ സമൂഹത്തിന്റെ പ്രിയോർ ജനറാൾ ആയിരുന്നപ്പോഴും ഈ പംക്തി തുടർന്നുകൊണ്ടേയിരുന്നു. ഇപ്പോൾ അമേരിക്കയിൽ അജപാലന സേവനം ചെയ്യുന്പോഴും ഇതു തുടരുന്നു.
ചെറുപ്പകാലത്ത് ഞാൻ രചിക്കാൻ ആഗ്രഹിച്ച എന്റെ കഥയുടെ ഭാഗമാണോ ഇതൊക്കെ? അല്ലേയല്ല. പ്രത്യുത എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായി ദൈവം രചിച്ച കഥയുടെ ഭാഗമാണ്. സിഎംഐ സമൂഹത്തിൽ ചേരാനായി ദീപികയുടെ കാറിൽ എന്നെ കോട്ടയത്ത് എത്തിച്ചത് എന്റെ ഭാവിയെ സൂചിപ്പിക്കാനായിരുന്നുവെന്ന് ഇന്നു ഞാൻ മനസിലാക്കുന്നു.
പ്രസിദ്ധ എഴുത്തുകാരനായ കാർഡിനൽ ന്യൂമൻ പറയുന്നു: ""ദൈവം ചെയ്യുന്നതെന്തെന്ന് അവിടന്ന് നന്നായി അറിയുന്നു.'' എന്നാൽ നമ്മൾ എപ്പോഴും അറിയുന്നില്ല. എങ്കിലും നാം എപ്പോഴും തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. തുടക്കത്തിൽ മാത്രമല്ല ദൈവം നമ്മോടൊപ്പമുള്ളത്, അവിടന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് എന്ന യാഥാർഥ്യം. അതു നാം അവിടത്തെ കൈപിടിച്ചു നടക്കാൻവേണ്ടിയാണുതാനും. ഇതു നാം ഒരിക്കലും മറന്നുപോകരുത്.
പൗരോഹിത്യത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും ഇഴകൾ ചേർത്ത് ദൈവം എനിക്കായി രചിച്ച ജീവിതകഥയെ ഓർത്ത് ജൂബിലിയുടെ അവസരത്തിൽ ഞാൻ അവിടത്തേക്കു നന്ദിപറയുന്നു. അതുപോലെ 1981 മുതൽ ദീപികയുടെ പ്രിയപ്പെട്ട വായനക്കാരുമായി ആത്മബന്ധം പുലർത്താൻ സാധിക്കുന്നതിനെക്കുറിച്ചോർത്തും ദൈവത്തിനു നന്ദി.
ഇനി, ദീപികയുടെ കാർ 1965 മേയ് മാസത്തിൽ എനിക്കുവേണ്ടി കുര്യനാട് ആശ്രമത്തിൽ കാത്തുകിടക്കാൻ ഇടയായത് എങ്ങനെയെന്നുകൂടി കുറിക്കട്ടെ. അക്കാലത്ത് ദീപികയുടെ സ്വന്തം കാറുകളിലായിരുന്നു പല സ്ഥലങ്ങളിലും പത്രവിതരണം നടത്തിയിരുന്നത്. ക്ലെയോഫാസച്ചൻ ദീപികയിലേക്കു വിളിച്ചുപറഞ്ഞതനുസരിച്ച് ആലുവ ഭാഗത്തേക്കു പോയിരുന്ന കാറാണ് മടക്കയാത്രയിൽ കുര്യനാട് ആശ്രമത്തിലെത്തി എനിക്കായി കാത്തുകിടന്നത്. അതാകട്ടെ ദൈവം നമ്മെ ഓരോരുത്തരെക്കുറിച്ചും എഴുതുന്നതുപോലെ, എന്നെക്കുറിച്ചെഴുതിയ കഥയുടെ ഭാഗമായിട്ടായിരുന്നു താനും.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ
ലണ്ടനിലെ ഒരു പ്രമുഖ വ്യവസായിയുടെ ക്ഷണം സ്വീകരിച്ച് വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കാനും മറ്റുചില ബിസിനസ് കാര്യങ്ങൾക്കുമായി മാക്സിം രണ്ടുദിവസത്തേക്ക് ലണ്ടനിലേക്കു പോയി.
ഞാൻ ഈ വലിയ ഭവനത്തിൽ ഒറ്റപ്പെട്ട പോലെയായി. മാക്സിമിന്റെ അസാന്നിധ്യം എന്നെ നിരുന്മേഷയാക്കി. മാൻഡെർലിയിൽ വന്നിട്ട് ഇങ്ങനെയൊരു ഏകാന്തത അനുഭവപ്പെടുന്നത് ആദ്യം. ഒറ്റയ്ക്ക് കാറിലാണു പോയിരിക്കുന്നത്. മനസിൽ വല്ലാത്ത ആധിയും ഉത്കണ്ഠയും.
മണിക്കൂറുകൾക്കുശേഷം റോബർട്ട് വന്ന് അറിയിച്ചു, "സാർ അവിടെ സുരക്ഷിതനായി എത്തി'യെന്ന്. എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഉണർവും ഉന്മേഷവും എന്നിലേക്കു തിരിച്ചുവന്നു. പുതിയൊരു സ്വാതന്ത്ര്യം കിട്ടിയപോലെ മനസു തുള്ളിച്ചാടി. അപ്പോഴേക്കും ജാസ്പ്പറും ഓടിയെത്തി. വിശപ്പില്ലാത്തതിനാൽ ലഞ്ചിനുവേണ്ടി കാത്തുനിന്നില്ല.
ഞങ്ങൾ ലോണിലേക്കു നടന്നു. അതിനപ്പുറം പടർന്നുപന്തലിച്ച് തണൽവിരിച്ചുനിൽക്കുന്ന വിവിധ വൃക്ഷങ്ങൾ, കാറ്റിൽ ചാമരം വീശുന്ന അവയുടെ ശിഖരങ്ങൾ. സൂര്യൻ ഇറക്കുമതിചെയ്യുന്ന വെയിലിനെ വൃക്ഷത്തലപ്പുകൾ തടഞ്ഞുനിർത്തി. തണലും തണുപ്പുമുള്ള ആ കാട്ടുവഴിയിലൂടെ നടന്നു. ഹാപ്പി വാലിയിൽ എത്തി അവിടെ അല്പം നിന്നശേഷം താഴ്വരയിലൂടെ ഇറങ്ങി നേരേ കടൽത്തീരത്തേക്ക്. ബീച്ചിലെ ഉച്ചച്ചൂടിനെ തണുത്ത കാറ്റ് വലിച്ചെടുത്തു. തുടർന്ന് അന്നുപോയ അതേ ഭാഗത്തേക്ക്, ബോട്ട് ഹൗസിലേക്ക്, കോട്ടേജിലേക്കു നീങ്ങി. കടൽ ശാന്തമാണ്. എങ്കിലും ചെറിയ തിരകൾ പാറക്കെട്ടുകളിൽ തട്ടി തിരിച്ചുപോകുന്നു.
ജാസ്പ്പർ നിന്നു കുരയ്ക്കുന്നുണ്ട്. ""ജാസ്പ്പർ! നീ ഇങ്ങോട്ടു വാ!'' ഒരു കൂട്ടിന് ഇവൻ നല്ലതാണ്. എന്നാൽ ചിലനേരത്ത് തീരെ അനുസരണയില്ല. വീണ്ടും ഞാൻ വിളിച്ചു. അവൻ വന്നില്ല. ഞാൻ പതുക്കെ സ്റ്റോറിന്റെ വാതിൽക്കൽ ചെന്നു. വിളിച്ചു ചോദിച്ചു: ""ഇതിനകത്ത് ആരെങ്കിലുമുണ്ടോ?'' കുനിഞ്ഞു നോക്കിയപ്പോൾ അകത്ത് ആരോ ഉണ്ട്. പതുങ്ങി നിൽക്കുകയാണ്. അയാളേക്കാൾ കൂടുതൽ പേടിച്ചത് ഞാനാണ്. നോക്കിയപ്പോൾ ബെൻ! പകച്ച് വിളറി നിൽക്കുകയാണ്. അനിഷ്ടത്തോടെ ഞാൻ ചോദിച്ചു: ""എന്താ നീ ഇവിടെ? എന്താ നിനക്കു വേണ്ടത്?''
അവൻ ഒന്നും മിണ്ടുന്നില്ല. ഭിന്നമാനസികാവസ്ഥയുടെ അതേ നോട്ടത്തോടെ ഭയന്നു നിൽക്കുകയാണ്.
""ഈ ഭാഗത്ത് ഇങ്ങനെ ചുറ്റിപ്പറ്റി നടക്കുന്നത് മാക്സിമിന് ഇഷ്ടമില്ല.''
കൈയുടെ പിറകിൽ അവൻ എന്തോ മറച്ചുപിടിച്ചിട്ടുണ്ട്.
""എന്താണ് നിന്റെ കൈയിൽ?''
അവൻ കൈ നിവർത്തിക്കാണിച്ചു. ""മീൻ പിടിക്കാനുള്ള ചൂണ്ടക്കൊളുത്ത്. ഇവിടന്ന് എടുത്തതാ.''
ഞാൻ ചെന്ന് വാതിൽ അടച്ചു കുറ്റിയിട്ടു.
""മേലിൽ ഈ ഭാഗത്തു വരരുത്. ഈ ചൂണ്ടക്കൊളുത്ത് നീ എടുത്തോളൂ!''
ഇതു കേട്ടപ്പോൾ നിധി കിട്ടിയ സന്തോഷത്തോടെ അത് അവൻ മാറോടു ചേർത്തുപിടിച്ചു. എന്നിട്ടു ദൈന്യതയോടെ പറഞ്ഞു:
""എന്നെ... എന്നെ... ഭ്രാന്താശുപത്രിയിൽ വിടരുത്. ഞാൻ ആരോടും ഒന്നും പറയില്ല...!''
""പേടിക്കേണ്ട. നിന്നെ അവിടേക്കൊന്നും വിടില്ല. മേലിൽ ഇങ്ങോട്ടു വരരുത്.''
നിറഞ്ഞ സംതൃപ്തിയോടെ എന്നെ ഒരു നിമിഷം നോക്കിയിട്ടു പറഞ്ഞു: ""മാഡത്തിന്... മാഡത്തിന്... മാലാഖയുടെ കണ്ണുകളാ.''
""നീ എന്താ വിവരക്കേടു പറയുന്നോ?''
""മാഡം... മറ്റേ മാഡത്തെപ്പോലെയല്ല.''
കൂടുതൽ പറയാൻ ഞാൻ അനുവദിച്ചില്ല. ഞാനും ജാസ്പ്പറും മടങ്ങി. കൂടെ അവനും പോന്നു. കാഴ്ചയ്ക്ക് അവൻ വലിപ്പത്തിലുണ്ടെങ്കിലും ഒരു കുട്ടിയുടെ മനസാണ്.
ഹാപ്പി വാലി വഴിതന്നെ ഞാനും ജാസ്പ്പറും മടങ്ങി.
കാടുപോലെ വളർന്നുനിൽക്കുന്ന മരങ്ങളും ഇടതൂർന്നു തലയാട്ടിനിൽക്കുന്ന ചെടികളും പച്ചപ്പുല്ലു വളരുന്ന മൈതാനവും കടന്ന് ഞങ്ങൾ വീടിനു സമീപമെത്താറായി. വാച്ചിൽ സമയം നോക്കി. നാലായിട്ടില്ല. ചായ വേണമെന്നു പറയാൻ ഫ്രിത്തിനെയോ റോബർട്ടിനെയോ കാണുന്നില്ല. അറ്റത്ത് ടെറസിലേക്കുവരെ നീണ്ടുകിടക്കുന്ന ലോണിലൂടെ ചുമ്മാ അലസമായി നടന്നപ്പോൾ ഗേറ്റിനു പുറത്ത് ഏതോ ഒരു വാഹനം കിടക്കുന്നതുപോലെ. കണ്ണിനു മുകളിൽ കൈപ്പത്തിവച്ച് ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ അതൊരു കാറാണ്. ഏതെങ്കിലും അതിഥി വന്നതായിരിക്കുമോ? അങ്ങനെയെങ്കിൽ വണ്ടി ഇങ്ങനെ നിർത്തില്ലല്ലോ.
എന്തായാലും വീടിനെ ലക്ഷ്യമാക്കി ഞാൻ ലോണിലൂടെ നടന്നു. ജനാലയുടെ ചില്ലിൽനിന്നെത്തിയ സൂര്യപ്രകാശം കണ്ണിലടിച്ചപ്പോൾ സ്വാഭാവികമായും ഞാൻ ആ ഭാഗത്തേക്കു നോക്കി. ആ നിമിഷത്തിൽ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് പടിഞ്ഞാറു ഭാഗത്തുള്ള ഒരു ജനാല തുറന്നുകിടക്കുന്നു. ജനാലയ്ക്കരികേ ആരോ ഒരാൾ നിൽക്കുന്നുണ്ട്. ഞാൻ അയാളുടെ ദൃഷ്ടിയിൽപ്പെട്ടു എന്നു തോന്നുന്നു. ഉടനെ അയാൾ തല പിൻവലിച്ചു.
അയാളുടെ അരികെനിന്ന രൂപം തത്ക്ഷണം ഒരു കൈകൊണ്ട് ജനാല അടച്ചു. അടച്ചത് മിസിസ് ഡാൻവേഴ്സ്! കറുത്ത വസ്ത്രത്തിന്റെ കൈ കണ്ടപ്പോൾ അതു മനസിലായി. ഭവനം സന്ദർശിക്കാൻ വന്ന ഏതെങ്കിലും വ്യക്തിയായിരിക്കുമോ? അങ്ങനെയാണെങ്കിൽ അതു കാണിക്കേണ്ട ചുമതല ഫ്രിത്തിനോ റോബർട്ടിനോ ആണ്. രണ്ടുപേരും അവിടെയില്ലാത്തതിനാൽ മിസിസ് ഡാൻവേഴ്സ്തന്നെ അതിനു മുതിർന്നതാവും.
ഇനി അഥവാ ആ സ്ത്രീയുടെ ഏതെങ്കിലും പരിചയക്കാരനാവുമോ വന്നിരിക്കുന്നത്? മാക്സിം സ്ഥലത്തില്ലാത്ത ദിവസംനോക്കി വന്നത് യാദൃച്ഛികമോ മനഃപൂർവമോ? ആകെയൊരു ദുരൂഹത!
ഏതായാലും ഞാൻ മുൻവശത്തെ വാതിൽ തുറന്ന് വീടിനുള്ളിലേക്കു കയറി. ഹാളിൽ ഗസ്റ്റ് വന്നതിന്റെ ലക്ഷണമായി വിസിറ്റിംഗ് കാർഡോ തൊപ്പിയോ ഒന്നും കണ്ടില്ല. അതുകൊണ്ടു ഞാൻ കൈയും മുഖവും കഴുകി മോണിംഗ് റൂമിലേക്കു ചെന്നപ്പോൾ അതു തുറന്നുകിടക്കുന്നു. എന്റെ തുന്നൽ സാമഗ്രികൾ അടങ്ങിയ ബാഗ് അവിടെനിന്നു മാറ്റി കുഷന്റെ പിന്നിൽ വച്ചിരിക്കുന്നു. ഡിവാൻമേലായിരുന്നു ഞാനത് വച്ചിരുന്നത്. അതിന്മേൽ ആരോ ഇരുന്നതായ ലക്ഷണമുണ്ട്. ഞാനും മാക്സിമും ഇല്ലാത്ത സമയത്ത് മിസിസ് ഡാൻവേഴ്സ് അങ്ങനെ ചെയ്തത് ഒരുതരം തന്നിഷ്ടവും ധിക്കാരവുമല്ലേ?
അപ്പോഴേക്കും ആ സ്ത്രീയുടെ സംസാരം കേട്ടു.
""എന്താണാവോ ഇന്നു നടത്തം കഴിഞ്ഞ് നേരത്തേ വന്നിരിക്കുന്നു. ലൈബ്രറിയിലേക്കാണു പോകുന്നതെങ്കിൽ അവർ കാണാതെ നിനക്ക് ഹാളിലൂടെ പുറത്തുപോകാം. നിൽക്ക്, ഞാൻ പോയി നോക്കട്ടെ.''
അപ്പോഴേക്കും ജാസ്പ്പർ ഓടിവന്നു. അപരിചിതനെ കണ്ട് കുരയ്ക്കാൻ തുടങ്ങി. ഇനി രക്ഷയില്ല. അയാളുടെ പരുക്കൻ സ്വരം.
""എടാ കൊച്ചു കള്ളപ്പട്ടി! നീ എന്നെ മറന്നോ?'' നായയുടെ നീണ്ട കുര. എവിടെ ഒളിക്കണമെന്നറിയാതെ ഞാൻ ഭയചകിതയായി നിന്നു. അപ്പോഴേക്കും ഒരു കാലടിശബ്ദം എന്റെ അടുത്തേക്ക് എത്തി. തുടർന്ന് അയാൾ എന്റെ മുറിയിലെത്തി. ഞാൻ വാതിലിന്റെ മറവിൽ ഒളിച്ചതുകാരണം എന്നെ ആദ്യം അയാൾക്കു കാണാനായില്ല. അപ്പോഴേക്കും നായ കുതിച്ച് എന്റെ അടുത്തുവന്നു.
ഒരദ്ഭുതവസ്തുവിനെ കണ്ടപോലെ അയാൾ എന്നെ അടിമുടി നോക്കി. ""ദയവായി ക്ഷമിക്കണം.''
നല്ല തണ്ടും തടിയുമുള്ള ഒത്ത പൊക്കമുള്ള ഒരു മനുഷ്യൻ. കാഴ്ചയ്ക്കു നിറമുണ്ടെങ്കിലും ലക്ഷണമില്ലാത്ത മുഖം. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഒരു മദ്യപാനിയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നും. അയാൾ അടുത്തുവന്നപ്പോൾ വിസ്കി മണക്കുന്നുണ്ട്. പിന്നെ എന്നെ നോക്കി ചിരിച്ചു. മറ്റു സ്ത്രീകൾക്കു കൊടുക്കുന്ന ഒരുതരം ചിരി.
""എന്നെ കണ്ട് മാഡം ഞെട്ടിയോ?''
""ഒരിക്കലുമില്ല. അകത്തു സംസാരിക്കുന്നതിന്റെ സ്വരങ്ങൾ കേട്ടു. ഗസ്റ്റുകളല്ലെന്നു മനസിലായി.''
""ശ്യോ! എന്തൊരു നാണക്കേടാണ്. എന്നോടു ക്ഷമിക്കുമെന്നു വിചാരിക്കുന്നു. സത്യം എന്താണെന്നുവച്ചാൽ ഞാൻ ഡാനിയെ ഒന്നു കാണാൻ വന്നതാ. അവൾ എന്റെ പഴയൊരു കൂട്ടുകാരിയാണ്.''
""അതിനു വിരോധമില്ല.''
അപ്പുറത്തു മറഞ്ഞുനിൽക്കുന്ന സ്ത്രീയെ നോക്കി അയാൾ പറഞ്ഞു: ""ഹലോ ഡാനി! നിന്റെ പ്ലാനും മുൻകരുതലുമെല്ലാം പാളി. ഇവിടെ ഒരാൾ ഒളിഞ്ഞുനിന്നു കേൾക്കുന്നുണ്ടായിരുന്നു.''
ഇതുംപറഞ്ഞ് അയാൾ ഒരു സിഗരറ്റെടുത്തു കത്തിച്ചു. യാതൊരു മര്യാദയുമില്ലാത്ത പ്രവൃത്തി. എന്നിട്ട് എന്നോടൊരു ചോദ്യം- ""മാക്സ് എന്തു പറയുന്നു?''
ഇതു മറ്റൊരു മര്യാദകേട്. മാക്സിമിനെ ആരും മാക്സ് എന്നു വിളിക്കാറില്ല. താനായിട്ടു ദീർഘകാലത്തെ പരിചയമുണ്ടെന്ന് എനിക്കു തോന്നാനായിരിക്കാം.
ഞാൻ പറഞ്ഞു: ""മാക്സിം ലണ്ടനിൽ പോയിരിക്കയാണ്.''
""ഈ പുതുപ്പെണ്ണിനെ എന്തേ കൂടെ കൊണ്ടുപോകാഞ്ഞത്? അതു മോശമായി.''
ഈ സമയത്ത് മിസിസ് ഡാൻവേഴ്സ് കടന്നുവന്നു. വിളറിയ മുഖം. അസ്വസ്ഥമായ നോട്ടം.
""ഡാനി! എന്നെ ഒന്നു പരിചയപ്പെടുത്ത്.''
""മാഡം, ഇത് മിസ്റ്റർ ഫാവെൽ.''
""ഓ! പരിചയപ്പെടുത്തിയതിൽ സന്തോഷം.''
ഇതിനിടയ്ക്ക് ഫാവെലിനോട് സ്ഥലംവിടാൻ അവർ കണ്ണുകൊണ്ടു സൂചന കൊടുക്കുന്നുണ്ടായിരുന്നു.
""ഞാൻ പോകട്ടെ മാഡം. വീട്ടിൽ കാത്തിരിക്കാനായി എനിക്കാരുമില്ല. ഞാനൊരു ബാച്ചിലർ ആണ്. ഗുഡ് ബൈ!''
ഇതുംപറഞ്ഞ് ഒരു പ്രത്യേക ചിരിയുമായി അയാൾ കാറിന്റെ അടുത്തേക്കു പോയി. മിസിസ് ഡാൻവേഴ്സ് ഒരു കള്ളക്കളി പൊളിഞ്ഞതിന്റെ ചമ്മലോടെ, എന്നെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാതെയാവണം വേഗം മുറിവിട്ടു പോയി.
ഞാൻ ബെല്ലടിച്ചു. ആരും വരുന്നില്ല. ആരെയും കാണുന്നില്ല. ഫ്രിത്തിനെയും റോബർട്ടിനെയും ഓരോ കാര്യങ്ങൾക്കായി പറഞ്ഞുവിട്ടിരിക്കുന്നു. വേലക്കാരികൾ അവരുടെ ക്വാർട്ടേഴ്സിൽ. എല്ലാം കരുതിക്കൂട്ടി ഒരുക്കിയ സംവിധാനങ്ങൾ. കഠിനമായ വെറുപ്പോടെ എന്റെ മനസു മന്ത്രിച്ചു: "മാൻഡെർലിയുടെ മാനംകെടുത്തിയ മഹാപാപി!'
(തുടരും)
Kerala
തൃശൂർ: പിഎം ശ്രീ കേരളത്തിൽ ഇല്ലെന്നും അതിന്റെ ആത്മാവായി ബിജെപി ചൂണ്ടിക്കാണിക്കുന്ന ദേശീയപാഠ്യപദ്ധതി (എൻഇപി) സംസ്ഥാനത്ത് നടപ്പാക്കാൻ പോകുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇക്കാര്യത്തിൽ സിപിഐയുടെയും സിപിഎമ്മിന്റെയും നിലപാട് ഒന്നാണ്. ഒരേമനസോടെ, ഒരേ ഐഡിയോളജിയിൽ എടുത്ത തീരുമാനത്തിന്റെ ഉറപ്പിൽതന്നെയാണ് ഇക്കാര്യം പറയുന്നത്.
വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും ഇല്ല. എൻഇപിയുമായി ബന്ധപ്പെട്ട ഒരു പദ്ധതിയിലും എൽഡിഎഫ് പങ്കാളിയാകില്ല. ഇക്കാര്യത്തിൽ എൽഡിഎഫിന് 100 ശതമാനവും ഒരു കാഴ്ചപ്പാടാണുള്ളതെന്നും പ്രസ് ക്ലബ് സംഘടിപ്പിച്ച ‘വോട്ട് വൈബി’ൽ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് ഗുരുതരമായ പ്രശ്നം നേരിടുകയാണ്. അതു മാഫിയ കൾച്ചറൽ പ്രതീകമായി മാറി. അതിന്റെ പേരാണ് രാഹുൽ മാങ്കൂട്ടത്തിൽ. സ്ത്രീത്വത്തെ മാനിക്കാത്തവിധം കോൺഗ്രസ് പ്രസ്ഥാനം മാറി. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്ന സംസ്കാരമാണ് ഇപ്പോൾ കോൺഗ്രസിന്റേത്. സ്ത്രീകളെ അപമാനിക്കുന്നത് ആരായാലും തെറ്റാണ്. അതു തീവ്രത കൂടിയതും കുറഞ്ഞതും എന്ന അളവൊന്നുമില്ലെന്നു ബിനോയ് വിശ്വം വ്യക്തമാക്കി.
മുകേഷ് എംഎൽഎയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, തെളിഞ്ഞ കുറ്റത്തിന് ആരായാലും ശിക്ഷിക്കപ്പെടും എന്നായിരുന്നു മറുപടി. ആർഷോയ്ക്കെതിരേ ഉയർന്ന ജാതിഅധിക്ഷേപ പരാതിയും രാഹുൽ മാങ്കൂട്ടത്തിലിന്റേതും തമ്മിൽ താരതമ്യം ചെയ്യരുത്. ആനയും ഉറുമ്പുംപോലെയാണ് വ്യത്യാസം.
ശബരിമലകേസിൽ കവർച്ച നടത്തിയതാരായാലും ശിക്ഷിക്കപ്പെടണമെന്നതു സിപിഐയുടെ നിലപാടാണ്. തൃശൂർ പൂരം കലക്കലിൽ ഉയർന്ന ചോദ്യങ്ങൾക്ക് എഡിജിപി മറുപടി പറയേണ്ടതുണ്ട്. ആർഎസ്എസ് നേതാക്കളുമായി നടത്തിയ രഹസ്യകൂടിക്കാഴ്ചയും മന്ത്രിയുടെ ഫോൺ എടുക്കാതിരുന്നതും ഗൗരവകരമാണ്. ഇക്കാര്യത്തിൽ തീരുമാനം സർക്കാരിന്റെ പരിഗണനയിലാണ്.
SUNDAY DEEPIKA
ഒരു സംവിധായകന്റെയും സഹായിയാവാതെ, ക്ലാപ്പടിക്കാതെ, പരിശീലനങ്ങളൊന്നുമില്ലാതെ ഒരു മൂവി കാമറയിലൂടെ ആദ്യം നോക്കുന്നത് 1978ല്‍ പുറത്തിറങ്ങിയ തന്റെ ഉത്രാടരാത്രി എന്ന സിനിമയുടെ ആദ്യഷോട്ടിലാണ് എന്നു പറയാറുണ്ട് ബാലചന്ദ്രമേനോന്.
പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും അതു സാധിക്കാതെ, സിനിമ സ്വയം പഠിച്ച് മുന്നോട്ടു നടന്നതുകൊണ്ടാണ് ബാലചന്ദ്രമേനോന് എന്ന യുവാവ് ഇന്നത്ത ബാലചന്ദ്രമേനോനായി മാറുന്നത്. 1975ല്‍ ഒരു പ്രമുഖ ചലച്ചിത്ര വാരികയുടെ മദ്രാസിലെ പ്രതിനിധിയായാണ്, പില്ക്കാലത്ത്
സംവിധാനവും അഭിനയവും നിര്‍മാണവും കഥയും തിരക്കഥയും സംഭാഷണവും ഉള്‍പ്പെടെ സിനിമയുടെ സമസ്ത മേഖലയും തൊട്ടറിഞ്ഞ മേനോന്റെ തുടക്കം. തലമുടി പിന്നിലേക്ക് നീട്ടി വളര്‍ത്തിയ, മെലിഞ്ഞു നീണ്ട യുവപത്രപ്രവര്ത്തകന് ആദ്യം അഭിമുഖം നടത്തിയത് അക്കാലത്തെ പ്രശസ്ത നായികനടിയായ റാണിചന്ദ്രയെയായിരുന്നു. പിന്നീട് പ്രേംനസീര്‍, കെ.പി. ഉമ്മര്‍ തുടങ്ങി എത്രയോ താരങ്ങള്‍ ബാലചന്ദ്രമേനോന്റെ മുന്നിലിരുന്നു.
അന്നുമുതൽ അഭിനേതാക്കളുടെ സൂക്ഷ്മഭാവങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ടാവാം ബാലചന്ദ്രമേനോൻ. ഈ മുന്നൊരുക്കങ്ങള്‍ മേനോന്റെ സിനിമാ ജീവിതത്തിലെ വിജയത്തിന്റെ ഒരു പ്രധാന കാരണമാണ്. ഇപ്പോള്‍ ബി. ഉണ്ണികൃഷ്ണൻ സംവിധാനംചെയ്യുന്ന ഏറ്റവും പുതിയ സിനിമയില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേഷം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.
സമാന്തരങ്ങൾ, അച്ചുവേട്ടന്റെ വീട്, ഏപ്രിൽ 18, കാര്യം നിസാരം, കുടുംബപുരാണം തുടങ്ങിയ അവിസ്മരണീയങ്ങളായ സിനിമകളുടെ ശില്പി തന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വാർഷികാഘോഷവേളയിലാണ്. ബാലചന്ദ്രമേനോന് സംസാരിക്കുന്നു....
? അരനൂറ്റാണ്ടു തികയുന്ന അവസരത്തില്‍ എന്താണ് മനസിൽ തെളിയുന്നത്.
= എന്റെ ജീവിതത്തില്‍ ഒരു പൂവ് മാത്രമാണ് ഞാന്‍ ചോദിച്ചത്. എനിക്കു പക്ഷേ ഒരു പൂന്തോട്ടം ഈശ്വരാനുഗ്രഹത്താല്‍ ലഭിച്ചു. എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് സിനിമ. ട്രെന്‍ഡുകള്‍ മാറിക്കൊണ്ടേയിരിക്കുന്ന രംഗം. ഇതിനിടയില്‍ അമ്പതു വര്‍ഷം നിലനില്ക്കാന് കഴിഞ്ഞതുതന്നെ ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. അതിനു ഞാന്‍ എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോടും നന്ദി പറയുകയാണ്.
? ചെറുപ്പം മുതല്‍ സിനിമയെ പ്രണയിക്കുകയും സിനിമ പഠിക്കാന്‍ പോകണമെന്ന് ആഗ്രഹിക്കുകയും ചെയ്ത മേനോന് സിനിമാ പത്രപ്രവര്‍ത്തനത്തിലേക്കു കടന്നതും മറ്റൊരു വാതിലിലൂടെ സിനിമയിലെത്താൻതന്നെയാണെന്ന് കേട്ടിട്ടുണ്ട്.
= അതേ. പ്രശസ്ത കവിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എന്റെ അധ്യാപകനുമായിരുന്ന പ്രഫ. ഒ.എന്‍.വി. കുറുപ്പാണ് എന്നോട് സിനിമയിലേക്കു തുറക്കുന്ന മറ്റൊരു കൗണ്ടറിനെക്കുറിച്ച് പറയുന്നത്. സംവിധായകന്റെ അസിസ്റ്റന്റായി തുടങ്ങാമെന്ന് കരുതിയെങ്കിലും അതിന് എനിക്ക് കഴിയില്ല എന്ന് മനസിലായപ്പോള്‍ ഞാനക്കാര്യം ഒ.എന്‍.വി സാറുമായി പങ്കുവച്ചു. കോളജ് യൂണിയന് ചെയര്‍മാനായും നാടക നടനായും സംവിധായകനായും എന്നെ കണ്ടിട്ടുള്ള സാര്‍ അപ്പോള്‍തന്നെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കാന്‍ എനിക്കൊരിക്കലും കഴിയില്ല എന്ന കാര്യം ഉറപ്പിച്ചു പറഞ്ഞു.
ജേര്‍ണലിസം പഠിക്കാന്‍ എന്നെ ഉപദേശിക്കുകയും ചെയ്തു. അക്കാലത്ത് ജേര്‍ണലിസം കോഴ്സിനെക്കുറിച്ച് ഞാന്‍ കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല. പിന്നീട് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍നിന്ന് ഒന്നാം റാങ്കോടെ പത്രപ്രവര്‍ത്തന കോഴ്സ് പാസായി. ഹിന്ദുസ്ഥാന്‍ ടൈംസില്‍ പത്രപ്രവര്‍ത്തകനായി ജോലി ലഭിച്ചെങ്കിലും സിനിമയെ വിട്ടുമാറാന്‍ എന്റെ മനസ് തയാറാവാത്തതിനാല്‍ നാന സിനിമാവാരികയുടെ മദ്രാസിലെ പ്രതിനിധിയാവാന്‍ മദ്രാസ് മെയിലില്‍ കയറുകയായിരുന്നു.
? എത്രയോ പ്രശസ്ത താരങ്ങള്‍ക്കൊപ്പമിരുന്ന് അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്. മുമ്പ് താരങ്ങള്‍ ഇരുന്ന കസേരയില്‍ ഇരുന്ന് പിന്നീട് താങ്കൾ പത്രക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിത്തുടങ്ങി. എങ്ങനെ കാണുന്നു. ഭാഗ്യമായിട്ടാണോ.
= അതേ, ഭാഗ്യത്തിന്റെ അംശം ജീവിതത്തിന്റെ എല്ലാ തലത്തിലുമുണ്ടല്ലോ. എനിക്കു കസേരകള്‍ മാറി നല്‍കിയതിലും ഈ ഭാഗ്യമുണ്ട്. സിനിമ ഉള്‍പ്പെടെ എന്തും വിജയിക്കുന്നതിലും ഭാഗ്യം എന്ന ഘടകമുണ്ട്. ഉദാഹരണമായി ഒരു സദസിലിരുന്ന് നമ്മള് ഒരു തമാശ പറഞ്ഞുവെന്നിരിക്കട്ടെ. അപ്പോള്‍ പെട്ടെന്ന് പുറത്തൊരു പടക്കം പൊട്ടിയാല്‍ ജനം അങ്ങോട്ടേക്ക് ശ്രദ്ധ തിരിക്കില്ലേ? നമ്മള് പറഞ്ഞ നര്‍മം ആരെങ്കിലും ആസ്വദിക്കുമോ?
? ഉത്രാട രാത്രി എന്ന ആദ്യ സിനിമയിൽ തന്നെ അഭിനയവും തുടങ്ങിയിരുന്നു. പിന്നീട് സ്വന്തം സിനിമയിലും പ്രശസ്തരായ മറ്റു സംവിധായകരുടെ ചിത്രങ്ങളിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വന്തം സിനിമകളാണോ മറ്റു സംവിധായകരുടെ സിനിമകളാണോ കൂടുതല്‍ സുഖകരം.
= സിനിമ എല്ലാക്കാലത്തും എന്റെ പാഷനാണ്. എല്ലാ സിനിമകളും ഒരുപോലെ ആഹ്ലാദകരമായ അനുഭവങ്ങളുമാണ്. അതിന് എന്റെ സിനിമ, മറ്റുള്ളവരുടെ സിനിമ എന്ന വേര്‍തിരിവില്ല.
? താങ്കളുടെ ഉള്ളിലെ നടനെ പൂര്‍ണ അര്‍ഥത്തില്‍ പുറത്തുകൊണ്ടുവന്നത് മറ്റു സംവിധായകരാണെന്ന് ചില സിനിമാപ്രേമികള്‍ പറയാറുണ്ട്.
= അങ്ങനെ വിശ്വസിക്കുന്നത് അവരുടെ ആസ്വാദ്യതലം അത്തരത്തിലായതു കൊണ്ടാവാം. എനിക്ക് ദേശീയ അംഗീകാരം ലഭിച്ചത് എന്റെതന്നെ സിനിമയായ സമാന്തരങ്ങളിലെ ഇസ്മയിലിനെ അവതരിപ്പിച്ചതിനാണ്.
മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷത്തില്‍ എനിക്കു നന്ദിപറയേണ്ടിവന്നത് എന്നോടുമാത്രമായിരുന്നു. മറ്റ് അവാര്‍ഡ് ജേതാക്കള്‍ സംവിധായകനും, നിര്‍മാതാവിനും, തിരക്കഥാകൃത്തിനും നന്ദി പറഞ്ഞിടത്ത് എനിക്ക് ബാലചന്ദ്രമേനോനു മാത്രമേ നന്ദിപറയേണ്ടിവന്നിട്ടുള്ളൂ എന്നതും സത്യമാണ്.
? ബാലചന്ദ്രമേനോന് ഏറ്റവും ഇഷ്ടപ്പെട്ട ബാലചന്ദ്രമേനോന് സിനിമ.
= അങ്ങനെ ഒരു സിനിമയുടെ മാത്രം പേരെടുത്തുപറയാന്‍ കഴിയില്ല. ഓരോ സിനിമയ്ക്കും ആ സിനിമയുടേതായ സവിശേഷതകളില്ലേ. എല്ലാ സിനിമകളും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടതാണ്.
? മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു, ഭരത് ഗോപി, തിലകന്, മണിയന്‍പിള്ള രാജു, ശ്രീവിദ്യ, അംബിക, ജലജ തുടങ്ങിയ പ്രതിഭകളായ അഭിനേതാക്കള്‍ക്കു വളരെ വ്യത്യസ്തമായ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ നൽകാവാന്‍ സാധിച്ചിട്ടുണ്ട്. പ്രേംനസീര്‍ എന്ന മലയാളത്തിന്റെ അഭിമാനതാരത്തിന് ഏറെ ഇഷ്ടമായിരുന്നു മേനോന് നല്കിയ കാര്യം നിസാരത്തിലെ ഉണ്ണിത്താന് വേഷം. കാര്യം നിസാരത്തിലും ശേഷം കാഴ്ചയിലും പ്രേക്ഷകര്‍ കണ്ട കെ.പി. ഉമ്മറിന്റെ അഭിനയവും മുന്‍പെങ്ങും കണ്ടിട്ടില്ലാത്തതായിരുന്നു.
= സംവിധായകന് എന്ന നിലയില്‍ അഭിമാനമുണ്ട്, സന്തോഷമുണ്ട്. ചലച്ചിത്ര ലോകത്തെ മുഖ്യധാരാ താരങ്ങള്‍ക്കു മാത്രമല്ല, അഭിനയസിദ്ധിയുള്ള നിരവധി മറ്റ് അഭിനേതാക്കള്‍ക്കും എന്റെ സിനിമകളില്‍ നല്ല വേഷങ്ങള്‍ നല്‍കിയിട്ടുണ്ട്.
കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരന്, ശാന്താദേവി.. അങ്ങനെ എത്രയോ അഭിനേതാക്കള്‍... അങ്ങനെ ചെയ്താല്‍ മാത്രമേ സിനിമ ജനകീയമാവുകയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമയില്‍ എന്റെ പേര് എഴുതിക്കാണിക്കുമ്പോഴും എന്റെ സിനിമ എല്ലാവരുടെയും സിനിമതന്നെയാണ്.
? പ്രതാപ് പോത്തന് സംവിധാനം ചെയ്ത "ഋതുഭേദ’ത്തില്‍ രാജന് മാഷ് എന്ന കഥാപാത്രത്തെയാണ് ബാലചന്ദ്രമേനോന് അവതരിപ്പിച്ചത്. നായിക ഗീതയുടെ കഥാപാത്രത്തോട് രാജന് മാഷ് പറയുന്ന ഒരു ഡയലോഗിന്റെ കാര്യം താങ്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതായത് "കാണാക്കയറുകള്‍ പൊട്ടിച്ച് കന്മതിലിനു പുറത്തേക്കുവരാന്‍ തയാറാണോ’ എന്നുള്ള ചോദ്യത്തെക്കുറിച്ച്. സാക്ഷാൽ എം.ടി. വാസുദേവൻ നായരുടേതായിരുന്നു തിരക്കഥയും സംഭാഷണവും എന്ന കാര്യവും ഓർമിക്കാം.
= അതേ. വികാരതീവ്രമായ രംഗത്തെ ആ സംഭാഷണം പറഞ്ഞപ്പോള്‍ ഉള്ളില്‍ ചിരിയാണ് വന്നത്. കാരണം എന്റെ രീതിയിലാണെങ്കില്‍ ഇറങ്ങി വാ... എന്നായിരിക്കും നായികയോടുള്ള ഡയലോഗ്. വളഞ്ഞുചുറ്റി മൂക്കില്‍ പിടിക്കണോ? നേരേ പിടിച്ചാല്‍ പോരേ എന്ന് ഞാന്‍ പ്രതാപ് പോത്തനോട് പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത്...
""അങ്ങനെ ചെയ്താല്‍, അത് എം.ടി ആവില്ല’’ എന്നാണ്. ഓരോ കഥാകൃത്തിനും തിരക്കഥാകൃത്തിനും അവരുടേതായ ആഖ്യാനശൈലിയുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ നമ്മുടെ കടമ അതനുസരിച്ച് അഭിനയിക്കുക എന്നതാണ്. അവിടെ നമ്മള് എന്ന വ്യക്തിയുടെയോ സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ ഒരു ഇടപെടലും വരാന്‍ പാടില്ല.
? നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്രമേനോന് ചിത്രത്തിൽ മമ്മൂട്ടി ജീവൻ നൽകിയ സുകുമാരൻ എന്ന കഥാപാത്രം വളരെയേറെ ആരാധകരെ നേടിയിട്ടുണ്ട്. മമ്മൂട്ടി അതില്‍ ബാലചന്ദ്രമേനോന്റെ മാനറിസങ്ങള്‍ അനുകരിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.
= സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മമ്മൂട്ടി എന്നോടു പറഞ്ഞത്... ഞാനീ സിനിമയില്‍ അഭിനയിച്ചിട്ടില്ല. ബാലചന്ദ്രമേനോനെ അനുകരിച്ചതേയുള്ളൂ എന്നാണ്. ഈ സിനിമയില്‍ ബാലചന്ദ്രമേനോന് അഭിനയിച്ചാല്‍ എങ്ങനെയായിരിക്കും എന്ന് സങ്കല്പിച്ച് ഞാന്‍ അഭിനയിച്ചു. എന്നാണ് മമ്മൂട്ടി പറഞ്ഞത്.
? കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് എന്നും ബാലചന്ദ്രമേനോന്. കുടുംബത്തിനുള്ളിലെ അമ്മയുടെ മനസ്, അമ്മ വച്ചുണ്ടാക്കിത്തരുന്ന ഭക്ഷണത്തിന്റെ രുചി. പുറമേയുള്ള കാര്‍ക്കശ്യത്തിനുള്ളില്‍ പിടയുന്ന അച്ഛന്റെ ഉള്ളം. ഇതെല്ലാം ബാലചന്ദ്രമേനോന്റെ സ്പെഷല്‍ ചേരുവകളായിരുന്നു. ഇനിയുമൊരു കുടുംബചിത്രം മനസിലുണ്ടോ.
= കുടുംബത്തിനുള്ളിലെ നന്മയെ എന്റെ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ള സംവിധായകന്‍തന്നെയാണ് ഞാന്‍. റെയില്‍വേയില്‍ സ്റ്റേഷന് മാസ്റ്ററായി ജോലി ചെയ്തിരുന്ന എന്റെ അച്ഛന് എല്ലാ മാസവും ശമ്പളം കിട്ടുമ്പോള്‍ കൊല്ലത്ത് സാധനങ്ങള്‍ വാങ്ങാനായി പോകും. പന്ത്രണ്ടു വയസുള്ള എന്നെയും കൂട്ടും.
പലവ്യഞ്ജനങ്ങളും മറ്റും വാങ്ങിക്കഴിഞ്ഞാല്‍ അച്ഛന് ടെക്സ്റ്റൈല്‍സില്‍ കയറി അമ്മയ്ക്കൊരു സാരി വാങ്ങും. വീട്ടിലെത്തിയാലുടനെ അമ്മ അത് ഉടുത്തുകാണണം. അമ്മ ഒട്ടും നന്നായിട്ടായിരിക്കില്ല പുതിയ സാരി ഉടുത്തുവരുന്നത്. ഉടനെ അച്ഛന് ഇങ്ങനെയാണോ സാരിയുടെ ഞൊറിവുകള്‍ ഇടുന്നത്. എന്നുപറഞ്ഞ് നിലത്തുചടഞ്ഞിരുന്ന് പ്ലീറ്റുകള്‍ ശരിയാക്കും.
ഈ ഒരു രംഗം കണ്ടുവളര്‍ന്നതുകൊണ്ടാണ് ഏപ്രില്‍ 18ല്‍ ഭാര്യയുടെ (ശോഭന അവതരിപ്പിക്കുന്ന കഥാപാത്രം) സാരി പ്ലീറ്റ് ഭര്‍ത്താവും സ്ഥലം എസ്ഐയുമായ രവികുമാർ നിലത്തിരുന്ന് ശരിയാക്കുന്ന രംഗം ഞാന്‍ ഉള്‍പ്പെടുത്തിയത്. ഞാൻതന്നെ അഭിനയിച്ച ആ രംഗം ധാരാളം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതാണ്. ജീവിതത്തില്‍നിന്നും സിനിമയില്‍നിന്നും ഇപ്പോള്‍ ഇത്തരം പ്രിയ നിമിഷങ്ങള്‍ ഒഴിഞ്ഞുപോവുകയാണ്.
കുടുംബചിത്രങ്ങള്‍ എടുക്കണമെന്ന എന്റെ ആഗ്രഹം ഇപ്പോഴും തീര്‍ന്നിട്ടില്ല. സിനിമയുടെ മുഖവും പുതിയ തലമുറയിലെ പ്രേക്ഷകരുടെ അഭിരുചിയും മാറിയെങ്കിലും ഒരു നല്ല കുടുംബചിത്രം എന്റെ സ്വപ്നമാണ്.
SUNDAY DEEPIKA
ബര്‍മുഡ ട്രയാംഗിളിനെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ കുറവാണ്. എന്നാല്‍ നമ്മുടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലുമുണ്ട് ഒരു "ബര്‍മുഡ ട്രയാം ഗിള്‍' എന്നത് എത്ര പേര്‍ക്കറിയാം. ഡല്‍ഹിയില്‍ രോഹിണി ജില്ലയിലൂടെ ഒഴുകുന്ന യമുനാ നദിയുടെ ഒരു ചെറിയ കൈവഴിയാണ് ഖൂനി നദിയെന്നും ഡല്‍ഹിയിലെ ബര്‍മുഡ ട്രയാംഗിള്‍ എന്നുമൊക്കെ അറിയപ്പെടുന്നത്.
"ഖൂനി’ എന്ന വാക്കിനര്‍ഥം രക്തമയമായ എന്നാണ്. ഈ നദിക്ക് ഈ പേരു വരാനുള്ള കാരണങ്ങളും അതുമായി ബന്ധപ്പെട്ട കഥകളും അല്‍പ്പം പേടിപ്പെടുത്തുന്നതാണ്.
കരയില്‍ എത്തുന്ന ആളുകളെ ഏതോ ഒരു അജ്ഞാതശക്തി നദിയിലേക്ക് വലിച്ചിടുന്നുവെന്നാണ് പ്രദേശത്ത് നിലനില്‍ക്കുന്ന വിശ്വാസം. അസാധാരണമാംവിധം നിരവധി മുങ്ങിമരണങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ടെന്നത് ഈ വാദങ്ങള്‍ക്ക് ശക്തിപകരുന്നു.
പലതും ആത്മഹത്യകളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ദുരൂഹമായ സാഹചര്യങ്ങളില്‍ ആളുകള്‍ മരിക്കുന്നതും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതുമാണ് ഈ നദിയെ ഭീതിജനകമായ ഒന്നാക്കി മാറ്റുന്നത്. ഇത്തരത്തില്‍ നിരവധിപേര്‍ മരിച്ചതിനാലാണ് നദിക്ക് രക്തമയ നദിയെന്ന പേരു ലഭിച്ചതെന്ന് കരുതപ്പെടുന്നു.
നദിയില്‍ അബദ്ധത്തില്‍ വീഴുന്നവര്‍ തിരികെ വരുന്നില്ലെന്നും നദി അവരെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നുവെന്നുമാണ് പ്രദേശവാസികളുടെ വിശ്വാസം. നദിക്ക് ആഴം കുറവാണെങ്കിലും ഇവിടെ മുങ്ങിമരണങ്ങള്‍ കൂടുന്നതാണ് നാട്ടുകാരെ ഈ വിശ്വാസത്തിലേക്ക് നയിക്കുന്നത്.
ഒറ്റയ്ക്ക് തീരത്ത് എത്തുന്നവരെ നദി വശീകരിക്കുമെന്നും ഇതോടെ ആളുകള്‍ നദിയിലേക്ക് എടുത്തു ചാടുമെന്നും നാട്ടുകാര്‍ പറയുന്നു.
ഖൂനി നദിയുടെ പരിസരപ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ നിലവിളി ശബ്ദങ്ങളും ഞരക്കവുമെല്ലാം കേള്‍ക്കുന്നതായും പ്രദേശവാസികള്‍ പറയുന്നു. മുമ്പ് ഇവിടെ മരിച്ചവരുടെ ആത്മാക്കളാണിതെന്നും സന്ധ്യ മയങ്ങുമ്പോഴാണ് നദിയിലെ ഈ അദൃശ്യ ശക്തികള്‍ പുറത്തുവരുന്നതെന്നും അവര്‍ വിശ്വസിക്കുന്നു.
നദിക്കരയിലേക്ക് ഒറ്റയ്ക്ക് പോവാന്‍ പ്രദേശവാസികള്‍ ആരെയും അനുവദിക്കാറില്ല. അങ്ങനെ പോയാല്‍ പിന്നൊരു തിരിച്ചുവരവുണ്ടാകില്ലെന്നും അവര്‍ പറയുന്നു. ഇതൊക്കെയാണ് നദിക്ക് ഡല്‍ഹിയുടെ ബര്‍മുഡ ട്രയാംഗിള്‍ എന്ന വിശേഷണം നേടിക്കൊടുക്കുന്നത്.
എന്നാല്‍ പ്രേതകഥകള്‍ നിരവധിയുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ നിരീക്ഷണങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. കാഴ്ചയില്‍ അത്ര വലിയ നദിയല്ലെങ്കിലും മഴക്കാലത്ത് നദിയില്‍ ജലനിരപ്പുയരുകയും തത്ഫലമായി വലിയ അടിയൊഴുക്കുണ്ടാകുകയും ചെയ്യും. ഇതില്‍ അകപ്പെടുന്ന ആളുകള്‍ക്ക് പൊങ്ങിവരാനാകില്ല. ഇത് അവരുടെ മരണത്തിനു കാരണമാ കുന്നു. കൂടാതെ നദിയില്‍ അപകടകരമായ ചുഴികളുള്ളത് മരണസാധ്യത ഇരട്ടിയാക്കുന്നു.
ചെളിയും മൃദുവായ മണലും നിറഞ്ഞിരിക്കുന്നതിനാല്‍ അപകടമറിയാതെ കാല്‍വയ്ക്കുന്ന ആള് ചതുപ്പിലെന്നവണ്ണം ആഴങ്ങളിലേക്കു താഴ്ന്നുപോവുന്നതാണ് നദി വിഴുങ്ങുവെന്നും മറ്റുമുള്ള വിശ്വാസങ്ങള്‍ക്കാധാരം. തീരങ്ങളില്‍ വേലിക്കെട്ടുകളൊന്നുമില്ലാത്തതും ആളുകള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
അതേസമയം 1857ലെ ഒന്നാം സ്വാതന്ത്ര്യസമര കാലത്ത് കൊല്ലപ്പെട്ട വിമതരെയും ബ്രിട്ടീഷ് സൈനികരെയും ഈ നദിയില്‍ വലിച്ചെറിഞ്ഞിരുന്നുവെന്നും, അവരുടെ രക്തത്താല്‍ ചുവന്നതിനാലാണ് ഇതിന് "ഖൂനി നദി’ എന്ന പേര് വന്നതെന്നും ചില കഥകളുണ്ട്.
1970-80 കാലഘട്ടത്തില്‍ വിരലിലെണ്ണാവുന്ന വീടുകള്‍ മാത്രമാണ് പ്രദേശത്തുണ്ടായിരുന്നത്. ആ സമയത്ത് ഒട്ടേറെ അപകടങ്ങളും ഉണ്ടായി. ഇതിനൊന്നും കാര്യമായ ദൃക്സാക്ഷികളില്ലാഞ്ഞതിനാല് അവയൊക്കെ പ്രേതകഥകളായി മാറുകയായിരുന്നു.
കാലം പിന്നെയും കഴിഞ്ഞപ്പോള്‍ ഈ കഥകളൊക്കെ ചേര്‍ന്ന് നദിക്ക് ഒരു രക്തദാഹിയുടെ പരിവേഷം നല്‍കുകയും ചെയ്തു. എന്തൊക്കെയായാലും ഇന്ന് ഡല്‍ഹിയിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയാണ് ഖൂനി നദിയുടെ സ്ഥാനം.
SUNDAY DEEPIKA
ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ
കഴിഞ്ഞ ഒരാഴ്ചയായിട്ട് നല്ല മഴയും തണുപ്പുമാണ്. അതിനാൽ വീണ്ടും ഞങ്ങൾ ബീച്ചിലേക്കു പോയില്ല. ടെറസിൽ നിന്നാൽ അകലെ കടലും തിരമാലകളും കാണാം. ചിലനേരത്ത് കൂറ്റൻ തിരമാലകളുടെ ഇളകിമറിയൽ. പാറക്കെട്ടുകളിൽ അടിച്ച് ഉള്ളറകളിൽ തള്ളിക്കേറി അലറുന്ന ശബ്ദത്തോടെ തിരിച്ചുപോകുന്നു.
അന്നുകണ്ട വിജനമായ കോട്ടേജും ബോട്ട് ഹൗസും എന്റെ മനസിനെ പലപ്പോഴും അലോസരപ്പെടുത്തുന്നു. എന്തൊക്കെയോ ചില അവ്യക്തതകൾ! മാക്സിമുമായി സംസാരിക്കുന്പോൾ ഒരിക്കലും അതേപ്പറ്റി ഞാൻ സ്പർശിക്കില്ല. സംസാരിച്ചുതുടങ്ങിയാൽ അത് കടലിലേക്കും ബോട്ടിലേക്കും അപകടത്തിലേക്കും തുടർന്ന് മുങ്ങിമരണത്തിലേക്കും ചെന്നെത്തും.
ഒരുദിവസം ഫ്രാങ്ക് ലഞ്ചു കഴിക്കുന്നതിനിടയിൽ പറഞ്ഞു: ""നമ്മുടെ ബീച്ചിൽനിന്ന് വെറും മൂന്നു നാഴിക അകലെയുള്ള കെരിത്ത് ഹാർബറിൽ ഇടയ്ക്കിടയ്ക്ക് കപ്പലോട്ട മത്സരം നടക്കാറുണ്ട്.'' അതെനിക്ക് ഒരു പുതിയ അറിവായിരുന്നു.
കഴിഞ്ഞദിവസം പ്രൗഢയായ ഒരു സ്ത്രീ കാറിൽ വന്നിറങ്ങി. ഒരു വൈദിക ശ്രേഷ്ഠന്റെ ഭാര്യയാണത്രേ. വന്നത് പ്രധാനമായും ഈ പുതിയ മണവാട്ടിപ്പെണ്ണിനെ കാണാനും പരിചയപ്പെടാനും വിലയിരുത്താനുമാണ്. സംസാരത്തിൽനിന്നു മനസിലായി അവർ റെബേക്കയുടെ വലിയ ആരാധികയാണെന്ന്. അവരെ പുകഴ്ത്തിയും ഉയർത്തിയും സൗന്ദര്യം വർണിച്ചും എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല. എല്ലാം ഞാൻ സമ്മതിച്ചുകൊടുത്തു. ചായ വരുത്തി സൽക്കരിക്കുകയും ചെയ്തു.
അവർ പറഞ്ഞു: ""റെബേക്കയുള്ള കാലത്ത് ഇവിടെ കൂടെക്കൂടെ നൃത്തപരിപാടികളും ഗാനമേളകളും ഫാൻസി ഡ്രെസ് പ്രകടനങ്ങളും ഡിന്നർ പാർട്ടികളും ഉണ്ടായിരുന്നു. ഒരു പാർട്ടി നടന്നത് ഇവിടത്തെ റോസ് ഗാർഡനിൽ. ഹോ! അതൊന്നും മറക്കാനാവില്ല. അതുപോലുള്ള നല്ല പരിപാടികൾ ഈ മാൻഡെർലിയിൽ നടത്തിയാൽ കൊള്ളാം.''
""അത്തരം പരിപാടികൾ നടത്താൻ ഒരുപാടു കാര്യങ്ങൾ ചെയ്യാനും ആലോചിക്കാനുമുണ്ട്. മാക്സിം സ്ഥലത്തില്ല. വരുന്പോൾ പറയാം.''
ഈ സമയത്താണ് ഫ്രാങ്ക് അവിടേക്കു വന്നത്. ഉടനെ ആ സ്ത്രീ പറഞ്ഞു: ""എല്ലാം ഇദ്ദേഹത്തിനറിയാം. എത്രയോ മികച്ച കലാപരിപാടികൾ ഇവിടെ നടത്തിയിരിക്കുന്നു. പുതിയ മണവാട്ടിയുടെ ബഹുമാനാർഥം ഒരെണ്ണം നടക്കട്ടെ. ശരി, ഞാനിറങ്ങുന്നു.'' വന്ന കാറിൽ അവർ തിരിച്ചുപോയി.
""ഏറ്റവുമൊടുവിൽ നടന്ന പരിപാടിക്ക് ഈ സ്ത്രീയും ഭർത്താവും വന്നിരുന്നു. നല്ലൊരു സദസുമുണ്ടായിരുന്നു.''
""അതുപോലെയൊന്ന് നടത്താനാണ് അവർ പറയുന്നത്. അതെല്ലാം ശ്രമകരമായ, ബുദ്ധിമുട്ടേറിയ പണിയല്ലേ? എനിക്ക് അതിലൊന്നും താത്പര്യമില്ല.''
""മാക്സിമിന്റെ അഭിപ്രായം അറിയട്ടെ. കഴിഞ്ഞ പരിപാടിയുടെ വിജയത്തിനായി ഞങ്ങൾ നന്നായി ഉത്സാഹിച്ചിരുന്നു.''
ഈ സമയത്ത് ജാസ്പ്പർ വാലാട്ടിക്കൊണ്ട് എന്റെ അരികിൽ വന്നു. ""കഴിഞ്ഞാഴ്ച ഇവനെയുംകൊണ്ട് ഞങ്ങൾ ബീച്ചിൽ പോയി. കുറെകഴിഞ്ഞു നോക്കിയപ്പോൾ ഇവനെ കാണുന്നില്ല. അന്വേഷിച്ച് അറ്റംവരെ പോയപ്പോൾ ഇവൻ ഭിന്നമാനസികശേഷിയുള്ളപോലെ തോന്നിക്കുന്ന ഒരാളുടെ മുന്നിൽ നിന്നു കുരയ്ക്കുന്നു.''
""ഓ, അത് ബെൻ ആണ്. അവൻ നല്ലവനും മര്യാദക്കാരനുമാണ്. ഒരീച്ചയെപ്പോലും ഉപദ്രവിക്കില്ല.''
""ഇവനെ കഴുത്തിൽകെട്ടി കൊണ്ടുപോരാനായിട്ട് ഒരു ചരടന്വേഷിച്ച് കോട്ടേജിൽ കയറിയപ്പോൾ അവിടമെല്ലാം താറുമാറായി കിടക്കുന്നു. പുസ്തകങ്ങളും മറ്റുപലതും നശിച്ചുകൊണ്ടിരിക്കുന്നു.''
ഇതിന് ഫ്രാങ്കിന്റെ പ്രതികരണമില്ല. വളരെ കരുതലോടെയാണ് മറുപടി പറയുന്നത്. ഞാൻ ചോദിച്ചു: ""അവയെല്ലാം റെബേക്കയുടേതാണോ?''
""അതേ.''
""ആ കോട്ടേജ് എന്തിനാണ് ഉപയോഗിച്ചിരുന്നത്? അതു നന്നായി അലങ്കരിച്ചിട്ടുണ്ടല്ലോ. അതൊരു ബോട്ട് ഹൗസ് മാത്രമാണെന്നാണ് ഞാൻ വിചാരിച്ചത്.''
""സത്യത്തിൽ അതായിരുന്നു ആദ്യം. പിന്നീട് അവൾ അങ്ങനെ ആക്കിയെടുത്തതാണ്.''
ഫ്രാങ്കിന്റെ അവൾ എന്ന പ്രയോഗം ഞാൻ ശ്രദ്ധിച്ചു. റെബേക്ക എന്നോ മിസിസ് മാക്സിം എന്നോ അല്ല പറഞ്ഞത്.
""റെബേക്ക അതു കാര്യമായി ഉപയോഗിച്ചിരുന്നോ?''
""ഉപയോഗിച്ചിരുന്നു. പൂനിലാവിലെ പിക്നിക്കിനും ചില നിശാപാർട്ടികൾക്കും.''
""ആ കൊച്ചു ഹാർബറിൽ എന്തിനാണ് പൊങ്ങിക്കിടക്കുന്ന വളയമിട്ടിരിക്കുന്നത്?''
""ബോട്ട് നീങ്ങിപ്പോകാതിരിക്കാൻ നങ്കൂരമിടാൻ.''
""ഏതു ബോട്ട്?''
""അവളുടെ ബോട്ട്.''
കൂടുതൽ വിശദീകരിക്കാൻ ഫ്രാങ്ക് ഇഷ്ടപ്പെടുന്നില്ലെന്നു തോന്നി. വളരെ സൂക്ഷിച്ചും ശങ്കിച്ചുമാണ് മറുപടി. എങ്കിലും ആകാംക്ഷയോടെ ഞാൻ ചോദിച്ചു: ""എന്നിട്ട് എന്തു സംഭവിച്ചു? ആ ബോട്ടാണോ മുങ്ങിയത്? അവർ ഒറ്റയ്ക്കായിരുന്നോ?''
""അതെ. ആ രാത്രി, അവൾ ഒറ്റയ്ക്ക്. ആരും അതു കണ്ടില്ല. ആരും അറിഞ്ഞുമില്ല.''
""വീട്ടിൽ ആരും അറിഞ്ഞില്ലെന്നോ?''
""ഇല്ല. അവൾ മിക്കപ്പോഴും ഒറ്റയ്ക്കാണ് പോവുക. ബോട്ടുസവാരി കഴിഞ്ഞ് രാത്രി തോന്നിയ സമയത്താണ് തിരിച്ചെത്തുക. ചിലപ്പോൾ ആ കോട്ടേജിൽതന്നെ കിടന്നുറങ്ങും.''
""മാക്സിം ഇതൊന്നും അറിയാറില്ലേ?''
""അതൊന്നും എനിക്കറിയില്ല.'' മ്ലാനമായിരുന്നു ആ മുഖം.
എന്റെ മനസും സംഘർഷഭരിതമാണ്. നീറുന്ന ചില ചിന്തകൾ. ഞാൻ പറഞ്ഞു: ""ആരെങ്കിലും പുതിയതായി എന്നെ കാണാൻ വന്നാൽ ഉടനെ പറയും- റെബേക്കയെ അപേക്ഷിച്ചു ഞാൻ വ്യത്യസ്തയാണെന്ന്. എല്ലാം കേൾക്കുന്പോൾ മാക്സിമിനെ ഞാൻ വിവാഹം കഴിച്ചത് ഒരബദ്ധമായിപ്പോയോ എന്നു തോന്നുന്നു.''
""അയ്യോ മാഡം! അങ്ങനെ പറയല്ലേ! സത്യമായും ഞാൻ പറയട്ടെ, മാക്സിം മാഡത്തിനെ വിവാഹം കഴിച്ചതിൽ വളരെയേറെ സന്തുഷ്ടനാണ് ഞാൻ. ഈ ബന്ധം മാക്സിമിന്റെ ജീവിതത്തിൽ ഒരു വിജയമാണ്. ഇതു ഗുണകരമായ ഒട്ടേറെ മാറ്റങ്ങളുണ്ടാക്കും. മാഡത്തിന് ഒരുപാടു നല്ല ഗുണങ്ങളുണ്ട്.''
""ഇങ്ങനെ കേൾക്കുന്നതിൽ സന്തോഷം. മാക്സിം എന്നോടു പറഞ്ഞിട്ടുണ്ട്, ഫ്രാങ്ക് സമർഥനും ശുദ്ധനും അർപ്പണബോധമുള്ളവനുമാണെന്ന്. നമ്മുടെ ഈ സംസാരം അവസാനിപ്പിക്കുന്നതിനുമുന്‍പ് ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം. സത്യസന്ധമായി മറുപടി പറയണം.''
ഇതുകേട്ട് പകച്ചുനിൽക്കുകയാണ് ഫ്രാങ്ക്.
""എന്താണ് മാഡം?
റെബേക്ക ഏറെ സുന്ദരിയായിരുന്നോ?''
ഫ്രാങ്ക് മറുപടി പറഞ്ഞു: ""അവൾ അതിസുന്ദരിയായിരുന്നു, ബാഹ്യമായി.''
(തുടരും)
SUNDAY DEEPIKA
ഒരു പോസ്റ്റ് ഓഫീസാണ് രംഗം. ഒരുദിവസം രാവിലെ ഒരു സ്ത്രീ കോപാകുലയായി കൗണ്ടറിലെത്തി. ""എന്താണ് പ്രശ്നം?'' ജീവനക്കാരി ശാന്തയായി ചോദിച്ചു. ""ഞാൻ ഷോപ്പിംഗിനു പോയിരിക്കുകയായിരുന്നു.'' ആ സ്ത്രീ പറഞ്ഞുതുടങ്ങി. ""വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഞങ്ങളുടെ വാതിലിനു മുന്നിൽ ഒരു കാർഡ് കണ്ടു. പോസ്റ്റ്മാൻ ഒരു പാഴ്സൽ എത്തിക്കാൻ വന്നിരുന്നുവെന്നും എന്നാൽ വീട്ടിൽ ആരും ഇല്ലായിരുന്നെന്നും അതിൽ എഴുതിയിരുന്നു.''
ഒരുനിമിഷം ശ്വാസം വലിച്ചുവിട്ട് ആ സ്ത്രീ തുടർന്നു: ""എന്നാൽ ഞാൻ പറയുന്നു, എന്റെ ഭർത്താവ് ഇന്നു മുഴുവൻസമയവും വീട്ടിലുണ്ടായിരുന്നു. ആരും ബെൽ അടിച്ചതായി അദ്ദേഹം കേട്ടില്ല എന്നാണ് എന്നോടു പറഞ്ഞത്!'' ജീവനക്കാരി ഉടനെ ക്ഷമാപണംചെയ്ത് അകത്തുപോയി പാഴ്സൽ കൊണ്ടുവന്നു. അപ്പോൾ ആ സ്ത്രീയുടെ മുഖം തെളിഞ്ഞു. ""എത്ര നാളായി ഇതിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.'' ആ സ്ത്രീ പറഞ്ഞു.
അപ്പോൾ കൗതുകപൂർവം ജീവനക്കാരി ചോദിച്ചു: ""എന്താണ് ഈ പാഴ്സലിൽ?'' ഉടനെ അഭിമാനപൂർവം ആ സ്ത്രീ പറഞ്ഞു: ""എന്റെ ഭർത്താവിന്റെ പുതിയ ഹിയറിംഗ് എയ്ഡ്.'' ഒരു നിമിഷത്തെ നിശബ്ദത. എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ ജീവനക്കാരി പറഞ്ഞു: ""ഇനി ആരെങ്കിലും ബെല്ലടിച്ചാൽ അദ്ദേഹം കേൾക്കും!''
ഈ കഥ രസകരമാണ്. എന്നാൽ ഇത് ഒരു കാര്യം നമ്മെ ഓർമിപ്പിക്കുന്നു. അതായത്, നാം പറയുന്ന കാര്യങ്ങൾ എല്ലാവരും എപ്പോഴും കേൾക്കണമെന്നില്ല. പ്രത്യേകിച്ചും ചെവി കേൾക്കുന്നതിനാവശ്യമായ ഉപകരണം ആവശ്യമുള്ളവർ. വേറൊരുകാര്യം- ചെവിയുള്ളതുകൊണ്ട് മറ്റുള്ളവർ നമ്മെ എപ്പോഴും കേൾക്കണമെന്നില്ല. കാരണം, ചില ആളുകൾക്ക് നമ്മെ കേൾക്കുവാൻ താല്പര്യം ഉണ്ടാവണമെന്നില്ല.
ദൈവത്തിന്റെ കാര്യവും ഇങ്ങനെയാണോ? നമ്മുടെ പ്രാർഥനയുടെ ഫലം ഉടനെ കാണാതെവരുന്പോൾ ചിലപ്പോൾ നാം സംശയിച്ചുപോയേക്കാം. എന്നാൽ സംശയിക്കേണ്ട. നമ്മുടെ പ്രാർഥന എപ്പോഴും ശ്രവിക്കുന്നവനാണ് ദൈവം. അതുമല്ല, നമ്മുടെ സ്നേഹമസൃണമായ പ്രാർഥനകൾ കേൾക്കാൻ എപ്പോഴും കാത്തിരിക്കുന്നവനുമാണ് അവിടുന്ന്.
എങ്ങനെയാണ് ദൈവത്തിന് എപ്പോഴും നമ്മുടെ പ്രാർഥന ശ്രവിക്കാൻ സാധിക്കുക? ദൈവത്തിന് ഒരു കാര്യത്തിലും പരിമിതികൾ ഇല്ല എന്നതുതന്നെ കാരണം. നമ്മെ കേൾക്കാൻ കഴിയാത്ത നിമിഷമോ ശ്രദ്ധ പതറിപ്പോകുന്ന സമയമോ നമ്മെ മറക്കുന്ന സമയമോ അവിടുത്തേക്കില്ല. ദൈവവചനം പറയുന്നു: ""അവരുടെ നിലവിളി കേൾക്കുന്നതിൽ അവിടത്തെ ചെവികൾ ശ്രദ്ധിക്കുന്നു'' (സങ്കീ 34:15)
അതുപോലെ ദൈവവചനം വീണ്ടും പറയുന്നു: ""പ്രാർഥിച്ചുതീരുംമുന്‍പേ ഞാൻ അതു കേൾക്കും'' (ഏശയ്യാ 65:24). ദൈവം നമ്മെ കേൾക്കുന്നത് നമ്മുടെ വാക്കുകളുടെ മഹത്വംകൊണ്ടല്ല. പ്രത്യുത, അവിടത്തെ സ്നേഹം മഹത്തായതുകൊണ്ടാണ്. ദൈവം നമ്മെ കേൾക്കുന്നത് നാം അതിന് അർഹരായതുകൊണ്ടല്ല. പ്രത്യുത, അവിടന്ന് നമ്മുടെ പിതാവായതുകൊണ്ടാണ്.
ദൈവം നമ്മെ കേൾക്കുന്നത് അവിടന്ന് സ്നേഹമായിരിക്കുന്നതുകൊണ്ടാണ്. കേൾക്കുക എന്നത് സ്നേഹത്തിന്റെ ഉന്നതമായ ഒരു പ്രവൃത്തിയാണ്. ദൈവം നമ്മെ കേൾക്കുന്നതിന്റെ മറ്റൊരു കാരണം നാം അവിടത്തേക്ക് വിലപ്പെട്ടവർ ആയതാണ്. നമ്മുടെ ""തലയിലെ ഓരോ മുടിയിഴയും എണ്ണിയിരിക്കുന്നു'' (മത്തായി 10:30). ദൈവം എത്ര കൂടുതലായി നമ്മുടെ കണ്ണീർ കാണുകയും പ്രാർഥനകൾ കേൾക്കുകയും ചെയ്യും!
ദൈവം നമ്മെ കേൾക്കുന്നതിന്റെ മറ്റൊരു കാരണം നമ്മുടെ വിശ്വാസം അവിടത്തെ സന്തുഷ്ടനാക്കുന്നു എന്നതാണ്. അതുകൊണ്ടല്ലേ ""വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്'' എന്നു ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നത് (11:6).
എന്നാൽ വിശ്വാസത്തോടുകൂടെ നാം പ്രാർഥിക്കുന്പോഴും ചിലപ്പോൾ നാം പ്രാർഥിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതെപോകുന്നു. എന്തായിരിക്കാം അതിനു കാരണം? ഒരുപക്ഷേ നമ്മുടെ പ്രശ്നത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നാം കാണുന്നുണ്ടാവൂ. എന്നാൽ ദൈവം അതിന്റെ പൂർണചിത്രം വ്യക്തമായി കാണുന്നു. അതിനാൽ നമ്മുടെ ഭാവിജീവിതം മുഴുൻ കണ്മുന്നിൽ കണ്ടുകൊണ്ടാണ് അവിടന്ന് തീരുമാനങ്ങൾ എടുക്കുന്നത്.
പ്രാർഥനകൾക്ക് നാം ആഗ്രഹിക്കുന്ന ഉത്തരം ലഭിക്കാതിരിക്കുന്നത് ചിലപ്പോൾ വിശ്വാസത്തിൽ നമ്മെ ആഴപ്പെടുത്താനോ, നമ്മെ കൂടുതൽ ശക്തിയുള്ളവരും നന്ദിയുള്ളവരും വിശുദ്ധിയുള്ളവരുമൊക്കെയായി മാറ്റിയെടുക്കാനോ വേണ്ടിയായിരിക്കണം. അതുപോലെ ദൈവത്തിന്റെ മൗനത്തിൽപ്പോലും അർഥമുണ്ട് എന്നത് നാം മറക്കരുത്. ദൈവത്തെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവിടന്ന് എല്ലാം നമ്മുടെ നന്മയ്ക്കായി ഭവിപ്പിക്കുന്നു എന്നല്ലേ ദൈവവചനം പഠിപ്പിക്കുന്നത്? (റോമാ 8:28).
അപ്പോൾപ്പിന്നെ പ്രാർഥിക്കാൻ നാം മടിക്കേണ്ട. വിശുദ്ധ പൗലോസ് അപ്പോസ്തലൻ പറയുന്നു: ""ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ'' (ഫിലിപ്പി 4:9). ദൈവപുത്രനായ യേശു നമ്മെ പഠിപ്പിക്കുന്നു: ""ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും'' (മത്തായി 7:7). ഭഗ്നാശരാകാതെ എപ്പോഴും പ്രാർഥിക്കണമെന്ന് ന്യായാധിപന്റെയും വിധവയുടെയും ഉപമയിലൂടെ അവിടന്ന് നമ്മെ ഓർമപ്പെടുത്തുന്നുമുണ്ട് (ലൂക്കാ 18:1-8).
അതേ, എപ്പോഴും നമ്മുടെ പ്രാർഥന ശ്രവിക്കുന്നവനാണ് ദൈവം. നാം ചോദിക്കുന്ന കാര്യങ്ങൾ അപ്പോൾതന്നെ ലഭിക്കുന്നില്ലെങ്കിലും പ്രാർഥനയിലൂടെ മനസ് ദൈവത്തിലേക്കുയർത്തുന്ന ഓരോ നിമിഷവും സമൃദ്ധമായി പരിശുദ്ധാത്മാവിനെ അവിടന്ന് നമുക്കു നൽകുമെന്നല്ലേ യേശു പഠിപ്പിച്ചിരിക്കുന്നത്? (ലൂക്കാ 11:13). നമ്മുടെ എല്ലാ പ്രാർഥനകളോടും ദൈവം പ്രതികരിക്കുകയും പരിശുദ്ധാത്മാവിനെ നൽകി നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നു സാരം.
Editorial
എസ്ഐആറിൽ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) പങ്കെടുക്കുന്ന ബിഎൽഒമാർ (ബൂത്ത് ലെവൽ ഓഫീസർ) ജീവനൊടുക്കുന്ന വാർത്തകൾ ഒന്നിനു പിറകേ മറ്റൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. പലരും ആത്മഹത്യാഭീഷണി മുഴക്കുന്നു. ഇതൊന്നും കേട്ടുകേൾവിയില്ലാത്തതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനാവശ്യ തിടുക്കം ആദ്യംമുതലേ വിവാദത്തിലായിരുന്നു. അർഹരായ പലരും പട്ടികയിൽനിന്ന് ഒഴിവായെന്ന ആരോപണവും ഉണ്ടായി.
പതിറ്റാണ്ടിലേറെയായി അധികാരത്തിലുള്ള സർക്കാർ, തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തിയപ്പോൾ വോട്ടർമാരെ മുൾമുനയിൽ നിർത്തിയും ഉദ്യോഗസ്ഥരെ മരണത്തിലേക്കു തള്ളിവിട്ടും യുദ്ധകാലാടിസ്ഥാനത്തിൽ വോട്ടർപട്ടിക പരിഷ്കരിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. നിഗൂഢ നടപടികൾകൊണ്ടല്ല, എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടാകണം ജനാധിപത്യത്തെ സുതാര്യമാക്കേണ്ടത്.
ഗുജറാത്തിലും രാജസ്ഥാനിലും ബംഗാളിലും യുപിയിലും കേരളത്തിലുമൊക്ക ബിഎൽഒമാർ സമ്മർദം താങ്ങാനാകാതെ ജീവനൊടുക്കി. യുപിയിലാണ് ഒടുവിലത്തെ സംഭവം. വിവാഹത്തിനുപോലും അവധി കൊടുത്തില്ലെന്നതിന്റെ മനോവേദനയിലാണ് സുധീർ കുമാർ എന്ന യുവാവ് ജീവനൊടുക്കിയത്. അവിടെത്തന്നെ മറ്റൊരു ബിഎൽഒയും വിഷം കഴിച്ചു ജീവനൊടുക്കി. പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ ജീവനൊടുക്കിയതിൽ ഒരാൾ വനിതയാണ്. ഗുജറാത്ത് കൊടിനാർ ദേവ്ലി സ്വദേശിയായ പ്രൈമറി സ്കൂൾ അധ്യാപകൻ അരവിന്ദ് വധേർ ഭാര്യക്കെഴുതിയ ആത്മഹത്യാക്കുറിപ്പിൽ, ഭാര്യയെയും മകനെയും ഏറെ സ്നേഹിക്കുന്നെങ്കിലും എസ്ഐആറിന്റെ ജോലിഭാരവും മാനസിക സമ്മർദവും താങ്ങാനാകുന്നില്ലെന്നാണ് എഴുതിയിരിക്കുന്നത്.
കണ്ണൂർ ഏറ്റുകുടുക്കയിൽ ബിഎൽഒ അനീഷ് ജോർജാണ് ജീവനൊടുക്കിയത്. ജോലിസമ്മർദത്തിനൊപ്പം ഇദ്ദേഹത്തിനെതിരേ സിപിഎം പ്രവർത്തകരുടെ ഭീഷണിയുണ്ടായെന്നും ആരോപണമുണ്ടായിരുന്നു. സമ്മർദം താങ്ങാനാകാതെ, ജീവനൊടുക്കുമെന്ന് പൂഞ്ഞാർ മണ്ഡലത്തിലെ ഒരു ബിഎൽഒ കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും റവന്യു ഉദ്യോഗസ്ഥരും ചൂഷണം ചെയ്യുകയാണെന്നും വില്ലേജ് ഓഫീസിന്റെയോ കളക്ടറേറ്റിന്റെയോ മുന്നിൽ ജീവനൊടുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. മേലുദ്യോഗസ്ഥർ ബന്ധപ്പെട്ട് വിടുതൽ കൊടുക്കാമെന്നു പറഞ്ഞെങ്കിലും അദ്ദേഹം ജോലിയിൽ തുടരാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.
ജീവനക്കാർക്കുമേൽ സമ്മർദമേറുന്നതിനിടെ ജോലിയിൽ വീഴ്ച വരുത്തിയ 60 ബിഎൽഒമാർക്കും ഏഴു സൂപ്പർവൈസർമാർക്കുമെതിരേ യുപിയിൽ പോലീസ് കേസെടുത്തിരിക്കുകയാണ്. വോട്ടർപട്ടിക പരിഷ്കരണത്തിൽ പ്രതിപക്ഷം ഉൾപ്പെടെ ആരും എതിരല്ല. വ്യാജ വോട്ടർമാരെ പുറത്താക്കുകയും മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കുകയും വേണം. പക്ഷേ, അനാവശ്യ തിടുക്കമാണ് സംശയത്തിനും ആശങ്കയ്ക്കുമൊക്കെ ഇടയാക്കിയത്. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലാണ് തീവ്ര വോട്ടർപട്ടിക പരിഷ്കരണം.
2002ലെ പട്ടിക അടിസ്ഥാനമാക്കിയതും ബിഎൽഒമാർക്ക് ആവശ്യത്തിനു പരിശീലനം നൽകാത്തതുമൊക്കെ സ്ഥിതി സങ്കീർണമാക്കി. ഇതിനുമുന്‍പ് ബംഗാളിൽ എസ്ഐആർ നടത്തിയത് രണ്ടു വർഷമെടുത്താണെന്നും ഇപ്പോൾ എന്തിനാണ് കേന്ദ്രസർക്കാർ ഇത്ര വലിയ ധൃതി കാണിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി മമത ബാനർജി ചോദിക്കുന്നത്. ഏതു രാഷ്ട്രീയ പാർട്ടിയെ തൃപ്തിപ്പെടുത്താനാണ് നിങ്ങൾ ആളുകളെ മരണത്തിലേക്കു തള്ളിവിടുന്നതെന്നും മമത ചോദിച്ചു.
ജനങ്ങളോടാണോ ഭരിക്കുന്ന പാർട്ടിയോടാണോ പ്രതിബദ്ധത എന്ന ചോദ്യം ഈ തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലയേറ്റതു മുതൽ ആവർത്തിക്കപ്പെടുന്നുണ്ട്. വോട്ടെടുപ്പ് ജനാധിപത്യത്തിന്റെ പ്രധാന ഘടകമാണ്. ജനങ്ങളെ മടുപ്പിക്കുകയല്ല, ആയാസരഹിതമായി തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്. കഴിഞ്ഞദിവസം ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി, ജീവനക്കാർ ദിവസം 12 മണിക്കൂർ വീതം ആറു ദിവസവും ജോലിയെടുക്കണമെന്ന പഴയ അശാസ്ത്രീയ നിലപാട് ആവർത്തിച്ചിരുന്നു.
അനാരോഗ്യകരവും ആപത്കരവുമായ അത്തരം ചൂഷണം ജീവനക്കാരെ ക്ഷീണിതരാക്കുമെന്നു മാത്രമല്ല, ജോലിയുടെ ഗുണനിലവാരം കുറയ്ക്കുമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിച്ചതൊന്നും അദ്ദേഹത്തിനു വിഷയമല്ല. മരിക്കാനല്ല, ജീവിക്കാനാണു മനുഷ്യർ പണിയെടുക്കുന്നതെന്നു മുതലാളിത്ത മൂർത്തിമാർക്കു മനസിലായില്ലെങ്കിലും ജനാധിപത്യ സർക്കാരിനു മനസിലാകണം. ബിഎൽഒമാരുടെ ആത്മഹത്യാക്കുറിപ്പുകൾപോലും തിരുത്തലുകൾക്കു പ്രേരിപ്പിക്കുന്നില്ലെങ്കിൽ, അവരുടെ പേരില്ലാത്ത വോട്ടർപട്ടിക ജനാധിപത്യത്തിന് അപമാനമാണ്. ചൂഷണത്തിന്റെ സമയം നീട്ടാൻ ആക്രോശിക്കുന്ന ചൂഷണമൂർത്തിയാകരുത് സർക്കാരുകൾ.
District News
അങ്കമാലി: സെന്റ് മേരീസ് എൽപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം കുട്ടികൾക്ക് ദീപിക പത്രത്തിന്റെ കോപ്പി നൽകി സ്പോൺസറും അങ്കമാലി നഗരസഭ കൗൺസിലറുമായ ബെന്നി മൂഞ്ഞേലി നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബെറ്റി തോമസ്, അധ്യാപകൻ ലൂക്കോസ് ജോസ്, ദീപിക അങ്കമാലി ഏരിയ മാനേജർ പി.എൽ. ജിജോ എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ദീപിക ഡോട്ട് കോമിന്റെ നവീകരിച്ച വെബ്സൈറ്റിന് മികച്ച പ്രതികരണം. പുതുമോടികളും മികവുകളുമായെത്തിയ ന്യൂസ് പോർട്ടലിന് ആദ്യ മണിക്കൂറുകളിൽത്തന്നെ മികച്ച പ്രതികരണമാണ് വായനക്കാരിൽനിന്നു ലഭിച്ചത്. ഇതിനൊപ്പം തുടക്കമായ ദീപിക ഓൺലൈൻ ന്യൂസ് ചാനലും ദീപിക മ്യൂസിക് ചാനലും പ്രേക്ഷകരും ആസ്വാദകലോകവും ആവേശത്തോടെ സ്വീകരിച്ചു.
കൊച്ചി തൃക്കാക്കര റെക്കാ ക്ലബ്ബിൽ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്ത പ്രൗഢോജ്വലമായ സമ്മേളനത്തിൽ മന്ത്രി പി. രാജീവാണു ദീപിക ഡോട്ട് കോമിന്റെ നവീകരിച്ച വെബ്സൈറ്റ് അവതരിപ്പിച്ചത്. ദീപിക ഓൺലൈൻ ന്യൂസ് ചാനൽ സിനിമാതാരം നരേനും, ദീപിക മ്യൂസിക് ചാനൽ സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറന്പിലും അവതരിപ്പിച്ചു.
ഐസിഎൽ ഫിൻകോർപ് ആയിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ. ടൈറ്റിൽ സ്പോൺസർ സൗത്ത് ഇന്ത്യൻ ബാങ്കാണ്. ഓക്സിജൻ, ജോസ്കോ ജ്വല്ലേഴ്സ്, ചാവറ കൾച്ചറൽ സെന്റർ എന്നിവർ ഗ്രാൻഡ് സ്പോൺസർമാരും, ചാവറ മാട്രിമണി, സമ്മർ ഇൻ ബത്ലേഹം ഫെസ്റ്റ്, പുളിമൂട്ടിൽ സിൽക്സ്, വെള്ളാപ്പള്ളി കൺസ്ട്രക്ഷൻസ്, ഐ ലീഫ് സൊലൂഷൻസ്, മാജിക് ഫ്രെയിംസ്, ഹോസ്ടെക് എന്നിവ സ്പോൺസർമാരുമായിരുന്നു. സ്പോൺസർമാർക്കുള്ള ദീപികയുടെ ഉപഹാരങ്ങൾ മന്ത്രി പി. രാജീവ് കൈമാറി.
കൂടുതൽ വേഗവും വായനാസുഖവും പകരുന്ന വിന്യാസമാണു ദീപികയുടെ പുതിയ വെബ്സൈറ്റിലുള്ളത്. ഐടി സ്ഥാപനമായ കോർഹബ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് പുതിയ ന്യൂസ് പോർട്ടലിന്റെ വിപുലീകരണം നിർവഹിച്ചത്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിന്റെയും ഇൻഫോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഐലീഫ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും സാങ്കേതിക സഹകരണവും ലഭിച്ചിട്ടുണ്ട്.
ദീപിക വാർത്തകൾനിഷ്പക്ഷം,സത്യസന്ധം: നരേന്
കൊച്ചി: നീതിബോധത്തോടെ നിഷ്പക്ഷവും സത്യസന്ധവുമായ വാര്‍ത്തകൾ വായനക്കാരിലേക്ക് എത്തിക്കുന്ന ദീപിക അതിന്റെ മഹനീയ ദൗത്യം എക്കാലവും തുടരണമെന്ന് സിനിമാതാരം നരേൻ. കൊച്ചിയിൽ ദീപിക ന്യൂസ് ചാനലിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശരിയായ വാര്‍ത്തകള്‍ വായനക്കാരില്‍ എത്തിക്കുന്നതിൽ ദീപിക എന്നും ഒരുപടി മുന്നില്‍ത്തന്നെയാണ്. എണ്ണത്തിലല്ല, മറിച്ച് സത്യത്തിനാണു പ്രാധാന്യം നല്‍കേണ്ടത്. ആ കര്‍ത്തവ്യം ദീപിക നന്നായി നിർവഹിക്കുന്നുണ്ട്. ദീപിക ന്യൂസ് ചാനലിലൂടെ ആ കര്‍ത്തവ്യം കൂടുതലായി വിനിയോഗിക്കാന്‍ കഴിയട്ടെ. ദീപിക ന്യൂസ് ചാനലിന്റെ ലോഞ്ചിംഗ് നിർവഹിക്കാനായതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും നരേന് പറഞ്ഞു.
ദീപികയുടെ പൈതൃകവും വർത്തമാനവും അഭിമാനകരം: ഹൈബി
കൊച്ചി: മഹത്തായ പൈതൃകവും കാലത്തിനൊത്തു പുതുക്കുന്ന പ്രഫഷണലിസവും മാധ്യമലോകത്തു ദീപികയ്ക്ക് അഭിമാനകരമായ ഇടമൊരുക്കിയിട്ടുണ്ടെന്ന് ഹൈബി ഈഡൻ എംപി. ദീപികയിലൂടെ അച്ചടിച്ചുവരുന്നത് സത്യത്തിന്റെ വാക്കുകളെന്ന ബോധ്യം സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദീപിക ഡോട്ട് കോം റീലോഞ്ചിംഗ് ഇവന്റിൽ പ്രസംഗിക്കുകയായിരുന്നു ഹൈബി.
1887ല്‍ ആരംഭിച്ച ദീപിക എന്ന ഒരു സംസ്കാരത്തിന്റെ പിറവി ഇന്ന് ആധുനിക കാലഘട്ടത്തിന്റെ ടെക്നോളജിയിലേക്കു മാറിയിരിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും ശബ്ദമാകാന്‍ എന്നും ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ട്. മാധ്യമരംഗത്ത് പ്രഫഷണലിസം കൊണ്ടുവരാന്‍ ദീപികയ്ക്കു സാധിച്ചുവെന്നതും വലിയ വിജയമാണ്.
ബ്രേക്കിംഗ് ന്യൂസുകള്‍ക്കു പിന്നാലെ പോകുമ്പോള്‍ സത്യസന്ധമായ വാര്‍ത്തകള്‍ ചില മാധ്യമങ്ങളെങ്കിലും മറക്കുന്നുണ്ട്. എന്നാല്‍, ദീപികയിലൂടെ അച്ചടിച്ചുവരുന്ന ഓരോ വാക്കും സത്യത്തിന്റെ വാക്കുകളായിരിക്കുമെന്നാണ് പൊതുബോധം. മണിപ്പുര്‍ വിഷയം ഉള്‍പ്പെടെ പ്രസക്തമായ പല കാര്യങ്ങളും ജനപ്രതിനിധികള്‍ക്കു മുന്നിലെത്തിക്കാന്‍ ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: എക്കാലത്തും സത്യത്തിന്റെ ദീപശിഖയായി പ്രവര്‍ത്തിച്ച മാധ്യമമാണ് ദീപികയെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്.
അമലഗിരി ബി.കെ. കോളജില്‍ ദീപികയുടെ 139-ാം വാര്‍ഷികാഘോഷവും വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കുള്ള എക്സലന്‍സ് പുരസ്കാരവിതരണവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്കു കരുതലായ ദീപിക എക്കാലത്തും കര്‍ഷകര്‍ക്കൊപ്പമാണു നിലകൊള്ളുന്നത്. ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് അഴിമതിക്കെതിരേ പേരാടുന്നതില് ദീപിക വഹിച്ച പങ്ക് വലുതാണ്. സാമൂഹിക സംശുദ്ധത ലക്ഷ്യമാക്കുന്ന ദീപിക തലമുറകള്‍ക്കു വഴികാട്ടിയാണ്.
വ്യക്തിത്വവികസനത്തില്‍ വിവിധ സന്യാസ സമൂഹങ്ങളിലെ സിസ്റ്റേഴ്സ് എല്ലാക്കാലത്തും സേവനസന്നദ്ധരാണെന്നും തന്റെ വളര്‍ച്ചയില്‍ ദീപികയും ദീപിക ബാലസഖ്യവും വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഡോ. സി.വി. ആനന്ദബോസ് കൂട്ടിച്ചേര്‍ത്തു.
ദീപിക സത്യം പ്രകാശിപ്പിച്ചാണു മുന്നേറുന്നതെന്ന് അധ്യക്ഷത വഹിച്ച പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിലുള്ളവരെ കൂട്ടിയിണക്കുന്നതില്‍ ദീപികയ്ക്കു സുപ്രധാന പങ്കുണ്ട്. ദീപികയുടെ വാക്കുകളും നിലപാടുകളും നിര്‍ണായകമാണ്.
സാക്ഷര കേരളത്തിന്റെ ആദ്യാക്ഷരമായ ദീപിക നിരവധി പേരെയാണു വായിക്കാന്‍ പഠിപ്പിച്ചത്. എല്ലാക്കാലത്തും ജനാധിപത്യമൂല്യങ്ങളെ പോഷിപ്പിച്ചാണ് ദീപിക അച്ചുകള്‍ നിരത്തിയത്. കാലഘട്ടത്തിനുനേരേ തിരിച്ച കണ്ണാടിയായ ദീപിക നാടിന്റെ പൈതൃകം സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയിലാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.
ഡിസിഎൽ 75-ാം വാര്‍ഷിക ലോഗോ പ്രകാശനം ചെയ്തു
ദീപിക ബാലസഖ്യം 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ലോഗോ ഡോ. സി.വി. ആനന്ദ ബോസ് പ്രകാശനം ചെയ്തു. വിവിധ മേഖലകളില്‍ മികവു തെളിയിച്ച കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന് ഹോസ്പിറ്റലിലെ ഡോ. സിസ്റ്റര്‍ ദീപ എസ്വിഎം, അമലഗിരി ബി.കെ. കോളജ് മാനേജര്‍ സിസ്റ്റര്‍ ലില്ലി റോസ് എസ്എബിഎസ്, അഞ്ചാനി സിനിമാസ് എംഡി ജിജി അഞ്ചാനി, ടിഷ്യുകള്‍ച്ചര്‍ തേക്ക് നഴ്സറി ഉടമ സോജന് കെ. ജോസഫ് കരോട്ട്കിഴക്കേല്‍ ഭാര്യ സ്വപ്ന ജോര്‍ജ് എന്നിവര്‍ക്ക് ദീപിക എക്സലന്‍സ് അവാര്‍ഡുകള്‍ ഗവർണർ സമ്മാനിച്ചു.
അമലഗിരി ബി.കെ. കോളജിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി പ്രിന്‍സിപ്പല്‍ മിനി തോമസ് ഡോ. സി.വി. ആനന്ദബോസിനു സമ്മാനിച്ചു.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ബി.കെ. കോളജ് മലയാള വിഭാഗം മേധാവി എം.എസ്. മെല്‍ബി എന്നിവര്‍ പ്രസംഗിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതവും സിസ്റ്റര്‍ ലില്ലി റോസ് എസ്എബിഎസ് നന്ദിയും പറഞ്ഞു. അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി.
ദീപിക ബാലസഖ്യം കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, ദീപിക ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്), ഫാ. രഞ്ജിത്ത് ആലുങ്കല്‍, പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Movies
140-ാം വർഷത്തിലേക്കു പദമൂന്നുന്ന മലയാളത്തിന്റെ ആദ്യ ദിനപത്രം തനിക്കു നൽകിയ ആദരവിൽ അതിയായ സന്തോഷമുണ്ടെന്ന് മോഹൻലാൽ. ദീപികയുടെ ഉപഹാരം വലിയ അംഗീകാരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നേടിയതിനെത്തുടർന്ന് ദീപിക നൽകിയ ഉപഹാരം കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോർട്ടിൽവച്ച് ഏറ്റുവാങ്ങിയശേഷം പ്രതികരിക്കുകയായിരുന്നു മോഹൻലാൽ.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടാണ് ദീപികയുടെ ഉപഹാരം മോഹൻലാലിനു സമ്മാനിച്ചത്. ചീഫ് ന്യൂസ് എഡിറ്റർ സി.കെ. കുര്യാച്ചൻ, പിആർഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവരും സംബന്ധിച്ചു.
ദാദാ സാഹെബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തോടനുബന്ധിച്ച് ദീപിക പ്രസിദ്ധീകരിച്ച വാർത്തകളുടെ കൊളാഷാണ് ഉപഹാരമായി നൽകിയത്. ഈ ഉപഹാരം താൻ നെഞ്ചോടു ചേർക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.
തന്റെ അഭിനയജീവിതത്തിന്റെ 25-ാം വാർഷികം ദീപികയുടെ ആഭിമുഖ്യത്തിൽ 2003 നവംബർ 29ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിപുലമായി ആഘോഷിച്ചത് മോഹൻലാൽ അനുസ്മരിച്ചു.
“48 വർഷത്തെ ഈ യാത്രയിൽ എല്ലാവരുടെയും സ്നേഹവും പിന്തുണയുമാണ് എന്നെ നയിക്കുന്നത്. എന്റെ കൂടെയുള്ളവരും എന്നോടൊപ്പം സഹകരിക്കുന്നവരുമെല്ലാമാണ് എന്നെ പ്രചോദിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്തത്. അവർക്കെല്ലാമായാണ് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം സമർപ്പിക്കുന്നത്- മോഹൻലാൽ പറഞ്ഞു.
Samskarikam
കലാ-സാംസ്കാരിക രംഗത്ത് അയ്യമ്പിള്ളിക്കൊരു പെരുമയുണ്ട്. അതായത്, എഴുത്തുകാരനും മുന്‍ പത്രാധിപരുമൊക്കെയായ അയ്യമ്പിള്ളി ഭാസ്കരന്, സിനിമ സംവിധായകനായ ചാള്‍സ് അയ്യമ്പിള്ളി, സിനിമാ നിര്‍മാതാവും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളി, നാടക രചയിതാവും സംവിധായകനുമായിരുന്ന പരേതനായ ബാലന് അയ്യമ്പിള്ളി എന്നിവരൊക്കെ ജനിച്ചു വളര്‍ന്ന കലയുടെ വളക്കൂറുള്ള മണ്ണാണിത്.
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപില്‍പ്പെട്ട അയ്യമ്പിള്ളി എന്ന ഗ്രാമത്തെ കലയെയും എഴുത്തിനെയും സ്നേഹിക്കുന്നവരുടെ മനസിലേക്ക് എത്തിച്ച മഹദ് വ്യക്തികളെന്നുവേണം ഇവരെ വിശേഷിപ്പിക്കാന്‍. ഇവര്‍ക്ക് പിന്നാലെ അയ്യമ്പിള്ളിക്ക് പെരുമ കൂട്ടാന്‍ ഇപ്പോഴിതാ പ്രവീണ്‍ അയ്യമ്പിള്ളി എന്ന യുവ താരം കൂടി ഉദയം ചെയ്തിരിക്കുകയാണ്.
ഹൃദയം തൊട്ട ആമ വൈബ്
ആമ വൈബ് എന്ന ഒറ്റ കൃതിയിലൂടെ കലാഹൃദയത്തിന്റെ ഉള്ളു തൊട്ട പ്രവീണ്‍ പഠന കാലം മുതല്‍ക്കെ കഥയും കവിതയുമൊക്കെ മനസില്‍ താലോലിച്ച് കൊണ്ടു നടന്നിരുന്നയാളാണ്.
രചനകള്‍ ചിലതൊക്കെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കോളജ് പഠനകാലത്ത് രണ്ടു തവണ സംസ്ഥാന പാരലല്‍ കോളജ് കലോത്സത്തില്‍ കലാപ്രതിഭയുമായി. സാമൂഹ്യ മാധ്യമങ്ങളെ പിന്തുടരുന്നവര്‍ക്ക് ഇപ്പോള്‍ പ്രവീണിന്റെ ലൈവ് കവിതകള്‍ സുപരിചിതമായിരിക്കും.
എന്നാല്‍ ആമ വൈബ് എന്ന കഥ ഇതില്‍ നിന്നൊക്കെ വേറിട്ടൊരു ചരിതമാണ് പറയുന്നത്. പഴയ തലമുറ ഇത് വായിക്കുമ്പോഴാകട്ടെ ഇതൊരു അനുഭവമാകാം. വെറും അനുഭവമല്ല, ഗൃഹാതുരത്വം വിളമ്പുന്ന അനുഭവമെന്ന് തന്നെ പറയാം. ഇനി പുതു തലമുറയുടെ കാര്യം പറഞ്ഞാലോ, അവരെ ഈ കൃതി ജിജ്ഞാസുക്കളാക്കും.
Leader Page
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിൽ ദീപിക കാട്ടിയ ചങ്കൂറ്റം ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടതാണ്. പത്രസ്വാതന്ത്ര്യത്തിനു കടുത്ത വെല്ലുവിളി ഉയർന്ന ആ നാളുകളിൽ ദീപികയുടെ പോരാട്ടം ത്രസിപ്പിക്കുന്നതായിരുന്നു.
1975 ജൂണ്‍ 25നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1977 മാർച്ച് 21 വരെ ഇതു നീണ്ടു.ഇക്കാലത്തു പത്രസ്വാതന്ത്ര്യം ഉൾപ്പെടെ എല്ലാ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങു വീണു.
പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലെ (പിഐബി) ഉദ്യോഗസ്ഥരെ പേജുകൾ കാട്ടി അവരുടെ അനുവാദത്തോടെമാത്രമേ പത്രം പ്രസിദ്ധീകരിക്കാൻ സാധിക്കുമായിരുന്നുള്ളൂ. സർക്കാരിനെതിരായുള്ള എല്ലാ വാർത്തകളും അവർ നീക്കംചെയ്തു. അവരെ കബളിപ്പിച്ച് പ്രസിദ്ധീകരിച്ച വാർത്തകൾക്കു ശിക്ഷയായി കനത്ത പിഴ അടയ്ക്കേണ്ടിവന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം ഇറങ്ങിയ ദീപികയിൽ മുഖപ്രസംഗം ഉണ്ടായിരുന്നില്ല. ചില ദേശീയ പത്രങ്ങളും ഇതേ മാതൃക സ്വീകരിച്ചു. ഇവർക്കെല്ലാം സർക്കാരിന്റെ ശക്തമായ താക്കീതു കിട്ടി. ഇന്നത്തെ ഒന്നാം പേജിൽ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്ന കാർട്ടൂൺ 1975 ജൂൺ 26ന് ദീപിക നാലാം പേജിൽ ‘പൊൻമുട്ടയിടുന്ന താറാവ് ’എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ചതാണ്. ഈ കാർട്ടൂൺ അധികാരകേന്ദ്രങ്ങളെ പിടിച്ചുകുലുക്കുകതന്നെ ചെയ്തു.
ജൂൺ 28ന് ദീപിക മുഖപ്രസംഗത്തിന്റെ സ്ഥാനത്ത് ചിന്താവിഷയമായി രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ ഗീതാഞ്ജലിയിലെ വരികളുടെ പരിഭാഷ പ്രസിദ്ധീകരിച്ചു. അതിപ്രകാരമായിരുന്നു:
“എവിടെ മനസ് നിർഭയമായിരിക്കുന്നുവോ,
ശിരസ് ഉയർത്തിപ്പിടിക്കപ്പെടുന്നുവോ,
എവിടെ ലോകം ഇടുങ്ങിയ ഗാർഹികഭിത്തികളിൽ
ശിഥിലമായിത്തീരാതിരിക്കുന്നുവോ,
എവിടെ വാക്കുകൾ സത്യത്തിന്റെ അഗാധതയിൽനിന്ന് ഉയർന്നുവരുന്നുവോ,
എവിടെ അക്ഷീണമായ യത്നം പൂർണതയിലേക്ക്
അതിന്റെ കൈകൾ നീട്ടുന്നുവോ,
എവിടെ യുക്തിയുടെ സ്വച്ഛമായ സരിത്ത് മൃതമായ
ശീലങ്ങളുടെ മണലാരണ്യത്തിലേക്കു വഴിതെറ്റിപ്പോകാതിരിക്കുന്നുവോ,
എവിടെ മനസ് അങ്ങയാൽ സദാ വികസിച്ചുകൊണ്ടിരിക്കുന്ന ചിന്തായത്നത്തിലേക്കും
കർമത്തിലേക്കും മുന്നോട്ടു നയിക്കപ്പെടുന്നുവോ
സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗത്തിലേക്ക് അല്ലയോ
പിതാവെ എന്റെ നാട്ടിനെ ഉണർത്തിയാലും..
1933 ഓഗസ്റ്റ് 9-ന് പണ്ഡിറ്റ് നെഹ്റു മകൾക്കയച്ച കത്തിൽ രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിൽ നിന്നും ഉദ്ധരിച്ച ഒരു കവിത.
വിശ്വചരിത്രാവലോകനം-പേജ് 1314.
മുഖപ്രസംഗത്തിനു പകരം ഇങ്ങനെയൊരു കൃത്യം നടത്തിയതു വലിയ ധിക്കാരമാണെന്നു സർക്കാർ താക്കീതുനൽകി. ജൂൺ 29ന് ഭരണഘടനയിലെ 14, 21, 22 വകുപ്പുകളനുസരിച്ച് കോടതിയെ സമീപിക്കാൻ പൗരന്മാർക്കുള്ള അവകാശം റദ്ദാക്കിക്കൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവാണ് ‘കോടതിയെ സമീപിക്കാനുള്ള അവകാശം റദ്ദാക്കി’ എന്ന തലക്കെട്ടിൽ പ്രധാന വാർത്തയാക്കിയത്. ഈ വാർത്തയോടു ചേർന്ന് ഇറ്റലിയിലെ ചെരിഞ്ഞ പിസ ഗോപുരത്തിന്റെ പടവും പ്രാമുഖ്യത്തോടെ പ്രസിദ്ധീകരിച്ചു. ചാഞ്ഞുനിൽക്കുന്ന പിസ ഗോപുരത്തെ ഒരു യുവതി താങ്ങിനിർത്തുന്ന മട്ടിലുള്ളതായിരുന്നു ചിത്രം. ‘പിസായിലെ ചെരിയുന്ന ഗോപുരത്തെ താങ്ങുന്ന വനിത...’
(ഫോട്ടോഗ്രഫി സൃഷ്ടിച്ച മിഥ്യ) എന്ന അടിക്കുറിപ്പോടെയാണ് ദീപിക ചിത്രം പ്രസിദ്ധീകരിച്ചത്. രാജ്യം എത്രനാൾ അടിയന്തരാവസ്ഥയെ താങ്ങും എന്നായിരുന്നു വ്യംഗ്യം. പിഐബിക്കു പിറ്റേദിവസമാണ് സംഭവം കത്തിയത്. ദീപികയ്ക്ക് 25,000 രൂപ പിഴ. ഇതുകൊണ്ടും ദീപിക പത്തിമടക്കിയില്ല. ഇത്തരം ഒളിപ്പോരുകൾ തുടർന്നു. ശിക്ഷയും കിട്ടിക്കൊണ്ടിരുന്നു.
എറണാകുളം ജില്ലയിലെ കോടനാട് ആനപരിശീലനകേന്ദ്രമുണ്ട്. കാട്ടാനകളെ വാരിക്കുഴിയിൽ വീഴ്ത്തി പിടിച്ചുകെട്ടി ഇവിടെ കൊണ്ടുവന്ന് പരിശീലിപ്പിക്കുകയാണ് പതിവ്. ആയിടെ ഒന്‍പത് ആനകൾ ഒറ്റയടിക്കു വാരിക്കുഴിയിൽ വീണു. അതിന്റെ ഉഗ്രനൊരു പടവുമായി അവിടത്തെ ഏജന്റ് വന്നു. ‘സ്വാതന്ത്ര്യമേ വിട...’എന്ന അടിക്കുറിപ്പോടെ 1975 ഓഗസ്റ്റ് മൂന്നിന് ദീപിക അത് ഒന്നാംപേജിൽ പ്രസിദ്ധീകരിച്ചു. പിഐബി ഉദ്യോഗസ്ഥർ പത്രം അച്ചടിക്കുന്നതിനുമുന്പ് ചിത്രം കണ്ടെങ്കിലും അവർക്കു ഗുട്ടൻസ് പിടികിട്ടിയില്ല. പ്രസിദ്ധീകരിച്ച അന്നുതന്നെ സർക്കാരിന്റെ നോട്ടീസ്.
അടിയന്തരാവസ്ഥയെ കളിയാക്കിയിരിക്കുന്നു. സമാധാനം ബോധിപ്പിക്കണം. ദീപിക നൽകിയ വിശദീകരണം സർക്കാരിനു ബോധിച്ചില്ല. ഒന്നര ലക്ഷം രൂപ പിഴയടിച്ചു. ഇത്തരത്തിലായിരുന്നു ദീപികയുടെ പോരാട്ടം.
District News
ചങ്ങനാശേരി: ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ മേഖലാതല ഉദ്ഘാടനം എസ്എച്ച് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. കേരളസമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് ദീപിക നിര്‍വഹിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ചലച്ചിത്രതാരം കൃഷ്ണപ്രസാദ്, സ്കൂള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ ദീപിക പത്രത്തിന്റെ കോപ്പി ഏറ്റുവാങ്ങി.
ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍, ദീപിക ഫ്രണ്ട്സ് ക്ലബ് അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ്കുട്ടി നെടുമ്പറമ്പില്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്, ചങ്ങനാശേരി ഡിവൈഎസ്പി കെ.പി. ടോംസണ്,
ദീപിക ഡെപ്യൂട്ടി ജനറല്‍മാനേജര്‍ (എച്ച്ആര്‍)കോര ജോസഫ്, ദീപിക എജിഎം ആൻഡ് പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട്, ദീപിക എജിഎം ജോസഫ് ജോസഫ്, ദീപിക സര്‍ക്കുലേഷന്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ വര്‍ഗീസ് ഡൊമിനിക്, ദീപിക ഫ്രണ്ട്സ് ക്ലബ് അതിരൂപത പ്രസിഡന്റ് ആന്റണി മലയില്‍, ദീപിക ഫ്രണ്ട്സ്ക്ലബ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ആന്‍സി ചേന്നോത്ത്, ഡിസിഎല്‍ മേഖല ഓര്‍ഗനൈസര്‍ ജോഷി കൊല്ലാപുരം എന്നിവര്‍ പ്രസംഗിച്ചു.