ഒരു സംവിധായകന്റെയും സഹായിയാവാതെ, ക്ലാപ്പടിക്കാതെ, പരിശീലനങ്ങളൊന്നുമില്ലാതെ ഒരു മൂവി കാമറയിലൂടെ ആദ്യം നോക്കുന്നത് 1978ല്‍ പുറത്തിറങ്ങിയ തന്റെ ഉത്രാടരാത്രി എന്ന സിനിമയുടെ ആദ്യഷോട്ടിലാണ് എന്നു പറയാറുണ്ട് ബാലചന്ദ്രമേനോന്.
പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും അതു സാധിക്കാതെ, സിനിമ സ്വയം പഠിച്ച് മുന്നോട്ടു നടന്നതുകൊണ്ടാണ് ബാലചന്ദ്രമേനോന് എന്ന യുവാവ് ഇന്നത്ത ബാലചന്ദ്രമേനോനായി മാറുന്നത്. 1975ല്‍ ഒരു പ്രമുഖ ചലച്ചിത്ര വാരികയുടെ മദ്രാസിലെ പ്രതിനിധിയായാണ്, പില്ക്കാലത്ത്
സംവിധാനവും അഭിനയവും നിര്‍മാണവും കഥയും തിരക്കഥയും സംഭാഷണവും ഉള്‍പ്പെടെ സിനിമയുടെ സമസ്ത മേഖലയും തൊട്ടറിഞ്ഞ മേനോന്റെ തുടക്കം. തലമുടി പിന്നിലേക്ക് നീട്ടി വളര്‍ത്തിയ, മെലിഞ്ഞു നീണ്ട യുവപത്രപ്രവര്ത്തകന് ആദ്യം അഭിമുഖം നടത്തിയത് അക്കാലത്തെ പ്രശസ്ത നായികനടിയായ റാണിചന്ദ്രയെയായിരുന്നു. പിന്നീട് പ്രേംനസീര്‍, കെ.പി. ഉമ്മര്‍ തുടങ്ങി എത്രയോ താരങ്ങള്‍ ബാലചന്ദ്രമേനോന്റെ മുന്നിലിരുന്നു.
അന്നുമുതൽ അഭിനേതാക്കളുടെ സൂക്ഷ്മഭാവങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ടാവാം ബാലചന്ദ്രമേനോൻ. ഈ മുന്നൊരുക്കങ്ങള്‍ മേനോന്റെ സിനിമാ ജീവിതത്തിലെ വിജയത്തിന്റെ ഒരു പ്രധാന കാരണമാണ്. ഇപ്പോള്‍ ബി. ഉണ്ണികൃഷ്ണൻ സംവിധാനംചെയ്യുന്ന ഏറ്റവും പുതിയ സിനിമയില്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേഷം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.
സമാന്തരങ്ങൾ, അച്ചുവേട്ടന്റെ വീട്, ഏപ്രിൽ 18, കാര്യം നിസാരം, കുടുംബപുരാണം തുടങ്ങിയ അവിസ്മരണീയങ്ങളായ സിനിമകളുടെ ശില്പി തന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വാർഷികാഘോഷവേളയിലാണ്. ബാലചന്ദ്രമേനോന് സംസാരിക്കുന്നു....
? അരനൂറ്റാണ്ടു തികയുന്ന അവസരത്തില്‍ എന്താണ് മനസിൽ തെളിയുന്നത്.
= എന്റെ ജീവിതത്തില്‍ ഒരു പൂവ് മാത്രമാണ് ഞാന്‍ ചോദിച്ചത്. എനിക്കു പക്ഷേ ഒരു പൂന്തോട്ടം ഈശ്വരാനുഗ്രഹത്താല്‍ ലഭിച്ചു. എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് സിനിമ. ട്രെന്‍ഡുകള്‍ മാറിക്കൊണ്ടേയിരിക്കുന്ന രംഗം. ഇതിനിടയില്‍ അമ്പതു വര്‍ഷം നിലനില്ക്കാന് കഴിഞ്ഞതുതന്നെ ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. അതിനു ഞാന്‍ എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോടും നന്ദി പറയുകയാണ്.
? ചെറുപ്പം മുതല്‍ സിനിമയെ പ്രണയിക്കുകയും സിനിമ പഠിക്കാന്‍ പോകണമെന്ന് ആഗ്രഹിക്കുകയും ചെയ്ത മേനോന് സിനിമാ പത്രപ്രവര്‍ത്തനത്തിലേക്കു കടന്നതും മറ്റൊരു വാതിലിലൂടെ സിനിമയിലെത്താൻതന്നെയാണെന്ന് കേട്ടിട്ടുണ്ട്.
= അതേ. പ്രശസ്ത കവിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എന്റെ അധ്യാപകനുമായിരുന്ന പ്രഫ. ഒ.എന്‍.വി. കുറുപ്പാണ് എന്നോട് സിനിമയിലേക്കു തുറക്കുന്ന മറ്റൊരു കൗണ്ടറിനെക്കുറിച്ച് പറയുന്നത്. സംവിധായകന്റെ അസിസ്റ്റന്റായി തുടങ്ങാമെന്ന് കരുതിയെങ്കിലും അതിന് എനിക്ക് കഴിയില്ല എന്ന് മനസിലായപ്പോള്‍ ഞാനക്കാര്യം ഒ.എന്‍.വി സാറുമായി പങ്കുവച്ചു. കോളജ് യൂണിയന് ചെയര്‍മാനായും നാടക നടനായും സംവിധായകനായും എന്നെ കണ്ടിട്ടുള്ള സാര്‍ അപ്പോള്‍തന്നെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കാന്‍ എനിക്കൊരിക്കലും കഴിയില്ല എന്ന കാര്യം ഉറപ്പിച്ചു പറഞ്ഞു.
ജേര്‍ണലിസം പഠിക്കാന്‍ എന്നെ ഉപദേശിക്കുകയും ചെയ്തു. അക്കാലത്ത് ജേര്‍ണലിസം കോഴ്സിനെക്കുറിച്ച് ഞാന്‍ കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല. പിന്നീട് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍നിന്ന് ഒന്നാം റാങ്കോടെ പത്രപ്രവര്‍ത്തന കോഴ്സ് പാസായി. ഹിന്ദുസ്ഥാന്‍ ടൈംസില്‍ പത്രപ്രവര്‍ത്തകനായി ജോലി ലഭിച്ചെങ്കിലും സിനിമയെ വിട്ടുമാറാന്‍ എന്റെ മനസ് തയാറാവാത്തതിനാല്‍ നാന സിനിമാവാരികയുടെ മദ്രാസിലെ പ്രതിനിധിയാവാന്‍ മദ്രാസ് മെയിലില്‍ കയറുകയായിരുന്നു.
? എത്രയോ പ്രശസ്ത താരങ്ങള്‍ക്കൊപ്പമിരുന്ന് അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്. മുമ്പ് താരങ്ങള്‍ ഇരുന്ന കസേരയില്‍ ഇരുന്ന് പിന്നീട് താങ്കൾ പത്രക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിത്തുടങ്ങി. എങ്ങനെ കാണുന്നു. ഭാഗ്യമായിട്ടാണോ.
= അതേ, ഭാഗ്യത്തിന്റെ അംശം ജീവിതത്തിന്റെ എല്ലാ തലത്തിലുമുണ്ടല്ലോ. എനിക്കു കസേരകള്‍ മാറി നല്‍കിയതിലും ഈ ഭാഗ്യമുണ്ട്. സിനിമ ഉള്‍പ്പെടെ എന്തും വിജയിക്കുന്നതിലും ഭാഗ്യം എന്ന ഘടകമുണ്ട്. ഉദാഹരണമായി ഒരു സദസിലിരുന്ന് നമ്മള് ഒരു തമാശ പറഞ്ഞുവെന്നിരിക്കട്ടെ. അപ്പോള്‍ പെട്ടെന്ന് പുറത്തൊരു പടക്കം പൊട്ടിയാല്‍ ജനം അങ്ങോട്ടേക്ക് ശ്രദ്ധ തിരിക്കില്ലേ? നമ്മള് പറഞ്ഞ നര്‍മം ആരെങ്കിലും ആസ്വദിക്കുമോ?
? ഉത്രാട രാത്രി എന്ന ആദ്യ സിനിമയിൽ തന്നെ അഭിനയവും തുടങ്ങിയിരുന്നു. പിന്നീട് സ്വന്തം സിനിമയിലും പ്രശസ്തരായ മറ്റു സംവിധായകരുടെ ചിത്രങ്ങളിലും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സ്വന്തം സിനിമകളാണോ മറ്റു സംവിധായകരുടെ സിനിമകളാണോ കൂടുതല്‍ സുഖകരം.
= സിനിമ എല്ലാക്കാലത്തും എന്റെ പാഷനാണ്. എല്ലാ സിനിമകളും ഒരുപോലെ ആഹ്ലാദകരമായ അനുഭവങ്ങളുമാണ്. അതിന് എന്റെ സിനിമ, മറ്റുള്ളവരുടെ സിനിമ എന്ന വേര്‍തിരിവില്ല.
? താങ്കളുടെ ഉള്ളിലെ നടനെ പൂര്‍ണ അര്‍ഥത്തില്‍ പുറത്തുകൊണ്ടുവന്നത് മറ്റു സംവിധായകരാണെന്ന് ചില സിനിമാപ്രേമികള്‍ പറയാറുണ്ട്.
= അങ്ങനെ വിശ്വസിക്കുന്നത് അവരുടെ ആസ്വാദ്യതലം അത്തരത്തിലായതു കൊണ്ടാവാം. എനിക്ക് ദേശീയ അംഗീകാരം ലഭിച്ചത് എന്റെതന്നെ സിനിമയായ സമാന്തരങ്ങളിലെ ഇസ്മയിലിനെ അവതരിപ്പിച്ചതിനാണ്.
മികച്ച നടനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷത്തില്‍ എനിക്കു നന്ദിപറയേണ്ടിവന്നത് എന്നോടുമാത്രമായിരുന്നു. മറ്റ് അവാര്‍ഡ് ജേതാക്കള്‍ സംവിധായകനും, നിര്‍മാതാവിനും, തിരക്കഥാകൃത്തിനും നന്ദി പറഞ്ഞിടത്ത് എനിക്ക് ബാലചന്ദ്രമേനോനു മാത്രമേ നന്ദിപറയേണ്ടിവന്നിട്ടുള്ളൂ എന്നതും സത്യമാണ്.
? ബാലചന്ദ്രമേനോന് ഏറ്റവും ഇഷ്ടപ്പെട്ട ബാലചന്ദ്രമേനോന് സിനിമ.
= അങ്ങനെ ഒരു സിനിമയുടെ മാത്രം പേരെടുത്തുപറയാന്‍ കഴിയില്ല. ഓരോ സിനിമയ്ക്കും ആ സിനിമയുടേതായ സവിശേഷതകളില്ലേ. എല്ലാ സിനിമകളും എനിക്ക് ഒരു പോലെ പ്രിയപ്പെട്ടതാണ്.
? മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു, ഭരത് ഗോപി, തിലകന്, മണിയന്‍പിള്ള രാജു, ശ്രീവിദ്യ, അംബിക, ജലജ തുടങ്ങിയ പ്രതിഭകളായ അഭിനേതാക്കള്‍ക്കു വളരെ വ്യത്യസ്തമായ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങളെ നൽകാവാന്‍ സാധിച്ചിട്ടുണ്ട്. പ്രേംനസീര്‍ എന്ന മലയാളത്തിന്റെ അഭിമാനതാരത്തിന് ഏറെ ഇഷ്ടമായിരുന്നു മേനോന് നല്കിയ കാര്യം നിസാരത്തിലെ ഉണ്ണിത്താന് വേഷം. കാര്യം നിസാരത്തിലും ശേഷം കാഴ്ചയിലും പ്രേക്ഷകര്‍ കണ്ട കെ.പി. ഉമ്മറിന്റെ അഭിനയവും മുന്‍പെങ്ങും കണ്ടിട്ടില്ലാത്തതായിരുന്നു.
= സംവിധായകന് എന്ന നിലയില്‍ അഭിമാനമുണ്ട്, സന്തോഷമുണ്ട്. ചലച്ചിത്ര ലോകത്തെ മുഖ്യധാരാ താരങ്ങള്‍ക്കു മാത്രമല്ല, അഭിനയസിദ്ധിയുള്ള നിരവധി മറ്റ് അഭിനേതാക്കള്‍ക്കും എന്റെ സിനിമകളില്‍ നല്ല വേഷങ്ങള്‍ നല്‍കിയിട്ടുണ്ട്.
കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരന്, ശാന്താദേവി.. അങ്ങനെ എത്രയോ അഭിനേതാക്കള്‍... അങ്ങനെ ചെയ്താല്‍ മാത്രമേ സിനിമ ജനകീയമാവുകയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമയില്‍ എന്റെ പേര് എഴുതിക്കാണിക്കുമ്പോഴും എന്റെ സിനിമ എല്ലാവരുടെയും സിനിമതന്നെയാണ്.
? പ്രതാപ് പോത്തന് സംവിധാനം ചെയ്ത "ഋതുഭേദ’ത്തില്‍ രാജന് മാഷ് എന്ന കഥാപാത്രത്തെയാണ് ബാലചന്ദ്രമേനോന് അവതരിപ്പിച്ചത്. നായിക ഗീതയുടെ കഥാപാത്രത്തോട് രാജന് മാഷ് പറയുന്ന ഒരു ഡയലോഗിന്റെ കാര്യം താങ്കള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതായത് "കാണാക്കയറുകള്‍ പൊട്ടിച്ച് കന്മതിലിനു പുറത്തേക്കുവരാന്‍ തയാറാണോ’ എന്നുള്ള ചോദ്യത്തെക്കുറിച്ച്. സാക്ഷാൽ എം.ടി. വാസുദേവൻ നായരുടേതായിരുന്നു തിരക്കഥയും സംഭാഷണവും എന്ന കാര്യവും ഓർമിക്കാം.
= അതേ. വികാരതീവ്രമായ രംഗത്തെ ആ സംഭാഷണം പറഞ്ഞപ്പോള്‍ ഉള്ളില്‍ ചിരിയാണ് വന്നത്. കാരണം എന്റെ രീതിയിലാണെങ്കില്‍ ഇറങ്ങി വാ... എന്നായിരിക്കും നായികയോടുള്ള ഡയലോഗ്. വളഞ്ഞുചുറ്റി മൂക്കില്‍ പിടിക്കണോ? നേരേ പിടിച്ചാല്‍ പോരേ എന്ന് ഞാന്‍ പ്രതാപ് പോത്തനോട് പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത്...
""അങ്ങനെ ചെയ്താല്‍, അത് എം.ടി ആവില്ല’’ എന്നാണ്. ഓരോ കഥാകൃത്തിനും തിരക്കഥാകൃത്തിനും അവരുടേതായ ആഖ്യാനശൈലിയുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ നമ്മുടെ കടമ അതനുസരിച്ച് അഭിനയിക്കുക എന്നതാണ്. അവിടെ നമ്മള് എന്ന വ്യക്തിയുടെയോ സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ ഒരു ഇടപെടലും വരാന്‍ പാടില്ല.
? നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്രമേനോന് ചിത്രത്തിൽ മമ്മൂട്ടി ജീവൻ നൽകിയ സുകുമാരൻ എന്ന കഥാപാത്രം വളരെയേറെ ആരാധകരെ നേടിയിട്ടുണ്ട്. മമ്മൂട്ടി അതില്‍ ബാലചന്ദ്രമേനോന്റെ മാനറിസങ്ങള്‍ അനുകരിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.
= സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മമ്മൂട്ടി എന്നോടു പറഞ്ഞത്... ഞാനീ സിനിമയില്‍ അഭിനയിച്ചിട്ടില്ല. ബാലചന്ദ്രമേനോനെ അനുകരിച്ചതേയുള്ളൂ എന്നാണ്. ഈ സിനിമയില്‍ ബാലചന്ദ്രമേനോന് അഭിനയിച്ചാല്‍ എങ്ങനെയായിരിക്കും എന്ന് സങ്കല്പിച്ച് ഞാന്‍ അഭിനയിച്ചു. എന്നാണ് മമ്മൂട്ടി പറഞ്ഞത്.
? കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് എന്നും ബാലചന്ദ്രമേനോന്. കുടുംബത്തിനുള്ളിലെ അമ്മയുടെ മനസ്, അമ്മ വച്ചുണ്ടാക്കിത്തരുന്ന ഭക്ഷണത്തിന്റെ രുചി. പുറമേയുള്ള കാര്‍ക്കശ്യത്തിനുള്ളില്‍ പിടയുന്ന അച്ഛന്റെ ഉള്ളം. ഇതെല്ലാം ബാലചന്ദ്രമേനോന്റെ സ്പെഷല്‍ ചേരുവകളായിരുന്നു. ഇനിയുമൊരു കുടുംബചിത്രം മനസിലുണ്ടോ.
= കുടുംബത്തിനുള്ളിലെ നന്മയെ എന്റെ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ള സംവിധായകന്‍തന്നെയാണ് ഞാന്‍. റെയില്‍വേയില്‍ സ്റ്റേഷന് മാസ്റ്ററായി ജോലി ചെയ്തിരുന്ന എന്റെ അച്ഛന് എല്ലാ മാസവും ശമ്പളം കിട്ടുമ്പോള്‍ കൊല്ലത്ത് സാധനങ്ങള്‍ വാങ്ങാനായി പോകും. പന്ത്രണ്ടു വയസുള്ള എന്നെയും കൂട്ടും.
പലവ്യഞ്ജനങ്ങളും മറ്റും വാങ്ങിക്കഴിഞ്ഞാല്‍ അച്ഛന് ടെക്സ്റ്റൈല്‍സില്‍ കയറി അമ്മയ്ക്കൊരു സാരി വാങ്ങും. വീട്ടിലെത്തിയാലുടനെ അമ്മ അത് ഉടുത്തുകാണണം. അമ്മ ഒട്ടും നന്നായിട്ടായിരിക്കില്ല പുതിയ സാരി ഉടുത്തുവരുന്നത്. ഉടനെ അച്ഛന് ഇങ്ങനെയാണോ സാരിയുടെ ഞൊറിവുകള്‍ ഇടുന്നത്. എന്നുപറഞ്ഞ് നിലത്തുചടഞ്ഞിരുന്ന് പ്ലീറ്റുകള്‍ ശരിയാക്കും.
ഈ ഒരു രംഗം കണ്ടുവളര്‍ന്നതുകൊണ്ടാണ് ഏപ്രില്‍ 18ല്‍ ഭാര്യയുടെ (ശോഭന അവതരിപ്പിക്കുന്ന കഥാപാത്രം) സാരി പ്ലീറ്റ് ഭര്‍ത്താവും സ്ഥലം എസ്ഐയുമായ രവികുമാർ നിലത്തിരുന്ന് ശരിയാക്കുന്ന രംഗം ഞാന്‍ ഉള്‍പ്പെടുത്തിയത്. ഞാൻതന്നെ അഭിനയിച്ച ആ രംഗം ധാരാളം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതാണ്. ജീവിതത്തില്‍നിന്നും സിനിമയില്‍നിന്നും ഇപ്പോള്‍ ഇത്തരം പ്രിയ നിമിഷങ്ങള്‍ ഒഴിഞ്ഞുപോവുകയാണ്.
കുടുംബചിത്രങ്ങള്‍ എടുക്കണമെന്ന എന്റെ ആഗ്രഹം ഇപ്പോഴും തീര്‍ന്നിട്ടില്ല. സിനിമയുടെ മുഖവും പുതിയ തലമുറയിലെ പ്രേക്ഷകരുടെ അഭിരുചിയും മാറിയെങ്കിലും ഒരു നല്ല കുടുംബചിത്രം എന്റെ സ്വപ്നമാണ്.
Tags : My own Balachandra Menon sunday deepika malayalam cinema