Kerala
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കട്ടിളപ്പാളി കേസിൽ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
കൊല്ലം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറയുക. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ പോറ്റിക്ക് കോടതി ജാമ്യം നൽകുമെന്നാണ് വിലയിരുത്തലുകൾ. എന്നാൽ ജാമ്യം നേടി പോറ്റി പുറത്തിറങ്ങിയാൽ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ഇഡി.
കേസിൽ എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയേറുന്നത്. എന്നാൽ ഇന്ന് പോറ്റിക്ക് ജാമ്യം ലഭിച്ചാൽ ഇന്ന് തന്നെ ഇഡി സമൻസ് അയയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്താനുള്ള സമൻസ് ഇഡി ഉദ്യോഗസ്ഥർ തയാറാക്കി വച്ചിരിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ദ്വാരപാലക കേസിൽ പോറ്റി നേരത്തെ സ്വാഭാവിക ജാമ്യം നേടിയിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികൾ ഇതോടകം ജാമ്യം നേടിയിട്ടുണ്ട്. മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
അതേസമയം ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 43ാം ദിവസം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യും.
മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി മുരാരി ബാബുവിന് സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായി ഇഡിക്ക് വിവരം ലഭിച്ചു. 2019- 25 കാലയളവില്‍ മുരാരി ബാബുവിന്റെ സ്വത്തുക്കളില്‍ വന്‍വര്‍ധന ഉണ്ടായെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
2021ല്‍ വീട് നിര്‍മ്മിച്ചതില്‍ അടക്കം അന്വേഷണം നടത്തും. ശബരിമലയിലെ മറ്റ് ക്രമക്കേടുകളില്‍ നിന്നും മുരാരി ബാബു പണം സമ്പാദിച്ചെന്ന നിഗമനത്തിലാണ് ഇഡി. സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ മറുപടി ഇല്ലെന്നും ഇഡി പറയുന്നു. മുരാരി ബാബു കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇയാളെ മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്തിരുന്നു.
കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്പപാളിയിലെയും സ്വര്‍ണം കവര്‍ന്ന കേസുകളിലാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. എസ്ഐടി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുരാരി ബാബുവിന് ജാമ്യം ലഭിച്ചിരുന്നു. കേസിലെ പ്രതിയായ എസ്. ശ്രീകുമാറിനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ജാമ്യത്തില്‍ ഉള്ള പ്രതികള്‍ക്ക് പുറമെ ചില സാക്ഷികളെയും ഇഡി വിളിച്ചുവരുത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
മുരാരി ബാബുവിന്റെ മൊഴി വിവരങ്ങള്‍ പുറത്ത്
ഇഡി ചോദ്യം ചെയ്ത മുരാരി ബാബുവിന്റെ മൊഴി വിവരങ്ങള്‍ പുറത്ത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയില്‍ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് ഇ ഡിക്ക് മുരാരി ബാബു മൊഴി നല്‍കിയത്.
സ്വത്തുക്കളുമായി ബന്ധപ്പെട്ട എന്ത് രേഖകളും ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. കഴിഞ്ഞ ദിവസം ഒന്‍പതു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് മുരാരി ബാബുവിനെ ഇഡി വിട്ടയച്ചത്. ആവശ്യമെങ്കില്‍ വീണ്ടും ഹാജരാകണമെന്ന നോട്ടീസ് നല്‍കിയാണ് മുരാരി ബാബുവിനെ വിട്ടയച്ചത്. സ്വര്‍ണകൊള്ള മാത്രമല്ല, കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടെന്നാണ് ഇ ഡി അനുമാനം.
അന്വേഷണം കൂടുതല്‍ പേരിലേക്ക്
അതേസമയം കേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് ഇഡി. ഇതിന്റെ ഭാഗമായി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാധ്യതയുണ്ട്. നിലവില്‍ ജാമ്യത്തിലിറങ്ങിയ മറ്റ് പ്രതികളെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിന്റെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്.
സ്വത്തുക്കളുമായി ബന്ധപ്പെട്ട എന്ത് രേഖകളും ഹാജരാക്കാൻ തയാറാണെന്ന് അറിയിച്ച മുരാരി ബാബു താൻ അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നും മൊഴി നൽകി. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെന്നും മുരാരി ബാബു ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരായേക്കും.
നിലവിൽ കേസിൽ ജാമ്യത്തിലിറങ്ങിയ മറ്റ് പ്രതികളെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം.
National
ന്യൂഡൽഹി: രാഷ്ട്രീയ കണ്‍സൾട്ടൻസി സ്ഥാപനമായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐപാക്ക്) യുടെ ഓഫീസിലെ റെയ്ഡ് തടസപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി പശ്ചിമബംഗാൾ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ഇഡി സമർപ്പിച്ച ഹർജി ഫെബ്രുവരി പത്തിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
സംസ്ഥാനസർക്കാർ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തോടു പ്രതികരിക്കാൻ സമയം വേണമെന്ന് ഇഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജസ്റ്റീസുമാരായ പ്രശാന്ത് കുമാർ മിശ്ര, വിപുൽ എം. പഞ്ചോലി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നടപടി.
വിഷയം സംബന്ധിച്ച സംസ്ഥാനസർക്കാരിന്റെ പ്രതികരണം ഇന്നലെയാണു ലഭിച്ചതെന്നും അതു പരിശോധിച്ച് വിയോജിപ്പ് ഫയൽ ചെയ്യാൻ സമയം വേണമെന്നുമാണ് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടത്.
Kerala
തൃശൂർ: സംസ്ഥാനത്തെ ഡിജിറ്റൽ റീ സർവേയ്ക്കു 343 കോടിയുടെ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു നൽകിയ പരാതി തുടർനടപടികൾക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറി.
റവന്യു വകുപ്പിനു കീഴിൽ സംസ്ഥാനത്തെ 1,666 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടത്താൻ 339.44 കോടിക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും മുന്‍പു വാങ്ങിയ ഉപകരണങ്ങൾ ഉപയോഗശൂന്യമാക്കിയെന്നും 3,000 ജീവനക്കാരെ മാനദണ്ഡങ്ങളില്ലാതെ നിയമിച്ചെന്നും 800 കോടിയുടെ ധൂർത്ത് നടത്തിയെന്നും ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് സിബിഐക്കു പരാതി നൽകിയിരുന്നു.
സിബിഐ കൊച്ചി യൂണിറ്റ് പരാതി വിജിലൻസ് ഡയറക്ടർക്കു കൈമാറി. ഉപകരണങ്ങൾ വാങ്ങിയതിൽ പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്നും പരസ്യം നൽകാതെയാണു ടെൻഡർ ക്ഷണിച്ചതെന്നും കണ്ടെത്തി. തുടരന്വേഷണം നടത്താൻ തയറാകാത്തതിനെത്തുടർന്ന് മുഖ്യമന്ത്രിക്കും പിന്നീടു പ്രധാനമന്ത്രിക്കും പരാതി നൽകുകയായിരുന്നു. ഇത് ഇഡി ഡയറക്ടർക്കു കൈമാറി.
ഉപകരണങ്ങൾ വാങ്ങാൻ 168 കോടിയായിരുന്നു എസ്റ്റിമേറ്റ്. ടെൻഡർ പരസ്യപ്പെടുത്തിയശേഷം 343.13 കോടിയായി ഉയർത്തി. ടെൻഡർ പരസ്യത്തിൽ വീഴ്ചയുണ്ടായതോടെ സ്റ്റോർ പർച്ചേസ് മാനുവലിൽ ഇളവു വരുത്തി സർക്കാർ ഉത്തരവിറക്കി. പ്രീ ബിഡ് മീറ്റിംഗിൽ 12 കന്പനികൾ പങ്കെടുത്തിരുന്നു. ഇതിൽ രണ്ടു കന്പനികൾ ഒഴികെ മറ്റുള്ളവ വിട്ടുനിന്നതു സംശയം ജനിപ്പിക്കുന്നെന്നു വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ആദ്യ എസ്റ്റിമേറ്റില്‍ 1.7 കോടി രൂപയ്ക്കു ടാബ്ലറ്റുകൾ വാങ്ങേണ്ടിയിരുന്നെങ്കിൽ പിന്നീടത് 47.94 കോടിയായി വർധിപ്പിച്ചു. 28 ഇരട്ടിയോളം വർധനയുണ്ടായി.
ആദ്യ എസ്റ്റിമേറ്റിൽ ആർടികെ മെഷീൻ ഒരു യൂണിറ്റിന് 11 ലക്ഷം വച്ച് 1000 എണ്ണം വാങ്ങാൻ 110 കോടിയാണ് തീരുമാനിച്ചത്. യൂണിറ്റ് ഒന്നിന് 14.32 ലക്ഷം വച്ച് 143 കോടിയായി ഉയർത്തി. 56 കോടിക്കു വാങ്ങാനിരുന്ന ഇടിഎസ് മെഷീനുകളുടെ വില പിന്നീട് 98.25 കോടിയായി. 289.5 കോടിയുടെ ഉപകരണങ്ങൾ വാങ്ങിയത് ടെൻഡർ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും ഉപകരണങ്ങൾ വൻതോതിൽ കേടായത് ഗുണനിലവാരം സംബന്ധിച്ച സംശയമുണ്ടാക്കുന്നെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
Kerala
കൊച്ചി: മസാല ബോണ്ടില്‍ ഫെമ നിയമലംഘനമാരോപിച്ച് കിഫ്ബിക്കെതിരേ ഇഡി അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റി അയച്ച കാരണംകാണിക്കല്‍ നോട്ടീസിലെ തുടര്‍നടപടികള്‍ക്കെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള ഡിവിഷന്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഒരുമാസംകൂടി നീട്ടി.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഇഡി നല്കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റീസുമാരായ സുശ്രുത് അരവിന്ദ് ധര്‍മാധികാരി, പി.വി. ബാലകൃഷ്ണന് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നടപടി. അപ്പീലില്‍ വിശദമായി വാദം കേള്‍ക്കും.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായവരുടെയും ആരോപണവിധേയരുടെയും മൊഴികള്‍ രേഖപ്പെടുത്താനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കം 12 പേര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് കേസില്‍ വിശദമായ ചോദ്യം ചെയ്യലിന് ഇഡി ഒരുങ്ങുന്നത്.
ഉണ്ണികൃഷ്ണന് പോറ്റി, കര്‍ണാടത്തിലെ ജ്വല്ലറി ഉടമ ഗോവര്ധന്, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെയാകും ആദ്യഘട്ടത്തില്‍ ചോദ്യംചെയ്യുക.
സാക്ഷികള്‍ക്കു നല്കുന്ന സമന്സാകും കടകംപള്ളി സുരേന്ദ്രനു നല്‍കുക. പ്രതികളുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കടകംപള്ളി സുരേന്ദ്രനെയും വിളിച്ചുവരുത്താനാണ് ഇഡി നീക്കം. എന്നാല്‍, ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയില്‍ തന്ത്രി കണ്ഠര് രാജീവരെ ഇതുവരെ ഉള്പ്പെടുത്തിയിട്ടില്ലെന്നാണു സൂചന.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ ഇഡി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളില്‍ വ്യക്തത തേടി പ്രതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇഡി നോട്ടീസ് അയച്ചു.
ഉണ്ണികൃഷ്ണന് പോറ്റി, മുരാരി ബാബു, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവരോടാണു വ്യക്തത തേടിയിട്ടുള്ളത്. നേരിട്ടോ അഭിഭാഷകന് മുഖേനയോ വിവരങ്ങള്‍ അറിയിക്കാനാണു നിര്‍ദേശം.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). എസ്ഐടി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുരാരി ബാബുവിന് ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ഇഡി നീക്കം. ഉടന്‍ സമന്‍സ് നല്‍കും.
ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുരാരി ബാബുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മുരാരി ബാബുവാണ് ദേവസ്വം രേഖകളില്‍ സ്വര്‍ണം ചെമ്പാണെന്നു രേഖപ്പെടുത്തിയത്. ഇതിന്റെ രേഖകള്‍ ഇഡി കഴിഞ്ഞദിവസം ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിരുന്നു. 13 മണിക്കൂറോളം നീണ്ട പരിശോധനയാണ് ഇഡി സംഘം ഇവിടെ നടത്തിയത്.
ദ്വാരപാലക വിഗ്രഹ ഘടകങ്ങള്‍, പീഠങ്ങള്‍, ശ്രീകോവിലിന്റെ വാതില്‍ ഫ്രെയിംപാനലുകള് എന്നിവയുള്‍പ്പെടെ ക്ഷേത്രത്തിലെ പവിത്രമായ സ്വര്‍ണം പൂശിയ വസ്തുക്കള്‍ ഔദ്യോഗിക രേഖകളില്‍ വെറും ചെമ്പ് തകിടുകളാണെന്ന് മനഃപൂര്‍വം തെറ്റായി രേഖപ്പെടുത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കേസിലെ മറ്റു പ്രതികളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതികളുടെ 1.3 കോടിയുടെ ആസ്തികള്‍ മരവിപ്പിച്ച് ഇഡി. സംസ്ഥാനത്തിനകത്തും പുറത്തുമായി 21 സ്ഥലങ്ങളില്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയ്ക്കുപിന്നാലെയാണ് ഇഡി നടപടി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരം കേസിലെ പ്രധാന പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിലാണ് 1.3 കോടി രൂപ മൂല്യംവരുന്ന എട്ട് സ്ഥാവര സ്വത്തുക്കള്‍ മരവിപ്പിച്ചത്.
കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഇഡി പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതോടൊപ്പം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്നു 100 ഗ്രാം വരുന്ന സ്വര്‍ണക്കട്ടിയും സ്വര്‍ണം ചെമ്പാക്കിയ രേഖയും ഇഡി പിടിച്ചെടുത്തു.
2019നും 2024നും ഇടയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു. ദേവസ്വംബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. "ഓപ്പറേഷന് ഗോള്‍ഡന്‍ ഷാഡോ’ എന്നപേരില്‍ കഴിഞ്ഞ 20ന് കേരളത്തിനുപുറമെ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ 21 സ്ഥലങ്ങളിലായിരുന്നു പരിശോധന.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മുന്‍ ക്ഷേത്ര ഭരണാധികാരികള്‍, സ്വകാര്യ സ്പോണ്‍സര്‍മാര്‍, ജ്വല്ലറികള്‍ എന്നിവരുള്‍പ്പെട്ട ആസൂത്രിതമായ ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി അന്വേഷണം.
Kerala
കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുരാരി ബാബുവിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന അവസാനിച്ചു. രാവിലെ ഏഴിന് ആരംഭിച്ച പരിശോധന 13 മണിക്കൂർ നീണ്ടുനിന്നു.
മുരാരി ബാബുവിന്റെ ആസ്തി വിവരങ്ങളുടെ രേഖകൾ, മുരാരിയുടെയും ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാടുകളുടെ രേഖകൾ, വാഹനങ്ങളുടെ രേഖകൾ, വീട് നിർമ്മാണത്തിന്റെ രേഖകൾ തുടങ്ങിയവ ഇഡി സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം.
സംസ്ഥാനത്തിന് അകത്തും പുറത്തുമായി 21 ഇടങ്ങളിലാണ് കേസുമായി ബന്ധപ്പെട്ട് ഇഡി പരിശോധന നടത്തിയത്. സ്വർണക്കൊള്ളയക്ക് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്തി കണ്ടെത്തുന്നതിനാണ് ഓപറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിൽ മൂന്ന് സംസ്ഥാനങ്ങളിലെ പരിശോധന.
വിവിധ സംസ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അതീവ രഹസ്യമായാണ് ഓപറേഷൻ ഗോൾഡൻ ഷാഡോ. നിലവിൽ പ്രതികളായവരുടെ വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, സാക്ഷികളുടെ വീടുകൾ ഉൾപ്പെടെ ഇഡി സംഘം പരിശോധന നടത്തി.
തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഉൾപ്പെടെ നാല് ഇടങ്ങളിലായിരുന്നു ഇഡി പരിശോധന. റെയ്ഡിന് മുൻപായി വിവരം പ്രസിഡന്റ് കെ. ജയകുമാറിനെ ഇഡി അറിയിച്ചിരുന്നു. ഉദ്യോഗസ്ഥർ ഫയലുകൾ എടുത്ത് നൽകി. എൻ. വാസുവിന്റെ പേട്ടയിലെ വീട്ടിലെത്തി നോട്ടീസ് നൽകിയാണ് പരിശോധന തുടങ്ങിയത്.
കേസിലെ പ്രതികളായ എ. ജയശ്രീ, കെ.എസ്. ബൈജു എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. ചെന്നൈ സ്മാർട് ക്രിയേഷനാണ് ഗൂഢാലോചനയിലെ മറ്റൊരു കേന്ദ്രം. പരിശോധനയ്ക്ക് ശേഷം പ്രതികൾക്ക് നോട്ടീസ് നൽകി. സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് വിവരം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ ഇഡിയുടെ വരവ് സംശയാസ്പദമെന്ന് മന്ത്രി വി.എൻ. വാസവൻ.
ഹൈക്കോടതി നിയന്ത്രണത്തിലുള്ള എസ്ഐടി അന്വേഷണം തൃപ്തികരമായാണ് മുന്നോട്ട് പോകുന്നതെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഏത് കാലഘട്ടത്തിലേക്കും അന്വേഷണം നീങ്ങട്ടെയെന്നും വി.എൻ. വാസവൻ പറഞ്ഞു.
സർക്കാരിന് ഒന്നും മറയ്ക്കാൻ ഇല്ല. എക്സ് ഓർ വൈ, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ആരായാലും ശിക്ഷിക്കപ്പെടണം. ആരിലേക്ക് അന്വേഷണം എത്തണം എന്ന് തീരുമാനിക്കുന്നത് എസ്ഐടി ആണ്, സർക്കാർ അല്ല.
ഇഡിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടതാണ്. മുഖ്യമന്ത്രിക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പുറത്തായെന്നും ശബരിമല സ്വർണക്കൊള്ളക്കേസ് എസ്ഐടി ഭംഗിയായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇഡി അന്വേഷണത്തിൽ പല ഉദ്ദേശ്യങ്ങളും കാണാം. ആരായാലും അന്വേഷണത്തിന്റെ പരിധിയിൽ വരട്ടെ. തന്ത്രിയിലേക്കോ മന്ത്രിയിലേക്കോ അന്വേഷണം പോകട്ടെ. അന്വേഷണത്തിന് വഴി പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലെന്നും വി.എൻ. വാസവൻ പറഞ്ഞു.
Kerala
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തിയതായി സ്ഥിരീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രസ്താവന. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം, കൊച്ചി സോണൽ ഓഫീസിലെ ഇഡി വിഭാഗം കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി 21 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ഇഡി കുറിപ്പിൽ പറയുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, സ്വകാര്യ വ്യക്തികൾ, ഇടനിലക്കാർ, ജ്വല്ലറികൾ എന്നിവർ അടക്കം എഫ്ഐആറുകളിൽ പരാമർശിക്കപ്പെടുന്ന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. സ്വർണം പൊതിഞ്ഞ വിശുദ്ധ വസ്തുക്കൾ മനഃപൂർവം "ചെമ്പ് തകിടുകൾ" ആയി തെറ്റായി ചിത്രീകരിച്ചു നിയമവിരുദ്ധമായി കടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചെന്നൈയിലെയും കർണാടകയിലെയും സ്വകാര്യ സൗകര്യങ്ങളിൽ രാസപ്രക്രിയകൾ വഴി സ്വർണം വേർതിരിച്ചെടുത്തതായും ആരോപിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ കൂടുതൽ വസ്തുതകൾ കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി കൊച്ചി യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കുറ്റകൃത്യങ്ങൾ, അഴിമതി, കള്ളപ്പണം വെളിപ്പിക്കൽ തുടങ്ങിയവ അന്വേഷണ പരിധിയിലുണ്ടെന്നു കുറിപ്പിൽ പറയുന്നു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിലായ ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റിയിൽ ഡോക്ടർമാരെ നിയമിച്ചതു പോലീസ് വേരിഫിക്കേഷനോ മറ്റു പരിശോധനകളോ ഇല്ലാതെയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരും ചാവേറായി പ്രവർത്തിച്ചയാളും ഉൾപ്പെടെ മൂന്നു ഡോക്ടർമാരെക്കുറിച്ചാണു റിപ്പോർട്ട്. യൂണിവേഴ്സിറ്റിയുടെ പ്രമോട്ടർക്കെതിരേയുള്ള കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം നടത്തുന്ന ഇഡി ഡൽഹി കോടതിയിൽ വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു.
അൽ ഫലാ ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹ്മദ് സിദ്ദിഖി (61), അൽ ഫലാ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർക്കെതിരേയാണ് പരാതി. വിദ്യാർഥികളുടെ ഫീസ് ഉപയോഗിച്ച് സിദ്ദിഖി അനധികൃത ഫണ്ടുകൾ സ്വരൂപിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
140 കോടി വിലമതിക്കുന്ന യൂണിവേഴ്സിറ്റിയുടെ ഭൂമിയും കെട്ടിടവും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. മൂന്ന് ഡോക്ടർമാരും രേഖകൾ പ്രകാരം മാത്രമായിരുന്നു ഡോക്ടർമാരെന്നും ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതി നേടിയെടുക്കാനുള്ള തിരിമറികൾ നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടുവെന്നു സംശയിക്കുന്ന മുസമ്മിൽ ഗനയ്, ഷഹീൻ സയ്ദ്, ഉമർ നബി എന്നിവർ സിദ്ദിഖിയുടെ അനുമതിയോടെയാണ് നിയമനം നേടിയതെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലറും പ്രിൻസിപ്പലും ഇഡിയെ അറിയിച്ചിട്ടുണ്ട്. സിദ്ദിഖി ഡോക്ടർമാർക്ക് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ നൽകിയെന്നും ഇഡിയുടെ കണ്ടെത്തലുകളിലുണ്ട്.
National
ന്യൂഡൽഹി: ഐപാക് റെയ്ഡുമായി ബന്ധപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ബംഗാൾ സർക്കാരിന്റെ ഇടപെടൽ മൂലം ന്യായമായ അന്വേഷണത്തിനുള്ള അവകാശം നിഷേധിച്ചതായി ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഏജൻസി സുപ്രീംകോടതിയെ സമീപിച്ചത്.
കൽക്കരി കള്ളക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് അനധികൃത വസ്തുക്കൾ പിടിച്ചെടുക്കുന്നതിൽനിന്നും നിയമപരമായ പരിശോധനകൾ നടത്തുന്നതിൽനിന്നും ഉദ്യോഗസ്ഥരെ തടഞ്ഞതായി ഇഡി സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രേഖകളും മറ്റ് ഉപകരണങ്ങളും കടത്തിക്കൊണ്ടുപോയതായും ഇഡി ആരോപിച്ചു.
തൃണമൂൽ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന ഐപാക് എന്ന കണ്‍സൾട്ടൻസിയിൽ ഇഡി റെയ്ഡ് നടത്തിയതോടെയാണ് സർക്കാർ രംഗത്തു വന്നത്.
National
കൊൽക്കത്ത: പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് ഏജൻസിയായ ഐപാക്കിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് അന്വേഷണം തുടങ്ങി.
ഐ പാക് തലവൻ പ്രതീക് ജയിനിന്റെ വസതിയിൽനിന്ന് രേഖകൾ കാണാതായ സംഭവത്തിൽ പങ്കുള്ള ഇഡി ഉദ്യോഗസ്ഥരെയാണ് പോലീസ് ആദ്യം തെരയുന്നത്.
ഇന്നലെ രാവിലെ ഷേക്ക്സ്പിയർ സരണി പോലീസ് സ്റ്റേഷനിൽനിന്നുള്ള ഉദ്യോഗസ്ഥർ ജയ്നിന്റെ വസതിയിലെത്തി സിസിടിവി ദൃശ്യങ്ങളും ഡിവിആർ റിക്കാർഡിംഗുകളും ശേഖരിച്ചു. ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. തിരിച്ചറിയൽ പ്രക്രിയ പൂർത്തിയായാൽ ഉടനെ ആരോപണവിധേയർക്ക് നോട്ടീസ് അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്ഐടി പ്രതിചേര്‍ത്ത തന്ത്രി അടക്കം മുഴുവന്‍ പേരെയും പ്രതിചേര്‍ത്താണ് കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍നിന്ന് അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെയാണ് ഇഡി എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തത്. ഇഡി ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതലയെന്നാണു വിവരം.
ഒറ്റക്കേസ് ആയിട്ടായിരിക്കും അന്വേഷണം. ഉണ്ണികൃഷ്ണന് പോറ്റി ഒന്നാം പ്രതിയായ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, എന്‍. വാസു ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കിയാണ് ഇഡി കേസ് എടുത്തത്. ഏറ്റവും ഒടുവില്‍ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠര് രാജീവരെയും ഇഡി പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തും. വരുംദിവസങ്ങളില്‍ അന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ്, സ്വത്ത് കണ്ടുകെട്ടല്‍ നടപടികളിലേക്കും ഇഡി കടക്കുമെന്നാണു സൂചന.
കേസില്‍ ഇഡി അന്വേഷണം തുടങ്ങുമെന്നു നേരത്തേതന്നെ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇഡിക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടിരുന്നു.
ഇഡിക്ക് കേസ് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ എതിര്‍പ്പ് തള്ളിയാണു വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി പരിശോധിച്ചശേഷം ഡയറക്ടറേറ്റില്‍നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ഇഡി കേസെടുത്തിരിക്കുന്നത്.
പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്തും.
Kerala
പത്തനംതിട്ട: ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കേരളത്തില്‍ വന്‍ തട്ടിപ്പ് നടത്തി വന്ന സംഘം പത്തനംതിട്ടയില്‍ അറസ്റ്റില്‍. കോഴഞ്ചേരി മാലക്കര ബിജോ ഭവനില്‍ ബിജോ മാത്യു (35), തിരുവനന്തപുരം ചെറുവക്കല്‍ പേപ്പര്‍ മില്‍ റോഡില്‍ ആര്‍ക്ക് ഓഫ് ഫേവർ ആർ.എ. ഇമ്മാനുവേൽ (42), തിരുവനന്തപുരം മെഡിക്കല്‍ കോളജ് ശ്രീമൂലം റോഡില്‍ കൊടാക്കേരില്‍ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് അറസ്റ്റിലായത്.
ജിഎസ്ടി വകുപ്പില്‍ നിന്നും റെയ്ഡ് നടത്തിയതും ലൈസന്‍സ് റദ്ദായതുമായ സ്ഥാപനങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തിയാണ് സംഘം തട്ടിപ്പ് നടത്തി വന്നതെന്ന് പറയുന്നു. വിവര ശേഖരണം നടത്തിയ സ്ഥാപനങ്ങളില്‍ ജിഎസ്ടിയിലെ ഇന്റലിജന്‍സ് സ്ക്വാഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് താനെന്നും ജിഎസ്ടി, ഇഡി, ഇന്‍കം ടാക്സ് എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തനിക്കു സഹായിക്കാന്‍ സാധിക്കുമെന്നും പറഞ്ഞു ബിജോ മാത്യു അവരുടെ വിശ്വാസം നേടും.
പിന്നീട് ജിഎസ്ടി ഇന്റലിജന്‍സിന്റെ ചാര്‍ജ് ഉള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ഇമ്മാനുവല്‍ എന്നയാളെയും ജിഎസ്ടി കമ്മീഷണറായി ഡെന്നിസ് ജേക്കബ് എന്നയാളെയും അവതരിപ്പിക്കുന്നു. തുടര്‍ന്ന് സ്ഥാപന ഉടമകളില്‍ നിന്നും പണം കൈക്കലാക്കുകയും ചെയ്യുകയാണ് രീതി.
ഇത്തരത്തില്‍ കോഴഞ്ചേരിയിലെ ഒരു ബേക്കറിയിൽ എത്തിയ ബിജോ മാത്യു ജിഎസ്ടി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ ബേക്കറി ഉടമയ്ക്ക് സംശയം തോന്നി വകുപ്പിലെ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറെ വിവരം അറിയിക്കുകയയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിന്റെ തട്ടിപ്പ് പുറത്തുവരുന്നത്.
ഉന്നത ഉദ്യോഗസ്ഥരെയും നേതാക്കളെയും പരിചയമുണ്ടെന്നു പറഞ്ഞും അവരോടോത്തുള്ള ചിത്രങ്ങള്‍ കാണിച്ചുമാണ് ആളുകളില്‍ വിശ്വാസം ജനിപ്പിക്കുന്നത്. ഇത്തരത്തില്‍ പത്തനംതിട്ട ജില്ലയില്‍ മറ്റൊരു ബേക്കറി ഉടമയില്‍ നിന്നും 15 ലക്ഷം രൂപയും ആശുപത്രി ഉടമയില്‍ നിന്നും 17 ലക്ഷം രൂപയും മറ്റൊരു ബേക്കറി-ക്വാറി ഉടമയില്‍ നിന്നും അഞ്ച് ലക്ഷവും ഫര്‍ണീച്ചര്‍ കട ഉടമയില്‍ നിന്നും ഏഴു ലക്ഷവും കാഞ്ഞങ്ങാടുള്ള കമ്പനിയില്‍നിന്നും 45 ലക്ഷവും സംഘം തട്ടിയെടുത്തതായി പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ആളുകളെ സംഘം തട്ടിപ്പിനിരയാക്കിയതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ബിജോ മാത്യുവിനെതിരേ 2018-ല്‍ ആള് മാറാട്ടംനടത്തി പണം തട്ടാല്‍ ശ്രമിച്ചതിനു ആറന്മുള പോലീസ് സ്റ്റേഷനിലും വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞു പണം തട്ടിച്ചതിനു അടൂര്‍ പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്.ആനന്ദിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജി. അനീഷ്, എസ്ഐ അരുണ്‍കുമാര്‍, എഎസ്ഐ എൻ. സന്തോഷ്, സീനിയര്‍ സിപിഒ റോബി ഐസക് എന്നിവർ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ആളുകള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
National
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോല്‍ക്കത്ത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പാക്) യുമായി ബന്ധപ്പെട്ട ഇ.ഡി. റെയ്ഡിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടപെട്ട് രേഖകളും ഇലക്ട്രോണിക് തെളിവുകളും 'ബലമായി' എടുത്തുകൊണ്ടുപോയെന്നാണ് ഇഡിയുടെ ആരോപണം.
ഐ-പാക് ഓഫീസിലും കോ-ഫൗണ്ടര്‍ പ്രതീക് ജെയിന്റെ വസതിയിലും ഇഡി തിരച്ചില്‍ നടത്തുകയായിരുന്നു. കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു റെയ്ഡ്. മമത ബാനര്‍ജി പൊലീസ് സംഘത്തോടൊപ്പം എത്തി ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചെന്നും പ്രധാന തെളിവുകളായ ഫിസിക്കല്‍ ഡോക്യുമെന്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ബലമായി എടുത്തുകൊണ്ടുപോയെന്നും ഇഡി ആരോപിക്കുന്നുണ്ട്.
ഇത് കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരമുള്ള അന്വേഷണത്തിന് നേരിട്ടുള്ള തടസ്സമാണെന്നും നിയമവ്യവസ്ഥയെ തകര്‍ക്കുന്നതാണെന്നും ഇഡി പറയുന്നു. ഇത്തരം ഇടപെടല്‍ സ്റ്റാറ്റിയൂട്ടറി അന്വേഷണ ഏജന്‍സിയായ ഇഡിയുടെ സ്വതന്ത്രാധികാരത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും ഇഡി ഹര്‍ജിയില്‍ ആരോപിക്കുന്നു.
സിബിഐയെ കൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യിച്ച് മമത ബാനര്‍ജി, സംസ്ഥാന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ഇഡി ആവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുക ലക്ഷ്യമിട്ടുള്ളതാണ് ഇ.ഡി. റെയ്ഡെന്നാണ് ടി.എം.സി.യുടെ നിലപാട്. കേസ് ജനുവരി 14ന് കോടതി പരിഗണിക്കും.
Kerala
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവറിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
അനധികൃത സ്വത്ത് സമ്പാദനം, ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തൽ, കേരള ഫിനാൻഷ്യൽ കോർപറേഷനിലെ വായ്പാ തട്ടിപ്പ് എന്നീ കേസുകളാണ് പി.വി. അൻവറിനെതിരെ ഇഡി ചുമത്തിയിട്ടുള്ളത്.
നേരത്തേ അൻവറിന്റെ വീടും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഇഡി പരിശോധന നടത്തിയിരുന്നു. അൻവർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒരേ ഭൂമിയിൽ രണ്ടു വായ്പ എടുത്തുവെന്നാണ് പ്രധാന പരാതി.
കെഎഫ്സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ കള്ളപ്പണ ഇടപാടിലായിരുന്നു അന്നത്തെ ഇഡി റെയ്ഡ് നടന്നത്. കെഎഫ്സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മതിയായ രേഖകളില്ലാതെ വായ്പയെടുത്തെന്നാണ് കേസ്.
സംഭവത്തിൽ വിജിലൻസ് കേസെടുത്തതിന് പിന്നാലെയാണ് കള്ളപ്പണ ഇടപാടിൽ ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പരാതിക്കാരന് മുരുഗേഷ് നരേന്ദ്രനെ വിളിച്ച് വരുത്തി ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) രജിസ്റ്റർ ചെയ്യും.
ക്രിമിനൽ കേസുകൾ അന്വേഷിക്കാൻ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനു സമാനമായ നടപടിയാണിത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേസ് രജിസ്റ്റർ ചെയ്യുന്നതോടെ പ്രതികളുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടും.
കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവർ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുക. കൊച്ചി അഡി.ഡയറക്ടർ രാകേഷ് കുമാറിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.
National
അഹമ്മദാബാദ്: കൈക്കൂലിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ഗുജറാത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ മുന്‍ കളക്റും ഐഎഎസ് ഉദ്യോഗസ്ഥനുമായ രാജേന്ദ്രകുമാര്‍ പട്ടേല്‍ ആണ് അറസ്റ്റിലായത്.
കേസായതോടെ രാജേന്ദ്രകുമാര്‍ പട്ടേലിനെ സ്ഥലം മാറ്റിയിരുന്നു. ഭൂമി തരം മാറ്റല്‍ കേസുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് ജീവനക്കാരനായ ചന്ദ്രസിംഗ് മോറിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അന്വേഷണം കളക്ടറിലേക്ക് എത്തിയത്.
മോറിയുടെ വസതിയില്‍നിന്ന് 67.5 ലക്ഷം രൂപ പണമായി പിടിച്ചെടുത്തിരുന്നു. കൈക്കൂലി കേസുമായി ബന്ധപ്പെട്ട പണമാണ് ഇതിതെന്നു ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഇഡി അറിയിച്ചു.
ഭൂവി തരംമാറ്റല്‍ ഉള്‍പ്പെടെ അപേക്ഷകള്‍ വേഗത്തിലാക്കുന്നതിനും അനുകൂല റിപ്പോര്‍ട് നല്‍കുന്നതിനും അപേക്ഷകരില്‍നിന്നു നേരിട്ടും ഇടനിലക്കാരിലൂടെയും കൈക്കൂലി ഈടാക്കിയതായാണ് ഇഡി കേസ്.
Kerala
കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ്. ജനുവരി ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം.
കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണ് ജയസൂര്യക്ക് ലഭിച്ചതെന്ന നിഗമനത്തില്‍ ഇഡി എത്തിയിരുന്നു. കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടുമെന്നാണ് വിവരം.
ജയസൂര്യയും ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള മറ്റ് സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. സ്വാതിഖ് റഹീമുമായുള്ളത് ബ്രാന്‍ഡ് അംബാസഡര്‍ ബന്ധം മാത്രമെന്നായിരുന്നു ജയസൂര്യയുടെ മൊഴി.
ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടനെ ഇഡി ചോദ്യം ചെയ്തത്. കൊച്ചിയില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴിയെടുത്തിരുന്നു.
2023 ജനുവരിയില്‍ സേവ് ബോക്സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീ(സ്വാതി റഹീം)മിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പോലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി.
മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. നൂറിലധികം പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. എന്നാല്‍ ആര്‍ക്കും ലാഭവിഹിതമോ മുടക്കിയ പണമോ ലഭിക്കാതെ വന്നതോടെ പരാതികള്‍ ഉയരുകയായിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയില്‍ അന്വേഷണത്തിനുള്ള നടപടികള്‍ ആരംഭിച്ച് ഇഡി. ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി കൊച്ചി ഇഡി യൂണിറ്റ് ഡൽഹിയിലെ ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു.
തിങ്കളാഴ്ചയോടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ.അനുമതി ലഭിച്ചാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ECIR രജിസ്റ്റർ ചെയ്യും. ആദ്യഘട്ട നടപടി എന്ന നിലയിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചു.കേസിന്റെ എഫ്ഐആറും ഇതുവരെ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും എസ്ഐടിയിൽ നിന്ന് ഇഡിക്ക് ലഭിച്ചു
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘത്തിനെ ഹൈക്കോടതി വൈള്ളിയാഴ്ച വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ എസ്ഐടിക്ക് അലംഭാവമെന്നും ചില കുറ്റവാളികളെ ഒഴിവാക്കുന്നതായി സംശയിക്കുന്നതായും സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു.
വിജയകുമാറിനെയും ശങ്കര്‍ദാസിനെയും എന്തുകൊണ്ട് പ്രതിചേര്‍ക്കുന്നില്ല എന്നും കോടതി ചോദിച്ചു. എന്‍. വാസുവിന്റെയും മുരാരി ബാബുവിന്റെയും ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് എസ്ഐടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍.
ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ അത് നശിപ്പിക്കാന്‍ കൂട്ട് നില്ക്കുന്നു. സ്വര്‍ണം പൂശിയ അമൂല്യവസ്തുക്കള്‍ ചെമ്പ് പാളികളെന്ന് തെറ്റായി രേഖപ്പെടുത്തിയത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമമാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി എ. ബദറുദ്ദിന്‍ ജാമ്യാപേക്ഷ തള്ളിയത്.
ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ പങ്കില്ലാതെ ഇത്രയും വലിയ സ്വര്‍ണക്കൊള്ള നടക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അഴിമതി സമൂഹത്തെ ബാധിക്കുന്ന ക്യാന്‍സര്‍ ആണെന്നും ഇത്തരം കേസുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിമെന്നും മുന്നറിയിപ്പ് നല്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ രേഖകൾ ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും ഉൾപ്പെടെയുള്ള രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിലെ മുഴവൻ രേഖകളും കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ സമാന്തര അന്വേഷണം വേണ്ടെന്നുമാണ് എസ്ഐടിയുടെ നിലപാട്.
കേസിൽ കൂടുതൽ പ്രതികളിലേക്കെത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്ന് എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അതേസമയം രേഖകൾ നൽകുന്നത് എങ്ങനെയാണ് എസ്ഐടിയുടെ അന്വേഷണത്തെ ബാധിക്കുന്നതെന്നായിരുന്നു ഇഡിയുടെ ചോദ്യം.
National
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച കുറ്റപത്രം പരിഗണിക്കാൻ കോടതി വിസമ്മതിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും മുഖത്തേറ്റ അടിയായെ ന്നു കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
വിധിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവച്ച് പദവി ഒഴിയേണ്ടതാണെന്നും തന്റെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു.
കേസിൽ നീതി നടപ്പിലായി. സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികൾക്കെതിരേ ദുരുപയോഗം ചെയ്യുന്നതിൽ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇതൊരു പാഠമാകണം. ബിജെപി സർക്കാർ ഇഡിയെ രാഷ്ട്രീയ ആയുധമാക്കിയത് എങ്ങനെയെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തെ (പിഎംഎൽഎ) എങ്ങനെ ദുരുപയോഗം ചെയ്തെന്നും ഈ കേസിലൂടെ വ്യക്തമാണ്.
ഇഡിയെ ഉപയോഗിച്ചു നിരവധി എംപിമാരെ ബിജെപിയിലേക്കു കൂറുമാറ്റാൻ പ്രേരിപ്പിച്ചു. ഇതുവഴി സംസ്ഥാനങ്ങളിലുടനീളം നിരവധി സർക്കാരുകൾ രൂപീകരിച്ചെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ആശ്വാസം. കേസുമായി ബന്ധപ്പെട്ടുള്ള ഇഡിയുടെ കുറ്റപത്രത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. അതേസമയം, കേസില്‍ അന്വേഷണം തുടരാനും ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവിട്ടു.
സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. കേസിൽ എഫ്ഐആർ എടുത്തിട്ടില്ല. ഈ നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നാണ് കോടതി നിർദേശിച്ചത്.
ഇതിനുപുറമെ, കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത പ്രഥമവിവര റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെടാൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് അർഹതയില്ലെന്നും ഡൽഹി കോടതി വിധിച്ചു.
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യംഗ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. നാഷണൽ ഹെറാൾഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം സ്വന്തമാക്കിയെന്നാണ് വാദം.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ക്രിമിനൽ പരാതിയിൽ കോടതിയുടെ കോഗ്നിസൻസ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ഇഡി നേരത്തെ തന്നെ അന്വേഷിച്ചുവരുന്നത്.
കേസില്‍ ഏപ്രിൽ 15 നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചത്. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്. സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്.
Leader Page
കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന ഇഡി മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും നോട്ടീസ് അയച്ചു വാർത്തയുണ്ടാക്കി. ബോണ്ടിന്റെ അണിയറ ശില്പികളായ ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രഹാം എന്നിവർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഇക്കുറി ചെന്നൈയിലെ അവരുടെ അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിയാണ് കാരണംകാണിക്കൽ നോട്ടീസ് അയച്ചത്. മൂന്നു വർഷത്തെ അന്വേഷണത്തിനൊടുവിൽ ഇഡി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
എൻഫേഴ്സ്മെന്റ് ഡയറക്ടറേറ്റിൽ കള്ളപ്പണ കേസിൽ സുപ്രധാന തീരുമാനം എടുക്കുന്ന അർധ ജുഡീഷൽ സംവിധാനമാണ് അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റി. കേസന്വേഷണത്തിന്റെ ഭാഗമായി ഇഡി നടത്തിയിട്ടുള്ള കണ്ടുകെട്ടലുകൾക്ക് അംഗീകാരം കൊടുക്കുന്ന സംവിധാനമാണിത്. ഒരു ചെയർമാനും രണ്ടംഗങ്ങളുംഅടങ്ങിയതാണ് അഥോറിറ്റി. നിയമം, ഭരണം, ധനാകാര്യം വിഷയങ്ങളിൽ വിദഗ്ധരാണ് ഇതിലുള്ളത്. ഇവരാണ് ഇഡിയുടെ നടപടികളിൽ അന്തിമ തീരുമാനമെടുക്കുന്നത്.
180 ദിവസത്തിനകം ഇവർ തീരുമാനമെടുത്തില്ലെങ്കിൽ ഇഡിയുടെ നടപടി ലാപ്സാകും. ഇഡിയുടെ റിപ്പോർട്ടനുസരിച്ച് കുറ്റം ചെയ്തതായി ബോർഡിന് തോന്നുന്നവർക്കാണ് നോട്ടീസ് അയയ്ക്കുന്നത്. അതുകൊണ്ട് ഇഡിയുടെ കിഫ്ബി വിവാദത്തിൽ സുപ്രധാനമായ തീരുമാനം ഉണ്ടാകാൻ പോകുകയാണെന്നു കരുതാം. ലണ്ടൻ, സിംഗപ്പുർ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി 50,000 കോടി രൂപ സമാഹരിക്കുന്നതിനാണ് കിഫ്ബി 2019ൽ 9.72 ശതമാനം പലിശയ്ക്ക് മസാല ബോണ്ട് ഇറക്കിയത്. 2672 കോടി രൂപ സമാഹരിച്ചു.
ലാവ്ലിൻ ബന്ധം വീണ്ടും
ലോകബാങ്ക് 2.5 ശതമാനം പലിശയ്ക്കു പണം നല്കുന്ന കാലത്താണ് കിഫ്ബി 9.72 ശതമാനം പലിശയ്ക്കു ബോണ്ട് വിറ്റത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത 16 ഇന്ത്യൻ കന്പനികൾ 5.5 ശതമാനം മുതൽ 7.7 ശതമാനം വരെ പലിശയ്ക്ക് മസാല ബോണ്ട് ഇറക്കിയപ്പോഴാണ് കിഫ്ബി 9.2 ശതമാനം പലിശ വാഗ്ദാനം ചെയ്തത്.
കുപ്രസിദ്ധമായ ലാവ്ലിൻ കന്പനിയുമായി അടുത്ത ബന്ധമുള്ള സിഡിപിക്യു എന്ന കന്പനിക്കാണ് ബോണ്ട് വിറ്റതെന്ന് വിഷയം സഗൗരവം പഠിച്ചിട്ടുള്ള മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു. ഈ കന്പനിക്ക് ലാവ്ലിൻ കന്പനിയിൽ 20 ശതമാനം ഷെയറുണ്ട്. ഈ കന്പനിയുടെ ഉദ്യോഗസ്ഥരും കേരള സർക്കാർ ഉദ്യോഗസ്ഥരും തമ്മിൽ രഹസ്യചർച്ച നടത്തിയശേഷമാണ് മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ചതും അതിന് 9.72 ശതമാനം പലിശ നിശ്ചയിച്ചതും പ്രൈവറ്റ് പ്ലേസ്മെന്റിലൂടെ ഇവർക്ക് ബോണ്ട് വിറ്റതും തുടങ്ങി രമേശ് പറയുന്നത് ഞെട്ടിക്കുന്ന കഥകളാണ്.
2019 മാർച്ച് 29നു മുന്‍പേതന്നെ കച്ചവടം നടന്നു, കാശും കിട്ടി. കിഫ്ബിയുടെ ഔദ്യോഗിക ന്യൂസ് ലെറ്ററിൽ അതു വന്നിരുന്നു എന്നാണ് രമേശ് പറയുന്നത്. അതിനു ശേഷമാണ് 2019 ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി ലണ്ടനിൽ പോയതും ബോണ്ട് കച്ചവടം ഉദ്ഘാടനം ചെയ്തതും. രമേശ് വലിയ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. സ്പ്രിംഗ്ളർ ഇടപാടു മുതൽ രമേശ് ഉന്നയിച്ച എല്ലാ ആരോപണവും ശരിയെന്ന് തെളിഞ്ഞിട്ടുമുണ്ട്. അതായത്, ഇഡിയുടെ കൈയിൽ നല്ല തെളിവുണ്ടെന്ന് സാരം. മസാല ബോണ്ടിൽ ഒരു കിംഗ് പിൻ ഉണ്ടെന്ന് ചെന്നൈ വ്യവസായി മുഹമ്മദ് എർഷാദ് ഡൽഹി കോടതിയിൽ വെളിപ്പെടുത്തി. നേതാക്കളുടെ കള്ളപ്പണം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ ഇടനിലക്കാരനായ ഇയാളുടെ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിയെ ധരിപ്പിക്കാം എന്നും എർഷാദ് പറഞ്ഞു.
പതിവ് പരിപാടി ആകുമോ?
മസാല ബോണ്ടിൽ ഇഡി കിഫ്ബിക്കു നോട്ടീസ് അയയ്ക്കുന്നത് നടാടെയല്ല. 2024ൽ അയച്ച സമൻസ് പിൻവലിച്ചതാണ്. സമൻസ് അയച്ച് വാർത്തയുണ്ടാക്കുന്നു എന്നല്ലാതെ ഒന്നും ചെയ്യാത്ത ചടങ്ങായിട്ടുണ്ട് ഇഡിയുടെ നോട്ടീസുകൾ. അതുകൊണ്ട് ആ നോട്ടീസുകളോട് നാട്ടുകാർക്ക് ഒരുതരം പുച്ഛവുമായി. അത്തരത്തിൽ ഒന്നാകുമോ ഈ സമൻസ് എന്ന് കാത്തിരുന്നു കാണണം.
കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. രാജ്യത്തിനു പുറത്തുനിന്നു സംസ്ഥാനങ്ങൾ കടമെടുക്കരുതെന്ന ഭരണഘടനയുടെ അനുശാസനത്തിനു വിരുദ്ധമാണ് മസാല ബോണ്ട് എന്ന് സിഎജി കുറ്റപ്പെടുത്തി. എന്നാൽ, ഇത്തരം കാര്യങ്ങളിൽ അനുമതി നൽകാനുള്ള അവകാശം റിസർബ് ബാങ്കിനാണെന്നും അതു കിഫ്ബിക്ക് ഉണ്ടെന്നും കിഫ്ബി വാദിച്ചു. ഇതുവരെയുള്ള കടമെടുപ്പിലൂടെ 3100 കോടിയുടെ ബാധ്യത സർക്കാരിന് ഉണ്ടാക്കിയെന്നും വ്യക്തമാക്കി. ഇതിന്റെ വെളിച്ചത്തിലാണ് ഇഡി 2022ൽ കിഫ്ബിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്.
കിഫ്ബി സമാഹരിക്കുന്ന പണം സംസ്ഥാനത്തിന്റെ കടത്തിലാണ് കേന്ദ്രം ഉൾപ്പെടുത്തുന്നത്. എന്നാൽ, കേന്ദ്രത്തിലെ നാഷണൽ ഹൈവേസ് അഥോറിറ്റി സമാഹരിക്കുന്ന പണം ടോൾ പിരിവിലൂടെ തിരിച്ചുപിടിക്കുന്നതിനാൽ അവർ സമാഹരിക്കുന്ന തുക കേന്ദ്രസർക്കാരിന്റെ കടത്തിൽ ഉൾപ്പെടുത്തുന്നില്ല. യുസർ ഫീ ഏർപ്പെടുത്തിക്കഴിഞ്ഞാൽ കിഫ്ബിയുടെ കടങ്ങൾക്കും ഈ പരിഗണന കിട്ടും എന്ന ന്യായവും കേരള സർക്കാർ പുറത്തുവിട്ടിരുന്നു.
ആത്മാർഥതയിൽ വിശ്വാസമില്ല
കേന്ദ്ര അന്വേഷണ ഏജൻസികളായ ഇഡിയും സിബിഐയും പിണറായിക്കുവേണ്ടി പണിയെടുക്കുന്നവരാണ് എന്ന ധാരണ കേരളത്തിൽ ശക്തമാണ്. പിണറായി സർക്കാർ പലതരം സംഘർഷങ്ങളിൽ പെടുന്പോൾ അവർ അന്വേഷണം പ്രഖ്യാപിച്ച് വാർത്തയുണ്ടാക്കും. ജനം മറ്റു വിഷയങ്ങൾ ഉപേക്ഷിക്കുന്പോൾ അവർ പിൻവാങ്ങും. ചുരുക്കത്തിൽ, ഇതെല്ലാം ‘വെറും ചക്കളത്തിപ്പോരാട്ടം’ മാത്രം. ജനത്തിന് ഇഡിയെയും വിശ്വാസമില്ല.
ലാവ്ലിൻ ഇടപാടിലെ കേസ് പത്തു വർഷത്തിലേറെയായി സുപ്രീംകോടതിയിൽ അനങ്ങാതെ കിടക്കുന്നത് സിബിഐ കാരണമാണ്. അവർക്ക് കേസ് വാദിക്കാൻ സാധിക്കുന്നില്ല. 41 തവണയാണ് കേസ് മാറ്റിവച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ അടക്കമുള്ളവർ പ്രതിയായുള്ള സ്വർണക്കള്ളക്കടത്ത് കേസ് സ്വതന്ത്രവും നീതി പൂർവവുമായ വിചാരണയ്ക്കായി കർണാടകത്തിലേക്ക് മാറ്റണം എന്ന കേസും 2022 മുതൽ തീരുമാനമാകാതെ നീങ്ങുകയാണ്.
കോവിഡ് കാലത്ത് സ്പ്രിംഗ്ളർ കന്പനിക്ക് കേരളത്തിലെ 1.75 ലക്ഷം ജനങ്ങളുടെ ആരോഗ്യരഹസ്യം കൈമാറിയതു മുതലുള്ള ഇടപാടു മുതൽ കേന്ദ്ര ഏജൻസികൾ പിണറായിയുടെ ഇടപാടുകളോട് കാണിക്കുന്ന ഉദാര സമീപനം കേരളത്തിലെ സാധാരണക്കാരനും മനസിലാകുന്നുണ്ട്. ഈ ഡേറ്റകിട്ടിയതിനെത്തുടർന്നാണ് വിദേശഭീമൻ ആശുപത്രികൾ കേരളത്തിലെ വൻകിട ആശുപത്രികൾ കച്ചവടം ചെയ്തത്.
കൊച്ചിയിലെ സിഎംആർഎൽ കന്പനിക്കു വീണ തായ്ക്കണ്ടിയുടെ സ്ഥാപനമായ എക്സാലോജിക് ഒരു സേവനവും കൊടുക്കാതെ കൈപ്പറ്റിയ 1.71 കോടി രൂപ സംബന്ധിച്ച നടപടിക്രമങ്ങളും എവിടെ എത്തുമെന്ന് ആർക്കും ഉറപ്പില്ല. ബിജെപി നേതാവായ ഷോണ്‍ ജോർജ് ഹൈക്കോടതിയിൽ പൊതുതാത്പര്യ പരാതി കൊടുത്തപ്പോൾ വല്ലതും സംഭവിച്ചേക്കുമെന്ന് കരുതി. സംഭവം സീരിയസ് ഫ്രോഡായി കണക്കാക്കി നടത്തിയ അന്വേഷണവും എവിടെയും എത്തുന്നില്ല. എല്ലാം ഒന്നും സംഭവിക്കാതെ അവസാനിക്കുന്നു.
ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ഇഡി വരുന്നു എന്നു കേട്ട് ജനം പേടിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടന്ന കേസന്വേഷണത്തിൽ കുടുങ്ങിയ കൊള്ളക്കാർ രക്ഷപ്പെടാൻ പോകുന്നു എന്നായിരുന്നു ഭയം. ഏതായലും ഇതുവരെ ഇഡിയുടെ അന്വേഷണം വരാത്തതുകൊണ്ട് പല പ്രതികളും അറസ്റ്റിലായി. വേറെ പലരും അറസ്റ്റ് ചെയ്യപ്പെടും എന്നു കരുതപ്പെടുന്നു.
പിണറായിയുടെ മാതൃക
സിപിഎം കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയുമൊക്കെ എന്തെല്ലാം വരട്ടുതത്വവാദങ്ങൾ പറഞ്ഞു സാധാരണക്കാരെ കബളിപ്പിച്ചാലും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരുമായി നല്ല ബന്ധത്തിൽ കഴിയുന്നതാണ് കേരളത്തിനു നല്ലതെന്നു തിരിച്ചറിയുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
പ്രധാനമന്ത്രി മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം കുറ്റപ്പെടുത്തിയും വിമർശിച്ചും പലതും പറയും. പക്ഷേ, കാര്യത്തോടടുക്കുന്പോൾ പരസ്പരം സഹായിക്കും. ഇപ്പോൾ രാജ്യസഭാഗം ജോണ്‍ ബ്രിട്ടാസാണ് മധ്യസ്ഥൻ. കേന്ദ്രവുമായി പാലം പണിതാൽ എന്താണു തെറ്റെന്ന എം.വി. ഗോവിന്ദന്റെ ചോദ്യം വലിയ സൂചനയല്ലേ? ഫെഡറൽ സംവിധാനത്തിൽ അത് അനിവാര്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Kerala
തൃശൂർ: കിഫ്ബി-മസാല ബോണ്ട് വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സിപിഎം-ബിജെപി അന്തർധാരയുണ്ടെന്നു വ്യക്തമാണെന്ന് പ്രസ് ക്ലബ്ബിന്റെ ‘വോട്ട് വൈബ്’ പരിപാടിയിൽ ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിനെ സഹായിക്കുന്ന രീതിയാണ് ഇഡി സ്വീകരിക്കുന്നത്.
കിഫ്ബിയുടെ വ്യവസായ ഇടനാഴിയുടെ പേരിൽ നടത്തിയതു ഭൂമിക്കച്ചവടമാണ്. ഇക്കാര്യം റവന്യു വകുപ്പ് അറിഞ്ഞോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. ഇഡി നോട്ടീസ് പലപ്പോഴും ആവിയാകുകയാണ്. കൃത്യമായ അന്വേഷണം നടത്തിയാൽ അഴിമതി പുറത്തുകൊണ്ടുവരാനാകും. മസാല ബോണ്ടിനു നിശ്ചയിച്ച 9.72 ശതമാനം പലിശ വളരെ അധികമാണ്.
നിലവിൽ 6-8 ശതമാനം പലിശയ്ക്കു പണം ലഭ്യമാണെന്നിരിക്കേ കൂടിയ നിരക്ക് അഴിമതിയാണ്. മസാല ബോണ്ടിറക്കി നേടിയ 2150 കോടി രൂപയ്ക്കു കഴിഞ്ഞവർഷം തിരിച്ചടയ്ക്കേണ്ടിവന്നത് 1035 കോടി രൂപയാണ്. ലാവ്ലിൻ കന്പനിയിൽ 20 ശതമാനം ഓഹരിപങ്കാളിത്തമുള്ള സിഡിപിക്യു കന്പനിയിൽനിന്നാണ് വായ്പയെടുത്തത്. ഇവിടെ ലാവ്ലിൻ ബന്ധം മണക്കുന്നുണ്ട്.
കോടതിയുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ശബരിമല സ്വർണപ്പാളി വിവാദം മുന്‍പത്തെ സ്വർണക്കടത്തു വിവാദം പോലെ എവിടെയുമെത്തില്ലായിരുന്നു. എസ്ഐടി അന്വേഷണത്തിൽ തൃപ്തിയുണ്ട്. ഇനിയും മന്ത്രിമാരടക്കം ജയിലിൽ സാധ്യതയുണ്ട്. മന്ത്രിമാരുടെ അറിവോടെയാണു കൊള്ള നടന്നതെന്നാണു വിവരം.
എന്നിട്ടും അറസ്റ്റിലായവരെയൊന്നും സിപിഎം സസ്പെൻഡ് ചെയ്തിട്ടില്ല. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആക്ഷേപമുയർന്നപ്പോൾ ഉടനെ കോണ്‍ഗ്രസ് നടപടിയെടുത്തു. രാഹുൽ വിഷയത്തിൽ മാതൃകാപരമായ നടപടിയാണു കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് ചെന്നിത്തല അവകാശപ്പെട്ടു.
Kerala
ആലപ്പുഴ: കേരളത്തില്‍ തെരഞ്ഞെടുപ്പു വന്നാല്‍ ഇഡിയും വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഇഡി വരും, കുറച്ച് ബഹളമുണ്ടാക്കി പോകും. ഇഡി ഇപ്പോള്‍ തമാശയായി മാറിയെന്നും ബിനോയി വിശ്വം പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് അനുകൂല കാറ്റിനെ ഇഡി എന്ന പാഴ്മുറംകൊണ്ട് തടയാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും കഴിയില്ല. എല്‍ഡിഎഫിന്റെ മൂന്നാമൂഴത്തിനുള്ള നാന്ദിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ഇഡിയെ ഡല്‍ഹിയില്‍ എതിര്‍ക്കുകയും കേരളത്തില്‍ അനുകൂലിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസിന്റെ ഗതികേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ കേരളം തോല്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപിഐയും വലിയ ഐക്യത്തോടെയാണ് പോകുന്നത്. ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചത് ആരായാലും ശിക്ഷിക്കപ്പെടും.
ദൈവത്തിന്റെ സ്വത്ത് ദൈവത്തിന്റേത് മാത്രമാണ്. അത് കൈയിട്ടുവാരാന്‍ ആര്‍ക്കും അവകാശമില്ല. എസ്ഐടി കുറ്റക്കാരായി കണ്ടെത്തുന്നത് ഏത് പാര്‍ട്ടിക്കാരായാലും ശിക്ഷിക്കപ്പെടുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. രാഹുലിനെ അനുകൂലിക്കുന്ന കോണ്‍ഗ്രസുകാര്‍ ആ പാര്‍ട്ടിയുടെ ധാര്‍മികത്തകര്‍ച്ചയുടെ പര്യായമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഎം-ബിജെപി അന്തർധാര മറച്ചുവയ്ക്കുന്നതിനുള്ള പൊറാട്ടു നാടകങ്ങൾ തെരഞ്ഞെടുപ്പു കാലത്തു പതിവായതിനാൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻധനമന്ത്രി തോമസ് ഐസക്കിനും എതിരായ ഇഡി അന്വേഷണ നോട്ടീസിനെ പ്രതിപക്ഷം കാര്യമായെടുക്കുന്നില്ലെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. എന്നാൽ, മസാല ബോണ്ട് ഇടപാടിന്റെ ഗുണഭോക്താക്കൾ ആരെന്ന് അറിയേണ്ടതുണ്ട്.
ബിജെപിയും സിപിഎമ്മും എതിരാളികളാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള സോഷ്യൽ എൻജിനിയറിംഗിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുക മാത്രമാണ് ഈ നോട്ടീസിന്റെ ഉദ്ദേശ്യം. മാത്രമല്ല, സ്വർണപ്പാളി കൊള്ള, സർക്കാരിന്റെ ദുർഭരണത്തിനെതിരേ ഉയർന്നിട്ടുള്ള ജനരോഷം എന്നിവയിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനുകൂടിയാണ് ബിജെപി സിപിഎം അച്ചുതണ്ടിന്റെ ഈ നീക്കം. ഇതു കേരളത്തിലെ വോട്ടർമാരെ കബളിപ്പിക്കാനുള്ള ഒത്തുകളി മാത്രമാണ്.
പക്ഷേ കേരളം കണ്ട ഏറ്റവും വലിയ കുപ്രസിദ്ധ സാന്പത്തിക ഇടപാട് എന്ന നിലയ്ക്ക് ഇതേക്കുറിച്ച് വീണ്ടും ചർച്ച ചെയ്യാൻ ഈ ഇഡി നോട്ടീസ് ഒരു അവസരമായിരിക്കുകയാണ്. ഇനിയും കെട്ടടങ്ങാത്തതാണു മസാല ബോണ്ട് ഇടപാടിന്മേലുള്ള വിവാദം. മസാലബോണ്ടിലൂടെ സംസ്ഥാനത്തിന് 1,045 കോടി രൂപ കൊള്ളപ്പലിശയിനത്തിൽ നഷ്ടപ്പെട്ടു.
ഇത്രയും കൂടിയ പലിശയ്ക്കു വിറ്റ മസാല ബോണ്ടിൽനിന്നുള്ള തുക അതിലും കുറഞ്ഞ പലിശയ്ക്കാണ് ഇവിടെ ബാങ്കുകളിൽ ഇട്ടിരുന്നത്. എന്തിനു വേണ്ടിയായിരുന്നു അതെന്നു വ്യക്തമാക്കേണ്ടതുണ്ടെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും എതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച നോട്ടീസ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്നു മന്ത്രി വി. ശിവൻകുട്ടി.
ഇക്കാര്യത്തിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനു മുന്നിൽ നിയമപരമായി തോറ്റു തുന്നംപാടിയതാണ് ഇഡിയെന്നും ശിവൻകുട്ടി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
കേരളത്തിന്റെ വികസനത്തിന് തുരങ്കംവയ്ക്കാൻ ശ്രമിച്ചപ്പോഴൊക്കെ അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിട്ട് പരാജയപ്പെടുത്തിയ ചരിത്രമാണ് നമുക്കുള്ളത്.
എപ്പോൾ തെരഞ്ഞെടുപ്പ് വരുന്നോ അപ്പോഴെല്ലാം കേന്ദ്ര ഏജൻസികൾ ഉറക്കത്തിൽനിന്ന് ഉണരുന്നത് സ്ഥിരം തിരക്കഥയാണ്.
കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ വേട്ടപ്പട്ടികളായി ഇഡി മാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Kerala
കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഫെമ നിയമലംഘനം നടന്നോ എന്നതിനേക്കാള്‍ ദുരൂഹവും ഗൗരവതരവുമായ പ്രശ്നങ്ങളുണ്ടെന്നും സംസ്ഥാനം ആരില്‍നിന്നാണു പണം സ്വീകരിച്ചതെന്നാണ് പുറത്തുവരേണ്ടതെന്നും മാത്യു കുഴല്നാടന് എംഎല്‍എ. മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇഡി നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളം പണം വാങ്ങിയത് ആരില്‍നിന്നാണെന്ന് പറയുന്നതില്‍ തടസമെന്താണ്? വിവരാവകാശ നിയമപ്രകാരം ഇത് താന്‍ ചോദിച്ചിട്ടും പറയാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. പണം സ്വീകരിച്ചത് ആരില്നിന്നാണെന്നു പുറത്തുവന്നാല്‍ ഇടപാടിന്റെ മറ്റ് താത്പര്യങ്ങള്‍ പുറത്താകും.
മലയാളികള്‍ക്ക് പരിചയമുള്ള പല പേരുകളും പുറത്തു വന്നേക്കാം. ഇത് പലവിധ ചോദ്യങ്ങളും ഉയരാന്‍ കാരണമാകും. ആ വിഷയമാണ് ഫെമ നിയമലംഘനത്തേക്കാള്‍ വലുതായി താന്‍ കാണുന്നതെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേര്‍ത്തു.
9.1 ശതമാനം പലിശയ്ക്ക് വിദേശ മാര്‍ക്കറ്റില്‍നിന്നു പൈസയെടുക്കേണ്ട സാഹചര്യമെന്തായിരുന്നുവെന്നു സര്‍ക്കാര്‍ വിശദീകരിക്കണം. ആര്‍ബിഐ നല്‍കിയെന്ന് പറയുന്ന എന്‍ഒസിയുടെ പേരില്‍ പിടിച്ചുനില്‍ക്കാനാകില്ല.
എന്നാല്‍ തങ്ങള്‍ക്ക് ഇഡി അന്വേഷണത്തില്‍ അമിതാവേശം തോന്നുന്നില്ലെന്നും ഇത്തരം പല കേസുകളിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസുകളില്‍ കാതലായ പ്രശ്നങ്ങളെ സ്പര്‍ശിക്കാതെ അന്വേഷണം പോകുമെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി കേസ് ഇതിന് ഉദാഹരണമാണെന്നും മാത്യു കുഴല്നാടന് കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് തമാശയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ശബരിമല വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മസാലയാണിത്. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടി കേന്ദ്ര -കേരള സര്‍ക്കാരുകള്‍ നടത്തുന്ന ഒത്തുകളിയാണിതെന്നും അതില്‍ പുതുമയുമില്ലെന്നും ഒന്നും സംഭവിക്കില്ലെന്നും ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ്, ഈ നോട്ടീസിന്റെയും ഗതിയും മല എലിയെ പ്രസവിക്കുന്നത് പോലെയാകുമെന്നും പരിഹസിച്ചു. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് ആകാശത്ത് പറന്ന് നടക്കുകയാണ്. ഇല്ലത്ത് നിന്ന് പുറപ്പെട്ടിട്ട് കുടുംബത്ത് എത്തിയില്ലെന്ന അവസ്ഥയാണതിന്. എന്തിനാണ് നോട്ടീസ് അയച്ചത്. അത് മുഖ്യമന്ത്രിയുടെ മകന് കൈപ്പറ്റിയോ? ഇല്ലെങ്കിലത് ഇഡി വ്യക്തമാക്കട്ടെ.
ആ കേസിന്റെ ഗതിയും സ്ഥിതിയുമെന്തായി? സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന് കേസുകളില്‍ ഇതുപോലെ നോട്ടീസ് അയച്ചു, ഒടുവിലതും ഒത്തുതീര്‍പ്പാക്കി. ലാവ്ലിന് കേസ് നീട്ടിക്കൊണ്ടുപോയി ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച നീക്കം നടക്കുന്നു. അതുപോലൊരു അഡ്ജസ്റ്റ്മെന്റ് ആണ് ഇതെന്നും സണ്ണി ജോസഫ് പറഞ്ഞു.
സിപിഎം കള്ളന്മാര്ക്ക് കാവല്‍ നില്‍ക്കുകയാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ.പത്മകുമാറിനെ തൊടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. അതിനെയെല്ലാം ജനം എതിര്‍ക്കുന്നതിനാല്‍, അവരുടെ കണ്ണില്‍പൊടിയിടാനുള്ള കുതന്ത്രമാണിതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഭൂമി വാങ്ങാൻ 466.19 കോടി രൂപ മാസാല ബോണ്ടിൽ നിന്ന് വിനിയോഗിച്ചത് ആർബിഐ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് ഇഡിയുടെ വിശദീകരണം.
കൃത്യമായ ഫെമ ലംഘനവും ആർബിഐ മാർഗനിർദേശങ്ങളുടെ ലംഘനവും ഉണ്ടെന്നാണ് കണ്ടെത്തലെന്നും ഇഡി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ജൂണിലാണ് പരാതി ഫയൽ ചെയ്തതെന്നും പറയുന്നു.
തുടർനടപടികളുടെ ഭാഗമായാണ് കിഫ്ബിക്കും കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിക്കും കെ.എം. എബ്രഹാമിന് കിഫ്ബി സിഇഒ എന്ന നിലയിലും മുൻ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലുമാണ് നോട്ടീസ് നൽകിയതെന്നുമാണ് വിശദീകരണം.
Kerala
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരേ ഇഡി നോട്ടീസ് അയച്ചതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
മുഖ്യമന്ത്രിക്ക് ഇടയ്ക്കിടയ്ക്ക് നോട്ടീസ് കിട്ടാറുണ്ടെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാനുംകൂടിയാണിതെന്നും അദ്ദേഹം വിമർശിച്ചു.
ആര് പൊക്കിയാലും പക്ഷേ ബിജെപി പൊങ്ങില്ല. ഇടയ്ക്കിടയ്ക്ക് പേടിപ്പിക്കും, അതുപോലെ കെട്ടുപോകും. ഇതൊക്കെ മറച്ചുവയ്ക്കാനാണ് പലരും രാഹുൽ മാങ്കൂട്ടത്തിലുമായി ഇറങ്ങിയിരിക്കുന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്കാണ് ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണംകാണിക്കൽ നോട്ടീസ് അയച്ചത്. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.
കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഫെമ ചട്ട ലംഘനവും കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു.
Kerala
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.
കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഫെമ ചട്ട ലംഘനവും കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു.
Kerala
കൊച്ചി: എംഇഎസ് ചെയര്മാന് ഫസല്‍ ഗഫൂറിനെ ചോദ്യം ചെയ്യാന്‍ ഇഡി. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.വിദേശയാത്രക്ക് പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഫസല്‍ ഗഫൂറിനെ വിമാനത്താവള അധികൃതര്‍ മടക്കി അയച്ചിരുന്നു.
നേരത്തെ രണ്ട് തവണ ഇഡി നോട്ടീസ് നൽകിയിട്ടും ഫസൽ ഗഫൂർ ചോദ്യം ചെയ്യലിനു ഹാജരായിരുന്നില്ല. ഇതേതുടർന്നു ഇഡി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
Kerala
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. അൻവറിന്റെ മലപ്പുറത്തെ വീട്ടിലും മഞ്ചേരി പാർക്കിലും സഹായി സിയാദിന്റെ വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്.
ഇന്നു രാവിലെ 6.30യോടെയാണ് അൻവറിന്റെ വീട്ടിലെ പരിശോധന തുടങ്ങിയത്. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്.
2015 ലാണ് അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ
കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന്)യില്നിന്ന് കടമെടുത്തത്. ഈ കേസ് നിലവിൽ വിജിലൻസും അന്വേഷിക്കുന്നുണ്ട്.
അൻവറിന്റെ സിൽസില പാർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു. മതിയായ രേഖകളില്ലാതെയാണ് അൻവർ മലപ്പുറത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ലോണെടുത്തത്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് വായ്പയെടുത്തെന്നാണ് ആക്ഷേപം.
ഇക്കാലയളവിൽ അൻവർ എൽഡിഎഫിനൊപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് വായ്പയെടുത്തെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അഞ്ചു കോടിയുടെ മുകളിലേക്കുള്ള സാമ്പത്തിക തിരിമറി ആയതിനാലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്.
Business
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി വ്യവസായി അനിൽ അംബാനിയുടെ 1,450 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കൾക്കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.
നവി മുംബൈ, പൂനെ, ചെന്നൈ, ഭുവനേശ്വർ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആസ്തികളാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു കീഴിലെ വ്യവസ്ഥകൾ പ്രകാരം ഇഡി കണ്ടുകെട്ടിയത്.
ഇതോടെ ബാങ്ക് വായ്പാ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കൽ തട്ടിപ്പുമായും ബന്ധപ്പെട്ട് അനിലിന്റെ കന്പനികളിൽനിന്നു കണ്ടുകെട്ടിയ സ്വത്തുക്കളുടെ മൂല്യം 9,000 കോടി രൂപയ്ക്കടുത്തായി.
റിലയൻസ് ഇൻഫ്രാസ്ട്രക്ചറും റിലയൻസ് കമ്മ്യൂണിക്കേഷൻസും ഉൾപ്പെടെയുള്ള കന്പനികൾ ഇന്ത്യൻ ബാങ്കുകളിൽനിന്ന് ലോണുകളെടുത്ത് ഇതിൽനിന്നുള്ള വലിയൊരു ശതമാനം തുക വായ്പാമാനദണ്ഡങ്ങൾ ലംഘിച്ച് മറ്റു കന്പനികളിലേക്ക് മറിച്ചെന്നാണ് ആരോപണം.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ്ഐആർ, അനുബന്ധ മൊഴികൾ, രേഖകൾ എന്നിവയുടെ പകർപ്പാണ് ഇഡി തേടിയിരിക്കുന്നത്.
ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയിൽ നൽകിയ അപേക്ഷ തള്ളിയതോടെയാണ് കേന്ദ്ര ഏജൻസി ഹൈക്കോടതിയിൽ എത്തിയത്. ശബരിമല സ്വർണക്കൊളളയിൽ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ഇഡിയുടെ ആവശ്യം.
സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത ശബരിമല സ്വർണക്കൊള്ളയിലെ രേഖകൾ ഇഡിക്ക് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടാൽ കേസിൽ അത് നിർണായകമാകും. കള്ളപ്പണ ഇടപാടിലെ സൂചനകൾ ലഭിച്ചാൽ ഇ ഡിയുടെ അന്വേഷണമുണ്ടാകാനാണ് സാധ്യത.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആർ, അനുബന്ധ മൊഴികൾ എന്നിവയുടെ പകർപ്പാണ് തേടിയിരിക്കുന്നത്.
കേസെടുക്കുന്നതിന് മുന്നോടിയായാണ് എഫ്ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയിൽ നൽകിയ അപേക്ഷ തള്ളിയതോടെയാണ് കേന്ദ്ര ഏജൻസി ഹൈക്കോടതിയിൽ എത്തിയത്.
ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ആവശ്യം. സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് പരിശോധിക്കുമെന്ന് ഇഡി വൃത്തങ്ങൾ നേരത്തെ തന്നെ അറിയിച്ചിരുന്നു.
National
ന്യൂഡൽഹി: വായ്പാ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് വ്യവസായപ്രമുഖൻ അനിൽ അംബാനിയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
കേസിന്റെ രണ്ടാംവട്ട ചോദ്യം ചെയ്യലിനായി ഈ മാസം 14ന് ഹാജരാകാനാണു നിർദേശം. ചോദ്യംചെയ്യലിനു ഹാജരായിക്കഴിഞ്ഞാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു (പിഎംഎൽഎ) കീഴിൽ അനിലിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.
അനിൽ അംബാനിയുടെ കന്പനികൾ എസ്ബിഐ അടക്കമുള്ള ബാങ്കുകളിൽനിന്നെടുത്ത വായ്പകളുടെ ക്രമക്കേടുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
റിലയൻസ് ഇൻഫ്രാസ്ട്രക്ചറും റിലയൻസ് കമ്യൂണിക്കേഷൻസും ഉൾപ്പെടെയുള്ള കന്പനികൾ ഇന്ത്യൻ ബാങ്കുകളിൽനിന്ന് വായ്പയെ ടുക്കുകയും ഇതിൽനിന്നുള്ള വലിയൊരു ശതമാനം തുക മാനദണ്ഡങ്ങൾ ലംഘിച്ച് മറ്റു കന്പനികളിലേക്ക് മറിച്ചുവെന്നുമാണ് ആരോപണം.
ഇഡി നൽകുന്ന വിവരമനുസരിച്ച് വായ്പയായെടുത്ത 40,185 കോടി രൂപ ഇനിയും കന്പനികൾ അടയ്ക്കാനുണ്ട്. അഞ്ച് ബാങ്കുകളാകട്ടെ റിലയൻസ് കമ്യൂണിക്കേഷൻസിന്റെ അക്കൗണ്ടുകൾ വഞ്ചനാപരമാണെന്നും പ്രഖ്യാപിച്ചു.
വായ്പയെടുത്ത പണം കന്പനികളുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ വായ്പയുടെ നിശ്ചിത ശതമാനം തുക ബന്ധപ്പെട്ട കന്പനികളിലേക്കു മറിച്ച് പഴയ കടങ്ങൾ വീട്ടാൻ ഉപയോഗിച്ചെന്ന് ഇഡി ആരോപിക്കുന്നു. ചില ഫണ്ടുകൾ വിദേശത്തേക്കു മറിച്ചെന്നും അനുമാനമുണ്ട്.
കേസിൽ അനിൽ അംബാനിയെ ഓഗസ്റ്റിലും ഇഡി ചോദ്യം ചെയ്തിരുന്നു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യവസായപ്രമുഖനെതിരേ സമ്മർദം മുറുക്കുകയാണ് ഇഡി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു കീഴിൽ അനിൽ അംബാനിയുടെ 3000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കഴിഞ്ഞദിവസം ഇഡി കണ്ടുകെട്ടിയിരുന്നു.
National
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
അനധികൃതമായി ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം റെയ്നയുടെ 6.64 കോടി രൂപയുടെ മൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ധവാന്റെ 4.5 കോടിയുടെ സ്ഥാവര സ്വത്തുക്കളും കണ്ടുകെട്ടാനുള്ള താൽകാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
Kerala
മലപ്പുറം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ ഇഡിക്ക് പരാതി. സിപിഎം മലപ്പുറം നെടുവ ലോക്കൽ കമ്മിറ്റി അംഗം എ.പി. മുജീബാണ് പരാതി നൽകിയത്.
ഇമെയിലായും പോസ്റ്റലായും മുജീബ് പരാതി അയച്ചു. കെ.ടി. ജലീലിന്റെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
പ്രത്യക്ഷത്തിൽ ജോലിയോ പാരമ്പര്യ സ്വത്തോ ഇല്ലാതിരുന്ന ഫിറോസ് ഇപ്പോൾ ലക്ഷപ്രഭുവായി മാറിയത് പൊതുഫണ്ടുകൾ ദുരുപയോഗം ചെയ്തുകൊണ്ടാണെന്നാണ് ജലീൽ ആരോപിച്ചത്.
ദുബായിലെ ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിംഗ് എൽഎസി എന്ന കമ്പനിയിൽ ഫിറോസ് സെയിൽസ് മാനേജരായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രതിമാസം 5.25 ലക്ഷം ഇന്ത്യൻ രൂപ ശമ്പളമായി ലഭിക്കുന്നുണ്ടെന്നുമായിരുന്നു ജലീലിന്റെ ആരോപണങ്ങൾ.
Kerala
കൊച്ചി: കേസൊതുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലെ മുഖ്യപ്രതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി യൂണിറ്റിലെ മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ വിജിലന്‍സ് ഇന്നും ചോദ്യം ചെയ്യും.
ചൊവ്വാഴ്ച വിജിലന്‍സ് ആസ്ഥാനത്ത് വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്പി എസ്. ശശിധരന്റെ നേതൃത്വത്തില്‍ ശേഖര്‍ കുമാറിനെ ആറ് മണിക്കൂറിലധികം സമയം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം.
അതേസമയം ഇയാള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില രേഖകളുടെ പരിശോധന കൂടി പൂര്‍ത്തിയാക്കിയ ശേഷം ശേഖര്‍ കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്. രേഖകളുടെ പരിശോധന വിജിലന്‍സ് ആരംഭിച്ചിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശേഖര്‍ കുമാറിന് കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കാലാവധി അവസാനിക്കാനിരിക്കെയാണ് ചൊവ്വാഴ്ച ശേഖര്‍കുമാര്‍ വിജിലന്‍സിന് മുന്നില്‍ ഹാജരായത്. ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നുവിജിലന്സ്.
കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുള്ള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. തമ്മനം സ്വദേശി വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന് സ്വദേശി മുകേഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
Editorial
പ്രതിപക്ഷത്തെയും ശത്രുവെന്നു കരുതുന്നവരെയും വേട്ടയാടുക എന്നാൽ ഭരണകൂടം ജനാധിപത്യത്തിനു പിന്നാലെയാണ് എന്നാണ് അർഥം. അന്വേഷണ ഏജൻസികൾ പാർട്ടി ഏജൻസികളാകരുത്.
രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെന്ന സുപ്രീംകോടതിയുടെ ചോദ്യം തങ്ങളോടാണെന്ന് കേന്ദ്രത്തിനറിയാം. പക്ഷേ, ആ ദുരുപയോഗത്തിന്റെ രാഷ്ട്രീയനേട്ടം ചെറുതല്ലെന്നറിയാവുന്നതിനാൽ തിരുത്തുമോയെന്നറിയില്ല.
പ്രതിപക്ഷവും മാധ്യമങ്ങളും വർഷങ്ങളായി ചൂണ്ടിക്കാണിച്ചിരുന്ന യാഥാർഥ്യങ്ങളാണ് കുറച്ചുനാളായി കോടതികളും ആവർത്തിക്കുന്നത്. പ്രതിപക്ഷം ഏറെ ശോഷിച്ച അവസ്ഥയിലായതിനാൽ ഉടനെയൊന്നും അധികാരമൊഴിയേണ്ടി വരില്ലെന്നും ഇതേ അന്വേഷണ ഏജൻസികളാൽ തങ്ങൾ വേട്ടയാടപ്പെടില്ലെന്നും ബിജെപി കരുതുന്നുണ്ടാകും.
അതെന്തായാലും, പ്രതിപക്ഷത്തെയും ശത്രുവെന്നു കരുതുന്നവരെയും വേട്ടയാടുക എന്നാൽ ഭരണകൂടം ജനാധിപത്യത്തിനു പിന്നാലെയാണ് എന്നാണ് അർഥം. ആ മുന്നറിയിപ്പ് കോടതികളും തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, ഇഡിയുടെ ഗുണഭോക്താക്കൾ അധികാരത്തിലുള്ളവരാണ്.
രണ്ടു കേസുകളിലാണ് സുപ്രീംകോടതി അന്വേഷണ ഏജൻസിക്കെതിരേ ആഞ്ഞടിച്ചത്. ഭൂമിതട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്കെതിരേയും കർണാടക മന്ത്രി ബൈരതി സുരേഷിനെതിരേയും ഇഡി അയച്ച സമൻസ് കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇതിനെതിരേ ഇഡിയുടെ അപ്പീൽ പരിഗണിക്കാൻ വിസമ്മതിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. കൂടുതൽ പറയാൻ തങ്ങളുടെ വായ് തുറപ്പിക്കരുതെന്നാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയും ജസ്റ്റീസ് കെ.വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോടു പറഞ്ഞത്.
“രാഷ്ട്രീയപോരാട്ടങ്ങൾ വോട്ടർമാർക്കിടയിൽ നടക്കട്ടെ. ഇഡിയെ അതിനായി എന്തിന് ഉപയോഗിക്കണം?’’ മറ്റൊരു കേസിലും ഇഡിയെ ഉപയോഗിക്കുന്ന രാഷ്ട്രീയത്തെ ഇതേ ബെഞ്ച് ചോദ്യം ചെയ്തു. സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തന്റെ കക്ഷിക്ക് ഉപദേശം നൽകിയതിനു സുപ്രീംകോടതിയിലെ രണ്ട് മുതിർന്ന അഭിഭാഷകർക്ക് സമൻസ് അയച്ച കേസായിരുന്നു അത്.
“അഭിഭാഷകരും കക്ഷികളുമായുള്ള ആശയവിനിമയം അവകാശമാണ്. അതിന്റെ പേരിൽ എങ്ങനെയാണ് നോട്ടീസ് അയയ്ക്കുന്നത്? പല കേസുകളിലും ഇഡി ഉദ്യോഗസ്ഥർ എല്ലാ പരിധികളും ലംഘിക്കുകയാണ്.’’ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു. സർക്കാരിനെയും ഇഡിയെയും വെള്ളപൂശാനുള്ള ശ്രമം സോളിസിറ്റർ ജനറൽ തുഷാർ മേത്ത നടത്തിയെങ്കിലും കോടതി അനുവദിച്ചില്ല.
കേന്ദ്ര ഏജൻസിക്കെതിരേ വികാരമുണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നുമാണ് അദ്ദേഹം കോടതിയോടാവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസിക്കെതിരായ അപവാദപ്രചാരണം കോടതിയുടെ നിലപാടിനെ സ്വാധീനിക്കാറുണ്ടെന്നും അദ്ദേഹം വാദിച്ചു.
പുറത്തുനിന്നുള്ള സ്വാധീനങ്ങളുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനമെടുത്ത ഏതെങ്കിലും വിഷയങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ തുഷാർ മേത്തയെ ചീഫ് ജസ്റ്റീസ് വെല്ലുവിളിച്ചു.
കഴിഞ്ഞ മേയിൽ, തമിഴ്നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പറേഷന് (TASMAC) എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ട് ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞത്, ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു.
മേയിൽതന്നെ, ഛത്തീസ്ഗഡ് മദ്യകുംഭകോണ കേസിൽ പ്രതിയായ അരവിന്ദ് സിംഗിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റീസ് അഭയ് എസ്. ഓഖയുടെ ബെഞ്ച് പറഞ്ഞത്, കൃത്യമായ തെളിവില്ലെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇഡി പതിവാക്കിയിരിക്കുകയാണ് എന്നാണ്. 1956ൽ രൂപംകൊണ്ടതിനുശേഷം ഇഡിയുടെ വിശ്വാസ്യത ഇത്ര നഷ്ടമായ കാലം ഉണ്ടായിട്ടില്ല.
പോലീസിനെയും സർക്കാർ സംവിധാനങ്ങളെയും അധികാരത്തിലുള്ളവർ ദുരുപയോഗിക്കുന്നത് ഇന്ത്യയിൽ പുതിയ കാര്യമൊന്നുമല്ല. പക്ഷേ, രാജ്യത്തെ സുപ്രധാന അന്വേഷണ ഏജൻസികളെ പോഷകസംഘടനകൾപോലെ ബിജെപി അപഹാസ്യമാക്കിക്കളഞ്ഞു.
ഇക്കഴിഞ്ഞ മാർച്ചിൽ രാജ്യസഭയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ വിവരമനുസരിച്ച്, കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ ഇഡി രജിസ്റ്റര്‍ ചെയ്ത 193 കേസുകളിൽ രണ്ടെണ്ണത്തിലാണ് കുറ്റക്കാർക്കെതിരേ ശിക്ഷാനടപടിയുണ്ടായത്. 138 കേസുകളും 2019ല്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ള അഞ്ചു വർഷത്തിനിടെ എടുത്തതാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇഡി ഫയല്‍ ചെയ്ത 5,000 കേസുകളില്‍ 40 എണ്ണത്തില്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നും പ്രോസിക്യൂഷന് നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോടതിയും ചൂണ്ടിക്കാണിച്ചിരുന്നു. 2024-25 സാമ്പത്തികവർഷം 30 കേസുകളിലായി കണ്ടുകെട്ടിയ 15,261 കോടി രൂപയുടെ സ്വത്ത് ഇരകൾക്കു തിരിച്ചുനൽകിയെന്ന് ഇഡിയുടെ വാർഷിക അവലോകന റിപ്പോർട്ടിലുണ്ട്.
കേന്ദ്രസർക്കാർ തിരുത്തുമോയെന്നത് അവരുടെ രാഷ്ട്രീയപ്രബുദ്ധതയുടെയും ജനാധിപത്യബോധത്തിന്റെയും അഴിമതിവിരുദ്ധതയുടെയും കാര്യമാണ്. പക്ഷേ, തിരുത്തുന്നില്ലെങ്കിൽ ഇതേക്കുറിച്ചൊക്കെയുള്ള അവകാശവാദങ്ങൾ കൈയൊഴിയാനുള്ള സത്യസന്ധത കാണിക്കണം.