തൃശൂർ: കിഫ്ബി-മസാല ബോണ്ട് വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സിപിഎം-ബിജെപി അന്തർധാരയുണ്ടെന്നു വ്യക്തമാണെന്ന് പ്രസ് ക്ലബ്ബിന്റെ ‘വോട്ട് വൈബ്’ പരിപാടിയിൽ ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിനെ സഹായിക്കുന്ന രീതിയാണ് ഇഡി സ്വീകരിക്കുന്നത്.
കിഫ്ബിയുടെ വ്യവസായ ഇടനാഴിയുടെ പേരിൽ നടത്തിയതു ഭൂമിക്കച്ചവടമാണ്. ഇക്കാര്യം റവന്യു വകുപ്പ് അറിഞ്ഞോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. ഇഡി നോട്ടീസ് പലപ്പോഴും ആവിയാകുകയാണ്. കൃത്യമായ അന്വേഷണം നടത്തിയാൽ അഴിമതി പുറത്തുകൊണ്ടുവരാനാകും. മസാല ബോണ്ടിനു നിശ്ചയിച്ച 9.72 ശതമാനം പലിശ വളരെ അധികമാണ്.
നിലവിൽ 6-8 ശതമാനം പലിശയ്ക്കു പണം ലഭ്യമാണെന്നിരിക്കേ കൂടിയ നിരക്ക് അഴിമതിയാണ്. മസാല ബോണ്ടിറക്കി നേടിയ 2150 കോടി രൂപയ്ക്കു കഴിഞ്ഞവർഷം തിരിച്ചടയ്ക്കേണ്ടിവന്നത് 1035 കോടി രൂപയാണ്. ലാവ്ലിൻ കന്പനിയിൽ 20 ശതമാനം ഓഹരിപങ്കാളിത്തമുള്ള സിഡിപിക്യു കന്പനിയിൽനിന്നാണ് വായ്പയെടുത്തത്. ഇവിടെ ലാവ്ലിൻ ബന്ധം മണക്കുന്നുണ്ട്.
കോടതിയുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ശബരിമല സ്വർണപ്പാളി വിവാദം മുന്‍പത്തെ സ്വർണക്കടത്തു വിവാദം പോലെ എവിടെയുമെത്തില്ലായിരുന്നു. എസ്ഐടി അന്വേഷണത്തിൽ തൃപ്തിയുണ്ട്. ഇനിയും മന്ത്രിമാരടക്കം ജയിലിൽ സാധ്യതയുണ്ട്. മന്ത്രിമാരുടെ അറിവോടെയാണു കൊള്ള നടന്നതെന്നാണു വിവരം.
എന്നിട്ടും അറസ്റ്റിലായവരെയൊന്നും സിപിഎം സസ്പെൻഡ് ചെയ്തിട്ടില്ല. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആക്ഷേപമുയർന്നപ്പോൾ ഉടനെ കോണ്‍ഗ്രസ് നടപടിയെടുത്തു. രാഹുൽ വിഷയത്തിൽ മാതൃകാപരമായ നടപടിയാണു കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് ചെന്നിത്തല അവകാശപ്പെട്ടു.
Tags : Masala Bond Ramesh Chennithala ED investigation