പത്തനംതിട്ട: ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കേരളത്തില്‍ വന്‍ തട്ടിപ്പ് നടത്തി വന്ന സംഘം പത്തനംതിട്ടയില്‍ അറസ്റ്റില്‍. കോഴഞ്ചേരി മാലക്കര ബിജോ ഭവനില്‍ ബിജോ മാത്യു (35), തിരുവനന്തപുരം ചെറുവക്കല്‍ പേപ്പര്‍ മില്‍ റോഡില്‍ ആര്‍ക്ക് ഓഫ് ഫേവർ ആർ.എ. ഇമ്മാനുവേൽ (42), തിരുവനന്തപുരം മെഡിക്കല്‍ കോളജ് ശ്രീമൂലം റോഡില്‍ കൊടാക്കേരില്‍ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് അറസ്റ്റിലായത്.
ജിഎസ്ടി വകുപ്പില്‍ നിന്നും റെയ്ഡ് നടത്തിയതും ലൈസന്‍സ് റദ്ദായതുമായ സ്ഥാപനങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തിയാണ് സംഘം തട്ടിപ്പ് നടത്തി വന്നതെന്ന് പറയുന്നു. വിവര ശേഖരണം നടത്തിയ സ്ഥാപനങ്ങളില്‍ ജിഎസ്ടിയിലെ ഇന്റലിജന്‍സ് സ്ക്വാഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് താനെന്നും ജിഎസ്ടി, ഇഡി, ഇന്‍കം ടാക്സ് എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തനിക്കു സഹായിക്കാന്‍ സാധിക്കുമെന്നും പറഞ്ഞു ബിജോ മാത്യു അവരുടെ വിശ്വാസം നേടും.
പിന്നീട് ജിഎസ്ടി ഇന്റലിജന്‍സിന്റെ ചാര്‍ജ് ഉള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ഇമ്മാനുവല്‍ എന്നയാളെയും ജിഎസ്ടി കമ്മീഷണറായി ഡെന്നിസ് ജേക്കബ് എന്നയാളെയും അവതരിപ്പിക്കുന്നു. തുടര്‍ന്ന് സ്ഥാപന ഉടമകളില്‍ നിന്നും പണം കൈക്കലാക്കുകയും ചെയ്യുകയാണ് രീതി.
ഇത്തരത്തില്‍ കോഴഞ്ചേരിയിലെ ഒരു ബേക്കറിയിൽ എത്തിയ ബിജോ മാത്യു ജിഎസ്ടി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ ബേക്കറി ഉടമയ്ക്ക് സംശയം തോന്നി വകുപ്പിലെ ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണറെ വിവരം അറിയിക്കുകയയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിന്റെ തട്ടിപ്പ് പുറത്തുവരുന്നത്.
ഉന്നത ഉദ്യോഗസ്ഥരെയും നേതാക്കളെയും പരിചയമുണ്ടെന്നു പറഞ്ഞും അവരോടോത്തുള്ള ചിത്രങ്ങള്‍ കാണിച്ചുമാണ് ആളുകളില്‍ വിശ്വാസം ജനിപ്പിക്കുന്നത്. ഇത്തരത്തില്‍ പത്തനംതിട്ട ജില്ലയില്‍ മറ്റൊരു ബേക്കറി ഉടമയില്‍ നിന്നും 15 ലക്ഷം രൂപയും ആശുപത്രി ഉടമയില്‍ നിന്നും 17 ലക്ഷം രൂപയും മറ്റൊരു ബേക്കറി-ക്വാറി ഉടമയില്‍ നിന്നും അഞ്ച് ലക്ഷവും ഫര്‍ണീച്ചര്‍ കട ഉടമയില്‍ നിന്നും ഏഴു ലക്ഷവും കാഞ്ഞങ്ങാടുള്ള കമ്പനിയില്‍നിന്നും 45 ലക്ഷവും സംഘം തട്ടിയെടുത്തതായി പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ആളുകളെ സംഘം തട്ടിപ്പിനിരയാക്കിയതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ബിജോ മാത്യുവിനെതിരേ 2018-ല്‍ ആള് മാറാട്ടംനടത്തി പണം തട്ടാല്‍ ശ്രമിച്ചതിനു ആറന്മുള പോലീസ് സ്റ്റേഷനിലും വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞു പണം തട്ടിച്ചതിനു അടൂര്‍ പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്.ആനന്ദിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജി. അനീഷ്, എസ്ഐ അരുണ്‍കുമാര്‍, എഎസ്ഐ എൻ. സന്തോഷ്, സീനിയര്‍ സിപിഒ റോബി ഐസക് എന്നിവർ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ആളുകള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.
Tags : gst ed income tax arrest police case kerala police