Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ഇന്നും നിയമസഭ പ്രക്ഷുബ്ധമായി. ഭരണപക്ഷവും പ്രതിപക്ഷവും വാക്പോരുകളും ചിത്രങ്ങളുമായി രംഗത്തെത്തി. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇന്നുരാവിലെ സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ദേവസ്വം മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് പ്രതിഷേധം തുടങ്ങി. സ്വര്‍ണം കട്ടത് സഖാക്കളാണേ അയ്യപ്പ എന്നെഴുതിയ ബാനറുമായി പ്രതിപക്ഷം സഭയിലെത്തി. കൂടാതെ ഉണ്ണികൃഷ്ണന് പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള ചിത്രങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു.
ഭരണപക്ഷം ഉണ്ണിക്കൃഷ്ണന് പോറ്റിയും അടൂര്‍ പ്രകാശും തമ്മിലുള്ള ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടി പ്രതിരോധിച്ചു. ചൊവ്വാഴ്ച സഭയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി തെറ്റായ കാര്യങ്ങള്‍ പറഞ്ഞത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആൻഡ് വാര്‍ഡിനെ മര്‍ദിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അവാസ്തവമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് സ്പീക്കര്‍ പറഞ്ഞു. വാച്ച് ആൻഡ് വാര്‍ഡിനെ പ്രതിപക്ഷം മര്‍ദിച്ചെന്നായിരുന്നു സ്പീക്കര്‍ വ്യക്തമാക്കിയത്. സ്വര്‍ണക്കൊള്ളക്കേസില്‍ സോണിയാഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് മന്ത്രിമാര്‍ സംസാരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാര്‍ രംഗത്തെത്തി. ഇരട്ടത്താപ്പിന്റെ നേതാവാണ് പ്രതിപക്ഷ നേതാവെന്നും ഞാന്‍ ഞാന്‍ എന്ന ഒറ്റവികാരമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണെന്നും മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു. വി.ഡി. സതീശന് സമനില തെറ്റിയെന്നും ബിജെപിയുടെ നാവായി പ്രതിപക്ഷ നേതാവ് മാറിയെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
നിയമസഭയില്‍ മുന്‍പ് സ്പീക്കറുടെ ഡയസില്‍ കയറി കസേര തള്ളിയിട്ടവരാണ് ഇരട്ടത്താപ്പുകാരെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് സഭാകവാടത്തില്‍ കുത്തിയിരിപ്പുസമരം നടത്തി.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരേ വിമർശനവുമായി സഭയിൽ വീണ്ടും മന്ത്രി വി. ശിവൻകുട്ടി.
ഇന്നലെ ചോദ്യോത്തരവേളയ്ക്കിടെയായിരുന്നു സംഭവം. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചോദ്യങ്ങൾക്കു മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ പ്രകോപനപരമായ പരാമർശം.
“സ്വര്‍ണം കട്ടത് ആരപ്പാ, സോണിയാ ഗാന്ധിയാണേ അയ്യപ്പാ” എന്നാണു ബാനറിൽ എഴുതേണ്ടതെന്നു മന്ത്രി ശിവൻകുട്ടി വിളിച്ചു പറഞ്ഞു.
Kerala
തിരുവനന്തപുരം: ബഹളത്തെ തുടർന്ന് നിർത്തിവച്ച നിയമസഭാ നടപടികൾ വീണ്ടും ആരംഭിച്ചു. ഡയസിലേക്ക് ഇരച്ചുകയറിയ പ്രതിപക്ഷ അംഗങ്ങളുടെ നടപടി ശരിയായില്ലെന്ന് സ്പീക്കർ പ്രതികരിച്ചു.
സ്പീക്കറുടെ മുഖം മറച്ച് പ്രതിഷേധിച്ചത് ശരിയല്ലെന്നും ജനാധിപത്യ അവകാശം പ്രതിപക്ഷത്തിന് മാത്രമല്ല സ്പീക്കർക്കും ഉണ്ടെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
എന്നാൽ, നിയമസഭയിൽ പ്രതിപക്ഷം ബാനർ പിടിക്കുന്നത് ആദ്യമല്ലെന്നും സഭയിൽ ഇത്തരത്തിൽ സംഘർഷമുണ്ടാകുമ്പോൾ സഭാ നടപടികൾ നിർത്തിവച്ച് രണ്ടുകൂട്ടരുമായി സ്പീക്കർ സംസാരിക്കുന്നതാണ് പതിവ്. എന്നാൽ അങ്ങ് ഇതുവരെ അത് ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഞങ്ങളെയും ഞങ്ങളുടെ സമരത്തെയും വെല്ലുവിളിക്കുകയാണ് സ്പീക്കർ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. എന്നാൽ അതിനുമാത്രം സംഘർഷം സഭയിൽ ഉണ്ടായില്ലെന്ന് സ്പീക്കർ മറുപടി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള പ്രതിഷേധത്തിൽ ഇന്ന് രണ്ടുതവണയാണ് സഭാ നടപടികൾ നിർത്തിവച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ജലനയം പരിഷ്കരിക്കുന്നതിനായി രൂപീകരിച്ച വിദഗ്ധ സമിതിയുടെ ആദ്യ റിപ്പോർട്ട് സർക്കാരിന്റെ പരിശോധനയിലാണെന്നു മന്ത്രി റോഷി അഗസ്റ്റിനു വേണ്ടി മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു.
കാലോചിതമായി വരുത്തേണ്ട മാറ്റങ്ങൾ മനസിലാക്കിക്കൊണ്ടും സുസ്ഥിരമായ ജലസുരക്ഷ എല്ലാ വിഭാഗം ജനങ്ങൾക്കും ഉറപ്പാക്കുന്നതിനുമാണ് സംസ്ഥാന ജലനയം പരിഷ്കരിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചത്.
വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, ജനവിഭാഗങ്ങൾ എന്നിവരുമായി ചർച്ചകൾ ആവശ്യമുള്ളതിനാൽ ഇക്കാര്യത്തിനായി ത്വരിത നടപടികൾ സ്വീകരിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്ന വിഷയം, അടിയന്തര പ്രമേയമായി അവതരിപ്പിക്കാനുള്ള ആവശ്യം നിഷേധിച്ച സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷം.
ഗുരുതരമായ വിഷയമാണ് ഇന്ന് നിയമസഭയിൽ ചർച്ചയ്ക്ക് കൊണ്ടുവന്നതെന്നും. എന്നാൽ റൂൾസ് ഓഫ് പ്രൊസീജിയറിനെ ദുർവ്യാഖ്യാനം ചെയ്ത് സർക്കാരിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങി സിപിഎം പ്രതിരോധത്തിലാകുന്ന വിഷയങ്ങൾ ചർച്ച ചെയ്യേണ്ട എന്ന നിലപാടിനോട് സ്പീക്കർ കുടപിടിച്ചുകൊടുക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കഴിഞ്ഞ ദിവസം എംഎൽഎയുടെ ഓഫീസിന് മുന്നിൽ പ്രകടനം നടത്തിയവരെ ക്രൂരമായി ലാത്തിചാർജ് ചെയ്ത സംഭവം നിയമസഭയിൽ ചർച്ച ചെയ്യാൻ അനുവദിച്ചില്ല. ജീവാപായം വരുന്ന രീതിയിൽ പോലീസിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞതിന് 20 വർഷം തടവുശിക്ഷ വിധിച്ച പ്രതികൾക്ക് എല്ലാ ചട്ടവും ലംഘിച്ചുകൊണ്ട് പരോൾ നൽകുകയാണ്.
ആദ്യത്തെ പ്രതിക്ക് ആറുദിവസം പരോൾ നൽകി. പിന്നെ പരോൾ നീട്ടി. മൂന്നാമത് സർക്കാരും പരോൾ നീട്ടി. ആൾ ജയിലിൽ പോയ മാസം തന്നെ മൂന്ന് പ്രാവശ്യം പരോൾ നീട്ടി നൽകുന്ന സാഹചര്യമുണ്ടായി. ഇത് തുടർച്ചയായി സംഭവിക്കുന്നു.
ടി.പി കേസിലെ പ്രതികളിൽ 1,000ത്തിലധികം ദിവസം പരോൾ ലഭിച്ച പ്രതികളുണ്ട്. അതായത് മൂന്ന് വർഷത്തിൽ കൂടുതൽ അവർ ജയിലിന് പുറത്തായിരുന്നു. മാത്രമല്ല തെളിവുകൾ പുറത്തുവന്നതിന് ഒരു ഡിഐജിയെ സസ്പെൻഡ് ചെയ്തു. എല്ലാ ജയിലുകളിലും പോയി തടവുകാരുടെ കൈയിൽ നിന്നും പണം വാങ്ങിച്ചിരുന്ന ഒരു ഡിഐജിയാണ് ഈ പിണറായി വിജയന് കീഴിലുണ്ടായിരുന്നത്. ഗുരുതര ക്രമക്കേടുകളാണ് ജയിലുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഏറ്റവും അടുത്ത ബന്ധു മരിക്കുകയോ ഗുരുതരമായ രോഗം ബാധിക്കുകയോ മാത്രം ചെയ്താലേ പരോൾ അനുവദിക്കാൻ പാടുള്ളു. ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് എങ്ങനെയാണ് 1,000ലധികം ദിവസം പരോൾ ലഭിച്ചത്. 1,000ത്തിലധികം ദിവസം ഇവരുടെ ബന്ധുക്കൾ മരിച്ചോ, ബന്ധുക്കൾ അസുഖം ബാധിച്ച് കിടന്നോ.
സിപിഎമ്മിനുവേണ്ടി കൊലനടത്തിയ പ്രതികൾക്ക് പരോളാണ്. നിയമത്തെ കാറ്റിൽ പറത്തുകയാണ്. തടവുകാർക്കുള്ള പ്രത്യേകമായ നിയമത്തെ ലംഘിക്കുകയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടി. കെ.കെ. രമയുടെ ചോദ്യത്തിന് മറുപടി നൽകാതെയാണ് ഒളിച്ചോടിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്കുൾപ്പടെ തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെ ചൊല്ലി നിയമസഭയിൽ വാക്പോര്. ചട്ടം 50 പ്രകാരം, സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യാൻ പര്യാപ്തമായ അടിയന്തര പ്രാധാന്യമില്ലാത്തതിനാൽ പ്രസ്തുത നോട്ടീസ് പരിഗണിക്കാൻ നിർവാഹമില്ലെന്ന് സ്പീക്കർ അറിയിച്ചു.
ആവശ്യമാണെങ്കിൽ നോട്ടീസ് നൽകിയ അംഗത്തിന് സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ വലിയ ഗുരുതരമായ വിഷയമാണ് തന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ചട്ടം ലംഘിച്ച്, നിയമം ലഘിച്ച് പരോൾ കൊടുത്ത ക്രിമിനലുകൾ തെരുവിലിറങ്ങി കലാപം നടത്തുകയും ക്രിമിനൽ കുറ്റങ്ങൾ ചെയ്യുകയും ചെയ്യുന്ന ഗുരുതരമായ വിഷയങ്ങളാണ് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. സർക്കാരിന് സൗകര്യമില്ലാത്ത കാര്യങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യില്ലെന്നാണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
പോലീസിനെ സ്റ്റീൽ ബോംബെറിഞ്ഞിട്ട് കോടതി 20 വർഷം തടവിന് ശിക്ഷിച്ച ക്രിമിനലിനെ ഒരു മാസം തികയും മുമ്പ് രണ്ടും മൂന്നും പ്രാവശ്യം പരോൾ നൽകി അയാളെ തെരുവിലേക്ക് ഇറക്കിയിരക്കുകയാണ്. അതിന് അടിയന്തര പ്രാധാന്യമില്ലെങ്കിൽ പിന്നെ എന്തിനാണ് സഭ കൂടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
അതേസമയം, തടവുകാർക്ക് പരോൾ അനുവദിക്കുന്നത് നിയമവും ചട്ടവും അനുസരിച്ചാണെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി നൽകി. അവസാനം പരോൾ അനുവദിച്ചത് 8-1-2026ലാണ്. അതിനുശേഷം നാലോ അഞ്ചോ ദിവസം സഭ ചേർന്നു. ഇത്രെയും അടിയന്തര പ്രാധാന്യമുള്ളതാണെങ്കിൽ ജനുവരി 22-ാം തീയതി നോട്ടീസ് നൽകാമായിരുന്നു.
അന്ന് നോട്ടീസ് പോലും നൽകിയിട്ടില്ല. ഇപ്പോൾ വിഷയ ദാരിദ്രം കൊണ്ടാണ് പ്രതിപക്ഷം ഇത് ഉയർത്തിക്കൊണ്ടുവരുന്നത്. അവർ വിഷയം സബ്മിഷനായി ഉന്നയിക്കുന്നത് കൊണ്ട് സർക്കാരിന് വിരോധമില്ല. അടിയന്തര പ്രാധാന്യമുള്ള വിഷയമുള്ള കാര്യമാണിതെന്ന് നേരത്തെ തോന്നിയിരുന്നുവെങ്കിൽ 22ന് നോട്ടീസ് നൽകാമായിരുന്നു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചീറ്റിംഗ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇളവ് കൊടുത്തെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിച്ചു കൊണ്ടിരിക്കുന്പോൾ ഭരണപക്ഷത്തെ നിരവധി അംഗങ്ങൾ വലിപ്പത്തിൽ പ്രിന്റ് ചെയ്ത ഫോട്ടോ ഉയർത്തിക്കാട്ടിക്കൊണ്ടിരുന്നു. ചിത്രം കണ്ടെങ്കിലും സതീശൻ അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. സാധാരണ പ്രതിഷേധത്തിന്റെ ഭാഗമായി പ്ലക്കാർഡുകളും ചിത്രങ്ങളുമൊക്കെ നിയമസഭയിൽ ഉയർത്തിക്കാണിക്കുന്നത് പ്രതിപക്ഷമാണ്. ഇന്നലെ ആ പണി ഭരണപക്ഷം ഏറ്റെടുത്തു.
സോണിയാഗാന്ധിക്കൊപ്പം ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർ നിൽക്കുന്ന ഫോട്ടോ ആയിരുന്നു ഭരണപക്ഷാംഗങ്ങൾ ഉയർത്തിക്കാട്ടിയത്. പോറ്റിയേ കേറ്റിയേ... എന്നു തുടങ്ങുന്ന പാരഡി പാട്ടുകൾ കേട്ട് ഒരുപാടു വിഷമിച്ച ഭരണപക്ഷം ഈ ചിത്രം ഉയർത്തിക്കാട്ടിയത് ഒരു മധുരപ്രതികാരം പോലെ ആയിരുന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള പ്രമുഖർ അണിനിരക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയുടെ കൊട്ടിക്കലാശദിനം സഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കടന്നാക്രമിക്കാനായിരുന്നു ഭരണപക്ഷം ശ്രമിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കെതിരേ സതീശൻ മോശപ്പെട്ട ഭാഷയിൽ വിമർശനം ഉന്നയിച്ചെന്നു പറഞ്ഞായിരുന്നു തുടക്കം. സതീശനെ വെള്ള ഡ്രസിട്ട സംഘി എന്നു വരെ കെ.ഡി. പ്രസേനൻ വിശേഷിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം കൂടി കേട്ടതോടെ ഭരണപക്ഷത്തിന്റെ തന്ത്രം വ്യക്തമായി. സതീശനുള്ള മറുപടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ഏറെയും.
ശബരിമല പ്രതിഷേധത്തിൽ പ്രതിപക്ഷത്തിനു പഴയ വീര്യമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതിൽ അവർക്കു നേരെയുള്ള ഒരു കുത്തു കൂടി ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനു പതിവു വീര്യമില്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനു നേരെയും എന്തോ ഒരുങ്ങി വരുന്നു എന്ന സൂചനയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ ഉണ്ടായിരുന്നത്.
ഭരണമാറ്റം എന്നതു ജനങ്ങൾ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞ കാര്യമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിനു നൂറു സീറ്റ് കിട്ടുമെന്ന കാര്യത്തിൽ രമേശിനു സംശയമൊന്നുമില്ല. എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തു വർഷം കൊണ്ടു പലതും ചെയ്തു എന്നു പറയുന്നുണ്ടെങ്കിലും ജനത്തിനു ബോധ്യമാകുന്നില്ലെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആകെ പറഞ്ഞു കൊണ്ടിരുന്നത് ദേശീയപാത വികസനമാണ്. പൊളിഞ്ഞു വീണതോടെ അതു ’ഞങ്ങളുടേ’തല്ലാതായി. വന്യജീവി ആക്രമണത്തേക്കുറിച്ചായിരുന്നു സെബാസ്റ്റ്യൻ കുളത്തിങ്കലും അനൂപ് ജേക്കബുമൊക്കെ പറഞ്ഞത്.
കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് ഒരു വർഗീയ കലാപം പോലുമില്ല എന്നത് ഇടതുപക്ഷം ഭരണനേട്ടങ്ങളുടെ പട്ടികയിൽ പെടുത്തിയത് ഈയടുത്താണ്. തോട്ടത്തിൽ രവീന്ദ്രൻ ഇക്കാര്യം ചർച്ചയ്ക്കിടയിൽ പറഞ്ഞെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിൽ ഇക്കാര്യ വിസ്തരിച്ചു പറഞ്ഞു. അതിനു പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം നന്നായി അറിയാവുന്നതിനാലാകാം പ്രതിപക്ഷം അതേക്കുറിച്ചൊന്നും പറഞ്ഞില്ല.
മന്ത്രി സജി ചെറിയാന്റെയും എ.കെ. ബാലന്റെയും പ്രസ്താവനകൾ ചൂണ്ടിക്കാട്ടി അതു വർഗീയമായ പ്രസ്താവനകളായിരുന്നു എന്നു സതീശൻ ചൂണ്ടിക്കാട്ടി. നിങ്ങൾ ആ വഴി പോകരുതെന്നും സതീശൻ അഭ്യർഥിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ സർക്കാരിനെതിരേ സതീശൻ ഉൾപ്പെടെ വിമർശനം ഉന്നയിച്ചതിനേക്കുറിച്ചു ഭരണപക്ഷത്തു നിന്നുണ്ടായ പരാമർശങ്ങൾക്കും സതീശൻ മറുപടി നൽകി. " ഞങ്ങളുടെ സർക്കാരിനെ ഞാൻ വിമർശിച്ചിട്ടുണ്ട്. തെറ്റുകൾ തിരുത്താൻ സർക്കാർ തയാറായിട്ടുമുണ്ട്. നിങ്ങളുടെ സർക്കാരിനെ വിമർശിക്കാൻ നിങ്ങൾക്കു മുട്ടിടിക്കും'- ഭരണപക്ഷത്തെ നോക്കി സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങൾക്കു മുഖ്യമന്ത്രിയുടെ മറുചോദ്യം ഇങ്ങനെയായിരുന്നു- നാടിനെ ഇകഴ്ത്തി കാണിക്കാൻ പാടുണ്ടോ? ചെറുപ്പക്കാർ പഠനാവശ്യത്തിനുൾപ്പെടെ നാടുവിടുന്ന വിഷയങ്ങൾ സതീശൻ ചൂണ്ടിക്കാട്ടിയെങ്കിലും അന്യനാട്ടുകാർ കേരളത്തിലേക്കു പഠിക്കാൻ വരാൻ താത്പര്യം കാട്ടുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വിളപ്പിൽശാലയിൽ ബിസ്മിർ എന്നയാൾ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അടിയന്തപ്രമേയത്തിന് അനുമതി നൽകി. രണ്ടു മണിക്കൂർ ചർച്ചയ്ക്കൊടുവിൽ മറുപടി പറഞ്ഞ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചില പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. പിന്നാലെ നന്ദി പ്രമേയ ചർച്ചയിൽ അവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെ കുറിച്ചോർത്ത് ഇടതുപക്ഷത്തിന് ഒരാശങ്കയുമില്ല. ഇത് കപട ആത്മവിശ്വാസമല്ല. നിറഞ്ഞ ആത്മവിശ്വാസം തന്നെയാണ്.
കാരണം എൽഡിഎഫ് ജനപക്ഷത്താണ്. ജനങ്ങൾക്ക് തങ്ങളെ അറിയാം. തങ്ങൾക്ക് ജനങ്ങളെയും അറിയാം. അതുകൊണ്ട് പ്രതിപക്ഷം എന്തു പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ്. എന്നാൽ ’അതുക്കും മേലെ’ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഡിഎ അവകാശമല്ലെന്ന നിലപാട് സംസ്ഥാന സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിഎ സംസ്ഥാന ജീവനക്കാർക്ക് ഉള്ളതു തന്നെയാണ്. പക്ഷേ അതൊരു സ്റ്റാറ്റ്യൂട്ടറി അവകാശമാക്കി മാറ്റിയാലുള്ള സ്ഥിതി എന്താകുമെന്ന് പ്രതിപക്ഷത്തിനും അറിയാമല്ലോ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗവർണറുടെ നയപ്രഖ്യാപനത്തിന്മേൽ നിയമസഭയിൽ നടന്ന നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണ നിലയിൽ സർക്കാർ ഡിഎ നൽകാറുണ്ട്. അതു നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സർക്കാരിന്റെ പൊതു നിലപാട് ഡിഎ കൊടുക്കുക എന്നതാണ്. അക്കാര്യത്തിൽ സമയക്രമത്തിൽ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ സമീപനത്തിനെതിരായ പ്രക്ഷോഭങ്ങളിൽ പ്രതിപക്ഷം പങ്കാളികളാകുന്നില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കൾ അടക്കം പങ്കെടുക്കരുതെന്ന നിലപാടും കേരളത്തിലെ നേതാക്കൾ സ്വീകരിച്ചു. അടുത്ത മാസം 12 നു നടക്കുന്ന ദേശീയ പണിമുടക്കിലും കേരളത്തിൽ യോജിച്ചുള്ള പ്രക്ഷോഭം വേണ്ടെന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ഐഎൻടിയുസിയെയും എസ്ടിയുവിനെയും വിലക്കി. ഇതിന്റെ പിന്നിലുള്ള താൽപര്യം ബിജെപിയെ സുഖിപ്പിക്കലാണ്. പലകാലങ്ങളിൽ കോണ്‍ഗ്രസ് ബിജെപിയോട് കാണിച്ച മൃദുസമീപനത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും ഇത് കേരളത്തിനാകെ അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയതയ്ക്കെതിരേ എല്ലാകാലത്തും ശരിയായ നിലപാട് സ്വീകരിച്ചിട്ടുള്ളത് എൽഡിഎഫാണ്. വർഗീയതയെ എതിർത്താൽ അത് ഏതെങ്കിലും മതവിഭാഗത്തിന് എതിരാകുമോ എന്ന് ഇടതുപക്ഷം ചിന്തിക്കാറില്ല. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയ്ക്കെതിരായി എൽഡിഎഫ് ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്പോൾ എൽഡിഎഫ് ആ സമൂഹങ്ങൾക്കെതിരാണെന്ന തെറ്റിദ്ധാരണ പടർത്തുകയാണ് യുഡിഎഫ്. നിലനിൽപിനു വേണ്ടി പ്രതിപക്ഷം എന്തും ആയുധമാക്കാൻ ശ്രമിക്കുന്നു. ഇത് ആത്മഹത്യാപരമാണ്.
കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ ഒരു വർഗീയ ശക്തികളും തലപൊക്കിയിട്ടില്ല. ഒരു വർഗീയ സംഘർഷങ്ങളുമുണ്ടായിട്ടില്ല. വർഗീയ സംഘടനകൾ കേരളത്തിലില്ലാത്തതു കൊണ്ടല്ല ഇത്. അവരെ ചാരി ആരും നിൽക്കുന്നില്ല എന്നതാണ് അതിനു കാരണം. അവരിൽ ഏതെങ്കിലും ഒരു വിഭാഗത്തിന് സംരക്ഷണമില്ല. ആരായാലും വർഗീയ സംഘർഷത്തിന്റെ ഭാഗമായി മുന്നിട്ടിറങ്ങിയാൽ അതിനെതിരേ കർക്കശമായ സമീപനമാണ് സർക്കാർ സ്വീകരിച്ചു പോരുന്നത്. അതു കൊണ്ടു തന്നെയാണ് വർഗീയ സംഘർഷങ്ങളില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ കേരളം എന്തോ വലിയ തെറ്റു ചെയ്തു എന്നാണ് പ്രതിപക്ഷം പറഞ്ഞു നടക്കുന്നത്. രാജ്യത്തുള്ള ഏത് കോണ്‍ഗ്രസ് സർക്കാരാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തത്. ആദ്യം വിട്ടുനിന്നവർ പോലും പിന്നീട് പദ്ധതിയുടെ ഭാഗമായെന്നും ഇക്കാര്യം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കൾക്കറിയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഒരിക്കലും ഇവിടെ നടപ്പിലാകില്ല എന്നു പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കിയാണ് ഈ സർക്കാർ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ അവിശ്വാസനീയമായ മാറ്റങ്ങൾ ഉണ്ടാക്കാനായി. ഇക്കാര്യങ്ങളും ഭാവിയെ കുറിച്ചുള്ള രൂപരേഖയും ജനങ്ങൾക്കു മുന്നിൽ കൃത്യമായി അവതരിപ്പിക്കും. ജനങ്ങളെ വ്യാമോഹിപ്പിക്കുക എന്ന അജൻഡ എൽഡിഎഫിനില്ല. എന്നാൽ പ്രതിപക്ഷം മുന്നിൽ കാണുന്നത് മഹാന്ധകാരം നിറഞ്ഞ ഭാവിയാണ്. അതിനാൽ ഒരു തരം രാഷ്ടീയ നിസഹായതയിലാണ് പ്രതിപക്ഷം. അതുകൊണ്ടാണ് അവർ സർക്കാരിനെതിരായി നുണപ്രചാരണം നടത്തുന്നത്.
വികസനത്തിന്റെ പാതയിൽ സർക്കാർ ഒരടി പോലും പിന്നോട്ടു വയ്ക്കില്ല. അതിനെതിരേ പ്രവർത്തിക്കുന്നവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ എറിയപ്പെടുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സോണിയാഗാന്ധിയേക്കുറിച്ചു മന്ത്രി വി. ശിവൻകുട്ടി നടത്തിയ അധിക്ഷേപ പരാമർശങ്ങൾ പിൻവലിക്കാൻ തയാറാണെങ്കിൽ മന്ത്രിക്കെതിരേ താൻ നടത്തിയ പരാമർശങ്ങൾ പിൻവലിക്കാമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സതീശന്റെ പ്രസംഗത്തിലെ മന്ത്രി വി. ശിവൻകുട്ടിക്കെതിരേയുള്ള രൂക്ഷമായ പദപ്രയോഗങ്ങൾക്കെതിരേ ഭരണപക്ഷാംഗങ്ങൾ ഇന്നലെ നന്ദിപ്രമേയ ചർച്ചയ്ക്കിടയിൽ വിമർശനമുയർത്തിയിരുന്നു. തുടർന്നാണ് നിയമസഭയിൽ സതീശൻ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. സോണിയാഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാണു ശിവൻകുട്ടി നിയമസഭയിൽ ആവശ്യപ്പെട്ടത്.
സോണിയാഗാന്ധിയുടെ കൈയിൽ കെട്ടിയ ചരട് ശബരിമലയിലെ സ്വർണം കൊണ്ടുണ്ടാക്കിയതാണെന്നും പറഞ്ഞു. സോണിയാഗാന്ധി തങ്ങളുടെ പ്രിയങ്കരിയായ നേതാവാണ്. മാത്രമല്ല അവർ തനിക്കു മാതൃതുല്യയാണ്. അവരേക്കുറിച്ചു ശിവൻകുട്ടി നടത്തിയ പരാമർശങ്ങൾ തങ്ങളെ വേദനിപ്പിച്ചു.
ശിവൻകുട്ടി പരാമർശങ്ങൾ പിൻവലിക്കണമെന്ന് താൻ വാർത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. പരാമർശങ്ങൾ സഭാരേഖകളിൽ നിന്നു നീക്കണമെന്ന് സ്പീക്കറോടു രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആരുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണു താൻ പതിവു രീതിയിൽ നിന്നു വ്യത്യസ്തമായി രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തിയത്. അതു ശിവൻകുട്ടിയെ അധിക്ഷേപിച്ചു കൊണ്ടല്ല പറഞ്ഞത്.
നിയമസഭയിൽ അദ്ദേഹം ഞങ്ങൾക്കു ക്ലാസ് നൽകേണ്ട എന്നു പറഞ്ഞു. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. എങ്കിലും താൻ പ്രസ്താവന പിൻവലിക്കാമെന്ന് ഉറപ്പു നൽകുന്നു. ഒറ്റ ഉപാധി മാത്രമാണുള്ളത്. സോണിയാഗാന്ധിക്കെതിരേ ശിവൻകുട്ടി നടത്തിയ പരാമർശങ്ങൾ പിൻവലിക്കണം.- സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഭരണപക്ഷ എംഎൽഎ പി.പി.ചിത്തരഞ്ജനോടു അതൃപ്തി പ്രകടിപ്പിച്ചു സ്പീക്കർ എ.എൻ. ഷംസീർ. ഇന്നലെ ചോദ്യോത്തരവേളയ്ക്കിടെയായിരുന്നു സംഭവം.
ചോദ്യത്തിനിടെ ചിത്തരഞ്ജൻ പ്രതിപക്ഷാംഗങ്ങൾക്കു നേരെ തിരിഞ്ഞപ്പോൾ ചോദ്യം ചോദിക്കൂവെന്നു സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ, പറയേണ്ടതു പറഞ്ഞിട്ടേ പോകൂവെന്നായി ചിത്തരഞ്ജൻ.
അദ്ദേഹത്തിന്റെ മറുപടിയിൽ ക്ഷുഭിതനായ സ്പീക്കർ ഇങ്ങനെയാണോ സംസാരിക്കുകയെന്നു രോഷത്തോടെ ചോദിച്ചു. ഇതിനുശേഷം ചിത്തരഞ്ജൻ ചോദ്യത്തിലേക്കു കടന്നു. എന്നാൽ അതിനുശേഷം ചിത്തരഞ്ജനോടു ചെയറിനോടു കുറച്ചുകൂടി വിനയമാകാമെന്നും സ്പീക്കർ ഓർമിപ്പിച്ചു.
Kerala
തിരുവനന്തപുരം : സംസ്ഥാനത്തെ വ്യവസായ നേട്ടങ്ങളെച്ചൊല്ലി നിയമസഭയിൽ മന്ത്രി പി.രാജീവും മുൻ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും തമ്മിൽ വാദപ്രതിവാദം.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് ആരംഭിച്ച ചെറുതും വലുതുമായ പദ്ധതികളെ സംബന്ധിച്ചു ചോദ്യോത്തരവേളയിൽ മന്ത്രി രാജീവ് വിശദീകരിച്ചു. കഴിഞ്ഞ പത്തുവർഷം കേരളത്തിൽ ലോഡ്ഷെഡിംഗും പവർകട്ടും ഇല്ലായിരുന്നു. നമ്മുടെ കുട്ടികൾക്കു ഇതു രണ്ടും എന്താണെന്നും പോലും അറിയില്ല. ഡിക്ഷണറിയിൽ പോലും ഈ രണ്ടു വാക്കുകൾ ഇല്ലെന്നും കേരളം ഈ കാലത്താണു വ്യവസായ രംഗത്തു ഏറെ അഭിവൃദ്ധിപ്പെട്ടതെന്നും മന്ത്രി രാജീവ് പറഞ്ഞു.
മന്ത്രിയുടെ മറുപടിക്കിടെ മുൻ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടു. പത്തുകൊല്ലം മുന്‍പാണു പരശുരാമൻ മഴു എറിഞ്ഞു കേരളം സൃഷ്ടിച്ചതെന്ന് മന്ത്രി പറയാത്തത് ഭാഗ്യമെന്നായിരുന്നു കുഞ്ഞാലികുട്ടിയുടെ പരിഹാസം. ഇതോടെ ഇരുവരും തമ്മിൽ വാദപ്രതിവാദമായി.
കേരളത്തിൽ 15 വയസുള്ള കുട്ടിക്ക് പവർക്കെട്ടും എന്താണെന്ന് അറിയില്ലെന്നും ഇതാണ് വ്യവസായ രംഗത്തെ കേരളത്തിന്റെ വലിയ മുന്നേറ്റമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പത്തുവർഷത്തിനിടെ ലോഡ് ഷെഡിംഗും പവർക്കട്ടും അപ്രത്യക്ഷമാക്കുന്ന നേട്ടം കേരളത്തിന്റെ വൈദ്യുത ഉത്പാദനരംഗത്തു കൈവരിക്കാനായി. ഇതിനെ പ്രതിപക്ഷാംഗങ്ങൾ പരിഹസിച്ചപ്പോൾ എവിടെയെങ്കിലും പവർക്കെട്ട് ഉണ്ടെങ്കിൽ അതു സഭയിൽ തന്നെ പറയാമെന്നു മന്ത്രി വെല്ലുവിളിച്ചു.
ചിലർ പത്തുവർഷമായി ഇരുട്ടിലാണ്. അവരെ രക്ഷപ്പെടുത്താനാകില്ല. സ്വയം ഇരുട്ടിൽ കഴിയുന്നവരെ വെളിച്ചത്തിലേക്കു കൊണ്ടുവരാനുള്ള അസാധാരണ ശേഷിയോ മാന്ത്രികവടിയോ എന്റെ കൈയിലില്ല. ലണ്ടനിലെ ഇക്കണോമിസ്റ്റ് എന്ന വാരികയുടെ ലെഫ്റ്റ് പാരഡൈസ് എന്ന ലേഖനം ചൂണ്ടിക്കാട്ടി തന്റെ വാദങ്ങളെ മന്ത്രി ബലപ്പെടുത്തി.
ഇതിനിടെ കുഞ്ഞാലിക്കുട്ടി വീണ്ടും ഇടപെട്ടു. കഴിഞ്ഞ പത്തുവർഷത്തിനിടെ നിങ്ങൾ കൊണ്ടുവന്ന മെഗാപ്രോജക്ട് എന്താണെന്ന് അദ്ദേഹം ചോദിച്ചു. മെട്രോയുടെ തുടക്കം ഇ.കെ. നായനാരുടെ കാലാത്തായിരുന്നുവെന്നതു മറക്കരുതെന്നു മന്ത്രി പറഞ്ഞു. മെട്രോയെ സിംഗപൂർ കന്പനിക്കു വിൽക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ കേരളം നടത്തിയ വലിയ സമരങ്ങളുടെ ഭാഗമായാണു ഡിഎംആർസിക്ക് അതു ലഭിച്ചതെന്നും മന്ത്രി രാജീവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: പാലക്കാട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തിരുവേഗപ്പുറം പാലത്തിന് സമാന്തരമായി പുതിയ പാലം വരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
ഇതിനായി ഡിപിആർ തയാറാക്കാൻ നിർദേശം നൽകി. ഗതാഗത സാന്ദ്രതയേറിയ തിരുവേഗപ്പുറം പാലത്തിലെ വിള്ളൽ പരിഹരിക്കാൻ 25ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കുമെന്നും മുഹമ്മദ് മുഹസിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: കോഴിക്കോട്ട് കോഴിമാലിന്യം സംസ്കരിക്കാൻ മൂന്ന് പ്ലാന്റുകൾക്കു കൂടി തുറക്കാൻ അനുമതി നൽകിയെന്നും അതിൽ രണ്ടെണ്ണം ജനങ്ങളുടെ എതിർപ്പു മൂലം തുടങ്ങാനായില്ലെന്നും മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പറഞ്ഞു.
കോഴിമാലിന്യ സംസ്കരണത്തിന് വികേന്ദ്രീകരണ പ്ലാന്റുകൾ വേണം. ജില്ലയിലെ എല്ലാ മാലിന്യവും ഒരു പ്ലാന്റിലെത്തിക്കുന്നതാണ് പ്രശ്നം. ഇക്കാര്യത്തിൽ ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. താമരശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാന്റിൽ നവീകരണം പൂർത്തിയാക്കി.
പ്രശ്നങ്ങൾ ഉണ്ടായ ശേഷം ഇവിടുത്തെ സംസ്കരണ ശേഷി 20 ടണ്ണാക്കി പരിമിതപ്പെടുത്തി. വൈകുന്നേരം 6.30 മുതൽ രാത്രി 12വരെ പ്രവർത്തിക്കില്ല. മലിനീകരണ നിയന്ത്രണബോർഡ് എല്ലാമാസവും കോഴിക്കോട് എൻഐടിയിലെ ലാബ് എല്ലാ ആഴ്ചയും പ്ലാന്റ് പരിശോധിക്കും.
ദുർഗന്ധം ഒഴിവാക്കാൻ തിരുവനന്തപുരം സിഎസ്ഐആറുമായി ചേർന്ന് പരിഹാരമുണ്ടാക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മന്ത്രി രാജേഷ് മറുപടി നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിലെ വൈദ്യുതി കുടിശിക 24.29 കോടി രൂപയായെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. സർക്കാർ മെഡിക്കൽ കോളജുകളിൽ 9.12 കോടി രൂപയുടെ കുടിശികയുണ്ട്.
സർക്കാർ സഹകരണ ആശുപത്രികളിൽ 5.72 കോടി രൂപയാണ് കുടിശിക. കഴിഞ്ഞ മാസം 31 വരെയുള്ള കെഎസ്ഇബിയുടെ ഓഡിറ്റ് ചെയ്യപ്പെടാത്ത കണക്കുകളാണിത്. എറണാകുളം ജനറൽ ആശുപത്രിയിൽ 4.24 കോടി രൂപയാണ് കുടിശിക.
കോട്ടയം മെഡിക്കൽ കോളജിൽ 1.91 കോടിയും കൊല്ലം ജില്ലാ ആശുപത്രിയിൽ 1.34 കോടി രൂപയും കുടിശികയുണ്ട്. സഹകരണ ആശുപത്രികളിൽ പരിയാരം മെഡിക്കൽ കോളജിൽ 5.4 കോടി രൂപയാണ് കുടിശികയുള്ളതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംരംഭകവർഷം പദ്ധതിയിൽ സംസ്ഥാനത്തു കഴിഞ്ഞ മൂന്നുവർഷത്തിൽ രജിസ്റ്റർ ചെയ്തത് 3,53,127 സംരംഭങ്ങളെന്നു മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു.
2022 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 22688.47 കോടി രൂപയുടെ നിക്ഷേപവും 7,49,712 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ ഉത്പാദനവും തൊഴിലും വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ വ്യവസായ വകുപ്പ് നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാരിൽ നിന്നുള്ള സാന്പത്തിക സഹായങ്ങൾ നൽകുന്നതിനൊപ്പം സംരംഭകർക്കുള്ള വിവിധ സേവനങ്ങൾ നൽകുന്ന ഫെസിലിറ്റേറ്ററായും പ്രവർത്തനം വിപുലീകരിച്ചു. സംരംഭകർക്ക് അടിസ്ഥാന സൗകര്യം, വ്യവസായം തുടങ്ങാനുള്ള അനുമതികൾ സമയബന്ധിതമായി നൽകിയും കേരളത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി. വ്യവസായ രംഗത്തു കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ വ്യവസായനയം രൂപീകരിച്ചു.
ദാവോസിൽ നടന്ന ലോക സാന്പത്തിക ഫോറത്തിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ ഭാഗമായി 27 കന്പനികളുമായി കേരളം ധാരണാപത്രം ഒപ്പിട്ടു. മെഡിക്കൽ വ്യവസായം, റിന്യൂവൽ എനർജി, ഡാറ്റാ സെന്റർ, എമർജിംഗ് ടെക്നോളജി എന്നീ മേഖലകളിലായി 1.15 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണു നടക്കുകയെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കൊച്ചി- ധനുഷ്കോടി ദേശീയപാത നിർമാണത്തിനിടെ അടിമാലിയിൽ മണ്ണിടിഞ്ഞ് അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു.
ദേശീയപാത അഥോറിറ്റി അശാസ്ത്രീയമായി മണ്ണു നീക്കിയതാണ് അപകടകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 15,000 രൂപയും അടിയന്തര സഹായം എൻഎച്ച്എഐ നൽകിയിട്ടുണ്ട്.
കൂടുതൽ സഹായം ലഭ്യമാക്കാൻ യോഗം വിളിച്ച് ആവശ്യപ്പെടുമെന്നും എ.രാജയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയുന്നതിനായി കോതമംഗലത്തെ പ്രത്യേക സോണായി കണക്കാക്കി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
കോതമംഗലത്ത് സ്പെഷൽ ടീമിനെ നിയോഗിക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ കോതമംഗലത്തെത്തി ചർച്ച നടത്തും. 3.75 കോടി രൂപ ചെലവിൽ 30 കിലോമീറ്ററിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുമെന്നും ആന്റണി ജോണിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: ദേശീയപാത- 66 ലെ തലപ്പാടി - ചെങ്കള റീച്ചിലെ കുമ്പളയിലെ ടോൾ പിരിവ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ദേശീയപാത അഥോറിറ്റിക്ക് വീണ്ടും കത്തു നൽകുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
എ.കെ.എം. അഷ്റഫിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
Kerala
തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പുന:നിർണയിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇതിനായി പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ഉടൻ വിളിച്ചു ചേർക്കും. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം സേവന വേതന വ്യവസ്ഥ പുതുക്കാനാണ് തീരുമാനം.
യൂണിയനുകൾ സംയുക്തമായി ലഭ്യമാക്കുന്ന ചാർട്ടർ ഓഫ് ഡിമാൻഡ് അടിസ്ഥാനമാക്കിയാണ് പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ ചർച്ച ചെയ്യുന്നത്. മൂന്നാർ മേഖലയിൽ തോട്ടം തൊഴിലാളികൾക്കു കൂടുതൽ വീടുകൾ നിർമിച്ചു നൽകാനായി 6.5 ഏക്കർ ഭൂമി ചിന്നക്കനാലിൽ കണ്ടെത്തിയിട്ടുണ്ട്.
പ്ലാന്റേഷൻ മേഖലയിലെ തൊഴിലാളികളെ പ്ലാന്റേഷൻ ലേബർ നിയമത്തിൽ ഉൾപ്പെടുത്തി സമഗ്രമായ സാമൂഹിക സുരക്ഷ ലഭ്യമാക്കിയിരുന്നു. എന്നാൽ ഇഎസ്ഐ ആക്ട് പ്രകാരം സമാനമായ പരിരക്ഷ സ്വീകരിക്കുന്നതിന് നിരോധനമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ പ്ലാന്റേഷൻ തൊഴിലാളികളെ ഇഎസ്ഐ ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് നിർദേശിച്ചു.
അതിനാൽ സംസ്ഥാനത്തെ പ്ലാന്റേഷൻ തൊഴിലാളികളെ ഇഎസ്ഐയിൽ നിന്ന് ഒഴിവാക്കിയിട്ടുുണ്ടെന്നും പി.എസ്. സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
Kerala
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ വീഡിയോ ആവശ്യപ്പെട്ട് ഗവർണർ അയച്ച കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ.
കത്ത് ആദ്യം മാധ്യമങ്ങൾക്കു കൊടുക്കുകയും അതിന്റെ കോപ്പി സ്പീക്കർക്കു നൽകുകയുമാണ് ഗവർണറുടെ ഓഫീസ് ചെയ്തത്. കോപ്പിക്കു മറുപടിയില്ല. നേരിട്ട് കത്തു തന്നാൽ മറുപടി നൽകുമെന്നും സ്പീക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സാധാരണ നിലയിൽ ഒരു ഗവർണർ സ്പീക്കർക്ക് കത്തയയ്ക്കുന്പോൾ ആദ്യം സ്പീക്കർക്കാണു ലഭിക്കേണ്ടത്. പക്ഷേ, കത്തിന്റെ കോപ്പിയാണ് സ്പീക്കർക്കു ലഭിച്ചത്. കത്ത് ആദ്യം ലഭിച്ചത് മാധ്യമങ്ങൾക്കാണ്. ഗവർണർ അങ്ങനെ ചെയ്തു എന്ന് തനിക്ക് അഭിപ്രായമില്ല.
പക്ഷേ ഇക്കാര്യം ഗവർണറുടെ ഓഫീസ് ഗൗരവമായി പരിശോധിക്കണം. കത്തിനു മുകളിൽ ഹൈലി കോണ്‍ഫിഡൻഷ്യൽ എന്നാണ് എഴുതിയിട്ടുള്ളത്. അതാണ് അതിന്റെ വിരോധാഭാസം. സാധാരണ സ്പീക്കർക്ക് വരുന്ന കത്ത് പ്രൈവറ്റ് സെക്രട്ടറിക്കു തുറക്കാം. എന്നാൽ, ഇത്തരത്തിൽ രഹസ്യസ്വഭാവമുള്ള കത്ത് സ്പീക്കറുടെ സാന്നിധ്യത്തിൽ മാത്രമാണു തുറക്കുക.
അങ്ങനെ തുറന്നുനോക്കിയപ്പോൾ അതിൽ അതീവ രഹസ്യമായി ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരും മാധ്യമങ്ങളിലൂടെ അറിഞ്ഞ കാര്യങ്ങൾ മാത്രമാണ് കത്തിലുണ്ടായിരുന്നത്.
കത്ത് പത്രക്കാർക്ക് കൊടുത്തിട്ട് അതിന്റെ കോപ്പി വാങ്ങി കൊടുക്കേണ്ട ആളാണോ സ്പീക്കർ എന്ന് ഗവർണറുടെ ഓഫീസ് ആലോചിക്കണമെന്നും സ്പീക്കർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അറിയിച്ചു.
Kerala
തിരുവനന്തപുരം: തന്നെ വിമർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ തിരിച്ചടിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ നട്ടെല്ലു വളച്ച ആളിന്റെ പേര് ശിവൻകുട്ടിയെന്നല്ല, വി.ഡി. സതീശൻ അഥവാ വിനായക ദാമോദർ സതീശൻ എന്നാണ്. സതീശൻ ഉപയോഗിക്കുന്ന അതേ ഭാഷയിൽ ഇടതുപക്ഷം തിരിച്ചടിച്ചാൽ സതീശൻ മൂത്രമൊഴിക്കുമെന്നും ശിവൻകുട്ടി പത്രസമ്മേളനത്തിൽ തിരിച്ചടിച്ചു.
ആർഎസ്എസുമായി കൂട്ടിക്കെട്ടി ‘സംഘിക്കുട്ടി ’ എന്നാണ് സതീശൻ തന്നെക്കുറിച്ചു പറഞ്ഞത്. താൻ ആർഎസ്എസിനെതിരേ പോരാടുന്ന കാലത്ത് സതീശൻ വള്ളിനിക്കറുമിട്ട് സ്കൂളിൽ പഠിക്കുകയാണ്. അതുകൊണ്ട് അക്കാര്യമൊന്നും സതീശന് അറിയില്ലായിരിക്കാം.
പ്രായമോ സ്ഥാനമോ നോക്കാതെ ആരെയും അധിക്ഷേപിക്കുന്ന അഹങ്കാരിയാണ് സതീശൻ. അച്ഛന്റെ പ്രായമുള്ളവരെ കുറിച്ചു പോലും ധിക്കാരം നിറഞ്ഞ തരംതാണ പദപ്രയോഗമാണ് സതീശൻ നടത്തുന്നത്. അടുത്തകാലത്ത് തിരുവനന്തപുരം നഗരത്തിൽ പ്രത്യക്ഷപ്പെട്ട ബോർഡുകളിൽ സതീശന്റെ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത് ‘അങ്ങുചെന്ന് പറഞ്ഞേക്ക്, ഞാൻ പേടിച്ചു പോയി’ എന്നാണ്. തിരിച്ചു പടം വയ്ക്കാനും അതിനു താഴെ അടിക്കുറിപ്പെഴുതാനുമുള്ള ഒരുപാട് സംഭവവികാസങ്ങളുണ്ട്. എൽഡിഎഫിന്റെ മാന്യതകൊണ്ട് അതു ചെയ്തിട്ടില്ല.
ശബരിമല സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിയുടെ പേര് വലിച്ചിഴച്ചത് താനല്ല. അതുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ പൊതുമണ്ഡലത്തിലുണ്ട്. അതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് പറയണം.
ഒരു സ്ഥാനം കണ്ടുകൊണ്ട് സതീശൻ വെപ്രാളം കാട്ടുകയാണ്. അത് കിട്ടുമോ കിട്ടില്ലയോ എന്ന് അറിയാത്തതുകൊണ്ട് മാനസികനില തെറ്റി സതീശൻ എന്തൊക്കെയോ വിളിച്ചുപറയുകയാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ ജനങ്ങളുടെ സംശയങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപു മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്നലെ കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്തു പ്രസംഗിക്കവെയാണു മന്ത്രിക്കെതിരേ സതീശൻ ആഞ്ഞടിച്ചത്.
ശിവൻകുട്ടി വിദ്യാഭ്യാസമന്ത്രി ആയിരിക്കുന്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേടാണു നമ്മുടെ കുട്ടികൾക്കുള്ളത്. നിയമസഭയിൽ അണ്ടർവെയർ പുറത്തു കാണിച്ചു ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം പറഞ്ഞ ഒരുത്തനാണു പ്രതിപക്ഷത്തിനു ക്ലാസ് എടുക്കാൻ വരുന്നതെന്നും വി.ഡി.സതീശൻ ആഞ്ഞടിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്റെ സമരം.
സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാണു വി. ശിവൻകുട്ടി നിയമസഭയിൽ ആവശ്യപ്പെട്ടത്. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ല. നിയമസഭയിൽ അസംബന്ധം പറയുന്നവർ മന്ത്രിമാരായിരിക്കാൻ യോഗ്യരല്ല. വാർത്ത വരുമെന്നു കണ്ടാൽ എന്തും വായിൽനിന്നു വരും. പഠിക്കുന്ന നമ്മുടെ കുട്ടികളെ ഓർത്ത് സങ്കടപ്പെടുന്നു. എക്സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ലെന്നെങ്കിലും പറയാമായിരുന്നുവെന്നും സതീശൻ പറഞ്ഞു.
ഏതു മാളത്തിൽ പോയി ഒളിച്ചാലും സ്വർണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരും. ശബരിമലയിൽ ഇപ്പോഴുള്ളതു വ്യാജ ദ്വാരപാലക ശില്പമാണ്. അതിൽ സ്വർണം പൂശി തട്ടിപ്പു നടത്താനാണ് ദേവസ്വം പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തും മന്ത്രി വി.എൻ. വാസവനും ശ്രമിച്ചതെന്നും സതീശൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എം.എം ഹസൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്. ശിവകുമാർ, എം.എ. വാഹിദ്, എൻ. ശക്തൻ, പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, പന്തളം സുധാകരൻ, ചെറിയാൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിൽ സിപിഎം നേതാക്കളുടെ രക്തസാക്ഷി ഫണ്ട് തട്ടിപ്പു വിവാദവുമായി ബന്ധപ്പെട്ടു സമരം ചെയ്ത സ്ത്രീകൾ അടക്കമുള്ള കോണ്‍ഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ ക്രൂരമായി മർദിച്ചതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതെ സ്പീക്കർ എ.എൻ. ഷംസീർ. സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം പിന്നീട് നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
എന്തുകൊണ്ട് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടു സമരം ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചു എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യത്തിന് അതിനുള്ള ഗൗരവം ഈ വിഷയത്തിന് ഇല്ലെന്നായിരുന്നു സ്പീക്കർ എ.എൻ. ഷംസീറിന്റെ മറുപടി.
തുടർന്ന് അടുത്ത നടപടിയായ ശ്രദ്ധക്ഷണിക്കലിലേക്കു കടന്നതോടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങി. സ്പീക്കർ സംരക്ഷണമൊരുക്കാൻ വനിതകൾ അടക്കമുള്ള വാച്ച് ആൻഡ് വാർഡും നിരന്നു.
പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി കെട്ടിട നിർമാണ ഫണ്ട്, 2021ലെ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച് ടി.ഐ. മധുസൂദനൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരേ സിപിഎം ജില്ലാ കമ്മിറ്റി അംഗം കുഞ്ഞുകൃഷ്ണൻ നടത്തിയ വെളിപ്പെടുത്തൽ പുറത്ത് വന്നതിനെ തുടർന്ന് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് ചെയ്ത സ്ത്രീകൾ അടക്കമുള്ള കോണ്‍ഗ്രസ് പ്രവർത്തകരെ സിപിഎം ക്രിമിനലുകൾ ക്രൂരമായി മർദിച്ചതായി വി.ഡി. സതീശൻ ആരോപിച്ചു.
അടിയന്തര പ്രമേയം അനുവദിക്കാതിരുന്നത് മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാത്തതിനാലാണെന്ന് അദ്ദേഹം ആരോപിച്ചു. സ്പീക്കർ ചെയ്തത് അനീതിയാണ്. പ്രമേയം അനുവദിക്കാത്തത് നിയമസഭാ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. 15 മിനിറ്റോളം നടുത്തളത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷം പിന്നീട് സഭ വിട്ടു.
എംഎൽഎയുടെ ഓഫീസിന് സമീപം കുറുവടികളുമായി ക്രിമിനൽ സംഘം ആക്രമിക്കാൻ നിൽക്കുകയായിരുന്നു. പോലീസ് നിർദേശത്തെ തുടർന്ന് പ്രകടനം വഴിമാറി പോയിട്ടും പിന്നിലൂടെ ആക്രമിക്കുകയായിരുന്നു. എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുന്നവരെ ഇല്ലാതാക്കുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ കൊലവിളി.
പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് അഴിമതി പുറത്ത് കൊണ്ടുവരുന്നവർക്ക് സംരക്ഷണം നൽകുമെന്ന പറഞ്ഞ സിപിഎം വിസിൽ ബ്ലോവറിനെതിരേ നടപടി എടുത്ത് പാർട്ടിയിൽനിന്നു പുറത്താക്കി. ശബരിമല ശാസ്താവിന്റെ സ്വർണം കവർന്നതിന് കോടതി ജയിലിലാക്കിയ സിപിഎം നേതാക്കൾക്കെതിരേ നടപടി എടുക്കാത്ത സിപിഎമ്മാണ് പാർട്ടിയിൽ നടന്ന കൊള്ള പുറത്ത് പറഞ്ഞ ആൾക്കെതിരേ 24 മണിക്കൂറിനകം നടപടി എടുത്തത്.
പയ്യന്നൂരിൽ പോലീസിന് നേരേ സ്റ്റീൽ ബോംബ് എറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ആളെയാണ് കൗണ്‍സിലറാക്കിയത്. ടി.പി. ചന്ദ്രശേഖരനെപോലെ ജീവന് ഭീഷണി നേരിട്ടാണ് കുഞ്ഞുകൃഷ്ണനും പാർട്ടിയിലെ അഴിമതി ചൂണ്ടിക്കാട്ടിയത്.
കുഞ്ഞുകൃഷ്ണന്റെ ജീവൻ സംരക്ഷിക്കാനുള്ള ബാധ്യത പോലീസിനുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ യൂത്ത്കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജി. ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ഒന്നിലധികം തവണ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പോലീസ് വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി.
പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പലർക്കും പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ സ്ഥലത്ത് തുടരുകയാണ്. ഇത് അന്തിമസമരം അല്ലെന്നും തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും തുടർ സമരങ്ങൾ ഉണ്ടാകുമെന്നും യൂത്ത്കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: വനിതാ കർഷകരെ പിന്തുണയ്ക്കുന്നതിന് സംസ്ഥാനത്ത് പ്രത്യേക വനിത കാർഷിക പദ്ധതി നടപ്പിലാക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം. 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തുടനീളമുള്ള വനിത കർഷകരെ പിന്തുണയ്ക്കാൻ പ്രത്യേക പദ്ധതി ആരംഭിക്കുന്നത്.
ഇതുവഴി കാർഷിക മേഖലയിലെ പദ്ധതിവിഹിതത്തിൽ വനിതകൾക്കായി പ്രത്യേക തുക നീക്കിവയ്ക്കപ്പെടും. കാർഷിക മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള കൃഷിരീതികളിലും വനിതാ കർഷകർക്ക് പ്രത്യേക പരിശീലനവും നൽകും.
കുടുംബശ്രീ വഴി കാർഷിക ഉത്പന്നങ്ങൾ സംസ്കരിക്കാനും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനും വനിതാ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകും. വനിതാ കർഷകർക്ക് കൃഷി ആവശ്യങ്ങൾക്കായി കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
കുട്ടനാട് വികസന പദ്ധതി രണ്ടാം ഘട്ടം നടപ്പിലാക്കുമെന്നും കർഷകർക്ക് സാമൂഹിക സുരക്ഷയും ക്ഷേമ പിന്തുണയും നൽകുന്നതിന് മതിയായ സാന്പത്തിക വ്യവസ്ഥകളോടെ കേരള കർഷക ക്ഷേമനിധി ബോർഡ് പൂർണമായും പ്രവർത്തനക്ഷമമാക്കുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
മറ്റു പ്രഖ്യാപനങ്ങൾ
കെ.എം. മാണി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സ്കീം വിപുലീകരിക്കും
തിരുവനന്തപുരം: യുവാക്കൾക്ക് വരുമാന അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടപ്പിലാക്കുന്ന കെ.എം. മാണി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സ്കീം വിപുലീകരിക്കുമെന്ന് പ്രഖ്യാപനം.
പദ്ധതിയുടെ വ്യാപ്തി വർധിപ്പിച്ച് സ്ഥിരവിളകൾക്ക് പുറമെ നാണ്യവിളകളെയും ഉൾപ്പെടുത്തി യുവജനങ്ങൾക്ക് അധികവരുമാനം സൃഷ്ടിക്കുന്നതിനുള്ള അവസരമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: അസത്യങ്ങളും അർധസത്യങ്ങളും കുത്തിനിറച്ച് സർക്കാർ ഗവർണറെക്കൊണ്ട് പ്രസംഗിപ്പിച്ച തെറ്റായ ഡോക്കുമെന്റാണ് നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഒരു സർക്കാരിന്റെ പരാജയം വരികൾക്കിടയിലൂടെ മുഴച്ചുനിൽക്കുകയാണ്.
സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നുസമ്മതിക്കുന്നതാണ് നയപ്രഖ്യാപനം. കേന്ദ്രത്തിൽനിന്ന് 53,000 കോടി ലഭിക്കാനുണ്ടെന്ന് പറഞ്ഞ് നടന്നിരുന്ന സർക്കാർ അക്കാര്യങ്ങളൊന്നും നയപ്രഖ്യാപനത്തിൽ പറയുന്നില്ല. ഇപ്പോൾ മറ്റു ചില കണക്കുകളാണ് പറയുന്നതെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ ഉയർത്തിപ്പിടിക്കുന്ന മതേതരജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും നയപ്രഖ്യാപനത്തിലുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത തരത്തിൽ മന്ത്രി സജി ചെറിയാൻ ഏറ്റവും വലിയ വർഗീയവാദം ഉയർത്തി. ആ മന്ത്രിയെ മന്ത്രിസഭയിൽ ഇരുത്തിക്കൊണ്ടാണ് മതേതരത്വ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നെന്ന അവകാശവാദം ഉന്നയിക്കുന്നത്.
ഭരണഘടന അനുസരിച്ച് മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗമാണ് ഗവർണർ വായിക്കേണ്ടത്. ഗവർണർ ബോധപൂർവം അത് വിട്ടുകളയുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ തെറ്റാണ്. അതിനുള്ള അധികാരം ഗവർണർക്കില്ല. സ്വന്തം കാര്യങ്ങൾ പറയുകയല്ല ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ചെയ്യേണ്ടത്. സർക്കാർവാദത്തോട് യോജിക്കുന്നു.
പക്ഷ, മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽ തെറ്റായ അവകാശവാദങ്ങളാണുള്ളത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ഗവർണർക്കെതിരേ പറഞ്ഞത്. സർക്കാർ പ്രതിസന്ധിയിലാകുമ്പോഴൊക്കെ ഗവർണറുമായി ഏറ്റുമുട്ടലുണ്ടാകും. സർക്കാരിന്റെ പ്രതിസന്ധി മാറിക്കഴിയുമ്പോൾ ഗവർണറുമായി സെറ്റിൽ ചെയ്യും.
സർക്കാരും ഗവർണറും തമ്മിലുള്ള തർക്കത്തിന്റെ പേരിലാണ് സർവകലാശാലകൾ സംഘർഷഭരിതമായത്. എന്നാൽ ഒരു രാത്രി കഴിഞ്ഞ് നേരം പുലർന്നപ്പോൾ എല്ലാം ഒത്തുതീർപ്പിലാക്കി. വിസിമാരെ രണ്ടുപേരും വീതംവച്ചെടുത്തു. എന്തിനാണ് ഇവർ കേരളത്തെ കബളിപ്പിച്ചത്. അതുപോലെ ഒരു നാടകമാണ് ഇന്നു സഭയിലും നടന്നത്. ഗവർണറും സർക്കാരും തമ്മിൽ തർക്കം എന്ന് കേൾക്കുമ്പോൾത്തന്നെ ജനങ്ങൾ ചിരിച്ചുതുടങ്ങിയിട്ടുണ്ട്.
പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ഇനി ചെയ്യുമെന്ന് പറഞ്ഞാൽ ജനം വിശ്വസിക്കില്ല. ഒരു വിശ്വാസ്യതയുമില്ലാത്ത ഡോക്കുമെന്റായി നയപ്രഖ്യാപന പ്രസംഗം മാറിയെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ജനസംഖ്യാപരമായ മാറ്റത്തെ സവിശേഷ അവസരമാക്കി മാറ്റാൻ സംസ്ഥാനത്ത് ‘സിൽവർ ഇക്കോണമി’ കെട്ടിപ്പടുക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.
കേരളത്തെ അനുഗ്രഹീത വാർധക്യകാലത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുകയും അതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നത നിലവാരമുള്ള ഇക്കോ-ടൂറിസം പ്രോത്സാഹിപ്പിക്കുക, സാമൂഹ്യ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതും ഇതിന്റെ ഭാഗമാണെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
സംസ്ഥാനത്ത് പ്രായമായവരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ള സാന്പത്തിക പ്രവർത്തനങ്ങളും വ്യവസായങ്ങളും ഉൾപ്പെടുന്ന ഒരു വിപണി സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ആരോഗ്യപരിപാലനം, വിനോദം, ഗതാഗതം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇതുമുന്നിൽ കണ്ടുള്ള പദ്ധതികൾക്കു രൂപംനൽകി നടപ്പിലാക്കുക എന്നതാണ് സിൽവർ ഇക്കോണമിയുടെ പ്രധാന സവിശേഷത.
Kerala
തിരുവനന്തപുരം: ഗവർണർക്കു യുക്തമെന്നു തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയാറാക്കി വായിക്കാമെന്നു സർക്കാർ അറിയിച്ചിരുന്നതായി ഗവർണറുടെ ഓഫീസിന്റെ വിശദീകരണം. ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഓഫീസ് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.
മന്ത്രിസഭ അംഗീകരിച്ച് അയച്ചുകൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങളോടുള്ള വിയോജിപ്പ് അറിയിച്ചിരുന്നു. അപ്പോഴാണ് സർക്കാരിൽനിന്ന് ഇത്തരത്തിലുള്ള പ്രതികരണമുണ്ടായത്. മാത്രമല്ല, ലോക്ഭവൻ നിർദേശിച്ച ഭേദഗതികളോടെ പ്രസംഗം വീണ്ടും അയച്ചുതരാമെന്ന സൂചനയും നല്‍കിയിരുന്നു. എന്നാൽ തിങ്കളാഴ്ച അർധരാത്രി 12നു ശേഷമാണ് ഭേദഗതികൾ ഒന്നും വരുത്താതെതന്നെ അതേ പ്രസംഗം ലോക്ഭവനിലേക്ക് മടക്കി അയച്ചത്.
യാത്ര കഴിഞ്ഞു കോഴിക്കോട്ടുനിന്നു വൈകി തിരുവനന്തപുരത്തു മടങ്ങിയെത്തിയ ഗവർണർ താൻ നിർദേശിച്ചതും സർക്കാർ അംഗീകരിച്ചതായി ആദ്യം അറിയിക്കുകയും ചെയ്ത നയപ്രഖ്യാപന പ്രസംഗമാണു സഭയിൽ വായിച്ചത്.
നിയമസഭ പാസാക്കിയ ബില്ലുകൾ വളരെക്കാലമായി അംഗീകാരം കിട്ടാത്തതിനെത്തുടർന്നു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചുവെന്നും പരമോന്നത കോടതി അതു ഭരണഘടനാ ബെഞ്ചിനു റഫർ ചെയ്തുവെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ പറഞ്ഞിരുന്നു. ഇതു വാസ്തവവിരുദ്ധമാണ്.
സുപ്രീംകോടതി അവ ഭരണഘടനാ ബെഞ്ചിനു വിട്ടിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം. ഈ സാഹചര്യത്തിൽ കരടിലെ ഈ പരാമർശം ഒഴിവാക്കണമെന്നതായിരുന്നു ലോക്ഭവന്റെ നിലപാട്. കേന്ദ്ര നിലപാട് സാമ്പത്തിക ഫെഡറലിസം സംബന്ധിച്ച ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കുന്നവയാണ് എന്ന പരാമർശവും കരടിൽനിന്ന് ഒഴിവാക്കണമെന്നു ലോക്ഭവൻ നിർദേശിച്ചിരുന്നു.
പകരം മുൻകൂർ തുകകൾ നിഷേധിക്കുന്നതിന്റെ ഫലമായി കേരളം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി രേഖപ്പെടുത്താനാണ് ലോക്ഭവൻ നിർദേശിച്ചിരുന്നതെന്നും ലോക്ഭവൻ നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നേരത്തേയുള്ള രീതിയിൽ പുനഃസ്ഥാപിക്കാനുള്ള പ്രമേയം പാസാക്കാൻ കേരള നിയമസഭ തയാറാകണമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തെലുങ്കാന, കർണാടക സർക്കാരുകളെ മാതൃകയാക്കണം. തെലുങ്കാന സർക്കാർ പുതിയ തൊഴിലുറപ്പു നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഏകകണ്ഠമായി നിയമസഭയിൽ പ്രമേയം പാസാക്കി.
കർണാടക സർക്കാരും ഈ വിഷയം ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ലോക്ഭവനു മുന്നിൽ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.
തെലുങ്കാനയിൽ ഗ്രാമസഭകളിലും ഇത്തരം പ്രമേയം പാസാക്കി. സമാനരീതിയിൽ കേരളത്തിലും ഗ്രാമസഭകൾ വിളിച്ചുകൂട്ടണം. ലോക്സഭയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരെ കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി സംവാദത്തിനു തയാറാകണം.
കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ സംസ്ഥാന വിഷയങ്ങൾ ഉന്നയിക്കാത്ത ഒരു പാർലമെന്റ് സമ്മേളനവും ഉണ്ടായിട്ടില്ല. ഇടത് എംപിമാരുടെയും യുഡിഎഫ് എംപിമാരുടെയും പ്രവർത്തനം താരതമ്യം ചെയ്താൽ മുഖ്യമന്ത്രിക്ക് അതു ബോധ്യമാകും. സ്വന്തം മുന്നണിയിലെ സിപിഐപോലും അറിയാതെ പിഎം ശ്രീയിൽ ആർഎസ്എസ് അജൻഡയ്ക്കായി ഒപ്പിട്ട മുഖ്യമന്ത്രിക്കു കേന്ദ്രത്തിനെതിരേ സമരം ചെയ്യാൻ എന്തു ധാർമിക അവകാശമാണുള്ളത്. ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരേ സമരം ചെയ്യാൻ ധൈര്യം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സമരം ചെയ്യേണ്ടിയിരുന്നതു ലോക്ഭവനു മുന്നിലായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.