തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ വീഡിയോ ആവശ്യപ്പെട്ട് ഗവർണർ അയച്ച കത്തിന് മറുപടി നൽകില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ.
കത്ത് ആദ്യം മാധ്യമങ്ങൾക്കു കൊടുക്കുകയും അതിന്റെ കോപ്പി സ്പീക്കർക്കു നൽകുകയുമാണ് ഗവർണറുടെ ഓഫീസ് ചെയ്തത്. കോപ്പിക്കു മറുപടിയില്ല. നേരിട്ട് കത്തു തന്നാൽ മറുപടി നൽകുമെന്നും സ്പീക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സാധാരണ നിലയിൽ ഒരു ഗവർണർ സ്പീക്കർക്ക് കത്തയയ്ക്കുന്പോൾ ആദ്യം സ്പീക്കർക്കാണു ലഭിക്കേണ്ടത്. പക്ഷേ, കത്തിന്റെ കോപ്പിയാണ് സ്പീക്കർക്കു ലഭിച്ചത്. കത്ത് ആദ്യം ലഭിച്ചത് മാധ്യമങ്ങൾക്കാണ്. ഗവർണർ അങ്ങനെ ചെയ്തു എന്ന് തനിക്ക് അഭിപ്രായമില്ല.
പക്ഷേ ഇക്കാര്യം ഗവർണറുടെ ഓഫീസ് ഗൗരവമായി പരിശോധിക്കണം. കത്തിനു മുകളിൽ ഹൈലി കോണ്‍ഫിഡൻഷ്യൽ എന്നാണ് എഴുതിയിട്ടുള്ളത്. അതാണ് അതിന്റെ വിരോധാഭാസം. സാധാരണ സ്പീക്കർക്ക് വരുന്ന കത്ത് പ്രൈവറ്റ് സെക്രട്ടറിക്കു തുറക്കാം. എന്നാൽ, ഇത്തരത്തിൽ രഹസ്യസ്വഭാവമുള്ള കത്ത് സ്പീക്കറുടെ സാന്നിധ്യത്തിൽ മാത്രമാണു തുറക്കുക.
അങ്ങനെ തുറന്നുനോക്കിയപ്പോൾ അതിൽ അതീവ രഹസ്യമായി ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരും മാധ്യമങ്ങളിലൂടെ അറിഞ്ഞ കാര്യങ്ങൾ മാത്രമാണ് കത്തിലുണ്ടായിരുന്നത്.
കത്ത് പത്രക്കാർക്ക് കൊടുത്തിട്ട് അതിന്റെ കോപ്പി വാങ്ങി കൊടുക്കേണ്ട ആളാണോ സ്പീക്കർ എന്ന് ഗവർണറുടെ ഓഫീസ് ആലോചിക്കണമെന്നും സ്പീക്കർ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി അറിയിച്ചു.
Tags : Speaker political declaration Video governor's letter Niyamasabha